3. ശോഭേച്ചി.
ആയിടക്കാണ് ശങ്കുവമ്മാവൻ ശേഖരേട്ടനെ വിവാഹം കഴിപ്പിക്കുന്ന കാര്യം അമ്മയോട് സൂചിപ്പിച്ചത്. കല്യാണം കഴിച്ചതോടെ രോഗം മാറി ഇപ്പോള്‍ സുഖമായി കഴിയുന്ന ആളുകളെ അമ്മാവനറിയാമത്രേ.
" അതിനാരാ ശങ്ക്വോ ഒരു പ്രാന്തനു പെണ്ണ് കൊടുക്ക്വാ........."
" അല്ലെങ്കിൽ ഏതു പെണ്ണാ ഒരു പ്രാന്തന്‍റെ കൂടെ പൊറുക്കാൻ തയ്യാറാവ്വാ. ..........."
അമ്മ ചോദിച്ചു.
"പെങ്ങള്‍ക്കു സമ്മതാണങ്കീ പെണ്ണിനെ ഞാന്‍ കണ്ടുപിടിച്ചോളാം......."
അതായിരുന്നു അമ്മാവന്‍റെ മറുപടി.
അങ്ങനെയാണ് ശോഭേച്ചി വീട്ടിലെത്തിയത്.
കടം കയറി തകർന്ന കുടുംബം. പുര നിറഞ്ഞു നിൽക്കുന്ന മൂന്ന് പെൺമക്കൾ. ശ്വാസംമുട്ടൽ കാരണം നിവർന്നിരിക്കാൻ പോലും ശേഷിയില്ലാത്ത അഛൻ. അതായിരുന്നു ശോഭേച്ചിയുടെ കുടുംബം. വിവാഹം എന്നത് ആ കുടുംബത്തിലെ പെൺകുട്ടികളുടെ സഫലമാകാൻ സാധ്യതയില്ലാത്ത സ്വപ്നമായിരുന്നു.
മാറിയുടുക്കാൻ വസ്ത്രമില്ലാതായപ്പോൾ.......
പുസ്തകങ്ങൾക്കു കാശു തികയാതായപ്പോൾ..........
കാലിലെ ചെരുപ്പ് തേഞ്ഞു തേഞ്ഞു തീർന്നപ്പോൾ. .......
ശോഭയുടെ പഠനം പ്ലസ് ടുവിൽ അവസാനിച്ചു.
ജീവിതത്തിൽ യാതൊരു പ്രതീക്ഷയുമില്ലാതിരിക്കുമ്പോഴാണ് ശങ്കുവമ്മാവൻ ശേഖരേട്ടനു പെണ്ണന്വേഷിച്ചു ചെന്നത്.
ശേഖരേട്ടൻറെ അസുഖത്തെക്കുറിച്ച് നന്നായറിഞ്ഞ ശേഷം തന്നെയാണ് അവര്‍ ആ മനുഷ്യനെ ഭർത്താവായി സ്വീകരിക്കാൻ തയ്യാറായത്.
താഴെ നിൽക്കുന്ന അനിയത്തിമാർക്ക് വഴിമാറിക്കൊടുക്കുന്ന പോലെ.......
അവർക്ക് വേണ്ടി അവരുടെ ഭാവിക്കു മുന്നില്‍ താനൊരു തടസമാവാതിരിക്കാൻ അവര്‍ തൻറെ ജീവിതം ഒരു ഭ്രാന്തനു ബലിയർപ്പിച്ചു.
വിവാഹത്തിനു ശേഷം ശേഖരേട്ടൻ കൂടുതല്‍ മൗനിയായി. വീട്ടിലെ ലൗ ബേർഡ്സിനോടു പോലും ഒന്നും മിണ്ടാതായി.
നേരം വെളുത്താൽ മുഖം കഴുകി പാടത്തേക്കെടുക്കുന്ന തോർത്തു മുണ്ടെടുത്ത് അടുക്കളയിലെ സ്റ്റൂളിൽ വന്നിരിക്കും. ആദ്യമാദ്യം അമ്മയും
പിന്നെ പിന്നെ ശോഭേച്ചിയും എന്തെങ്കിലും വിളമ്പിക്കൊടുക്കും. ആവശ്യമുള്ളത് കഴിക്കും. ഇഷ്ടമായില്ലെങ്കിൽ എണീറ്റു കൈ കഴുകി ഇറയിൽ കൊളുത്തി വച്ച തൂമ്പയെടുത്ത് പാടത്തേക്കു നടക്കും.
ഇതുവരെയായി എന്തെങ്കിലും ഭക്ഷണ സാധനം നന്നായെന്നോ എന്തെങ്കിലും ഉണ്ടാക്കണമെന്നോ ശേഖരേട്ടൻ പറഞ്ഞിട്ടില്ല. തൂമ്പയെടുത്ത് നേരെ പാടത്തേക്ക്. എത്രയെടുത്താലും തീരാത്ത പണിയുള്ള പാടം.
പക്ഷേ" ശോഭേച്ചി". അങ്ങനെയായിരുന്നു ഞാനാദ്യം വിളിച്ചിരുന്നത്. അവര്‍ വീടിന്റെ വിളക്കായി മാറി. അതിരാവിലെ എണീക്കുന്ന അവര്‍ക്ക് എല്ലാ കാര്യങ്ങളിലും തികഞ്ഞ ശ്രദ്ധയായിരുന്നു. അവര്‍ വന്നതോടെ വീട്ടില്‍ എല്ലാത്തിനും ഒരു അടുക്കും ചിട്ടയും കൈ വന്നു. ചിതറിക്കിടന്നിരുന്ന എൻറെ പുസ്തകങ്ങൾ ഷെൽഫിൽ ചില നമ്പരുകളായി ഒതുങ്ങി.
