Wednesday, June 15, 2016

മാജിക് സൈക്കിള്‍ ആന്‍ഡ് ദ റിംഗ് 1

എൻറെ  പുതിയ  നോവല്‍.  ഇത്  മുതിര്‍ന്നവരെന്നു കരുതുന്നവർക്ക് വായിക്കാനുള്ളതുമല്ല

കുട്ടികള്‍ക്കും

മനസ്സില്‍  എപ്പോഴും  ഒരു  കുട്ടിത്തം  സൂക്ഷിക്കുന്നവർക്ക്

മാജിക്  സൈക്കിള്‍  ആന്‍ഡ് ദ റിംഗ്
==============================

അതിരാവിലെ കുളിച്ചൊരുങ്ങി സ്കൂളിലേക്കു പുറപ്പെടുമ്പോൾ സ്കൂള്‍ ബസിന്റെ ഹോൺ മുഴങ്ങുന്ന ശബ്ദം റോഡില്‍ നിന്നും  കേൾക്കുന്നുണ്ടായിരുന്നു.
അനിലിനെ  കണ്ടതും കുട്ടികള്‍ പതിവുപോലെ  ബസിൽ നിന്നും ഉച്ചത്തിൽ പാട്ടു പാടാന്‍ തുടങ്ങി.

" അനിലേ മണ്ടാ. . . . മിണ്ടണ്ട. ....
ആദ്യം  മുന്നില്‍  ഓടിക്കോ......"

ബസിൽ നിന്നും  കൂട്ടച്ചിരി ഉയര്‍ന്നു.

അനിൽ റോഡില്‍  പരമാവധി  അരികിലേക്ക്  മാറി  നിന്നു .ബസ്  അവനെ  കടന്നു  പോയി.  വേഗത്തില്‍  നടന്നാല്‍  ഒരിക്കല്‍ കൂടി  അവനു  ബസിനെ കാണാന്‍ കഴിയും. ബസ്  മല ചുറ്റി വരുമ്പോഴേക്കും  അവന്‍  കോട്ട വഴി   വീണ്ടും റോഡിലേക്ക് കയറും.

കോട്ട........പണ്ട്  ടിപ്പുവിൻറെ പടയോട്ടക്കാലത്ത് ബ്രിട്ടീഷുകാർക്കെതിരെ യുദ്ധം  ചെയ്യുമ്പോൾ  പടയാളികള്‍  ആയുധങ്ങള്‍  സൂക്ഷിച്ചിരുന്നത് മലഞ്ചെരിവിലെ മരങ്ങള്‍ക്കിടയിൽ  പെട്ടെന്ന്  ആരുടെയും  കണ്ണില്‍  പെടാത്ത  ഈ കെട്ടിടത്തിൽ ആയിരുന്നത്രേ.....ഇപ്പോള്‍  കെട്ടിടമെല്ലാം ജീർണിച്ചു നിലം  പൊത്താറായിരിക്കുന്നു. പത്താം ക്ലാസ് വരെ  അനില്‍  റോഡ്  വഴി  തന്നെയായിരുന്നു  സ്കൂളില്‍  പോയിരുന്നത്. കോട്ട വഴി  പോവാൻ  അവന്‍  ഭയപ്പെട്ടു. മല  ചുറ്റി വരുമ്പോഴേക്കും 3 കിലോമീറ്റർ  നടന്നു കഴിഞ്ഞിരിക്കും. +2 ആയപ്പോഴേക്കും അദൃശ്യശക്തികളെകുറിച്ചുള്ള ഭയമൊക്കെ പോയി.  ഇപ്പോള്‍  ഇഴജന്തുക്കളെ മാത്രമേ  അവനു  പേടിയുള്ളൂ.....

ഇന്നും  ബസിനു മുന്നില്‍  എത്തണം.  അവന്‍  നടപ്പിനു വേഗം  കൂട്ടി.

