അവസരങ്ങള്‍
=============
കഴുത്ത് നീണ്ട ഒരു ഗ്ലാസിൽ കുറച്ചു വൈൻ എനിക്ക് നേരെ നീട്ടി അയാള്‍ ആ കഥ പറയാന്‍ തുടങ്ങി.
സ്കൂള്‍ കുട്ടികളുമായി അന്ന് ഊട്ടിയിലേക്കു വിനോദയാത്ര പോയതായിരുന്നു അയാള്‍. പുകവലിയോ മദ്യപാനമോ മറ്റു ദുശ്ശീലങ്ങൾ ഒന്നുമില്ലാത്ത, അത്തരം ശീലങ്ങള്‍ മൂലം മനുഷ്യർക്കുണ്ടാവുന്ന ദുരിതങ്ങളെപ്പറ്റി തൻറെ ശിഷ്യർക്ക് മുന്നറിയിപ്പ് കൊടുക്കുന്ന ഒരു സാധാരണ അധ്യാപകന്‍ തന്നെയായിരുന്നു അയാള്‍.
പക്ഷേ ആ യാത്ര അയാളുടെ ജീവിതം തന്നെ മാറ്റി വരച്ചു.
ആ ഒരൊറ്റ ദിവസം കൊണ്ട് അയാള്‍ മദ്യപാനിയായ അധ്യാപകന്‍ ആയി. കുട്ടികളെ വഴി തെറ്റിക്കുന്ന ആഭാസൻ ആയി.
ഊട്ടിയില്‍ ചെന്നിറങ്ങുമ്പോൾ തന്നെ അയാള്‍ക്ക് വയറിന് എന്തോ അസ്വസ്ഥത തോന്നിത്തുടങ്ങിയിരുന്നു.
കൂടെയുള്ള അധ്യാപകനുമായി അയാള്‍ തന്റെ പ്രയാസം പങ്കു വെക്കുകയും ചെയ്തു. അയാള്‍ ആണ് ആ പരീക്ഷണം അയാളോട് നിർദ്ദേശിച്ചത് .
"ഒരു നാരങ്ങസോഡ കഴിച്ചുനോക്കൂ മാഷേ. .ചിലപ്പോള്‍ ശരിയാവും. ..."
അയാള്‍ കൂൾബാറുകൾ അന്വേഷിച്ചു നടന്നു . പക്ഷെ അയാള്‍ കണ്ടെത്തിയ ഇടങ്ങളില്‍ ഒന്നും ലൈംസോഡ ഉണ്ടായിരുന്നില്ല. ഒടുവില്‍ ഒരു കടക്കാരൻ ആണ് ആ അഭിപ്രായം പറഞ്ഞത് .
"വൈൻ ഷോപ്പിൽ അന്വേഷിച്ചു നോക്കൂ. ....ചിലപ്പോള്‍ അവിടെ ലഭിച്ചേക്കും...!"
അയാള്‍ അടുത്ത് കണ്ട വൈൻ ഷോ പ്പിലേക്കു കയറി. പക്ഷേ തൻറെ വിദ്യാർഥികളിൽ ചിലര്‍ തന്നെ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്ന് അയാള്‍ അറിയുന്നുണ്ടായിരുന്നില്ല. ഷോപ്പിൽ അത്യാവശ്യം നല്ല തിരക്കുണ്ട്. ജീവനക്കാർ അയാളെ ഹൃദ്യമായി സ്വാഗതം ചെയ്തു.
തങ്ങളുടെ പുതിയ ഓറഞ്ച് വൈൻ ഒന്ന് രുചിച്ചു നോക്കുവാൻ അയാളെ ക്ഷണിച്ചു.
ജീവിതത്തിൽ അന്നുവരെ അയാള്‍ വൈനോ മറ്റെന്തെങ്കിലും ലഹരി പദാര്‍ഥങ്ങളോ ഉപയോഗിച്ച് നോക്കിയിരുന്നില്ല.
പുളിപ്പിച്ച ജ്യൂസ് അത്രയേ വൈനുകളെകുറിച്ച് അയാള്‍ക്ക് അറിയാമായിരുന്നുള്ളൂ . ഒരു പഴജ്യൂസിന് ഒരാളെ മത്തു പിടിപ്പിക്കാനാവുമോ.....?
പക്ഷേ അയാൾക്ക് അവര്‍ നല്‍കിയ വൈൻ അൽപം വീര്യം കൂടിയതും നാവിലെ രസമുകുളങ്ങളെ ഉദ്ദീപിപ്പിക്കുന്നതുമായിരുന്നു. തൊണ്ടക്കുഴിയിൽ ഒരു സ്ഫോടനം തീർത്ത് അത് താഴേക്കിറങ്ങി പോവുന്നതയാൾ അനുഭവിച്ചറിഞ്ഞു. മദ്യത്തിന് എങ്ങനെയാണ് ഒരാള്‍ അഡിക്റ്റായി തീരുന്നതെന്ന് അയാള്‍ക്ക് മനസിലായിത്തുടങ്ങിയിരുന്നു.
