ഫ്രാന്‍സിയുടെ യാത്രകള്‍ 4
========================
"നിനക്ക് ഞാന്‍ ഒരു പൂങ്കാവനം പരിചയപ്പെടുത്താം " റഹ്മാന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു.
" പൂന്തോട്ടങ്ങൾ എനിക്കിഷ്ടമാണ്. പക്ഷേ "?
ഫ്രാൻസിസ് അർദ്ധോക്തിയിൽ നിർത്തി.
" പക്ഷേ, ............എന്താ പറ ?" റഹ്മാന്‍ ചോദിച്ചു.
" ഞാനിതു വരെ ഒരു പൂന്തോട്ടത്തിൽ പോയിട്ടില്ല. രാമേട്ടൻ പോയിട്ടുണ്ടോ ? "
" പൂക്കള്‍ എന്താണിത്ര കാണാന്‍ " ? .
രാമേട്ടനു സംശയം.
"അവയുടെ വ്യത്യസ്തമായ വർണങ്ങൾ................
മനസു കുളിർപ്പിക്കുന്ന സുഗന്ധം.........
പൂമ്പാറ്റകൾ.................
ഇലകൾ,മുള്ളുകള്‍......................
,തേൻ നുകരുന്ന പക്ഷികള്‍..........................
.നേർത്ത സുഗന്ധം വീശുന്ന ഇളം കാറ്റ്...................
ചാരി ഇരിക്കാവുന്ന ഒരു ഇരിപ്പിടം.........................
അതിനു ചാരി കണ്ണാടി പോലെ തെളിഞ്ഞ കൊച്ചരുവി....................
താഴ്ന്നു നില്ക്കുന്ന പാകമായ പഴങ്ങള്‍. ..............
"മതി മതി"
റഹ്മാന്‍ ഫ്രാന്‍സിയുടെ വായ് പൊത്തി.
"സ്വർഗത്തിലെ പൂന്തോട്ടം ഞാനും കണ്ടിട്ടില്ല "
" ഇതൊരു പൂച്ചെടി വില്പനക്കാരൻ തീർത്ത പൂന്തോട്ടമാണ് "
" നീ പറഞ്ഞ അഡീഷണല്‍ സെറ്റപ്പ് ഒന്നും ഇല്ല. "
റഹ്മാന്‍ കാർ നിരത്തി വച്ചിരിക്കുന്ന ചെടിച്ചട്ടികൾക്കരികിൽ പാർക്കു ചെയ്തു.
" നിങ്ങളു കണ്ടു വാ, ഞാനിവിടെ ഇരുന്നോളാം"
രാമേട്ടൻ പറഞ്ഞു.
റഹ്മാന്‍ പുറത്തിറങ്ങി ഫ്രാന്‍സിയുടെ കൈ പിടിച്ചു.
"തൊട്ടു നോക്കാമോ?"
റഹ്മാന്‍ വില്‍പ്പനക്കാരനോടു വിളിച്ചു ചോദിച്ചു.
അയാള്‍ ദൂരെയിരുന്നു തലയാട്ടി.
" ചെടികൾ ഏതാണെന്ന് ഞാന്‍ തൊട്ടു നോക്കി പറയാം " ഫ്രാന്‍സിസ് ആവേശത്തോടെ പറഞ്ഞു.
" ഇത് റോസ് ആണ്. " നല്ല സുഗന്ധവുമുണ്ട്. "
അവൻ ഒരു റോസാ ചെടിയിൽ തൊട്ടു കൊണ്ട് പറഞ്ഞു.
"നിനക്കറിയാവുന്ന വർണം ഏതാണ് ഫ്രാന്‍സിസ് ?"
" ഒരന്ധനോട് ചോദിക്കാൻ പറ്റിയ ചോദ്യം. "
ഫ്രാന്‍സിസ് ചിരിച്ചു.
" ഇവിടെ പനിനീര്‍ പൂവിന്റെ എത്ര വർണങ്ങൾ കാണുന്നുണ്ട്?"
. അവന്‍ തിരിച്ചു ചോദിച്ചു.
" അഞ്ച് വർണങ്ങൾ "
"വർണവും വെളിച്ചവും എനിക്കന്യമല്ലേ റഹ്മാന്‍ ? ".
" കറുപ്പു നിറം അറിയില്ലേ ? "
" ഇരുട്ടിൻറെ നിറം, അതല്ലേ നീ ഉദ്ദേശിച്ചത്. "?
" വെളിച്ചം എന്തെന്നറിയാത്തവർക്ക് എന്ത് ഇരുട്ട് റഹ്മാന്‍. "
" എല്ലാം ശൂന്യത. ...ശൂന്യത മാത്രം. "
അവനല്പ സമയം നിശബ്ദനായി.
റഹ്മാന് ചോദിക്കേണ്ടിയിരുന്നില്ലെന്നു തോന്നിപ്പോയി .
" " ഇതാ നീ പറഞ്ഞ താഴ്ന്നു നില്ക്കുന്ന പാകമായ പഴങ്ങള്‍. "
ഓറഞ്ച് ചെടിയിൽ തൂങ്ങി നില്ക്കുന്ന പഴത്തിൽ ഫ്രാന്‍സിയുടെ കൈ പിടിപ്പിച്ചു കൊണ്ട് റഹ്മാന്‍ പറഞ്ഞു.
അവര്‍ ആ ചെടികള്‍ക്കിടയിൽ തൊട്ടും തലോടിയും മണത്തും അല്പസമയം നടന്നു.
മാവും മാമ്പൂവും ചില പൂക്കളും വൃക്ഷത്തൈകളും തിരിച്ചറിയുമ്പോൾ ഫ്രാന്‍സിസ് അതിന്റെ പേരുകള്‍ ഉറക്കെ വിളിച്ചു പറഞ്ഞു കൊണ്ടേയിരുന്നു.
അവന്റെ സങ്കൽപത്തിലെ പൂങ്കാവനം അവന്‍ സൃഷ്ടിക്കുകയായിരിക്കാം.
ഫ്രാന്‍സിസ് ഒരു പൂമ്പാറ്റയാവുന്നതു പോലെ റഹ്മാനു തോന്നി.
.
No comments:
Post a Comment