Wednesday, June 15, 2016

ഫ്രാന്‍സിയുടെ യാത്രകള്‍ 8

ഫ്രാന്‍സിയുടെ യാത്രകള്‍  8
(അവസാന  ഭാഗം )
========================

കാർ  ബീച്ച്  റോഡിലേക്ക് കയറിയതോടെ  രാമേട്ടൻറെ  കണ്ണുകള്‍  തിളങ്ങി. കടലിലെ  ഓരോ  തിരമാലകളും അയാളെ  സന്തോഷിപ്പിക്കുന്നതായി തോന്നി.

" കടൽ........കടൽ. ........കരകാണാകടൽ......"

രാമേട്ടൻ  കാറിന്റെ  ഡോറിനു ചാരിയിരുന്നു കൊണ്ട്  മന്ത്രിച്ചു.  ഒരു  കൊച്ചു കുട്ടിയുടെ ആവേശം  ആ കണ്ണുകളിൽ  ഉണ്ടായിരുന്നു.

ഫ്രാന്‍സിസ്  പുറത്തെ ശബ്ദങ്ങള്‍  ശ്രദ്ധിക്കുകയാണ് . ബീച്ചും  പരിസരവും ജനനിബിഡമായിരിക്കുന്നു.

തിരമാലകള്‍. ........

തെരുവു കച്ചവടക്കാർ.......

കുട്ടികള്‍. ..........

വാഹനങ്ങള്‍. ............

ഓരോ  ശബ്ദവും  അവന്‍  വേർതിരിച്ചു കേൾക്കുകയാവണം.....

അവർ  വണ്ടി  ഒരിടത്ത് പാർക്കു ചെയ്തു  പുറത്തിറങ്ങി.

"രാമേട്ടൻ  കല്ലുമ്മേക്കായ പൊരിച്ചത്  കഴിച്ചിട്ടുണ്ടോ......? "

റഹ്മാന്‍ ചോദിച്ചു.

വലിയ  തോടിനുള്ളിൽ മാവു വെച്ചു  പൊരിച്ചെടുത്ത  സ്നാക്സ് റഹ്മാന്‍  വാങ്ങി.

"വലിയ  കക്കയാണല്ലേ.....? "

റഹ്മാന്‍  അതെയെന്നു തലയാട്ടി.

അവര്‍  മണലില്‍  ഇറങ്ങി  മുന്നോട്ടു നടന്നു.

" ഫ്രാന്‍സിസ്   ഈ ശബ്ദം  എന്താണെന്നു നിനക്ക്  പറയാനാവുമോ....? "

അവൻ  ചെവിയോർത്തു.

"ഐസ്  ചുരണ്ടുന്നതാണോ.......? "

അവൻ ചോദിച്ചു.

"ഇത്ര  തിരക്കില്ലാത്ത  സ്ഥലം  ഉണ്ടോ റഹ്മാന്‍. ....? "

മണലിൽ കൂടിയിരുന്ന് ഐസ്  കോരിക്കുടിക്കുമ്പോൾ ഫ്രാന്‍സിസ് ചോദിച്ചു.

"കുറച്ചപ്പുറത്തു  ആളു  കുറവായിരിക്കും......അങ്ങോട്ടു  നീങ്ങണോ......? "

ഫ്രാന്‍സിസ്  അതെയെന്നു തലയാട്ടി  എണീറ്റു.  അവര്‍  കടലിനു  നേരെ  നടന്നു.  കാലില്‍  കടൽ വെള്ളം  തട്ടിയതോടെ ഫ്രാന്‍സിസ്  നിശ്ചലനായി. 

അവന്‍  നന്നായി  കിതക്കാൻ തുടങ്ങിയിരിക്കുന്നു.

അവനെന്തൊക്കെയോ പറയാന്‍  ശ്രമിക്കുന്നുണ്ട്.

സന്തോഷവും  സങ്കടവും   അവന്‍റെ  മുഖത്ത്  മാറി  മറിഞ്ഞു.

ഓരോ  തിരമാലകളും വന്നു  കാലിൽ തഴുകുമ്പോഴും  അവന്‍  അതിയായി ആഹ്ലാദിച്ചു.

പിന്നെ  തൻറെ  വടി  കൊണ്ട്  മണലില്‍  എഴുതി

"കടലമ്മ. ...കള്ളി. ...."

ഒരു  വലിയ  തിര  അവന്‍റെ  എഴുത്തുകൾ മായ്ച്ചു കളഞ്ഞു.

"കടൽ  മായ്ച്ചു കളഞ്ഞല്ലേ....റഹ്മാന്‍. .."

അവന്‍  ആകാംക്ഷയോടെ ചോദിച്ചു.

"അതെ .........."

"ഹഹഹഹ.......കടലമ്മ  കള്ളി. .....കടലമ്മ  കള്ളി......."

അവന്‍  പരിസരം മറന്ന്  ആർത്തുവിളിച്ചു. തിരകൾ അവന്‍റെ  കാലുകളിൽ ശക്തമായി  വന്നടിച്ചു. ആൾത്തിരക്കൊഴിഞ്ഞ ഭാഗത്തെത്തിയപ്പോൾ ഫ്രാന്‍സിസ്  അയാളുടെ  വടി റഹ്മാനെ ഏൽപിച്ചു.  കണ്ണട മടക്കി  പോക്കറ്റിലിട്ടു.

" റഹ്മാന്‍. .....എനിക്കിനി  നിങ്ങളെപ്പോലെയൊന്നു നടക്കണം. തടസമൊന്നുമില്ലാതെ  പരസഹായമില്ലാതെ....നിങ്ങൾ കൂടെ  വരരുത്. ...."