സഹയാത്രികർ അയാളെ മുൻപു പരിചയമില്ലാത്ത വിധം തുറിച്ചു നോക്കി. അയാള്‍ ആട്ടിന്‍ തോലണിഞ്ഞ ചെന്നായും കണ്ണടച്ചു പാലു കുടിക്കുന്ന കള്ളപ്പൂച്ചയുമായി . കുട്ടികളുമായി പഠനയാത്ര പോയി മദ്യപിച്ചെന്ന് ആരോപിച്ച് രക്ഷിതാക്കൾ പരാതി നല്‍കി. മദ്യപാനിയായ ഒരു അധ്യാപകനെ സ്കൂളില്‍ ആവശ്യമില്ലെന്നു പറഞ്ഞു കൊണ്ട് അവർ അയാളെ പിരിച്ചു വിടുകയും ചെയ്തു .
വരുമാനവും അഭിമാനവും നഷ്ടമായി.
അയാള്‍ ആ നാട്ടില്‍ ഒറ്റപ്പെട്ടു.
പക്ഷേ മദ്യത്തിന് അടിമയായി മാറാന്‍ അയാളുടെ മനസ്സ് അനുവദിച്ചില്ല . പക്ഷേ വൈവിധ്യമാർന്ന വൈൻ രുചികളെ തേടി അന്ന് മുതല്‍ അയാള്‍ ഒരു യാത്ര തുടങ്ങി. പഴങ്ങളും പഴക്കൂട്ടുകളും പഴക്കം ചെന്ന വൈനുകളും അയാളുടെ നാവില്‍ രുചിഭേദങ്ങൾ സൃഷ്ടിച്ചു. പിന്നെ പിന്നെ പണക്കിലുക്കം കൂടുതലുള്ള ആ ലഹരിയുടെ ലോകത്ത് അയാള്‍ മികച്ച വൈൻ നിർമിച്ചെടുക്കുന്ന പരീക്ഷണങ്ങളിൽ ഏർപ്പെട്ടു .
അധ്യാപകന്‍ വിദ്യാർഥിയായപ്പോൾ അവിടെ അത്ഭുതങ്ങൾ സൃഷ്ടിക്കപ്പെട്ടു.
പതിയെ പതിയെ അയാളുടെ കൈയൊപ്പ് പതിഞ്ഞ
വൈനുകൾ വിപണിയില്‍ ഓളങ്ങള്‍ തീർത്തു തുടങ്ങി .
അയാളുടെ
മിക്സഡ് വൈനുകളുടെ നേർപ്പിച്ച കോക്ടെയിൽ രുചിച്ചു നോക്കുവാൻ വിദേശികള്‍ പോലും അയാളെ തേടിയെത്തിത്തുടങ്ങി.
പക്ഷെ അയാള്‍ ഒരിക്കലും ഒരു മദ്യത്തിനും അടിപ്പെട്ടില്ല. പക്ഷെ അയാള്‍ നിർമിച്ച ലഹരിയുടെ രുചിക്കൂട്ടുകൾ സമ്പന്നരുടെ ലഹരി നേരങ്ങൾക്കു നിറം പകർന്നു.
വൈൻ ഒരിക്കലും ആസക്തി തീർക്കാനുള്ളതല്ലെന്നയാൾ പറഞ്ഞു.
ഓരോ സിപ്പും വായും തൊണ്ടയും വയറുമറിഞ്ഞ് രുചി നാവിൽ തൊട്ടറിഞ്ഞ് അങ്ങനെയങ്ങനെ. ....അനുഭവിച്ചറിയാനുള്ളതാണ്. പക്ഷേ ഒന്നും പരിധി വിടാന്‍ പാടില്ല.
വൈനും..... പെണ്ണും......
പണവും......പദവിയും. ...
നൻമയും..... ഉപദേശവും.....
അറിവും........അവഗാഹവും ......
പരിധി വിടാന്‍ തുടങ്ങുമ്പോൾ അവ നമ്മെ നിയന്ത്രിച്ച് തുടങ്ങും.പക്ഷേ ഇവ നേടിയെടുക്കുവാൻ ഒരാള്‍ പുറപ്പെട്ടാൽ അവന്‍ അത് നേടിയെടുക്കുകയും ചെയ്യും.
അയാള്‍ പറഞ്ഞു നിർത്തുമ്പോൾ ഞാന്‍ മിക്സഡ് വൈനുകളുടെ നേർപ്പിച്ച കൊക്ടെയിൽ പതുക്കെ നുണച്ചിറക്കുകയായിരുന്നു.
എൻറെ അവസരങ്ങള്‍ ഞാന്‍ തന്നെ കണ്ടെത്തണമല്ലോ ...
മുന്നറിയിപ്പ് :-
മദ്യം ആരോഗ്യത്തിന് മാരകമായ ക്ഷതങ്ങള്‍ ഏൽപിക്കും. സമൂഹത്തിൽ സ്വന്തം വില നഷ്ടപ്പെടുത്തുകയും ചെയ്യും.
No comments:
Post a Comment