കോട്ടയുടെ  ഇടിഞ്ഞു  വീണ  മതിൽക്കെട്ടു  ചാടിക്കടന്ന്  അനില്‍  വേഗത്തില്‍ നടന്നു. കരിയിലകള്‍  വീണു  കിടക്കുന്ന  വഴിയില്‍ മറഞ്ഞു കിടന്ന  വേരുപടലം     കാണുമ്പോഴേക്കും  അവന്‍  അതില്‍  തടഞ്ഞു  വീണു പോയിരുന്നു.  തല  ഏതോ  ലോഹത്തിൽ തട്ടിയ ശബ്ദം  അവന്‍ കേട്ടു. തലയില്‍ മുഴച്ചു  വരുന്നത്  അവൻ അമർത്തി  തിരുമ്മി  കൊണ്ട്  എണീറ്റു. പക്ഷേ  ഒരു  ലോഹഭാഗവും അവനവിടെയെങ്ങും കണ്ടെത്താൻ  കഴിഞ്ഞില്ല. പിന്നെ  തൻറെ തല   എവിടെയാണിടിച്ചത്. തലയില്‍  നന്നായി  മുഴച്ചു          വരികയും  ചെയ്തിട്ടുണ്ട്. അനില്‍  കരിയിലകള്‍ കൈകള്‍   കൊണ്ട് ഒരുഭാഗത്തേക്ക്   മാടിയൊതുക്കി.നനഞ്ഞ വേരുപടലങ്ങളല്ലാതെ അവനു മറ്റൊന്നും  കാണാന്‍  സാധിച്ചില്ല. അവന്‍ വീണ്ടും  കരിയിലകള്‍ക്കിടയിലൂടെ  പരതി. അമർത്തി  വലിച്ച വിരലിൽ ഒരു  പ പഴകിയ  ലോഹവളയം  അവന്‍റെ വിരലില്‍  തടഞ്ഞു. മണ്ണില്‍  പുതഞ്ഞു  തിളക്കം  നഷ്ടമായ ഒരു  മോതിരമായിരുന്നു  അത്. അതിൽ  പറ്റിപ്പിടിച്ച  മണ്ണ്  അവന്‍  ഒരിലയിൽ തുടച്ചെടുത്തു .ഒരു  ചെമ്പുമോതിരം. അമർത്തി  തുടച്ചെടുത്തപ്പോൾ അതു തിളങ്ങാൻ   തുടങ്ങി.
അനില്‍  പതിയെ  മോതിരം  തൻറെ  വിരലിലണിഞ്ഞു.

പെട്ടെന്ന്  ശരീരത്തിലൂടെ  ഒരു  വൈദ്യുതി പ്രവാഹം കടന്നു പോയി.

അവൻ    അത്  വിരലില്‍  നിന്നും  ഊരി മാറ്റി. പിന്നെ  വീണ്ടും  സൂക്ഷിച്ചു  വിരലിലണിഞ്ഞു. അത്  ധരിക്കുമ്പോൾ തൻറെ  ശരീരത്തിന് വല്ലാത്തൊരു  ശക്തി  ലഭിക്കുന്നതായി  അവനു തോന്നി.
തന്റെ  തലയില്‍ തട്ടിയ  ലോഹദണ്ഡ് തൻറെ  കാൽചുവട്ടിൽ  കിടക്കുന്നത് കണ്ടു  അവന്‍  അത്ഭുതപ്പെട്ടു.

ഇതെങ്ങനെ  ഇവിടെ  വന്നു. ....?

അവന്‍  അത്  മെല്ലെ  മുകളിലേക്കുയർത്തി.
ഇംഗ്ലീഷ് അക്ഷരമാലയിലെ Y അക്ഷരം പോലെ ആയിരുന്നു അത്.

  ഒരു  സൈക്കിളിൻറെ  മുൻ ഭാഗം  പോലെ  അതു  തോന്നിച്ചു.

ടിപ്പുവിൻറെ  കാലത്ത്  സൈക്കിളോ....?

അവന്‍  അതിശയിച്ചു.

