Saturday, November 28, 2015

മുച്ചു കുന്നിലെ പുലി

മുച്ചു കുന്നിലെ  പുലി
===================

"ടാ. ........മുച്ചു കുന്നില്‍  പുലിയിറങ്ങിയിട്ടുണ്ട്. നീയറിഞ്ഞോ. ..? "

രമേശനാണ്.

"പുലിയോ.......? "

രാവിലെ  പൈപ്പിനടുത്ത് നിന്ന്  പല്ലു തേക്കുകയായിരുന്ന ഞാന്‍  പേസ്റ്റുപത പുറത്തേക്ക്  തുപ്പി.

"ആരാ  കണ്ടത് ........? "

ഞാന്‍  ആകാംക്ഷയോടെ ചോദിച്ചു

"ആരും  കണ്ടില്ല.  നമ്മുടെ  നാരായണന്‍റെ  ഊട്ടി നായയെ പുലി  പിടിച്ചു. ...."

"രാത്രി  നടത്തം നിര്‍ത്തേണ്ടി വര്വോ രമേശാ....? "

"നിനക്കല്ലേലും  ഒരു  ബൈക്ക്  വാങ്ങിക്കൂടെ......? "

" ശരിയാ......   പുലിയെ പേടിച്ചു  ബൈക്ക്   വാങ്ങിയ ആദ്യത്തെ  ആൾ നിനക്ക്  ഫേസ്ബുക്കിലിടാം......"

ഞാന്‍  വേഗം  ഷർട്ടുമെടുത്തിട്ടു  നാരായണന്‍റെ  വീട്  ലക്ഷ്യമാക്കി നടന്നു.

എന്നും  രാത്രി  മുച്ചു കുന്നിൻറെ താഴെയുള്ള  നടവഴിലൂടെയാണ് ഞാന്‍  വീട്ടിലേക്കു  വരുന്നത്‌.  ചുറ്റും  കാടാണെങ്കിലും നടന്നു നടന്ന്  പരിചിതമായി. ആ വഴി  കണ്ണു കെട്ടി വിട്ടാലും  ഇപ്പോള്‍ വീഴാതെ  വീട്ടിലെത്തും. ചെറുതായിരുന്നപ്പോൾ ഇവിടെ  പ്രേതങ്ങളുണ്ടെന്നു പറഞ്ഞു  കൂട്ടുകാർ പേടിപ്പിച്ചിരുന്നു. അതുകൊണ്ട് തന്നെ  അക്കാലത്ത്  സ്കൂള്‍  വിട്ട്  തിരികെ  വരുമ്പോള്‍  മുച്ചു കുന്നില്‍  എത്തിയാല്‍   ഭയം  തുടങ്ങും.  പിന്നെ  കണ്ണു ചിമ്മി  ഒരോട്ടമാണ്. ഒരു ദിവസം  ഏതോ മരത്തിൻറെ വേരിൽ തട്ടി  മറിഞ്ഞു വീണു.  അതോടെ  കണ്ണടച്ചുള്ള ഓട്ടം നിര്‍ത്തി.  പിന്നീട്  കണ്ണു പാതി  തുറന്നു  മുന്നിലേക്കു മാത്രം  നോക്കി  ഓടും.

പിന്നെ  പിന്നെ  ഓട്ടം  നിര്‍ത്തി  വേഗത്തില്‍  നടത്തമായി.

ഒരു  ദിവസം  ഒരു പറ്റം  തെരുവു നായ്ക്കൾ എന്നെ  വളഞ്ഞു.  കയ്യില്‍ കിട്ടിയ  വടി  ചുറ്റും  വീശി  ഒരു വിധത്തില്‍  ആണ്  അന്ന്  രക്ഷപെട്ടത്.
അതോടെ  കണ്ണു തുറന്നു  ചുറ്റും  നോക്കി   നടക്കാന്‍ തുടങ്ങി.  അതോടെ  നായ്ക്കളെ  മാത്രമേ  പേടിക്കണ്ടതുള്ളൂ എന്നു മനസ്സിലായി.

അന്ന്  മുതല്‍  മുച്ചു കുന്നും  അതിന്റെ  നടവഴിയും എൻറെ  ജീവിതത്തിൻറെ  ഭാഗമായി. അവിടെയുള്ള  ഓരോ  ചെടികളും  പൂക്കളും  എനിക്ക്  പരിചിതമായി.

ആ മുച്ചു കുന്നിലാണ് പുലിയുണ്ടെന്നു രമേശന്‍  പറയുന്നത്.

പന്നി ശല്യം  പണ്ടേയുണ്ട്. ഈയിടെയായി  മയിലിനേയും കാണാറുണ്ട്. പക്ഷേ  അതുപോലാണോ പുലി.

പുലിയുടെ  ഇഷ്ടഭക്ഷണം നായ്ക്കളാണെന്നു കേട്ടിട്ടുണ്ട്. എന്നാലും  ഈ  പുലി  എങ്ങനെ  അവിടെയെത്തി?.

ഞാന്‍  നാരായണന്‍റെ  വീട്ടിലെത്തി. ആരോ  വിവരം  കൊടുത്ത് ഫോറസ്റ്റുകാരും വന്നിട്ടുണ്ട്.

