Saturday, November 28, 2015

രക്ത ദാഹി 2

രക്ത ദാഹി  2
============

അസാമാന്യ  വലിപ്പമുള്ള  വാതിലുകള്‍.  വിശാലമായ  ഹാളില്‍  അവിടവിടെ  ചിതറിക്കിടക്കുന്ന പഴയ  കാലത്തെ  ഫർണിച്ചറുകൾ. ചുമരില്‍  പഴയ  കുറെ  ഛായാ ചിത്രങ്ങൾ. മിക്കതും  വെള്ളക്കാരുടെ ചിത്രങ്ങൾ.  ഒരു  ചിത്രം  മാത്രം  അയാളെ  അത്ഭുതപ്പെടുത്തി. അതൊരു  കൈപ്പത്തിയുടെ ഛായാചിത്രമായിരുന്നു. ആറു വിരലുകള്‍  ഉള്ള ഒരു  കൈപ്പത്തിയുടെ ചിത്രം.  അതിൻറെ  മുറിപ്പാടിൽ നിന്നും രക്തം തുള്ളി തുള്ളിയായി വീഴുന്നതു പോലെ. . താന്‍  അൽപസമയം  മുൻപു  പുഴയിലേക്കു  വലിച്ചെറിഞ്ഞ കൈപ്പത്തിയുമായി അതിന്  അസാധാരണമായ  സാദൃശ്യമുണ്ടായിരുന്നു. അയാള്‍  ഒരു  മരക്കസേര വൃത്തിയാക്കി  ഇരുന്നു.  ബംഗാളികൾ  പെട്ടികൾ  ഓരോന്നായി  അകത്തേക്ക്  വച്ചു.  ഒരു  ഹാളു പോലെ തോന്നിയെങ്കിലും  അതൊരു  ഒറ്റപ്പെട്ട മുറിയായിരുന്നു. മറ്റു  വാതിലുകള്‍  ഒന്നും  അതിനുണ്ടായിരുന്നില്ല . അവര്‍  കൊണ്ടു വന്ന  ചെറിയ  ജനറേറ്റർ  ചെറിയൊരു  മൂളലോടെ പ്രവർത്തിച്ചു  തുടങ്ങി. ബംഗാളികൾ  ഭക്ഷണമുണ്ടാക്കുന്നതിനുള്ള തയാറെടുപ്പു തുടങ്ങി.
അയാള്‍  വീണ്ടും  ആ  ചിത്രങ്ങൾ  തൂക്കിയ  ചുമരിനടുത്തെത്തി.
ചിത്രങ്ങൾ  ഓരോന്നായി  പരിശോധിക്കാൻ തുടങ്ങി. ആ വീട്ടിലെ  താമസക്കാരിൽ ആരോ  ഒരാള്‍  നല്ല  ചിത്രകാരനായിരുന്നിരിക്കണം.
ഒരു  പെൺകുട്ടിയുടെ ചിത്രം  അയാളെ  ആകർഷിച്ചു. പഴയ  അംബാസിഡര്‍  കാറിനെ ഓർമിപ്പിക്കുന്ന ഒരു  കറുത്ത  മോറിസ്  മൈനര്‍  കാറിൽ  ചാരി  നിൽക്കുന്ന  ചിത്രമായിരുന്നു അത് .  പക്ഷെ  മറ്റു  ചിത്രങ്ങളെ  അപേക്ഷിച്ചു  അതിനെ  അധികം  കാലപ്പഴക്കം ബാധിച്ചിട്ടില്ലായിരുന്നു. അവളുടെ വലതു കൈക്ക് ആറു വിരലുകളാണുണ്ടായിരുന്നത്.

"ഗ്ലോറിയ" ചിത്രത്തിനു താഴെ  ചുവന്ന  മഷിയിൽ  കൂട്ടിയെഴുതിയ ഇംഗ്ലീഷ്  അക്ഷരങ്ങൾ അയാള്‍  തപ്പിത്തടഞ്ഞു വായിച്ചെടുത്തു.
എവിടെയോ ഒരു  പല്ലി  ചിലക്കുന്ന  ശബ്ദം  കേട്ടു. 

പുറത്ത്  മഴ  നിലച്ചിരിക്കുന്നു. ഇന്നിനി  ഒന്നിനും  വയ്യ. ബംഗാളികൾ  അയാള്‍ക്ക്  പ്രത്യേകം തയ്യാറാക്കിയ ചപ്പാത്തി  കറിയില്‍  മുക്കി  കഴിക്കാന്‍  തുടങ്ങി.  അതൊട്ടും രുചികരമായിരുന്നില്ല. പെട്ടെന്ന്  കൈ കഴുകി  അയാള്‍  അൽപം  വെള്ളം കുടിച്ചു.
സോഫ പോലെ  തോന്നിച്ച ഫർണിച്ചർ  അടുപ്പിച്ചു വച്ച്  അതിൽ ബഡ്ഷീറ്റുകൾ
വിരിച്ചു  അവര്‍  ഉറങ്ങാന്‍ കിടന്നു. പുറത്ത്  ശബ്ദമെല്ലാം നിലച്ചിരിക്കുന്നു. ആ നിശബ്ദതക്കും ഒരു  ഭയാനകതയുള്ളതായി അയാള്‍ക്കു തോന്നി.

