Wednesday, June 15, 2016

മാജിക്‌ സൈക്കിള്‍ ആന്‍ഡ് ദ റിംഗ് 2

മാജിക്‌  സൈക്കിള്‍  ആന്‍ഡ് ദ റിംഗ്

ഇത്  മുതിര്‍ന്നവരെന്നു കരുതുന്നവർക്ക് വായിക്കാനുള്ളതുമല്ല

കുട്ടികള്‍ക്കും മനസ്സില്‍ എപ്പോഴും ഒരു കുട്ടിത്തം സൂക്ഷിക്കുന്നവർക്കും

മാജിക് സൈക്കിള്‍ ആന്‍ഡ് ദ റിംഗ്. ....2.
=================================

അനില്‍  നടന്നു  നടന്ന്  അങ്ങാടിയിലെ ഒരു  സൈക്കിള്‍  ഷോപ്പിന്  മുന്നില്‍  എത്തി. ലോഹഭാഗത്തിന് ഒരു  സൈക്കിളിൻറെ  മുൻഭാഗവുമായി അവനു  നല്ല  സാദൃശ്യം തോന്നി.

കടയുടമ  അവനെ  ഷോപ്പിനകത്തേക്കു  വിളിച്ചു.

"നിനക്ക്  ഈ സൈക്കിളിൻറെ  ബാക്കി  ഭാഗങ്ങള്‍  വേണോ. ..   ?" 
     
അയാള്‍ ചോദിച്ചു. 
                      
" അതിനെൻറെ  കയ്യില്‍  ഇപ്പോള്‍  പണമൊന്നുമില്ല...."

അവന്‍ പറഞ്ഞു.
                                                                           
"പണം  വേണ്ട. നിനക്ക്                                    പണിയെടുത്ത് തരാനാവുമോ. ....?.    "
അയാള്‍  ചോദിച്ചു.

അയാള്‍  താഴെ  നിരത്തി വച്ച സൈക്കിള്‍  ഭാഗങ്ങളിലേക്ക്  വിരൽ ചൂണ്ടി.

"ഈ പാർട്സുകൾ എല്ലാം അതാതു  സ്ഥാനങ്ങളിൽ  അടുക്കി വക്കണം"

അയാള്‍ പറഞ്ഞു.

" പക്ഷേ  ഒറ്റക്ക്  വേണ്ട. ഞാന്‍  രണ്ടുപേരെ  കൂടി  ലഭിക്കുമോ  എന്ന്  നോക്കാം. ..."
            
ആ നിർദ്ദേശം  അനിലിനെസംബന്ധിച്ചിടത്തോളം ഒരു മികച്ച  ഓഫർ തന്നെയായിരുന്നു.
കടയുടമ  രണ്ടു പേരെ  കൂടി  ലഭിക്കുമോ   എന്നറിയാൻ  പുറത്തിറങ്ങി.

അനില്‍  ജോലി  തുടങ്ങി.

അവൻറെ  വിരലില്‍  കിടക്കുന്ന  മോതിരത്തിൽ നിന്നും  വിദ്യുത് കിരണങ്ങൾ  മെല്ലെ  ശരീരത്തിൽ  പടരുന്നത് അവന്‍  തിരിച്ചറിഞ്ഞു.

വല്ലാത്തൊരു  ഊർജസ്വലതയും  ശക്തിയും  തനിക്ക്  ലഭിച്ച  പോലെ  അവനു തോന്നി.

അവൻ  പാക്കറ്റുകൾ ഓരോന്നായി  പൊക്കി  അടുക്കി  വക്കാൻ തുടങ്ങി.

ഭാരമുള്ള  പാക്കറ്റുകൾ  അനായാസം തനിക്ക്  മുകളിലേക്കുയർത്താൻ സാധിക്കുന്നുണ്ട്.

തന്റെ  കൈകാലുകൾക്ക്  അസാമാന്യ  ശക്തി  ലഭിച്ചിരിക്കുന്നു .

തന്റെ  ചലനങ്ങള്‍ കൂടുതല്‍  വേഗത  കൈവരിച്ചിരിക്കുന്നു .

രണ്ടുപേര്‍  താങ്ങിയുയർത്തേണ്ട  ഭാരമേറിയ  ബോക്സുകൾ പോലും  അവൻ  അനായാസം  എടുത്തുയർത്തി. കുറഞ്ഞ  സമയം കൊണ്ട് തന്നെ  അവനാ  ജോലി മുഴുവന്‍  ചെയ്തു  തീർത്തു.

കടയുടമ  സഹായികളെയൊന്നും ലഭിക്കാതെ  നിരാശനായി  കടയില്‍  വന്നു  കയറി. അനില്‍  ജോലിയെല്ലാം തീർത്തു  ഒരു  സ്റ്റൂളിൽ  വിശ്രമിക്കുന്നുണ്ടായിരുന്നു. അയാള്‍  അവിശ്വസനീയതയോടെ  അവനെയും  സാധനങ്ങള്‍  അടുക്കി വച്ച  റാക്കുകളിലേക്കും  നോക്കി.  അവൻ  തനിക്കാവശ്യമായ   സൈക്കിള്‍  പാർട്സുകൾ   ഒരു  പ്ലാസ്റ്റിക്  ചാക്കിൽ  പൊതിഞ്ഞെടുത്തു.

