Wednesday, June 15, 2016

രക്ഷാധികാരി

രക്ഷാധികാരി  
=============

അടിയന്തരമായി  മീറ്റിംഗ്  വിളിച്ചു കൂട്ടാന്‍  മാത്രം  എന്ത്  സംഭവമാണ്  ഹോസ്റ്റലിൽ   നടന്നത്. ....? 

നാരായണൻ  വേഗത്തില്‍  യോഗസ്ഥലത്തേക്കു  നടക്കുന്നതിനിടെ  ആലോചിച്ചു. ആദിവാസികൾക്കും സ്കൂളില്‍  വന്നു  പോവാൻ  സാധിക്കാത്ത  കുട്ടികള്‍ക്കുമായിട്ട് സർക്കാർ  നടത്തുന്ന  സ്ഥാപനമാണ്.

ഇന്നെന്താണിത്ര    പ്രത്യേകത.  സകല  പ്രമാണികളും യോഗത്തിനെത്തിയിട്ടുണ്ടല്ലോ. ..

"ങ്ഹാ  നാരായണാ  വാ. ..വാ. ..വന്നിരിക്ക്."

പ്രസിഡന്റ്  അവനെ  ക്ഷണിച്ചു.

"മുഖവുരയൊന്നുമില്ലാതെ  ഞാന്‍  നിങ്ങളെ  വിളിച്ചു  വരുത്തിയ  സംഗതി അവതരിപ്പിക്കുകയാണ്. ..."

പ്രസിഡന്റ്  വിഷയം  അവതരിപ്പിക്കാൻ തുടങ്ങി.

"ഹോസ്റ്റലിൽ ഒരു  പെൺകുട്ടി ഗർഭിണി ആയിരിക്കുന്നു....."

പ്രസിഡന്റ്  ഞെട്ടിക്കുന്ന ആ വാർത്ത പതിഞ്ഞ  ശബ്ദത്തിൽ  പുറത്തു  വിട്ടു.

പെൺകുട്ടികൾ  മാത്രം  താമസിക്കുന്ന  ഹോസ്റ്റലിൽ   ഇതെങ്ങനെ  സംഭവിച്ചു.  അവര്‍  പരസ്പരം  ചോദിച്ചു.

സ്കൂളില്‍ നിന്നും  കിട്ടിയതാവും.....

ഇപ്പോഴത്തെ  മാഷൻമാരെയൊന്നും  കണ്ണടച്ചങ്ങു  വിശ്വസിച്ചു    കൂടാ. ..

ആൺകുട്ടികൾ   എന്താ  മോശാ. .....

രക്ഷാധികാരി അറിയാതെ  രാത്രിയിൽ  ഏതെങ്കിലും  തെമ്മാടി  ചെക്കന്‍മാരെ വിളിച്ചു  കേറ്റുന്നുണ്ടാവും....

തലേന്ന്  കണ്ട സിനിമയുടെ  ഓർമയിൽ ഒരാള്‍  അഭിപ്രായപ്പെട്ടു.

പിന്നീടുള്ള ചർച്ചകൾ  സംഭവം  വരുത്തി  വെച്ച  നാണക്കേടിനെ കുറിച്ചായിരുന്നു.

സ്ഥാപനത്തിൻറെ സൽപേരാണ് ഇതുമൂലം  നഷ്ടമാവുന്നത്.......

ഭാരവാഹികൾ എന്ന നിലയില്‍  നാം  എങ്ങനെ  ജനങ്ങള്‍ക്കിടയിൽ തലയുയർത്തി  നടക്കും....?

പെൺകുട്ടികൾക്കെതിരായ അതിക്രമങ്ങൾ നമുക്കിടയിൽ വല്ലാതെ  വളർന്നിട്ടുണ്ട്. ഉത്തരവാദി  ആരായാലും  അവനെ  തുറുങ്കിലടപ്പിക്കണം.

