Wednesday, June 15, 2016

ഫ്രാന്‍സിയുടെ യാത്രകള്‍ 5

ഫ്രാന്‍സിയുടെ യാത്രകള്‍ 5.

കനോലി പ്ലോട്ട്
=============
"ആ കവര്‍  ഒന്നെടുത്തു  നോക്കൂ  രാമേട്ടാ"

കാർ  നിലമ്പൂര്‍  കഴിഞ്ഞയുടനെ  റഹ്മാന്‍  പിന്നിലേക്കു നോക്കി  പറഞ്ഞു.

"ഇതിലൊരു  ഷർട്ടും  മുണ്ടുമാണല്ലോ"

രാമേട്ടൻ  കവർ സീറ്റിലേക്കു  കുടഞ്ഞിട്ടു.

" എന്നാ രാമേട്ടൻ  ഡ്രസ്സ് മാറ്റിക്കോളൂ"

അതു പറഞ്ഞത് ഫ്രാന്‍സിസ്  ആയിരുന്നു.

"അതിനിത് വെള്ളയല്ലേ, വെള്ളഷർട്ടും,വെള്ള മുണ്ടും "

"അതേ".

"ഹേയ്  അതു ശരിയാവില്ല."

"അതെന്താ  രാമേട്ടാ  വെള്ള  നല്ല  നിറമല്ലേ, രാമേട്ടനു നല്ല  ഭംഗിയുമുണ്ടാവും"

"അതു കൊണ്ടല്ല, എനിക്കിതു വരെ  ഇങ്ങനത്തെ  തുണിയൊന്നും എടുക്കാന്‍  കിട്ടിയിട്ടില്ല. അങ്ങനെയൊരു  ശീലവുമില്ല".

"അതൊന്നും  സാരമില്ല. രാമേട്ടൻ  അതുടുക്ക്.അതാവുമ്പോൾ നമുക്ക്  വേറെ  ഗുണമുണ്ട്. "

അയാള്‍  മനസ്സില്ലാ മനസ്സോടെ  മുഷിഞ്ഞ  തുണിയും ഷർട്ടും  മാറ്റി  വെള്ള  തുണിയും  ഷർട്ടുമെടുത്തിട്ടു.

"ഹാ  ഇപ്പോഴെന്താ ഗെറ്റപ്പ്, ഒരു  രാഷ്ട്രീയ നേതാവിന്റെ  ലുക്കുണ്ട്."

റഹ്മാന്‍  കണ്ണാടിയിൽ നോക്കി  പറഞ്ഞു.
രാമേട്ടൻ  സീറ്റുകൾക്കിടയിൽ തല താഴ്ത്തി യിരുന്നു.

അയാളിൽ നിന്നും ഒരു  തേങ്ങൽ ഉയര്‍ന്നു.

"എന്തുപറ്റി  രാമേട്ടാ  എന്തിനാ  കരയുന്നത്"
.ഫ്രാന്‍സിസ്  ചോദിച്ചു.

"ഇതൊക്കെ  എനിക്ക്  തരാന്‍  മാത്രം  ഞാന്‍ "............

രാമേട്ടൻ  നിറഞ്ഞ  കണ്ണുകളോടെ തലയുയർത്തി.

ഞാന്‍. ?

ഞാന്‍  നിങ്ങടെ ആരാ. ...?

"ഓ  അതാണോ  കാര്യം. നിങ്ങള്‍  ഞങ്ങളുടെ  ചായക്കടക്കാരൻ രാമേട്ടൻ. "

ഫ്രാന്‍സിസ്  ചിരിച്ചു. 

"ദാ  നമ്മള്‍  സ്ഥലമെത്തി.കണ്ണൊക്കെ തുടച്ചു  സ്മാർട്ടായിക്കോളൂ"

മെയിന്‍ റോഡില്‍ നിന്നും  കനോലി പ്ലോട്ടിലേക്കുള്ള വഴിയിലേക്കു വണ്ടി  തിരിച്ചു  കൊണ്ട്  റഹ്മാന്‍ പറഞ്ഞു.

രാമേട്ടൻ  ധൃതിയില്‍  കണ്ണു തുടച്ചു.

"സാർ  വണ്ടി  അകത്തേക്ക്  കയറ്റി  നിര്‍ത്തിക്കോളൂ."

