Wednesday, June 15, 2016

അയാള്‍

അയാള്‍
========

രാത്രി  കിടക്കാന്‍  ഒരുപാട്  വൈകിയത് കൊണ്ടാവണം   ദീപുവിന് രാവിലെ  എണീറ്റിട്ടും ഉറക്കക്ഷീണം വിട്ടു മാറിയിരുന്നില്ല. ഉറക്കച്ചടവോടെ  തന്നെ  അവൻ മുൻ വാതിൽ തുറന്നു    സിറ്റൗട്ടിലേക്ക്  കടന്നു. മങ്ങിയ വെളിച്ചത്തിൽ സോഫയിൽ  ആരോ    ഒരാള്‍  ചാരിയിരിക്കുന്നതു പോലെ  അവനു തോന്നി.

"ആരാണത്....."

അവന്‍  കണ്ണുകള്‍  തിരുമ്മി.

" അതു  വർക്കു  ചെയ്യുന്നില്ല. ...."

ലൈറ്റിടാൻ സ്വിച്ചിലേക്കു കൈ  നീണ്ടതും ഇരിക്കുന്ന  ആൾ ശബ്ദിച്ചു.
അപ്പോഴാണ്  അവന്‍  സ്വിച്ച് ബോർഡ്  ശ്രദ്ധിച്ചത്. അതില്‍  ഒരുപാട്  സ്വിച്ചുകൾ. രണ്ടറ്റത്തുമായി ഇലക്ടോണിക്  ഫാൻ റഗുലേറ്ററുകൾ. നിരന്തരം  തിരിച്ചിട്ടെന്ന പോലെ  അതിൽ ഒരെണ്ണം  ചളി  പിടിച്ചിരിക്കുന്നു.

അവന്‍  അയാളെ  സൂക്ഷിച്ചു നോക്കി.

സനലേട്ടനല്ലേ.....ഇത്.......

" ചേട്ടായീ........"

അവന്‍ പതുക്കെ  വിളിച്ചു.

അയാൾ  അവന്‍  വിളിച്ചതു കേട്ടില്ലെന്നു തോന്നി.

" നീയിപ്പോ കോളേജിലൊന്നും പോവാറില്ലെ.....? "

അയാള്‍ ചോദിച്ചു.

" പഠിത്തമൊക്കെ നിർത്തേണ്ടിവന്നു ചേട്ടായീ....."

" അതെന്തേ.....? "

" നിങ്ങളേം അപ്പൂനേം പൂരത്തിന്  വെടിക്കട്ടപകടത്തില് കാണാതായേപിന്നെ വീട്ടു ചിലവ്  എൻറെ  ചുമലിലായില്ലേ.....ങ്ഹാ. .അതുകൊണ്ടിപ്പോ നല്ലൊരു  കൈത്തൊഴിലു പഠിച്ചു. ....ഇപ്പോള്‍  ചെറുതായി  കോൺട്രാക്ടു വർക്കും ചെയ്യുന്നുണ്ട്. ..

ചേട്ടായി എവിടെയായിരുന്നൂ ഇത്രേം  കാലം. ..? ....അപ്പു  എവിടെ. ..? "

" അവൻ  പുറത്തു  കളിക്കുന്നുണ്ട്...."

അയാള്‍ പറഞ്ഞു.

ദീപു അടുക്കള  മുറ്റത്തേക്ക്  നടന്നു. അടുക്കളയിൽ  ചേട്ടത്തിയമ്മ തകൃതിയായ ജോലി  തുടങ്ങിയിരിക്കുന്നു.മൂന്നു വർഷമായി  ചേട്ടത്തിയമ്മ  ഇവിടെ  നിന്നും പടിയിറങ്ങിയിട്ട് .പക്ഷേ  ചേട്ടായി  വന്ന  വിവരം  ഇവരെങ്ങനെയറിഞ്ഞു. അതും  ഇത്ര രാവിലെ. അമ്മ  മുറ്റത്ത്   കോഴിയെ കൊന്നു  തൂവല്‍  പറിക്കുന്നു. ചേട്ടായി  വന്ന  സന്തോഷത്തിൽ വിരുന്നൊരുക്കുകയാണവർ.

