Wednesday, June 15, 2016

ജീവപര്യന്തം

ജീവപര്യന്തം
===========

ഇന്നാണ്  മോഹന്‍ ദാസിൻറെ വിധി  പറയുന്ന  ദിവസം. കൊടും  കുറ്റവാളികളുടെ ലിസ്റ്റിൽ  ഉള്ള  ആളായതിനാവണം  അയാളുടെ  കൈകളില്‍  വിലങ്ങണിയിച്ചാണ് കോടതിയില്‍ ഹാജരാക്കിയത്.

"താങ്കള്‍  ചെയ്ത കുറ്റം  സംശയാതീതമായി തെളിയിക്കപ്പെട്ടതിനാൽ  താങ്കള്‍ക്ക്  ജീവപര്യന്തം തടവ്  ഈ  കോടതി വിധിക്കുന്നു......."

പുറത്തു  കൂടി  നിന്നവർ ആർത്തുവിളിച്ചു. പക്ഷേ  മോഹന്‍ദാസ്  നിസംഗനായിരുന്നു. ഒരുപക്ഷേ  അയാള്‍  അതാഗ്രഹിക്കുന്നതു പോലെ  തോന്നി. കോടതി  പിരിഞ്ഞു. അയാള്‍  വീണ്ടും  ജയിലിലടക്കപ്പെട്ടു.

തന്റെ  28th നമ്പര്‍  മുറിയിലേക്കു  നടക്കുന്നതിനിടെ  ഉഛത്തിൽ  വേദവചനങ്ങൾ ഉരുവിടുകയും സാഷ്ടാംഗം വീഴുകയും ചെയ്തു  കൊണ്ടിരിക്കുന്ന  സൂഫി  ആഗാ മുല്ലയുടെ  സെല്ലിനു സമീപം  അയാള്‍  അൽപസമയം  നിന്നു.  ആ  സൂഫിവര്യൻ അയാളുടെ  അടുത്തേക്കു നടന്നു  വന്നു. ആ മുഖത്ത്  വല്ലാത്ത ഒരു  തേജസ്  ഉള്ളതായി മോഹന്‍ദാസിനു തോന്നി.

" എന്തു കിട്ടി....? "

അയാള്‍ ചോദിച്ചു.

" അങ്ങേക്കെന്താണോ ലഭിച്ചത്. അതുതന്നെ. ......"

മോഹൻദാസ് മറുപടി  പറയുമ്പോൾ  ചെറുതായി  പുഞ്ചിരിച്ച പോലെ  തോന്നി.

" ജീവപര്യന്തം......അല്ലേ.....? "

അയാള്‍  അതെയെന്നു തലയാട്ടി.

"നിനക്ക്  നിരാശയുണ്ടോ ദാസ് .......? "

തൻറെ  തൂവെള്ള  നിറത്തിലുള്ള താടിയിൽ തടവിക്കൊണ്ടു  ആഗാമുല്ല ചോദിച്ചു.

" എനിക്കെൻറെ കാര്യത്തിൽ  നിരാശയില്ല ഗുരോ......പക്ഷേ  നമ്മുടെ  നാട്. ......? "

മോഹൻദാസിൻറെ കണ്ണുകള്‍ നിറഞ്ഞുവോ.....?

അയാള്‍  ആ വൃദ്ധന്‍റെ  ചുളിഞ്ഞ കൈപ്പടം മുറുകെ   പിടിച്ചു.
അയാള്‍  എന്തൊക്കെയോ  മന്ത്രങ്ങൾ ജപിച്ചുകൊണ്ടിരുന്നു.

" മോഹൻ.........14  വർഷം  ഒരു വലിയ  കാലയളവല്ല... ഇതാ. എൻറെ  കൈയില്‍  മുറുകെ പിടിച്ചു  കൊള്ളൂ......ഉറങ്ങൂ മോഹന്‍ ദാസ്   14  വർഷം  ഒരു  നീണ്ട  കാലമല്ല. .....ഉറങ്ങൂ....ശാന്തമായി ഉറങ്ങിക്കൊള്ളൂ.........."

മോഹൻദാസിനു പതിയെ  ബോധം മറഞ്ഞു.  അയാള്‍ സെൽ കമ്പിയിലേക്ക് ചാഞ്ഞു.
=================================

" മരണം അതാണ്  വിധി. ....."

ന്യായാധിപൻ കരയുന്നുവോ....?

ഇവൻ മനുഷ്യനല്ല....മൃഗമാണ്.....അല്ല. ...അവ  ഇണചേർന്ന ശേഷം  പെണ്ണിനെ  കൊന്നു തിന്നാറില്ല....ഇവൻ ഒരു  പിശാചാണ്.....നമ്മുടെ  അമ്മമാർക്കു വേണ്ടി. .......സഹോദരികൾക്കുവേണ്ടി....
ഞാന്‍  ഇവനു  മരണം വിധിച്ചിരിക്കുന്നൂ.......