ഫോറസ്റ്റ്  ഉദ്യോഗസ്ഥൻ വണ്ടി  പാര്‍ക്ക്  ചെയ്യാനുളള സ്ഥലത്തേക്ക് വിരൽ  ചൂണ്ടിക്കൊണ്ടു പറഞ്ഞു.

അവര്‍  കാർ പാർക്കു ചെയ്തു  ടിക്കറ്റ്  കൗണ്ടറിനടുത്തേക്കു നടന്നു. രാമേട്ടൻ  ഫ്രാന്‍സിയുടെ  കൈ പിടിച്ചു  സഹായിക്കാൻ ശ്രമിച്ചെങ്കിലും അവനത്  സ്നേഹപൂർവം നിരസിച്ചു.

"ഇയാള്‍  അന്ധനാണോ "?

ടിക്കറ്റ്  നല്കുന്ന  ഉദ്യോഗസ്ഥൻ ചോദിച്ചു.

"എന്താ  സാറെ അന്ധന്‍മാർക്കു  പ്രവേശനമില്ലാത്ത സ്ഥലമാണോ ?" ഫ്രാന്‍സിസ്  ചിരിച്ചു.

"ഹേയ് അതു കൊണ്ടല്ല. എന്താ  പേര്  ? "

"ഫ്രാൻസിസ് "

"ജോലി. .............. എന്തെങ്കിലും  ?"

"ഉവ്വ്  ഞാനൊരു  സ്കൂള്‍  ടീച്ചര്‍ ആണ്. "

"ഓ കെ. എന്നാല്‍  ഫ്രാന്‍സിസ്  മാഷ്ക്ക്  ടിക്കറ്റ്‌  വേണ്ട "
അയാള്‍  പറഞ്ഞു.

"അപ്പോള്‍  എന്റെ  കൂടെ  വന്ന  രണ്ട് പേരോ?"

"അന്ധനായ ഫ്രാന്‍സിസ്  മാഷെ  തേക്ക്  കാണിക്കാൻ  കൊണ്ടു വന്ന ആളുകളല്ലെ.
അവര്‍ക്കും  ടിക്കറ്റ്  വേണ്ട. ,

"അത്  കൊള്ളാമല്ലോ  പരിപാടി "

ഫ്രാന്‍സിസ്  ചിരിച്ചു കൊണ്ട് പറഞ്ഞു.

"ഖാലിദ്,  ഇവർ മൂന്ന്  പേരും  നമ്മുടെ  അതിഥികളാണ് .നിങ്ങൾ  ഇവര്‍ക്ക് പ്ളോട്ടൊന്നു കാണിച്ചു  കൊടുക്കാമോ? "
പാർക്കിംഗ് ചൂണ്ടി  കാണിച്ച ആളോട് അയാള്‍  വിളിച്ചു  ചോദിച്ചു.

"അതിനെന്താ  സാർ, ഞാന്‍  റെഡി " ഫോറസ്റ്റ് ഉദ്യോഗസ്ഥൻ  ഖാലിദ്  പറഞ്ഞു.

"പിന്നെ  ഫ്രാന്‍സിസ്  മാഷെ  ,തേക്ക്  കണ്ടു  ഇവിടെ  പറയാതെ  പോയേക്കരുത്" ഇവിടെ  കുറെ  ചിട്ടകളൊക്കെയുണ്ട്. "

"അതിനെന്താ സാർ,  സാറിന്റെ  പേരു  പറഞ്ഞില്ല "? .

"എന്റെ  പേര്  മുരളീധരന്‍.  എന്നാല്‍  മാഷ്  നടന്നോളൂ. ".
അയാള്‍  അവരെ യാത്രയാക്കി.

അവര്‍  ഖാലിദിനു പിറകെ  നടന്നു.

"കല്ലായിയും, നിലമ്പൂരും തമ്മിലെന്താ ബന്ധം " ഖാലിദ്  സാറിനറിയാമോ ? ഫ്രാൻസിസ്  ചോദിച്ചു.

