Wednesday, June 15, 2016

ഫ്രാന്‍സിയുടെ യാത്രകള്‍ 6

ഫ്രാന്‍സിയുടെ യാത്രകള്‍  6
========================

" റഹ്മാന്‍. .....നിനക്ക് ഞങ്ങളെ എയര്‍  പോര്‍ട്ടിൽ കൊണ്ട്  പൊയ്ക്കൂടെ. ..."

മഞ്ചേരിയിൽ നിന്നും  കോഴിക്കോട്  ബൈപ്പാസിലേക്ക് കേറുമ്പോൾ  ഫ്രാന്‍സിസ് ചോദിച്ചു.

" എയര്‍  പോര്‍ട്ടിൽ  എന്താണ്. ...? "

റഹ്മാന്‍  ചിരിച്ചു കൊണ്ട്  ചോദിച്ചു.

"രാമേട്ടൻ  എയര്‍ പോര്‍ട്ട്  കണ്ടിട്ടില്ല "

അവൻ  പറഞ്ഞു.

"രാമേട്ടൻറെ തലയില്‍  കെട്ടി  വെക്കണ്ട  നിനക്ക്  വിമാനം  ഇറങ്ങുന്ന  ശബ്ദം  കേൾക്കണം  അത്രയല്ലേയുള്ളൂ........!"

ഫ്രാന്‍സിസ് ചിരിച്ചു കൊണ്ട്  മുകളിലേക്കു  നോക്കി.

റഹ്മാന്‍ കാർ  എയര്‍ പോര്‍ട്ട്  ലക്ഷ്യമാക്കി  വിട്ടു.

"എയർപോർട്ടിലേക്കു കയറണോ ....? "

എയര്‍പോർട്ടിൻറെ കവാടത്തിന് മുന്നില്‍  വണ്ടിയൊതുക്കി  റഹ്മാന്‍  ചോദിച്ചു.

ഫ്രാന്‍സിസ്  വീണ്ടും   ചിരിച്ചു.

അവര്‍  വണ്ടിയുമായി അകത്തു  കയറി.
വലിയ  വിമാനങ്ങൾ വരുന്നത്  കുറവായത് കൊണ്ട്  ആളൊഴിഞ്ഞിരിക്കുന്നു. അവര്‍  അൽപദൂരത്തുള്ള കാൻറീനു സമീപം  വണ്ടി  പാര്‍ക്ക്  ചെയ്തു.  ഒരു  വിമാനം  പറന്നിറങ്ങുന്ന ശബ്ദം  കേട്ട്  രാമേട്ടൻ  കാറിൽ നിന്നും  ചാടിയിറങ്ങി.  പിന്നെ ഉയർത്തിക്കെട്ടിയ മതിലിനു സമീപം  പോയി  നിന്നു.  ഇടയ്ക്ക്  കണ്ട വിടവിലൂടെ  പാളി നോക്കി.

റഹ്മാന്‍  അയാളെ  കൈകാട്ടി വിളിച്ചു.

"എന്താ  രാമേട്ടാ. .വിമാനം  കണ്ടോ ...? "

ഫ്രാന്‍സിസ് ചോദിച്ചു.

"ഇല്ല.  അവിടെ നിന്ന്  കാണാന്‍ കഴിയുന്നില്ല"

രാമേട്ടൻറെ ശബ്ദത്തിൽ  നിരാശ  കലർന്നിരുന്നു.

"ടിക്കറ്റ്  എടുത്താല്‍  വിമാനത്താവളത്തിനകത്തു കയറാം. രാമേട്ടൻ  കേറുന്നോ....? "

റഹ്മാന്‍ ചോദിച്ചു.

രാമേട്ടൻ  വേണ്ടെന്നു  തലയാട്ടി. പിന്നെയും  അൽപസമയം  ആ മതിലിനു സമീപം പോയി  നിന്നു.  അയാൾക്കു  സമീപം  വിമാനം  ഏന്തി വലിഞ്ഞു  നോക്കുന്ന  കുട്ടികളും  അയാളും  തമ്മില്‍  വ്യത്യാസമൊന്നുമില്ലെന്ന് റഹ്മാനു തോന്നി. രാമേട്ടൻ  പൊടുന്നനെ ഒരു  കുട്ടിയായിരിക്കുന്നു.