അവന്‍  മുറ്റത്തേക്കിറങ്ങി. മുറ്റത്ത്  അപ്പുവുണ്ട്. ഇവൻ  ഒട്ടും  വളർന്നിട്ടില്ല.  ആ പഴയ  3 വയസുകാരൻ തന്നെ. തുണിയൊന്നുമില്ലാതെ മുറ്റത്ത്  ഓടി  നടക്കുകയാണവൻ.

ദീപുവിനെ കണ്ടതും  അവന്‍  അടുത്തേക്ക്  ഓടി വന്നു.

"മാമാ....എനിക്ക്  രണ്ടിനു പോവണം. ..."

ഇവനെന്നെ മറന്നിട്ടൊന്നുമില്ല. ദീപു  അവന്‍റെ  കൈ പിടിച്ച്  കുറച്ചകലെ  കെട്ടിയ  കക്കൂസിനു നേരെ  നടന്നു. അവനെ  അകത്താക്കി  വാതില്‍  ചാരി.  താഴെ  റബ്ബര്‍  തൈകൾക്കു മുകളിലൂടെ പുഴയുടെ  മണൽത്തിട്ട കാണാം.  പുഴയിലിപ്പോൾ ഒരു  നീർച്ചാലു മാത്രമേയുള്ളൂ. ..ഇനി  നല്ല  മഴ  പെയ്യണം.

" മാമാ. ....രക്ഷിക്കണേ......"

അപ്പുവിൻറെ കരച്ചില്‍  കേട്ട്  ദീപു  അവന്‍റെ  അരികിലേക്കോടി. കക്കൂസിൻറെ അരവാതിൽ തുറന്നു.  പക്ഷേ  അപ്പു അവിടെ നിന്നും  അപ്രത്യക്ഷമായിരിക്കുന്നു.

"മാമാ. ........"

താഴെ  പുഴയില്‍  നിന്നാണ്  അവന്‍റെ ശബ്ദം ഇപ്പോള്‍  കേൾക്കുന്നത്.
ദീപു  സനലേട്ടൻറെ സമീപത്തേക്ക്  ഓടി.
ആരാണ്  മുൻ വാതിൽ  വീണ്ടും  കുറ്റിയിട്ടത്.

അവന്‍  വേഗം  വാതില്‍ തുറന്നു.

"ചേട്ടായീ. ..........."

പക്ഷേ  അവിടെ  ആരുമുണ്ടായിരുന്നില്ല.
ഫാൻ അതിവേഗത്തില്‍  കറങ്ങുന്നുണ്ടായിരുന്നു. ലൈറ്റിടാനായി സ്വിച്ച് ബോർഡിലേക്ക് കൈ നീട്ടുമ്പോൾ അവ മുൻപു ള്ള രൂപത്തില്‍  തന്നെ  ആയിരിക്കുന്നു.  അധികം  വന്ന  സ്വിച്ചുകളും റഗുലേറ്ററുകളും അപ്രത്യക്ഷമായിരിക്കുന്നു.
തന്റെ  ശബ്ദം കേട്ടിട്ടാവണം അമ്മ  എണീറ്റു  വരുന്നതവൻ കണ്ടു.

അവൻ  അടുക്കള വാതില്‍ തുറന്നു.

പുറത്ത്  മഴ  തിമർത്തു പെയ്യുകയാണ്.

ദൂരെ  കക്കൂസിൻറെ അരവാതിൽ   കാറ്റില്‍  ആടിക്കളിക്കുന്നതവൻ കണ്ടു.

പുഴ  നിറഞ്ഞു  കലങ്ങി  ഹുങ്കാരശബ്ദത്തോടെ  അപ്പോഴും  ഒഴുകുന്നുണ്ടായിരുന്നു.

No comments:

Post a Comment