ഗവണ്മെന്റിനിൻറെ നിരുത്തരവാദപരമായ പെരുമാറ്റം  കൊണ്ടാണ്  ഇത്തരം  സംഭവങ്ങള്‍  വീണ്ടും വീണ്ടും  ആവർത്തിക്കപ്പെടുന്നത്.

അതേയതേ......നമ്മുടെ  നാട്ടില്‍  ഈ തെമ്മാടിത്തരം വെച്ച്  പൊറുപ്പിക്കാൻ പാടില്ല.

ഇന്ന്  ഈ പാവപ്പെട്ട  പെൺകുട്ടികൾക്കിത് സംഭവിച്ചു. നാളെ നമ്മുടെ  കുട്ടികളും ഇങ്ങനെ  ഇരയാക്കപ്പെടില്ലെന്ന് എന്താണുറപ്പ്.

അംഗങ്ങള്‍  മുഴുവനും  പ്രതിയെ  കണ്ടെത്തി  പോലീസില്‍  ഏൽപിക്കുന്നതിനെകുറിച്ചു വാചാലരായി.

ചർച്ചകൾ  കാടു കയറി തുടങ്ങിയതോടെ  വീണ്ടും  പ്രസിഡന്റ്  ഇടപെട്ടു.
"ആരാണ് ഉത്തരവാദി എന്നതു  കണ്ടെത്തിയിട്ടുണ്ട്........!"

സദസ്സ്  നിശ്ശബ്ദമായി.

" ആരാണാ നെറികെട്ട മൃഗം.....? "

ഒരാൾ  പല്ലിറുമ്മി.

"ആൾ അത്ര മോശക്കാരനല്ല......നമ്മള്‍  കേസിലകപ്പെടുത്തിയാൽ നമ്മുടെ  പല  രഹസ്യങ്ങളും ചിലപ്പോള്‍  പരസ്യമായേക്കും....ഇപ്പോള്‍  നാണക്കേട്  മാത്രമേ ഉള്ളൂ. ..നമ്മള്‍  ആരും  അഴിയെണ്ണണ്ട.."

"ആരാണു  പേരു  പറയിൻ.....? "

"ആള്  നമ്മുടെ  രക്ഷാധികാരി  തന്നെയാണ് ........"

ആളെ  മനസ്സിലായതോടെ  സദസ്സിൻറെ ധാർമികരോഷം അൽപം  തണുത്തു.

"അല്ലെങ്കിലും  ഇപ്പോഴത്തെ  പെൺകുട്ടികൾ  വലിയ  വശീകരണസ്വഭാവമുള്ളവരാണ്...."

ഒരാൾ  പറഞ്ഞു.

"അതേയതേ. ..പ്രലോഭനങ്ങളിൽ  വീണതാവും......."

സദാചാരബോധം തന്നെ  ഇപ്പോഴത്തെ  കുട്ടികള്‍ക്കുണ്ടോ....?

പുതു തലമുറയുടെ  ദുർന്നടപ്പിനെതിരായി വലിയ  ചർച്ച  തന്നെ പിന്നീട്  നടന്നു.

അവസാനം കമ്മിറ്റി ഒരു  കടുത്ത   തീരുമാനം തന്നെ  എടുത്തു. 

അതിങ്ങനെയായിരുന്നു ....

."തീർത്തും നിരപരാധിയായ രക്ഷാധികാരിയെ  സമൂഹമധ്യത്തിൽ നാണം കെടുത്താൻ അദ്ദേഹത്തെ  പ്രലോഭിപ്പിച്ചു കെണിയില്‍  പെടുത്തിയ  സദാചാരബോധമില്ലാത്ത പെൺകുട്ടിയെ അബോർഷനു വിധേയയാക്കി  സ്ഥാപനത്തിൽ നിന്നും  പിരിച്ചു  വിടുക."

No comments:

Post a Comment