സദസ്സ്  നിശ്ശബ്ദമാണ്. ന്യായാധിപൻ മാത്രം  വിങ്ങിപ്പൊട്ടുന്നു.

" ഭരണാധിപാ.......അങ്ങെന്തു പറയുന്നൂ....? "

വിധി  കേൾക്കാൻ  എത്തിയ  സുമുഖനായ യുവാവിനോട് ആരോ  ചോദിച്ചു.

"എനിക്കും  ശിക്ഷ വിധിച്ചു കൊള്ളൂ.....എൻറെ  ജനതയെ  എൻറെ  സഹോദരിമാരുടെ ജീവനും  മാനവും  സംരക്ഷിക്കുന്നതിൽ ഞാന്‍  പരാജയപ്പെട്ടിരിക്കുന്നു......"

ഒഴിവുകഴിവുകൾ പറയാത്ത ഭരണാധികാരിയോ.......?

മോഹൻദാസ് ആ കോടതിമുറിയിൽ നിന്നും  പുറത്തിറങ്ങി. ആരും  തന്നെ  ശ്രദ്ധിക്കുന്നതേയില്ല....അയാള്‍  റോഡിലെ വീതിയേറിയ  നടപ്പാതയിലൂടെ നടന്നു. ജനങ്ങള്‍  സന്തോഷഭരിതരാണ്.....ഇതെവിടെയാണ്......താനെങ്ങനേയാണ്  ഇവിടെ  എത്തിയത്. ......എന്താ  ആരും  തന്നെ  കണ്ടതായി ഭാവിക്കാത്തത്......അയാള്‍  വേഗത്തില്‍  മുന്നോട്ടു നടന്നു.  വലിയൊരു  നിലക്കണ്ണാടിക്കു മുന്നില്‍  എത്തിയതോടെ  മോഹന്‍ദാസ് ഞെട്ടലോടെ  ആ സത്യം  മനസിലാക്കി. കണ്ണാടിയിൽ  തൻറെ  പ്രതിബിംബം  കാണുന്നില്ല. .....

അപ്പോള്‍. ..........

അപ്പോള്‍. ......താന്‍  അദൃശ്യനാണെന്നോ......? അത്ഭുതകരമായിരിക്കുന്നു..തനിക്കെല്ലാം കാണാം. ...

പക്ഷേ ........

പക്ഷേ. ...തന്നെയാരും കാണുന്നില്ലെന്നോ.......?

അയാള്‍  വീണ്ടും  മുന്നോട്ടു നടന്നു. വളരെയധികം  വൃത്തിയുള്ള  നഗരം. അലക്ഷ്യമായി ഒരു  ഇല പോലും  എങ്ങും  വീണു  കിടക്കുന്നില്ല. ..
ഇതെൻറെ നാടു തന്നെയോ.....?
അയാള്‍  സംശയിച്ചു.

മുന്നിലെ  പോലീസുകാരനുമായി സ്കൂള്‍  കുട്ടികള്‍  സല്ലപിക്കുന്നു.

ഹോ. .ഇതൊരു  ഗവണ്മെന്റ്  ഓഫീസ്  ആണല്ലോ. ....?  കൊള്ളാം. ....

അത്ഭുതമായിരിക്കുന്നു. ഇവരെത്ര സൗമ്യമായാണ് ജനങ്ങളോട് പെരുമാറുന്നത്.......

ഹോ. ..അതുകൊണ്ടാണ്  ഇവരുടെ  പുതിയ  മേധാവി  ഈ  യുവാവാണ്. അല്ല  എല്ലാ സെക്ഷന്‍  മേധാവികളും  യുവത്വം തന്നെയാണല്ലോ........

അപ്പോള്‍  ഇവിടുത്തെ  വൃദ്ധരെല്ലാം എവിടെപ്പോയി.?