പക്ഷേ  ഫ്രാന്‍സിസ്  തൃപ്തനല്ലെന്ന്  ആ മുഖഭാവത്തിൽ നിന്നും  റഹ്മാന്‍  വായിച്ചെടുത്തു.  എവിടെയാണെങ്കിലും വണ്ടിയില്‍  നിന്നും  ചാടിയിറങ്ങി  മുന്നില്‍  നടക്കുന്ന  അവൻ  ഇവിടെ  കാറിൽ  നിന്നും  പുറത്തിറങ്ങുന്നേയില്ല.

റഹ്മാന്‍  രാമേട്ടനെ  തിരിച്ചു  വിളിച്ചു. എയര്‍പോർട്ടിൽ നിന്നും  പുറത്തിറങ്ങി.

"ഫ്രാന്‍സിസ്  നിനക്ക്  വിമാനം  ഇറങ്ങുന്നതും പൊങ്ങുന്നതും  കാണണോ......? "

" എനിക്ക്  കാഴ്ചയില്ല...."

"സോറി  കേൾക്കണോ....? "

"പക്ഷേ  എങ്ങനെ. ....? "

"അതിനു വഴിയുണ്ട് "

റഹ്മാന്‍  കാർ     ചെറിയൊരു  റോഡിലേക്ക്  കയറ്റി.  അൽപദൂരം  പോയപ്പോള്‍  അവര്‍  എയര്‍ പോര്‍ട്ടിനു പിറകു വശത്തെത്തി. റഹ്മാന്‍  കാർ റോഡിൽ നിന്നും  ഇറക്കി  നിർത്തി  അവരോടു  പുറത്തിറങ്ങാൻ പറഞ്ഞു.

മുകളില്‍  ഒരു  കുന്നു  പോലെ  എയര്‍ പോര്‍ട്ട്.  അതില്‍  വിവിധ  നിറങ്ങളിൽ  ലൈറ്റുകള്‍  മിന്നിക്കൊണ്ടിരുന്നു.

" ഇവിടെ  എന്താണ്. ...? "

" അൽപനേരം  കാത്തു  നിൽക്കാം . നിങ്ങൾക്കു  ഭാഗ്യമുണ്ടെങ്കിൽ വിമാനം  കാണാം. ...."

റഹ്മാന്‍  പറഞ്ഞു.

സമയം  കടന്നു പൊയ്ക്കൊണ്ടിരുന്നു.  നിന്നു  നിന്നു കാലു  കഴച്ച രാമേട്ടൻ  കാറിൽ  കയറിയിരുന്നു.

ഫ്രാന്‍സിസ്  പ്രതീക്ഷയോടെ  നിൽക്കുകയാണ്. ഒരു  അന്ധനായ  മനുഷ്യന്‍. അവന്‍റെ  നിസ്സഹായത, സ്വപ്നങ്ങൾ,  ആഗ്രഹങ്ങൾ  റഹ്മാന്‍  അവനെത്തന്നെ നോക്കി നിന്നു.  പെട്ടെന്നൊരു  ഇരമ്പൽ കേട്ടു  രാമേട്ടൻ  ചാടി പുറത്തിറങ്ങി.  അവരുടെ  തലക്കു മുകളിലൂടെ  ഭീമാകാരനായ ഒരു  വിമാനം  ഇരമ്പി  പറന്നുയർന്നു. വിമാനത്തിൻറെ  ചക്രങ്ങള്‍  അതിനകത്തേക്കു  മടങ്ങുന്നത് അവര്‍ക്ക്  കാണാമായിരുന്നു.
റഹ്മാന്‍  പിന്നെയാണ്  ഫ്രാന്‍സിസിനെ ശ്രദ്ധിച്ചത്. അവന്‍  തറയില്‍  മുട്ടു കുത്തി യിരിക്കുന്നു. കണ്ണടയും  വടിയും  നിലത്തു വീണു  കിടക്കുന്നു.

"പകച്ചു  പോയോ ....? "

ഫ്രാന്‍സിസിൻറെ തോളില്‍  പിടിച്ചു  റഹ്മാന്‍  ചോദിച്ചു.

" ഹേയ്. ..."

അവന്‍  കരയുന്നുണ്ടായിരുന്നു.

റഹ്മാന്‍   കണ്ണടയും  വടിയും  എടുത്തു  കൊടുത്തു.

"എന്തുപറ്റി  ഫ്രാന്‍സീ....? "

" ഹേയ്  ഒന്നുമില്ല. കാഴ്ചയുള്ള  നിനക്കതു പറഞ്ഞാല്‍  മനസ്സിലാവില്ല. "

അവന്‍  കണ്ണു തുടച്ചു കൊണ്ട്  പറഞ്ഞു.

അവര്‍  കാർ  മുന്നോട്ടെടുത്തു.

No comments:

Post a Comment