Saturday, November 28, 2015

രക്ത ദാഹി 5

രക്ത ദാഹി 5
===========

ബംഗാളികളുടെ  അവസരോചിതമായ ഇടപെടലിലൂടെ അയാള്‍  കഷ്ടിച്ചു  രക്ഷപെട്ടു.  ഒന്നിനു പിറകെ ഒന്നായി  ആ മുറിയിലെ ഷെൽഫുകൾ കമിഴ്ന്നുവീണു.ഉയർന്നു  പൊങ്ങിയ പൊടിപടലങ്ങൾ  കൊണ്ട്  അവര്‍ ശക്തമായി   തുമ്മി ക്കൊണ്ട്  പുറത്തേക്ക്  ചാടി.  ആ കറുത്ത  പൂച്ച പെട്ടെന്ന്  അപ്രത്യക്ഷമായതിൽ അയാള്‍ക്ക് അത്ഭുതം  തോന്നി.

അവര്‍  മുറി  പൂട്ടി  പുറത്തിറങ്ങി.  പുറത്ത്  വവ്വാലുകളുടെ ആരവം അടങ്ങിയിരിക്കുന്നു. തന്റെ  എഴുത്ത്  ഒരിക്കലും  അവിടെ  നടക്കുകയില്ലെന്ന് അയാള്‍ക്ക്  ബോധ്യമായി തുടങ്ങി.  പക്ഷേ  ഗ്ലോറിയയുടെ  മരണത്തെ  ചുറ്റിയുള്ള ദുരൂഹതകൾ  അയാളെ  അലട്ടാനും തുടങ്ങി.

അതു  വെറുമൊരു  ആത്മഹത്യ ആയിരുന്നോ..? 

അതോ  കൊലപാതകമോ...?

കൊലപാതകമെങ്കിൽ ആര് എന്തിനതു ചെയ്തു. ? .

ഇനി  അതല്ല  ആത്മഹത്യ ചെയ്തതാണെങ്കിൽ എന്തായിരുന്നു  അതിനു  കാരണം. .?

എല്ലാം  അറിയുന്ന  ആൾ അവനായിരിക്കണം.

ജോ  ജോൺ ഡാനിയേല്‍ മെൻഡിസ്.

ധനാഡ്യനും ചെറുപ്പക്കാരനുമായ ബിസിനസുകാരൻ.
തൻറെ  ആദ്യ സിനിമ  ഫ്ലോപ്പായിട്ടു കൂടി  രണ്ടാമത്തെ ചിത്രത്തിനു  പണം  മുടക്കാൻ തയ്യാറായി  അദ്ദേഹം.  അദ്ദേഹം  ഒരു  കൊലപാതകത്തിൽ പങ്കു വഹിച്ചുവെന്നു സങ്കൽപിക്കാൻ കൂടി  സാധിക്കുന്നില്ല.

അവര്‍  നാലുകെട്ടിൻറെ ചുറ്റും  ഒന്ന്  നടന്നു  കാണാന്‍  തീരുമാനിച്ചു. ബംഗാളികളുമായി  അയാള്‍  ആ വീടിനു  പുറത്തിറങ്ങി.    ആ മലമുകളില്‍  കൊണ്ടു വന്നു  വെച്ചത്  പോലെയായിരുന്നു  ബംഗ്ലാവിൻറെ  നിർമിതി.  ഒരു ഭാഗം  പൂർണമായും  ചെങ്കുത്തായ മലയുടെ ഒരു ഭാഗമായി  ഉയർത്തിയിരിക്കുന്നു. അഴികളില്ലാത്ത ജനലിലൂടെ  നോക്കുമ്പോൾ  താഴെ  പാറക്കെട്ടുകൾക്കിടയിലൂടെ  പതഞ്ഞു  പൊങ്ങി  ഒഴുകുന്ന  പുഴ  കാണാം. ആ  ജനലുകളിൽ ഏതോ  ഒന്നിലൂടെ താഴേ  പുഴയിലേക്കു   ചാടിയായിരിക്കണം ഗ്ലോറിയ  മെൻഡിസ്  തൻറെ  ഹൃസ്വ ജീവിതത്തിനു തിരശ്ശീലയിട്ടത്. വിശാലമായ  ചായത്തോട്ടങ്ങളുടെ കാഴ്ച  മനസു കുളിർപ്പിക്കുന്നതായിരുന്നു. ചെറിയൊരു  കാറ്റിൻറെ  അകമ്പടിയോടെ  അരിച്ചെത്തുന്ന സുഖകരമായ  തണുപ്പ്. ബംഗ്ലാവിലേക്കു വെട്ടിയ  വഴി ചായത്തോട്ടങ്ങൾക്കിടയിലൂടെ വളഞ്ഞു പുളഞ്ഞു പോകുന്നു. ഇടക്കിടെ  ഉയര്‍ന്നു നിൽക്കുന്ന പാറക്കെട്ടുകൾ.  പ്രകൃതി  അതിന്റെ  ഏറ്റവും  സുന്ദരമായ  ഭാവത്തിലാണ് അവിടെയുണ്ടായിരുന്നത്. പടിഞ്ഞാറ്  വെയിൽ ചാഞ്ഞു  തുടങ്ങിയതോടെ  അവര്‍  നാലുകെട്ടിലേക്കു  തിരിച്ചു  നടന്നു.
നാളെ  ഇവിടെ  നിന്നും  തിരിച്ചു  പോവണം. ഒരു  രാത്രി  ഒരു  രാത്രി  കൂടി  മാത്രം  ഇവിടെ  തങ്ങണം.