അവന്‍ പറഞ്ഞു.

"ശരി.....ഞങ്ങള്‍  ഇവിടെ  ഇരുന്നുകൊള്ളാം  നീ  പോയിവരൂ......"

ഫ്രാന്‍സിസ്  തിരമാലകളെ അതിരു വച്ചു  മുന്നോട്ടു  നടക്കാന്‍ തുടങ്ങി. അവൻ കാഴ്ചയുള്ളവരെപ്പോലെ നടക്കാന്‍  പഠിക്കുകയായിരുന്നു. വേച്ചു  വീണു  പോയ അവനടുത്തേക്ക് ഓടാന്‍  തുനിഞ്ഞ രാമേട്ടനെ റഹ്മാന്‍  തടഞ്ഞു.
അവന്‍  എണീറ്റു  വീണ്ടും  മുന്നോട്ടു നടക്കാന്‍ തുടങ്ങി. 

കൈകള്‍  രണ്ടും  നന്നായി  വീശിക്കൊണ്ട്........

തല  ഉയര്‍ത്തിപ്പിടിച്ച്...........

ആരെയോ  തോൽപിക്കാനെന്നവണ്ണം...

അവൻ  വേഗത്തില്‍  മുന്നോട്ടു  നടക്കുകയാണ്.
റഹ്മാന്‍  രാമേട്ടനെ നോക്കി.

അയാളുടെ  ശ്രദ്ധ മുഴുവന്‍  കടൽത്തിരകളിലായിരുന്നു.

" എങ്ങനുണ്ട്  രാമേട്ടാ   കടൽ. ....?."

" വല്ലാത്ത ഒരു  അത്ഭുതം തന്നെ  അല്ലേടാ. ....? "

റഹ്മാന്‍  അതെയെന്നു തലയാട്ടി  പുഞ്ചിരിച്ചു.

"ഈ  ആളുകള്‍  എല്ലാം  പോയ്ക്കഴിഞ്ഞാൽ......!"

"പോയിക്കഴിഞ്ഞാൽ....? "

ഇവരെല്ലാം  പോയിക്കഴിഞ്ഞാൽ............

രാത്രിയായാൽ..........

ഈ  തിരകൾ നിലക്കുമായിരിക്കും  അല്ലേ  റഹ്മാന്‍. .....? "

അയാളുടെ  നിഷ്കളങ്കമായ  ചോദ്യം  കേട്ട്  അവനു  ചിരി വന്നു  പോയെങ്കിലും  അവന്‍  മറുപടിയൊന്നും പറഞ്ഞില്ല.
ദൂരെ നിന്നും  ഫ്രാന്‍സിസ്  തിരിച്ചു  നടന്നു  തുടങ്ങിയിരിക്കുന്നു. അവന്‍  അടുത്തെത്തിയപ്പോൾ റഹ്മാന്‍  കൈകൊട്ടി വിളിച്ചു.

" ഫ്രാന്‍സിസ്. .....നീ  ഞങ്ങളുടെ  കൂടെ  ഒരോട്ടമത്സരത്തിനു തയാറാണോ.....? "

" നിങ്ങളെ  ഞാന്‍  തോൽപിച്ചു കളയും  റഹ്മാന്‍. .....!"

അവന്‍  വെല്ലുവിളിച്ചു.

" എന്നാല്‍  വാ. ....നമുക്ക്  നോക്കാം. ....!!!"

അവർ മൂന്നു  പേരും  ഒന്നിച്ചു  നിന്ന്  കടൽ തീരത്തിലൂടെ ഓടാന്‍ തുടങ്ങി.  പിന്നെ പിന്നെ  റഹ്മാന്‍  പിൻവലിഞ്ഞു. രാമേട്ടനും  ഫ്രാന്‍സിയും ഓടിയും നടന്നും മണലില്‍  എഴുതിയും  രണ്ടു  കുട്ടികളെപ്പോലെ  കളിച്ചു കൊണ്ടിരുന്നു.

സൂര്യന്‍  അസ്തമിക്കുന്നത്  അവര്‍  നോക്കിയിരുന്നു.  രാമേട്ടൻ  ഫ്രാന്‍സിയോടത് വിവരിച്ചു  കൊടുക്കുന്നുണ്ടായിരുന്നു.
തീരം  പൂർണമായും  ഇരുട്ടിലായതോടെ അവര്‍  കാറിനടുത്തേക്ക്  നടന്നു.
എസിയുടെ ഇളം  തണുപ്പില്‍  ഫ്രാന്‍സിസ്  കണ്ണടച്ചു  കിടന്നു.
രാമേട്ടൻ  ഓടി മറയുന്ന  വൈദ്യുതി  വിളക്കുകൾ നോക്കി  അരികു  ചാരിയിരിക്കുന്നു .

" തിരകൾ ഒരിക്കലും  അവസാനിക്കുന്നില്ല  അല്ലെ  റഹ്മാന്‍. ...?"
അയാള്‍ പതുക്കെ  ചോദിച്ചു.

" ഇല്ല  രാമേട്ടാ. ...തിരകൾ  നിശ്ചലമാവാറില്ല......."

പിന്നെ  പിന്നെ  അവർ  മൂന്നു  പേരും  അവരവരുടെ  ചിന്താലോകത്തേക്ക് ഊളിയിട്ടു.

റഹ്മാന്‍  കാറിന്റെ  വേഗത  വർദ്ധിപ്പിച്ചു.

(അവസാനിച്ചു )

No comments:

Post a Comment