രക്ത ദാഹി 6
============
ആ രാത്രി ഭക്ഷണം കഴിച്ചു ആ മുറിയില്‍ ഉറങ്ങാന്‍ കിടക്കുമ്പോൾ അയാള്‍ ഉറപ്പിച്ചു. മതി നാളെ രാവിലെ ഈ മലയിറങ്ങണം. തനിക്കെന്തൊക്കെയോ മാറ്റങ്ങൾ സംഭവിക്കുന്നുണ്ട്. തന്റെ ചിന്തകളെ, സംസാരത്തെ എല്ലാം ചില സമയങ്ങളിൽ മറ്റാരോ നിയന്ത്രിക്കുന്നതുപോലെ. ചിലപ്പോള്‍ തൻറെ വെറും തോന്നലുകൾ മാത്രമായിരിക്കാം. എന്നാലും വേണ്ട. ഇനിയും ഇവിടെയുള്ള താമസം തൻറെ സമനില തകർത്തേക്കും. അയാള്‍ പുതപ്പ് തല വഴി മൂടി. അസഹ്യമായ തണുപ്പില്‍ അവര്‍ വിറക്കുന്നുണ്ടായിരുന്നു.
"രക്ഷിക്കണേ. ..........."
ആരുടെയോ ഉച്ചത്തിലുള്ള നിലവിളിയിൽ അയാള്‍ ഞെട്ടിയുണർന്നു. ബംഗാളികൾ കൂർക്കം വലിച്ചുറങ്ങുന്നുണ്ട്. വാതിലിൽ ആ താക്കോല്‍ പഴുത് വീണ്ടും പ്രത്യക്ഷപ്പെട്ടിരിക്കുന്നു. അതിലൂടെ റൂമിനകത്തേക്ക് ഒരു വെളിച്ചം അരിച്ചെത്തുന്നതയാൾ കണ്ടു. വീണ്ടും മോട്ടോര്‍ കാറിന്റെ ഇരമ്പുന്ന ശബ്ദം. ആരോ സഹായത്തിനായി നിലവിളിക്കുന്നു. അയാള്‍ വാതിലിനടുത്തേക്കു ഓടിയെത്തി. നടുമുറ്റത്തിലൂടെ ഭയന്നോടുന്ന ഗ്ലോറിയ. പിന്നിൽ അസാമാന്യ വേഗത്തില്‍ ആ കറുത്ത മോറിസ് മൈനര്‍ കാറായിരുന്നു. ആ കാർ അവളെ ഇടിച്ചു തെറിപ്പിച്ചു. വേച്ചു വേച്ച് എണീറ്റവൾ നാലുകെട്ടിൻറെ ഒരു മുറിയില്‍ കയറി കതകടച്ചു. അവളുടെ ഒരു കാൽ കാറിടിച്ച് ഒടിഞ്ഞു തൂങ്ങിയത് അയാള്‍ വ്യക്തമായി കണ്ടു.
പെട്ടെന്ന് കാറിൽ നിന്നും ഒരാള്‍ രൂപം പുറത്തിറങ്ങി. ആ മങ്ങിയ നിലാ വെളിച്ചത്തിലും അതെവിടെയോ നല്ല പരിചയമുള്ളതു പോലെ അയാള്‍ക്കു തോന്നി. പെട്ടെന്നൊരു കൊള്ളിയാൻ മിന്നി. ആ മിന്നല്‍ വെളിച്ചത്തിൽ അയാള്‍ ആ മുഖം വ്യക്തമായി കണ്ടു.
അത് അവനായിരുന്നു. ജോ .
ജോൺ ഡാനിയേല്‍ മെൻഡിസ്.
അയാള്‍ ഒരു വിറയലോടെ മന്ത്രിച്ചു.
അവന്‍ കാറിൽ നിന്നും എന്തോ വലിച്ചെടുത്തു. നിലാവെളിച്ചത്തിലും അതിൻറെ അറ്റങ്ങൾ മിന്നിത്തിളങ്ങുന്നത് അയാള്‍ വ്യക്തമായി കണ്ടു. അത് മൂർച്ചയുള്ളൊരു വാളായിരുന്നു. അയാള്‍ അതുമായി ഗ്ലോറിയ വലിച്ചടച്ച വാതിലിനു മുന്നിലെത്തി. ആ വാതില്‍ ശക്തമായി തള്ളിത്തുറക്കാൻ തുടങ്ങി.
നിരന്തരമായ ശ്രമത്തിൻറെ ഫലമായി ആ വാതില്‍ അയാള്‍ക്ക് മുന്നില്‍ തകര്‍ന്നു വീണു.
ആ മുറിയില്‍ അവന്‍ ഗ്ലോറിയയെ തിരഞ്ഞു. പക്ഷേ അവള്‍ അതിനകത്തുണ്ടായിരുന്നില്ല. അവന്‍ ഭ്രാന്തനെ പോലെ അതിനകത്തെ കസേരയെടുത്ത് ചുമരിലേക്ക് വലിച്ചെറിഞ്ഞു. അതൊരു മൂലയില്‍ ഒടിഞ്ഞു വീണു. അവന്‍ ഭ്രാന്തമായി അലറി. ആ ശബ്ദം നാലുകെട്ടിനകത്ത് പ്രതിധ്വനിച്ചു.
അവന്‍ വാതിലിനടുത്തേക്കു തിരിച്ചു നടക്കുന്നതിനിടയിൽ ജനലിനടുത്ത് നിന്നും ഒരു തേങ്ങൽ കേട്ടു. അവന്‍റെ കണ്ണുകള്‍ തിളങ്ങുന്നതയാൾ കണ്ടു. ജനലിലൂടെ പുറത്തേക്ക് തൂങ്ങി നിൽക്കുന്ന ഗ്ലോറിയയുടെ ആറു കൈ വിരലുകള്‍ ജനലിൽ വ്യക്തമായി കാണാമായിരുന്നു
അവന്‍ അട്ടഹസിച്ചു ചിരിച്ചു.
പെട്ടെന്നാണത് സംഭവിച്ചത്. ആ വാൾ ആ കൈപ്പത്തിയിലേക്ക് ഉയര്‍ന്നു താഴ്ന്നു. ഗ്ലോറിയയുടെ നിലവിളി താഴെ പുഴയിലേക്കു താഴ്ന്നു താഴ്ന്നു പോവുന്നത് അയാള്‍ വ്യക്തമായി കേട്ടു. അവളുടെ കൈപ്പത്തി ജനലിൽ നിന്നും ജോ യുടെ കാൽക്കലേക്കു വീണു. അതില്‍ നിന്നും ഒഴുകിയ രക്തം ജോയുടെ കാലുകൾ നനച്ചു.
അയാള്‍ അതുകണ്ട് ഭയന്നു നിലവിളിച്ചു.അയാളുടെ ശബ്ദം കേട്ടു ജോ തിരിഞ്ഞു നിന്നു. ആ മുഖത്തെ രൗദ്രഭാവം അയാളെ ഭീതിയിലാഴ്ത്തി. അവന്‍ അയാളുടെ നേരെ നടന്നു. ആ വാൾത്തലപ്പുകൾ അപ്പോഴും മിന്നിത്തിളങ്ങുന്നത് അയാള്‍ വ്യക്തമായി കണ്ടു. അയാള്‍ കരഞ്ഞു കൊണ്ട് അവിടെ നിന്നും പിൻതിരിഞ്ഞോടി. അയാളുടെ ഭീതി കലർന്ന നിലവിളി ആ നാലുകെട്ടിൽ പ്രതിധ്വനിച്ചു.
No comments:
Post a Comment