"സാറു  വേണ്ട വെറും  ഖാലിദ്  മതി. മാഷു  പറ  എന്താണു ബന്ധം. ? "

"കല്ലായി പണ്ട്  ഇന്ത്യയിലെ  മരവ്യവസായത്തിന്റെ കേന്ദ്രമായിരുന്നു.അവിടെയുള്ള മരങ്ങളോ,അത്  നിലമ്പൂർ കാടുകളിലെ മരങ്ങളും. "

അവർ  തൂക്കുപാലത്തിൽ കയറി.

"ഓരോ  മഴക്കാലത്തും ഈ കാട്ടിലെ  വൻമരങ്ങൾ ചങ്ങാടങ്ങളായി ഈ പുഴയിലൂടെ കോഴിക്കോട്ടേക്ക്  ഒഴുകി.
ഇപ്പോഴും  ചെവിയോർത്താൽ മരം വലിക്കുന്ന  ആനകളുടെ ചിന്നം  വിളികളും, തൊഴിലാളികളുടെ ആർപ്പു
വിളികളും ചങ്ങാടം  തുഴയുന്ന  ശബ്ദവും  നമുക്ക്  കേൾക്കാം. "

അവർ  ഒരു  നിമിഷം ആ പാലത്തിൽ നിശബ്ദരായി  നിന്നു. ആ പഴയ  ശബ്ദങ്ങള്‍ക്കായി കാതോർത്തു.
അങ്ങു ദൂരെ  എവിടെയോ  തൊഴിലാളികളുടെയും ആനകളുടെയും,
വെള്ളത്തിൽ തുഴ വീഴുന്നതിൻറെയും നേർത്ത  ശബ്ദം  കാറ്റില്‍  മുഴങ്ങുന്നതായി  റഹ്മാനു തോന്നി.

"ഞാനൊരു  ശബ്ദവും  കേൾക്കുന്നില്ല."

രാമേട്ടൻ  നിശ്ശബ്ദത ഭഞ്ജിച്ചു.അവരെല്ലാവരും ചിരിച്ചു കൊണ്ട് പാലത്തിനപ്പുറത്തേക്കു നടന്നു.

"ഇതാണോ  ഇത്ര വലിയ  സംഭവം. ഇത്  സാധാരണ  തേക്ക് തന്നെയാണല്ലോ ? "

രാമേട്ടൻ  പറഞ്ഞു.

"അല്ല  രാമേട്ടാ  പ്രത്യേകത ഞാന്‍  കാണിച്ചു  തരാം. "
നമ്മൾ  ഏറ്റവും  വലിയ മരത്തിനടുത്താണോ   ഖാലിദ്. ?" ഫ്രാന്‍സിസ് ചോദിച്ചു.

"അതേ മാഷേ "

"ശരി  ഇതാണ്  kannimari "നിങ്ങള്‍  കൈകോർത്തു പിടിച്ചു  നോക്കൂ  ഇതിന്റെ  വണ്ണം  ഒന്നറിയാമല്ലോ.

അവര്‍  കൈകോർത്തു പിടിച്ചതിനേക്കാൾ വണ്ണമുണ്ടായിരുന്നു
ആ മരത്തിന്.
"ഇത്  ഭയങ്കര മരമാണല്ലോ,ഇതിവിടെ ഉണ്ടായതാണോ" ?  രാമേട്ടൻ  ചോദിച്ചു.

"നട്ടുണ്ടാക്കിയതാണ് രാമേട്ടാ  ഒന്നര നൂറ്റാണ്ട്  മുമ്പ്. അതും  നമ്മുടെ  നാട്ടുകാരനായ ചാത്തുമേനോനും,തൊഴിലാളികളും."

അപ്പോള്‍  ആരാ  ഈ കനോലി  ?

"
അത്  അന്നത്തെ  കലക്ടർ.സായ്പാണ്.
അന്ന് മലബാര്‍  എന്നതു  വിശാലമായ  ജില്ലയായിരുന്നു."

" അപ്പോള്‍  ഇത്  ചാത്തുമേനോൻ കനോലി  പ്ലോട്ടാണ്." റഹ്മാന്‍  പറഞ്ഞു.

"ഇത്  മാത്രമല്ല  1500  ഏക്കറിലായിരുന്നു
തേക്ക്  പ്ലാൻറേഷൻ ."

അവിടെ  തേക്ക്  കാണാന്‍  വന്നവരും  ഫ്രാന്‍സിയുടെ  ചുറ്റുമിരുന്നു.
"
"രണ്ടാം  ലോക മഹായുദ്ധത്തിന് ഒരു പാട്  മരങ്ങള്‍  മുറിച്ച്  കടത്തപ്പെട്ടു."

