ഫ്രാന്‍സിയുടെ യാത്രകള്‍ 2
=======================
" നീ പുഴ കണ്ടിട്ടുണ്ടോ "? .
കാർ കരിമ്പുഴയുടെ പാലത്തിലേക്കു കേറുമ്പോൾ ഫ്രാന്‍സിസ് ചോദിച്ചു.
" ഇതാ പാലത്തിനു താഴെ കരിമ്പുഴ. കുറച്ചു ഒഴുകി എത്തിയാല്‍ ചാലിയാര്‍,"
" പുഴ കാണാത്ത ആളുകള്‍ കേരളത്തിലുണ്ടാവില്ല. " .റഹ്മാന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു.
" ഹഹഹ ആ പുഴയല്ല റഹ്മാന്‍ "
ഫ്രാന്‍സിസ് പൊട്ടി ചിരിച്ചു.
""?""""
" ജീവനുള്ള പുഴ. "
ചിരിക്കാനും ,
കരയാനും,
ദേഷ്യപ്പെടാനും കഴിയുന്ന പുഴ " .
" ഭാരതപ്പുഴ, കരിമ്പുഴ, കുതിരപ്പുഴ, അതൊക്കെ കണ്ടിട്ടുണ്ട്. ചിരിക്കുന്ന പുഴ ഞാനിതുവരെ കണ്ടിട്ടില്ല. " "
"നിനക്കെന്നെ ചാലിയാര്‍ മുക്കിലേക്കെത്തിച്ചു തരാനാവുമോ "? .
" അവിടെ ഞാന്‍ പോയിട്ടുണ്ട്. " അവിടെയെന്താണ്? . "
" അവിടെ നിനക്ക് പാട്ടു പാടുന്ന പുഴയെ കാണിച്ചു തരാം. "
" ഫ്രാന്‍സിസ് പറഞ്ഞു.
"പാട്ട് പാടുന്ന പുഴയോ? ".
റഹ്മാന്‍ ചിരിച്ചു .
റഹ്മാന്‍ കാർ ചാലിയാര്‍ മുക്കിലേക്കു തിരിച്ചു. പുഴയുടെ സംഗീതം അവനിതുവരെ ശ്രദ്ധിച്ചിട്ടുണ്ടായിരുന്നില്ല. മഹാഗണിക്കാട്ടിൽ കാർ പാർക്കു ചെയ്തു അവര്‍ ഇരുവശവും മരങ്ങള്‍ നിറഞ്ഞ ഫോറസ്റ്റു ജീപ്പ് പോവുന്ന വഴിയിലൂടെ നടന്നു.
" എന്തു ഉയരമുള്ള മരങ്ങള്‍ ആണല്ലേ ".
ഫ്രാൻസിസ് ചോദിച്ചു.
ശരിയാണ് വലിയ മരങ്ങള്‍ . കണ്ണു കാണാത്ത ഇവനിതങ്ങനെ അറിയുന്നു? .
" നീ ഇതിനു മുമ്പിവിടെ വന്നിട്ടുണ്ടോ? " "
" ഇല്ല "
"പിന്നെ മരങ്ങള്‍ വലുതാണെന്ന് ആരു പറഞ്ഞു. "
"ഇലകളുടെ ശബ്ദം കേട്ടാല്‍ നിനക്കും അറിയാൻ പറ്റും.മുകളിലെ ഇലകളുടെ ശബ്ദം ഉയരം അറിയാന്‍ മാത്രം വ്യത്യസ്തമാണ് ".
പെട്ടെന്നൊരു പരുന്ത് താഴ്ന്നു പറന്നു പോയി.
" പരുന്താണത് " .ഫ്രാൻസിസ് പറഞ്ഞു.
" വെറും പരുന്തല്ല. വലിയ കിന്നരി പരുന്ത്. Mountain hawk eagle. "
റഹ്മാന്‍ അവനെ അവിശ്വസനീയതയോടെ നോക്കി.
" ഇതും വലിയ മരങ്ങള്‍ ആണല്ലോ ",? .
തേക്കിൻ തോട്ടത്തിലെത്തിയപ്പോൾ ചെറിയ മരങ്ങളെ നോക്കി റഹ്മാന്‍ പറഞ്ഞു.
" നീയെന്നെ പരീക്ഷിക്കുകയാണല്ലേ, എനിക്കറിയാം ഇവ തൈകളാണെന്ന് ,നല്ല നിലമ്പൂര്‍ തേക്ക്. "
" തലയില്‍ വെയിലടിച്ചാൽ അതാർക്കും പറയാന്‍ പറ്റും. "
അവർ ഒന്നിച്ചു ചിരിച്ചു മുന്നോട്ടു നടന്നു.
" ഇവിടെ വലിയ ഒരു പാമ്പുണ്ട്. പെരുമ്പാമ്പ് "
ഫ്രാന്‍സിസ് പെട്ടെന്ന് നിശ്ചലനായി .