ബംഗാളികൾ  ജനറേറ്റർ  ഓൺ ചെയ്തു  വിളക്ക്  തെളിയിച്ചു.  അവർ രാത്രി  ഭക്ഷണം ഉണ്ടാക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ്. അയാള്‍  ആ നടുമുറ്റത്തിലൂടെ  നടക്കാന്‍ തുടങ്ങി.

ഡോക്ടറെ  വിളിച്ചു  സ്ഥിതിഗതികൾ ഒന്ന്  ധരിപ്പിച്ചാലോ..?

അതോ  ജോ  മെൻഡിസിനെ വിളിച്ചു  താനയാളുടെ പഴയ  ബംഗ്ലാവിലാണെന്നു
പറയണോ. ...?

അയാള്‍  ഫോണ്‍  കയ്യിലെടുത്തു. ഡോക്ടറുടെ  നമ്പറിൽ വിളിക്കാൻ  തുടങ്ങി.  പെട്ടെന്ന്  എവിടെ നിന്നോ  ആ കറുത്ത പൂച്ച  വീണ്ടും  പ്രത്യക്ഷപ്പെട്ടു.  പുസ്തക ഷെൽഫുകൾ  മറിഞ്ഞു  വീണു  അത്  ചത്തു പോയിട്ടുണ്ടാവും  എന്നു കരുതിയിരുന്നു. അതൊരു  മൂലയിലിരുന്ന് അയാളെ  സൂക്ഷിച്ചു നോക്കാന്‍  തുടങ്ങി.
ഡോക്ടറുടെ  നമ്പര്‍  ബിസിയായിരുന്നു. അയാള്‍  കട്ടു ചെയ്തു  വീണ്ടും  വിളിച്ചു.  പക്ഷേ  ആ കോൾ പോകുന്നത്  ജോയുടെ  നമ്പറിലേക്കാണെന്ന്   അത്ഭുതത്തോടെ  അയാള്‍  തിരിച്ചറിഞ്ഞു. അയാള്‍  പെട്ടെന്ന്  തന്നെ  അതു കട്ട് ചെയ്തു.  വീണ്ടും  ഡോക്ടറുടെ  നമ്പര്‍  ഡയല്‍ ചെയ്തു.  പക്ഷേ  അതും  ജോയുടെ  നമ്പറിലേക്കായിരുന്നു  പൊയ്ക്കൊണ്ടിരുന്നത്. അയാള്‍  അതും കട്ടു  ചെയ്തു.  ഈ ഫോണിനിതെന്തു പറ്റി ?.  അയാള്‍  മറ്റൊരു  നമ്പര്‍  ഡയല്‍ ചെയ്തു.  പക്ഷേ  ആ ഫോണില്‍ നിന്നും  ഏതു നമ്പറിലേക്കു വിളിച്ചാലും ജോയുടെ  ഫോണ്‍ നമ്പറിലേക്കാണ് കോൾ പോകുന്നതെന്ന് ഒരു  ഞെട്ടലോടെ  അയാള്‍  തിരിച്ചറിഞ്ഞു.  അയാള്‍  കോൾ കട്ടു ചെയ്തു.  പക്ഷേ  വീണ്ടും  ആ  നമ്പറിലേക്ക് കോൾ പോകുന്നത്  അത്ഭുതത്തോടെ  അയാള്‍  കണ്ടു.  അയാള്‍  വേഗത്തില്‍  ആ കോൾ കട്ടു ചെയ്തു  ഫോണ്‍  സ്വിച്ചോഫ് ചെയ്തു.

അൽപനേരം കഴിഞ്ഞ്  പതിയെ  സ്വിച്ചോൺ ചെയ്തു.
ഉടനെ  ഒരു  കോൾ അയാളെ  തേടിയെത്തി.  അത്  ജോ  ആയിരുന്നു.

ജോ ജോൺ ഡാനിയേല്‍ മെൻഡിസ് .

അയാള്‍  ചെറിയൊരു  ആശങ്കയോടെ  ആ കോൾ  അറ്റൻഡു  ചെയ്തു.

"ഹലോ. ......"

"ഹലോ  ഞാന്‍  ജോ  ആണ്. "

മറു തലക്കൽ നിന്നും  ആ പ്രസരിപ്പുള്ള ശബ്ദം.

ആ കറുത്ത  പൂച്ച അയാളുടെ  നേരെ  നടക്കാന്‍ തുടങ്ങി.

"ഹലോ  ജോ. ..."

അയാളുടെ  ശബ്ദം  പതറി.

" പുതിയ  തിരക്കഥ  റെഡിയായോ....? "

"ഇല്ല ....." അയാള്‍  ഒറ്റ വാക്കില്‍  ഉത്തരം  പറഞ്ഞു.