"അതോടൊപ്പം  നമ്മുടെ  പൂർവികർ  വെള്ളക്കാർക്കെതിരുമായി. ഒരുപാടു പേര്‍  ഈ മണ്ണില്‍  വെടിയേറ്റു മരിച്ചു.
കുറെ  ആളുകളെ അന്തമാനിലേക്കു നാടു കടത്തി. നമ്മുടെ  നാട്  പട്ടിണിയിലമർന്നു."

ഫ്രാന്‍സിയുടെ ശബ്ദം  മാത്രമായി അവിടെ. കാറ്റു പോലും നിശ്ശബ്ദത പാലിക്കുന്നതുപോലെ റഹ്മാനു  തോന്നി.

"നമ്മള്‍  മലബാറുകാർ എങ്ങനെയാണു
വിദ്യഭ്യാസത്തിൽ പിറകിലായത്. ഖാലിദിനറിയുമോ ?  ഫ്രാൻസിസ് ചോദിച്ചു.

ഫ്രാന്‍സിസ്  തേക്കിനു ചുറ്റും  കെട്ടിയ  തിണ്ണയില്‍ ഇരുന്നു കൊണ്ട്  ചോദിച്ചു.

"മാഷു തന്നെ  പറ" ഖാലിദ്  പറഞ്ഞു.

"നമ്മുടെ  മുൻ തലമുറ  നാടിന്റെ  പട്ടിണി മാറ്റാന്‍  പുറം നാടുകളില്‍  പണിയെടുക്കുകയായിരുന്നു. അവരൊഴുക്കിയ വിയർപ്പ് ,കണ്ണുനീർ
അതു കൊണ്ടാണ്  നമ്മള്‍ മറ്റുള്ളവർക്ക്
മുന്നില്‍  എഴുന്നേറ്റു നിൽക്കുന്നത്."

"നമുക്ക്  കിട്ടിയ സ്വാതന്ത്യം.അത് നമ്മുടെ പൂർവികർ  ചോര കൊടുത്തു  നേടിയതാണ്.കണ്ണിലെണ്ണയൊഴിച്ച് നമ്മള്‍  അതു  കാത്തു സൂക്ഷിക്കേണ്ടതുണ്ട്." ഫ്രാന്‍സിസ് പറഞ്ഞു  നിർത്തി.

ഖാലിദ്  ഫ്രാന്‍സിയുടെ കൈകള്‍  കൂട്ടിപ്പിടിച്ചു.

"മാഷ്ക്ക്  ഞാനൊരു  സമ്മാനം  തന്നാല്‍  സ്വീകരിക്കുമോ ?"

"അതെന്തിനാണു ഖാലിദ് ?" ഫ്രാന്‍സിസ് ചോദിച്ചു.

"ഇതുവരെ  ഞാനിവിടെ  വെറും  ജീവനക്കാരനായിരുന്നു.ഇന്നുമുതൽ  ഞാനിഷ്ടപ്പെടുന്ന സ്ഥലമായിത് മാറി.
വരും തലമുറക്ക്  ഇതെല്ലാം  നമ്മള്‍ സൂക്ഷിച്ചു  വെക്കേണ്ടതുണ്ട്. ഇവിടെ  വരുന്നവര്‍  ഇതെല്ലാം  അറിയേണ്ടതുണ്ട്"

. "പാർക്കർ പേനയാണല്ലോ ,നന്ദി  ഖാലിദ്. " ഫ്രാന്‍സിസ് പറഞ്ഞു.

റഹ്മാനും  രാമേട്ടനും തൂക്കുപാലത്തിൽ  പുഴയിലേക്കു  നോക്കി നിന്നു.

"എന്താ  രാമേട്ടാ നിങ്ങള്‍ക്ക്  ഒരു  ചിരി "?
റഹ്മാന്‍ ചോദിച്ചു.

"അയാളെന്നെ സാറേന്നു വിളിച്ചു "

"ആര്" ? .

"ആ ഖാലിദ് ".

റഹ്മാന്‍  രാമേട്ടനെ നോക്കി  പുഞ്ചിരിച്ചു.

No comments:

Post a Comment