ഞാന്‍  കാല്പാടു കണ്ടെന്നു പസ്ഥലത്ത്  പോയി  നോക്കി.  നായുടെ  കാല്‍ പാട്  ശരിക്കും  പതിഞ്ഞിട്ടുണ്ട്. പുലിയുടേത്  അത്ര  വ്യക്തമല്ല.  പക്ഷേ  നായുടെ  രോമം  കുറെ  പൊഴിഞ്ഞു  വീണിട്ടുണ്ട്.

" ഇത്  പുലിയാണ്  എന്ന്  ഉറപ്പു  പറയാന്‍  പറ്റില്ല. "

ഉദ്യോഗസ്ഥൻ  പറഞ്ഞു.

" ഏതായാലും  നിങ്ങള്‍  ഒന്നുകൂടെ  നിരീക്ഷിക്ക്......"

ഫോറസ്റ്റ്  ഓഫീസര്‍  ജീപ്പിലേക്കു കേറുമ്പോൾ  പറഞ്ഞു.

" നാരായണാ  നീ  കണ്ടോ  പുലിയെ. .?"

"ഞാന്‍ കണ്ടിട്ടൊന്നുമില്ല...?"

"പിന്നെ  പുലിയാണ് പിടിച്ചതെന്ന് ആരാ  പറഞ്ഞത്. ? "

"രാത്രി  പട്ടി കരയുന്ന  ശബ്ദം  ഞാന്‍  കേട്ടു.  രാവിലെ  അതിനെ  കാണാനുമില്ല"

അവൻ  പറഞ്ഞു.

ഫോറസ്റ്റുകാരും  കൈയൊഴിഞ്ഞു.
നാട്ടില്‍  വൈകുന്നേരമായാൽ പുലിയെ പേടിച്ചു  ആരും  പുറത്തിറങ്ങാതായി.

ഞാന്‍  നടത്തം നിര്‍ത്തി  എന്നും വീട്ടിലേക്കു  ഓട്ടോ  പിടിച്ചു  വരാന്‍ തുടങ്ങി.

ഓരോ  പ്രഭാതവും ഞങ്ങള്‍  പുലി വാർത്തകൾക്കായി കാതോർത്തു.

ഒരാഴ്ച കഴിഞ്ഞിട്ടും പുലിയുടെ ഒരു  വിവരവുമില്ല. ഇനി  പുലിയെങ്ങാൻ മുച്ചു കുന്ന് വിട്ടു  പോയിട്ടുണ്ടാവുമോ.?

അതോ  നാരായണന്‍  നുണ  പറഞ്ഞതായിരുന്നോ ?

നാരായണന്‍  പറഞ്ഞത് സത്യമല്ലെങ്കിൽ അവന്‍റെ നായ  എവിടെ പോയി?

ഞങ്ങള്‍  നാട്ടുകാരുടെ സംശയങ്ങള്‍  അവസാനിച്ചില്ല.

" നാരായണനൊരു  കുപ്പി  വാങ്ങിച്ചു  കൊടുത്താലോ...?"

ഞാന്‍  രമേശനോടു ചോദിച്ചു.

"അതുകൊണ്ടെന്താ കാര്യം. ?"

"ചിലപ്പോള്‍  അവന്‍  സത്യം പറഞ്ഞേക്കും"

...
.
.
.
.
..

" നാരായണാ  സത്യം  പറ. പുലി തന്നെയാണോ നായെ  പിടിച്ചത്.....?"

നാരായണന്‍  അച്ചാറൊന്നു തൊട്ടു  നക്കി  കുറച്ചു  മിക്സ്ചർ എടുത്തു  വായിലിട്ടു.

" പുലിയാണോന്നു ചോദിച്ചാൽ  ഞാന്‍  കണ്ടില്ല. ....!"

"പിന്നെ  നിൻറെ  നായെങ്ങനെ ചത്തു. .?"

" നീയെന്നെ  ഒറ്റുമോടാ...?"

അവനു മദ്യം തലക്കു  പിടിച്ചു  തുടങ്ങിയിട്ടുണ്ട്.

" ഇല്ല.  പറ  എന്താണു  സംഭവിച്ചത്. ...?"

"അതുപിന്നെ .. എടാ  നിനക്കറിയില്ലേ നമ്മുടെ  നാട്ടിലെ  പന്നിശല്യം....?"

" അതിനെന്താ. .?"

"ഞാന്‍  പന്നി  തൊടിയിൽ കേറാതിരിക്കാൻ രാത്രി  കമ്പി  വലിച്ചു  കെട്ടി  കരണ്ടു  കടത്തി  വിടും. "

"അന്ന്  നായ  അതില്‍  പോയി തൊട്ടു.  ഷോക്കടിച്ചു ചത്തു."

"അപ്പോള്‍  ആ കാൽ പാടുകളോ...?"

" എടാ  അത്  നായ  പിടഞ്ഞപ്പോൾ ഉണ്ടായതാ. ഇനി  അറിഞ്ഞാല്‍  കരണ്ടു  കാരു പണി  തരുമെന്ന്  കരുതിയാണ് ഞാന്‍  പുലി  പിടിച്ചെന്നു പറഞ്ഞത്.
അല്ലാതെ  പുലിയും ഒരു  മണ്ണാങ്കട്ടയുമില്ല. "

ഇപ്പൊഴും മുച്ചു കുന്നിനരികിലൂടെ വരാന്‍  എനിക്കൊരു  പേടി.

ഇനി  അഥവാ  പുലിയുണ്ടെങ്കിലോ.....?

No comments:

Post a Comment