ആ പൂച്ച  അയാളുടെ  സമീപമെത്തി.  രണ്ടു  തീപന്തങ്ങൾ പോലെ  അതിന്റെ  കണ്ണുകള്‍   ജ്വലിക്കുന്നതു പോലെ  അയാള്‍ക്കു തോന്നി.  തന്റെ  കൈകാലുകൾ മരവിച്ചിരിക്കുന്നു.

"നിങ്ങള്‍ക്ക് സമ്മതമാണെങ്കിൽ  ഇതും  ഞാന്‍  തന്നെ  നിർമിക്കാം. ...."

ജോ  പറഞ്ഞു  കൊണ്ടിരുന്നു.

ജോ  പറയുന്നത്  അയാള്‍  വ്യക്തമായി  കേൾക്കുന്നുണ്ടായിരുന്നു.  പക്ഷേ  മറുപടി  പറയാന്‍  തൻറെ  നാവ് വഴങ്ങുന്നില്ലെന്ന് ഒരു  നിസ്സഹായതയോടെ അയാള്‍  മനസ്സിലാക്കി.

" ജോ. ..നിനക്ക്  നീലിമല ഓർമയില്ലേ.....? "
അതു പറഞ്ഞത്  അയാള്‍  അറിഞ്ഞു  കൊണ്ടല്ലായിരുന്നു. തന്റെ  നാവിൻറെ നിയന്ത്രണം തനിക്ക്  നഷ്ടമായിരിക്കുന്നു.
തന്നെ  കൊണ്ട്  ആരോ  പറയിക്കുകയാണ്.

" നിങ്ങള്‍ക്കെങ്ങനെ നീലിമല അറിയാം. ....? "  ജോ യുടെ  ശബ്ദം  അൽപം കനത്തു.

" ഞാനിപ്പോൾ  ബ്ലൂ മൗണ്ടൻ  ബംഗ്ലാവിലാണ്..."

" ബ്ലൂ മൗണ്ടനിലോ. ...?

അതു  വേണ്ടായിരുന്നു. .

അവിടെയുള്ള  ഓരോ  നിമിഷവും  താങ്കളുടെ  ജീവൻ അപകടത്തിലാണ്..."

" എൻറെ  ജീവൻറെ  കാര്യം  വിട്ടേക്കൂ  ജോ   നിനക്ക്  ആ പ്രമാണങ്ങൾ വേണ്ടേ. ...? "

തൻറെ  ശബ്ദം  രൗദ്രമാവുന്നത്  അയാള്‍  നിസ്സഹായതയോടെ  തിരിച്ചറിഞ്ഞു.

"ഏതു  പ്രമാണങ്ങൾ. ...? "  ജോ യുടെ  ശബ്ദത്തിൽ  ഉദ്വേഗം  നിഴലിച്ചു.

" ഈ  ബംഗ്ലാവിൻറേയും കോടികള്‍  വിലമതിക്കുന്ന മറ്റു  സ്വത്ത് വകകളുടെയും പ്രമാണങ്ങൾ. ..? "

" നിങ്ങള്‍ക്ക്  എവിടെ നിന്ന്  കിട്ടി അതെല്ലാം. ..? "

"അതു  നീ  അന്വേഷിക്കേണ്ട... നിനക്കവ വേണമെങ്കിൽ  നീ നീലിമലയിലേക്കു വരിക. ....."

"ശരി  ശരി. ..ഞാന്‍  വരാം. .. ഞാന്‍  വരാം. ..ഞാന്‍  ഇന്ന്  തന്നെ  അങ്ങോട്ട്  പുറപ്പെടാം... നാളെ  അവിടെയെത്തും ഞാന്‍  വരുന്നത്  വരെ  നിങ്ങള്‍  അവിടെ നിന്ന്  എങ്ങോട്ടും  പോവരുത്. .. ബാക്കിയെല്ലാം നമുക്ക്  നേരിട്ട്  സംസാരിക്കാം."

ജോ  പറഞ്ഞു.

" ഇല്ല.  ഞാന്‍  നിന്നെ  കാത്തു  നിൽക്കുകയാണ്..... നിന്നെ  മാത്രം. "

ഫോണ്‍ കട്ടായി.  അയാള്‍  സമനില  വീണ്ടെടുത്തു.

താനെന്തൊക്കെയാണ് പറഞ്ഞത്?

.  ഏതു  പ്രമാണങ്ങൾ തേടിയാണ്  അയാള്‍  ഇങ്ങോട്ട്  വരുന്നത്‌. .. ?

തന്റെ  ശബ്ദത്തിൽ  ആരാണ്  ജോ  യുമായി സംസാരിച്ചത്.
? .

അയാള്‍  ഫോണ്‍  കയ്യില്‍  പിടിച്ച്  ആ തിണ്ണയില്‍  തളർന്നിരുന്നു.

സൂര്യന്‍  അസ്തമിച്ചു.  പതുക്കെ  ഇരുട്ട്  പരന്നു  തുടങ്ങി.

No comments:

Post a Comment