"ഗ്ലോറിയ "  അതാരായിരിക്കും. ആ പെൺകുട്ടിയോ അതോ ചിത്രകാരിയോ?. അയാൾ  ആലോചിച്ചു  കിടന്നു.
പിന്നീടെപ്പോഴോ ഒരു  മോട്ടോര്‍  കാറിന്റെ  ശബ്ദം  കേട്ടാണ്  അയാള്‍  ഞെട്ടിയുണർന്നത്. അയാള്‍  മൊബൈല്‍  തപ്പിയെടുത്ത് സമയം  നോക്കി.  രാത്രി  ഒരു മണി  കഴിഞ്ഞിരിക്കുന്നു. ബംഗാളികൾ  തൊട്ടപ്പുറത്ത്  കൂർക്കം വലിച്ചുറങ്ങുന്നുണ്ട്.
ഈ രാത്രിയിൽ  ആരാണ്. അതും പ്രേതാലയം പോലുള്ള  ഈ   ബംഗ്ലാവിലേക്ക്. അയാള്‍  വാതിലിനടുത്തേക്കു നടന്നു.  താക്കോല്‍ പഴുതിലൂടെ  അരിച്ചു  വരുന്ന  പ്രകാശത്തിൽ അയാള്‍  നടുമുറ്റത്തേക്കു  നോക്കി. അയാള്‍  ഞെട്ടി  പിറകോട്ട്  മാറി.  അത്  അയാള്‍  ചിത്രത്തിൽ കണ്ട മോറിസ്  മൈനര്‍ കാറായിരുന്നു. ചിത്രത്തിൽ കണ്ടതു പോലെ  അവള്‍ -ഗ്ലോറിയ - അതിൽ ചാരി  നിൽക്കുന്നു. അവൾ  ധരിച്ചിരുന്ന തൂവെള്ള വസ്ത്രം കാറ്റിൽ ഇളകുന്നത് അയാള്‍ കണ്ടു.  അയാള്‍  പിന്നെയും  വാതില്‍ പഴുതിലൂടെ  നോക്കി. അവള്‍  കാറിൽ കയറി  അസാമാന്യ  വേഗത്തില്‍  നടുമുറ്റത്തിലൂടെ കാറോടിക്കാൻ തുടങ്ങി. വീടിൻറെ  നടുമുറ്റം  പൊടിപടലങ്ങൾ  കൊണ്ട്മൂടി.  അവളുടെ  പുറത്തേക്ക്  തൂക്കിയിട്ട കൈയില്‍  പക്ഷേ  കൈപ്പത്തി  മുറിച്ചു  മാറ്റപ്പെട്ടിരുന്നു. കൈയിലെ  മുറിവിലൂടെ രക്തം  തുള്ളി തുള്ളിയായി  മുറ്റത്ത്  വീഴുന്നത് അയാള്‍  കണ്ടു.  അയാള്‍  ഞെട്ടി പിറകോട്ട് മാറി.  പെട്ടെന്ന്  ശബ്ദം  നിലച്ചു.  പിന്നീടൊന്നും
കാണാനുണ്ടായിരുന്നില്ല. പുറത്ത്  കട്ട  പിടിച്ച ഇരുട്ടു മാത്രം.

  ബംഗാളികളുടെ  കൂർക്കം  വലി യുടെ  ശബ്ദം  മാത്രം  ആ മുറിയില്‍  മുഴങ്ങി.
പിന്നീട്  എത്ര  സമയം  കഴിഞ്ഞിട്ടും   അയാള്‍ക്ക്  ഉറങ്ങാന്‍  കഴിഞ്ഞില്ല.  അയാള്‍  സോഫയിൽ  തിരിഞ്ഞും മറിഞ്ഞും കിടന്നു.  അയാളുടെ  കണ്ണിൽ
അപ്പോഴും  ഗ്ലോറിയയുടെ മുഖവും  അവളുടെ  കൈപ്പത്തി  അറുത്തു മാറ്റിയ
കൈയുമായിരുന്നു.

വാതില്‍  തുറക്കുന്ന ശബ്ദം കേട്ട്  അയാള്‍ ഞെട്ടിയുണർന്നു. പുറത്ത്  സൂര്യപ്രകാശം പരന്നിരിക്കുന്നു.താൻ ഇടക്കെപ്പോഴോ  ഉറങ്ങിപ്പോയിരിക്കണം.അയാള്‍  വാതിലിനടുത്തേക്കു നടന്നു  അതിൽ സൂക്ഷിച്ചു നോക്കി.  അതിൽ താന്‍  ഇന്നലെ  രാത്രി  കണ്ടതു പോലെ  ഒരു  താക്കോല്‍  പഴുത് ഇല്ലായിരുന്നു. അതയാളെ ശരിക്കും  അത്ഭുതപ്പെടുത്തി.
അയാള്‍  പതുക്കെ  നടുമുറ്റത്തേക്കിറങ്ങി. ആൽമരത്തിൻറെ  വേരുപടലങ്ങൾക്കിടയിലൂടെ  ഒരിക്കലും  ഒരു  കാർ വേഗത്തില്‍  ഓടിക്കാന്‍  കഴിയില്ലെന്നു കണ്ടപ്പോൾ  അയാള്‍  വിസ്മയം  പൂണ്ടു. ആൽമരത്തിലെ വവ്വാലുകൾ  ചോരക്കണ്ണുകൾ കൊണ്ട്  അയാളെ  തുറിച്ചു നോക്കുന്നതയാൾ കണ്ടു.

(തുടർന്നേക്കും)

No comments:

Post a Comment