ഇസ്തിരിയിടാതെ ചുരുണ്ടു മുകളിലേക്കു കയറിക്കൊണ്ടിരുന്ന ഷർട്ടുകൾ അലക്കി ഇസ്തിരിയിട്ട് മടക്കി അലമാരയിൽ അടുക്കി വച്ചിരിക്കും.
നിവർത്തുമ്പോൾ സോപ്പ്പൊടിയുടെ നറുമണം പൊഴിക്കുന്ന വസ്ത്രങ്ങളായി അവ രൂപാന്തരം പ്രാപിച്ചിരിക്കും.
കോളേജ് വിട്ടു വന്നാല്‍ അലസമായി കലണ്ടര്‍ തൂക്കിയ ആണിയിൽ അഴിച്ചു വച്ചിരുന്ന ഷർട്ട് അവിടെ നിന്നെടുത്ത് അവര്‍ എൻറെ തലക്കു നല്ല കിഴുക്കു തരും.
"കലണ്ടറിനു മുകളിലാണോടാ ഷർട്ടു തൂക്കുന്നത്....?"
അവർ ചിരിച്ചു കൊണ്ട് ചോദിക്കും.
ശേഖരേട്ടൻ വിയർത്തു വരുമ്പോള്‍ കുളിമുറിയിൽ ചൂടുവെള്ളം റെഡിയായിരിക്കും. കിണറ്റിൻകരയില്‍ നിന്നും വെള്ളം മുക്കി തലയിലോട്ടൊഴിച്ച് ശൂ........... എന്നൊരു ശബ്ദവും പുറപ്പെടുവിച്ച് കുളിയൊരു ആഹ്ളാദമാക്കി മാറ്റിയിരുന്ന ശേഖരേട്ടന് ഈ പരിഷ്കാരങ്ങളൊന്നും ആദ്യം പിടിച്ചിരുന്നില്ല.നിരവധി ദിവസങ്ങളിൽ കുളിമുറിയിൽ ചൂടുവെള്ളം തണുത്തു. പിന്നെ പിന്നെ എന്തോ കുളിമുറിയിൽ ഇളം ചൂടുള്ള വെള്ളത്തിലേക്കു ശേഖരേട്ടനും മാറി.
ശേഖരേട്ടൻ ശോഭേച്ചിയോടെന്തെങ്കിലും
സംസാരിക്കുന്നത് ഞാന്‍ കേട്ടിട്ടേയില്ല. എന്തെങ്കിലും ചോദിച്ചാൽ ഒരു മൂളലിലൊതുക്കും മറുപടി.
കല്യാണം കഴിഞ്ഞു. ശോഭേച്ചി ശോഭാശേഖരനായി. മാസങ്ങളും വർഷങ്ങളും വിട പറഞ്ഞു. ശോഭേച്ചിയുടെ പ്രസരിപ്പ് കുറേശ്ശെ കുറയുന്നുണ്ടോ എന്നെനിക്കൊരു തോന്നൽ. എന്തോ ചിന്തിച്ചു നില്ക്കുന്നു. ചിലപ്പോള്‍ കണ്ണു തുടക്കുന്നു. അവരെ എന്തോ ഈയിടെയായി കാര്യമായി അലട്ടുന്നുണ്ട്. വീട് അവര്‍ ഭംഗിയായി കൊണ്ട് നടന്നിരുന്നെങ്കിലും എന്തോ ഒരു കുറവ് എനിക്കും തോന്നിത്തുടങ്ങി.
പിന്നെ പിന്നെ എനിക്ക് മനസ്സിലായി.
അത്. ..
അത്. .....
അതൊരു കുഞ്ഞിന്റെ കരച്ചിലായിരുന്നു.
വിവാഹം കഴിഞ്ഞ് 4 വർഷമായെങ്കിലും അവര്‍ ഗർഭം ധരിച്ചില്ല.
രാത്രിയിലെ മങ്ങിയ വെളിച്ചത്തിൽ ഞാന്‍ കോളേജിലെ നോട്സുകൾ നോട്ടു ബുക്കിലേക്കു പകർത്തുമ്പോൾ
അവര്‍ പിന്നില്‍ വന്നു മുരടനക്കും.
" എന്തേച്ചീ. .........?
"ഉം........ഹും ....... .. "
അവർ ഒന്നുമില്ലെന്നു തലയാട്ടും.
"ന്നാലും. ..... .. ..."
"ഒന്നൂല്യാ............"
അവർ തിരിഞ്ഞു നടക്കും.
അവർക്കെന്തോ എന്നോട് പറയാനുണ്ട്.
അവരുടെ മനസ്സില്‍ നീറിപ്പിടഞ്ഞുകൊണ്ടിരിക്കുന്ന എന്തോ
ഒന്ന്. ഞാന്‍ പ്രതീക്ഷിക്കാത്ത ഒരു പക്ഷെ ഞാനൊരിക്കലും ഇഷ്ടപ്പെടാത്ത എന്തോ ഒന്ന്.
അതെന്തായിരിക്കും..........?
No comments:
Post a Comment