ആ ലോഹഭാഗം  അവിടെ  തന്നെ  ഉപേക്ഷിച്ച്  അവന്‍  റോഡിലേക്ക്  നടന്നു.  അൽപദൂരം നടന്നപ്പോഴേക്കും  ശരീരത്തിലൂടെ  പ്രവഹിച്ചുകൊണ്ടിരുന്ന   എനർജി  നഷ്ടമായി. അവന്‍  മോതിരം  വിരലില്‍  നിന്നും  ഊരിയെടുത്തു. വീണ്ടുമണിഞ്ഞു. പക്ഷേ  അവനു  പ്രത്യേകതയൊന്നും അനുഭവപ്പെട്ടില്ല.
സ്കൂള്‍  ബസ്  അവനെ  കടന്നു പോയി. കുട്ടികള്‍  അവനെ  കൈയുയർത്തി  വിഷ് ചെയ്തു. അവന്‍റെ  ശ്രദ്ധ മുഴുവന്‍  ആ മോതിരത്തിൽ  ആയിരുന്നു. സ്കൂളില്‍ എത്തിയത് അവന്‍ അറിഞ്ഞതേയില്ല.
ഇതിനെന്തോ പ്രത്യേകതയുണ്ട്. അവനു  തോന്നി.
ക്ലാസില്‍  ശ്രദ്ധ  കേന്ദ്രീകരിക്കാൻ അവനു  കഴിഞ്ഞില്ല.   മനസ്സ്  കോട്ടക്കു ചുറ്റും  കറങ്ങി നടക്കുകയാണ് .
അവിടെയെത്തുമ്പോഴാണ് മോതിരത്തിനു ശക്തി  ലഭിക്കുന്നത്. അടുത്തിരുന്ന  സഹപാഠി  മോതിരത്തിൽ  കൗതുകം തോന്നി  അവന്‍റെ  വിരലില്‍  നിന്നും  ഊരിയെടുക്കാൻ  ശ്രമിച്ചു. പക്ഷേ  അതു വിരലില്‍  പതിഞ്ഞു  കിടന്നു.
തനിക്ക്  മാത്രമേ  അതു വിരലില്‍  നിന്നും  ഊരിയെടുക്കാൻ കഴിയുകയുള്ളൂവെന്നത്  അനിലിനെ  ആശ്ചര്യപ്പെടുത്തി.

സ്കൂള്‍  വിട്ടതും  അവന്‍  വേഗത്തില്‍  കോട്ട  ലക്ഷ്യമാക്കി നടന്നു.  അവൻ    ഇതിനിടെ  മോതിരം  മറ്റുവിരലുകൾ കൊണ്ട്  ഊരിയും വീണ്ടുമണിഞ്ഞും  കൊണ്ടിരുന്നു.  കോട്ടമതിൽ  കടന്നതും വീണ്ടും  മോതിരത്തിൽ നിന്നുള്ള  വിദ്യുത് പ്രവാഹം  ശരീരത്തിൽ  പടരുന്നത്  അവന്‍  അറിഞ്ഞു.  ആ ലോഹദണ്ഡ്  വഴിയില്‍  തന്നെ  കിടക്കുന്നുണ്ടായിരുന്നു. പക്ഷേ  അവൻ  ശ്രദ്ധിച്ചത്  മോതിരത്തിനു  ശക്തി  നഷ്ടമാവുന്ന അകലമായിരുന്നു. കോട്ടമതിലിനകത്തു  മാത്രമേ  അതിനു  ശക്തിയുള്ളൂ. .അവനു തോന്നി.  അവന്‍  വീണ്ടും  മതിൽക്കെട്ടു ചാടിക്കടന്ന് കോട്ടക്കരികിലെത്തി.  പിന്നെ  മനസില്ലാമനസോടെ  താഴെ  കിടന്ന ലോഹദണ്ഡ്  കയ്യിലെടുത്തു. അവന്‍  മതിൽക്കെട്ടിനു പുറത്തു  കടന്നു.  പക്ഷേ  ഇപ്പോള്‍  മോതിരത്തിൻറെ  ശക്തി  കുറയുന്നില്ല.

അപ്പോള്‍ ....? ഈ ലോഹദണ്ഡിൽ ആയിരിക്കുമോ  ഇതിന്റെ  ശക്തി.    
അതൊന്നു പരീക്ഷിച്ചറിയാനായി  ലോഹം  പുറത്തു  വച്ചു  അവന്‍  വീണ്ടും  കോട്ടമതിൽ ചാടി  അകത്തു കയറി. അതിനകത്ത്  മോതിരത്തിനു ശക്തിയൊന്നുമില്ലെന്ന്  അവനു  മനസ്സിലായി. ആ ലോഹദണ്ഡും  മോതിരവും  തമ്മില്‍  ആണ്  എന്തോ  ബന്ധമുള്ളത്. അനില്‍  അതുമെടുത്ത്  നടന്നു.

കാത്തിരിക്കണേ........

No comments:

Post a Comment