അതേ... വൃദ്ധരും  ഇവിടെത്തന്നെയുണ്ട്. പക്ഷേ  അവരെല്ലാം  തങ്ങളാലാവും വിധം  രാജ്യത്തെ  സഹായിച്ചു കൊണ്ടിരിക്കുന്നു. 55 വയസ്സ്  കഴിഞ്ഞാൽ  അവരിലെ രാഷ്ട്രീയക്കാരെല്ലാം വിരമിക്കുന്നു. ഉയര്‍ന്ന  സ്ഥാനങ്ങളിൽ ഇരുന്നവർ തന്നെ താഴ്ന്ന  പോസ്റ്റുകൾ  തിരഞ്ഞെടുക്കുന്നു....
എൻറെ  നാട്  ഒരു  സ്വപ്നലോകമായി മാറിയിരിക്കുന്നു.
മോഹന്‍ദാസ്  പിന്നെയും  മുന്നോട്ടു നടന്നു.
റോഡിനേക്കാൾ വീതിയുള്ള  നടപ്പാതകൾ. ആളുകള്‍  വാഹനങ്ങളേക്കാൾ കൂടുതല്‍  നടക്കാന്‍ ഇഷ്ടപ്പെടുന്നതു കൊണ്ടാവണം കൂടുതല്‍ നടപ്പാതകളുടെ പണി നടന്നു കൊണ്ടിരിക്കുന്നു.
മോഹന്‍ദാസ് ജനങ്ങള്‍ക്കിടയിലൂടെ വീണ്ടും  മുന്നോട്ടു നടന്നു.
" മിനിസ്ട്രി ഓഫ് ഹാപ്പിനസ്. "  വലിയ ബോർഡ് കണ്ടു മോഹന്‍ദാസ് ആ ബിൽഡിങ്ങിലേക്കു നടന്നു.
അതാ  ഒരുപറ്റം യുവതീയുവാക്കൾ കൂടിയിരിക്കുന്നല്ലോ. . ...എന്തൊരു തേജസാണവരുടെ മുഖങ്ങളിൽ. ഇതാണോ ഇവരുടെ മന്ത്രി സഭ.

നേരത്തെ കോടതി മുറിയില്‍ കണ്ട ആൾ എഴുന്നേറ്റു നിന്നു.

" ഇനിയും  ഈ ഭരണഭാരം നിങ്ങള്‍  എൻറെ  തലയില്‍ കെട്ടി വെക്കരുത്. ഞാന്‍ ഒരു  സാധാരണ  പൗരനായി ഇവിടെ  ജീവിക്കാൻ  ആഗ്രഹിക്കുന്നു. ....എന്നെ  രാജി  വക്കാൻ  അനുവദിക്കണം......"

അയാള്‍  ആ സംഘത്തോടു പറഞ്ഞു.

" പ്രസിഡന്റ്......  ആ പെൺകുട്ടിയുടെ മരണത്തിൽ നിങ്ങളെ പ്പോലെ  ഒരുപക്ഷേ  അതില്‍  കൂടുതല്‍  ഞങ്ങള്‍ക്കും ഉത്തരവാദിത്വമില്ലേ.....?
ജനങ്ങളുടെ സന്തോഷവും സമാധാനവും   സുരക്ഷിതത്വവും നല്‍കുന്നതിൽ നമുക്കൊരു  ചെറിയ  വീഴ്ച സംഭവിച്ചിരിക്കുന്നു .....നമുക്കത് ഒന്നായി തിരുത്തി  മുൻപോട്ട്  ഗമിച്ചു കൂടേ.......?"
ഒരു  യുവതി  എണീറ്റു  നിന്നു ചോദിച്ചു.

മിനിസ്റ്റർ  ഓഫ്  ഹാപ്പിനസ്  അവരാണത്രേ........

മോഹന്‍ദാസ് അവിടെ നിന്നും  പുറത്തിറങ്ങി. അധികാരമോഹമില്ലാത്ത  ഇവര്‍  നാടു  ഭരിക്കുന്നിടത്തോളം ഇവിടെ  ആരും  അനീതിക്കിരയാവുകയില്ല.

================================

" മോഹൻദാസ്. ......എണീക്കൂ........നിങ്ങളുടെ  ഗുരു  മരണപ്പെട്ടിരിക്കുന്നു......."

ആരോ  തട്ടി വിളിച്ചതോടെ അയാള്‍  ഞെട്ടിയുണർന്നു.  താന്‍  വീണ്ടും ഒരു  സെല്ലിനകത്താണ്. പുറത്ത്  ഗുരു ആഗാമുല്ലയുടെ മൃതശരീരം വെള്ളത്തുണിയിൽ  മൂടിയിട്ടിരിക്കുന്നു.
അയാള്‍  പതുക്കെ  ആ മൂടുപടം  മാറ്റി.
ഗുരു  ശാന്തമായി ഉറങ്ങുകയാണ്. ഒരു  ചെറു മന്ദഹാസം  ആ ചുണ്ടുകളിൽ  തങ്ങി നിൽക്കുന്നുണ്ടായിരുന്നു.
മോഹന്‍ദാസിൻറെ കണ്ണിൽ നിന്നും  ഉതിര്‍ന്നു  വീണ മിഴിനീർതുള്ളികൾ ആ വെളുത്ത  താടി  നനച്ചു കൊണ്ട്  അപ്രത്യക്ഷമായി.

No comments:

Post a Comment