" എവിടെ, എവിടെ, " ?
റഹ്മാന്‍ ആകാംക്ഷയോടെ ചോദിച്ചു.
" നമ്മുടെ മുന്നില്‍ ഒരു മരമാണോ "? "
" അതേ നമ്മുടെ മുന്നില്‍ ഒരു തേക്കുണ്ട്. "
" എന്നാലതിനപ്പുറത്ത് സംഭവം കിടപ്പുണ്ട്. ചെന്നുനോക്ക്. എനിക്ക് കണ്ണു കാണില്ല. " ഫ്രാന്‍സിസ് പറഞ്ഞു.
" ഉപദ്രവിക്ക്വോ? ".
റഹ്മാനു പേടി.
"ഉം പെരുമ്പാമ്പല്ലേ, ചിലപ്പോള്‍ വിഴുങ്ങും. " ഫ്രാന്‍സിസ് കളിയാക്കി.
റഹ്മാന്‍ അൽപം ഭയത്തോടെ മരത്തിനപ്പുറത്തേക്ക് എത്തി നോക്കി. വേരുകള്‍ക്കിടയിൽ ചുരുണ്ടു കിടക്കുകയാണവൻ .
ഒരു വലിയ പാമ്പ്. റഹ്മാൻറെ തല കണ്ടതും അത് പതുക്കെ വേരുകള്‍ക്കിടയിലൂടെ ഇഴഞ്ഞു പോവാൻ തുടങ്ങി.
" എന്താ വലിപ്പം ".
റഹ്മാന്‍ അത്ഭുതപ്പെട്ടു.
അവര്‍ പുഴക്കരയിലേക്കു നടന്നു. റഹ്മാന്‍ ഫ്രാന്‍സിയുടെ കയ്യില്‍ പിടിച്ചു പുഴയുടെ സമീപത്തേക്കിറങ്ങാൻ സഹായിച്ചു.
" പാമ്പുണ്ടാവ്വോ? " "
" അതു പോയെടോ " ഫ്രാന്‍സിസ് പറഞ്ഞു.
അവര്‍ ആ പുൽമേടിൽ അല്പനേരം നിശ്ശബ്ദരായി ഇരുന്നു. നിറഞ്ഞൊഴുകുന്ന
പുഴയുടെ ഭംഗി ഇവനറിയില്ലല്ലോ. റഹ്മാന്‍ ഫ്രാന്‍സിയെ നോക്കി. അവൻ വേറെയേതോ ലോകത്താണ്.
"റഹ്മാന്‍ "
" നിനക്ക് കേൾക്കാൻ കഴിയുന്നുണ്ടോ ?"
ഫ്രാന്‍സിസ് മന്ത്രിക്കും പോലെ ചോദിച്ചു.
" എന്ത്? "
" പുഴയുടെ സംഗീതം "
" ഇല്ല ".
"ഇവിടെ പുഴ ഏതോ ഒരു ഗാനം മൂളുന്നുണ്ട് "
" മിണ്ടാതിരിക്ക് നിനക്കും കേൾക്കാം "
അവർ നിശബ്ദരായി .
.
.
.
.
.
.
.
പുഴയിലേക്കു നോക്കിയിരുന്നു.
പിന്നിൽ കാറ്റിലിളകുന്ന ഇലകളുടെ ശബ്ദം .
മുന്നില്‍ അതേ കാറ്റു പുഴയില്‍ ചൂളം വിളിക്കുന്നു.
.
.
.
" ഉണ്ട് പുഴയില്‍ നിന്നൊരു സംഗീതസാന്ദ്രമായ നേർത്ത ശബ്ദം കേൾക്കുന്നുണ്ട് "
" ഫ്രാൻസിസ് ഈ പുഴ പാടുന്നുണ്ട് "
റഹ്മാന്‍ കരഞ്ഞു കൊണ്ട് പറഞ്ഞു.
ദൈവമേഇവിടെയിതാ പുഴ പാടുന്നു.
റഹ്മാന് മനസ്സില്‍ എന്തോ അകാരണമായ ഒരു സങ്കടം തോന്നി. അവന്‍ ഫ്രാന്‍സിയുടെ കൈയില്‍ പിടിച്ചു. ആ കണ്ണുകളിൽ നിന്നും രണ്ടു തുള്ളി കണ്ണുനീര്‍ ഉതിര്‍ന്നു വീഴുന്നതവൻ കണ്ടു.
പുഴ പാടിക്കൊണ്ടിരുന്നത് ഏതോ ദുഖഗാനമായിരുന്നിരിക്കാം.
ഒരു കിളി ചിലച്ചു കൊണ്ട് അവരുടെ തലക്കു മുകളിലൂടെ അക്കരേക്കു പറന്നു പോയി.
No comments:
Post a Comment