അയാള്‍  വായ്  തുറന്നു  പിടിച്ചു  നിൽക്കുകയാണ്.

"ഞാന്‍  പൊയ്ക്കോട്ടെ  ചേട്ടാ......?"

അനിലിൻറെ ചോദ്യം  കേട്ട്  അയാള്‍  ഒന്നു ഞെട്ടിയ  പോലെ  തോന്നി.
                                                                             
"അ......ആ....  ആ.....ശരി. .ശരി   ...."

അയാള്‍  തലകുലുക്കി.

" എന്താ  മോൻറെ  പേര്. ......? "
അയാള്‍  പിറകില്‍  വന്നു  ചോദിച്ചു.

" ഷിറാസ് ......മൂസ്   ഷിറാസ് .."

തലേന്ന്  വായിച്ച  വിചിത്രമായ  കൊമ്പുകളുള്ള  മാനിൻറെ  പേരോർത്തുകൊണ്ട്   അനില്‍  പറഞ്ഞു.

കടയുടമ  ഒരു  അത്ഭുതജീവിയെ  കണ്ടതു പോലെ  അവന്‍  നടന്നു  നീങ്ങുന്നതു നോക്കി നിന്നു.

അവൻ  ചാക്ക്  തോളിലിട്ട്  മുന്നോട്ടു നടന്നു. 

വീട്ടില്‍  തിരിച്ചെത്തിയതും അനില്‍   സൈക്കിള്‍  രൂപപ്പെടുത്തുന്നതിനുള്ള പരിശ്രമം ആരംഭിച്ചു. രണ്ടു ദിവസത്തെ  അധ്വാനം  വേണ്ടി വന്നു   അവനു  ഒരുവിധം  ആ ലോഹദണ്ഡ്  ഉൾപ്പെടുത്തി  ഒരു  സൈക്കിള്‍  നിർമിച്ചെടുക്കാൻ . അത്  കാഴ്ചക്ക് ഒട്ടും  ആകർഷകമായ  ഒരു  നിർമിതി ആയിരുന്നില്ല.  പക്ഷേ  മോതിരത്തിനു  ശക്തി  ലഭിക്കണമെങ്കിൽ  അതില്ലാതെ  കഴിയില്ലല്ലോ.

പിറ്റേന്ന്  അവന്‍ സ്കൂളിലേക്കു  പുറപ്പെട്ടത് ആ       സൈക്കിളിലായിരുന്നു . വഴിയില്‍  പക്ഷേ  ആരും  അവനെ  ശ്രദ്ധിക്കുന്നതേയില്ല  എന്നത്  അവനെ  അതിശയപ്പെടുത്തി. തന്റെ  നേരേ  ഓടിച്ച്  വന്ന  ഒരു  ബൈക്കില്‍ നിന്ന്  രക്ഷപ്പെടാൻ  അവന്‍  സൈക്കിളുമായി   റോഡിൻറെ  അരികിലേക്ക്  മറിഞ്ഞു.
ആ വീഴ്ചയുടെ  ശബ്ദം കേട്ടാണ്  ആളുകള്‍  അവനെ  കണ്ടത്.  അവര്‍  അവനെ  പിടിച്ച്  എഴുന്നേൽപിച്ചു.

താന്‍  സൈക്കിളിൽ  നിന്നും  വേർപെട്ടാൽ മാത്രമേ മറ്റുള്ളവർക്ക് തന്നെ കാണാനാവൂ...........

അവന്‍  ഊഹിച്ചു.

അനില്‍  പതുക്കെ  സൈക്കിള്‍  തള്ളി മുന്നോട്ടു നടന്നു.

നടക്കുന്നതിനിടെ  അവനാ  യാഥാർത്ഥ്യം  ഉൾക്കൊണ്ടു. താന്‍  സൈക്കിളിൽ  സഞ്ചരിക്കുമ്പോൾ ആർക്കും  തന്നെ  കാണാന്‍  സാധിക്കില്ല.
അത്  അവനില്‍  ഒരേസമയം  ഭീതിയും  പ്രതീക്ഷയും ഉളവാക്കി.

അവന്‍റെ ഹൃദയം 
അദൃശ്യനായ  സമയത്ത്  തനിക്ക്  അപകടം  വല്ലതും  സംഭവിച്ചാൽ അതാരും  അറിയില്ല. സൈക്കിളിൽ  നിന്നും  വേർപെട്ടാൽ മാത്രമേ  മറ്റുള്ളവർക്ക്  തന്നെ  കാണാനാവൂ.
   
അതേസമയം ആരുമറിയാതെ  തനിക്ക്  എവിടെയും  നിർഭയം കടന്നു  ചെല്ലാം. മോതിരം  വഴി  ലഭിച്ച  ശക്തി  കൊണ്ട്  അനീതിക്കെതിരെ  പോരാട്ടം  നടത്താം. അനില്‍  പുതിയ  ജീവിതം  അവിടെ  ആരംഭിക്കുകയായിരുന്നു. ലോകത്തിലെ അക്രമങ്ങൾക്കും അനീതിക്കുമെതിരെ , ഇരകൾക്കു സഹായഹസ്തവുമായി ഒരു  പുതിയ തുടക്കം.

തുടര്‍ന്നും വായിക്കുക

No comments:

Post a Comment