Sunday, November 29, 2015

നിലാവില്‍ തിളക്കാത്ത ജീവിതങ്ങൾ 6


6 . ശങ്കുവമ്മാവൻ.

ഞാന്‍  വീട്ടിലേക്കു  ഓടുകയായിരുന്നു.
ഭാസ്കരന്‍  എന്റെ  കൂടെയെത്താൻ വളരെയധികം  പാടുപെട്ടു. എന്താവും  അമ്മക്ക്. അമ്മയുടെ  ശ്വാസം മുട്ടൽ വർദ്ധിച്ചതാവും. പക്ഷെ  അതും  തലചുറ്റലും തമ്മിലെന്തു ബന്ധം. ഇനി  വീണാല്‍  തന്നെ  എണീക്കാൻ  കഴിയാതാവുന്നതെങ്ങനെയാണ്. വീട്ടിലേക്കു  ഒരുപാട്  ദൂരം  വർദ്ധിച്ചതായി എനിക്ക്  തോന്നി.

ഞാന്‍  വീട്ടിലേക്കു  കയറുമ്പോഴാണ് ഹോസ്പിറ്റലിലെ ഡോക്ടറും  ഒരു  സിസ്സറും വീടിനു  പുറത്തേക്കിറങ്ങാൻ തുടങ്ങിയത്.

"ഇപ്പോള്‍  പ്രശ്‌നമൊന്നുമില്ല. അരമണിക്കൂർ കഴിഞ്ഞാല്‍  ബോധം  തെളിഞ്ഞേക്കും. ഞാന്‍  ഇൻജക്ഷൻ എടുത്തിട്ടുണ്ട്. പെട്ടെന്ന്  എന്തോ  ഷോക്കിൽ  തളർന്നു  പോയതാണ്. "

"ഏതായാലും  സൂക്ഷിക്കണം. വേറെ  മക്കള്‍  ഒന്നും  ഇല്ലേ  ഇവർക്ക്......? "

ഡോക്ടര്‍  തിരിഞ്ഞു  നിന്നത് എൻറെ  നേർക്കായിരുന്നു.

" ഇതാണവരുടെ ചെറിയ  മോൻ...."

ശങ്കുവമ്മാവൻ  എന്നെ  പരിചയപ്പെടുത്തി.

ഡോക്ടര്‍  എന്നെയും  കൂട്ടി  അവര്‍  വന്ന  ടാക്സി  കാറിനടുത്തേക്ക് നടന്നു.

"നിങ്ങളുടെ  പേര്. ......? "

"കണ്ണൻ........"

ഞാന്‍  പേരു പറഞ്ഞു.

"ഓ  കെ.  കണ്ണൻ. .. ശ്രദ്ധിക്കണം.  അവരുടെ  ശരീരം  തളര്‍ന്നിരിക്കുന്നു എന്നാണ്  ഞാനൂഹിക്കുന്നത്. ബോധം  തെളിഞ്ഞതിനു ശേഷം  എന്നെ  അറിയിക്കുക. ......."

" അതുവരെ  കാത്തു  നിൽക്കാൻ  ബുദ്ധിമുട്ടുണ്ട്. അറിയാമല്ലോ എന്നെ  കാത്ത് ഒരു  ജനസഞ്ചയം തന്നെയുണ്ടാവും ആശുപത്രിയിൽ. .....!"

ടാക്സിയില്‍  കയറുന്നതിനിടയിൽ ഡോക്ടര്‍ പറഞ്ഞു.

" ബോധം  വീണാൽ ഉടനെ  വിവരമറിയിക്കുക. നന്നായി  ഒന്ന്  പരിശോധിക്കേണ്ടി വരും. ...."

കാർ  സ്റ്റാർട്ടായി. ഞാന്‍  വേഗം  വീടിനടുത്തേക്കു നടന്നു.

ശങ്കുവമ്മാവൻ എനിക്കെതിരെ  നടന്നു വരുന്നുണ്ടായിരുന്നു.  ഞാന്‍  പ്രതീക്ഷയോടെ  അയാളെ  നോക്കി.

"ശേഖരൻ..............!!!!!!"

അമ്മാവന്‍  അർദ്ധോക്തിയിൽ നിർത്തി.

" ശേഖരേട്ടൻ. ......?  ഞാന്‍  നിന്നു.

"ശേഖരൻ  ആശൂത്രീലാണ്. മനോരോഗാശൂത്രീല്............."

എനിക്ക്  ശരീരമാകെ  തളരുന്ന  പോലെ  തോന്നി.

അമ്മയുടെ  റൂമിലേക്ക് നടക്കുമ്പോൾ  വീണു  പോയേക്കുമോ എന്നെനിക്കു തോന്നി.

" കൊല്ലും  ഞാന്‍  എല്ലാത്തിനേം അവനു
വേണ്ടാത്തതൊന്നും എനിക്കും  വേണ്ട. ...."

ശേഖരേട്ടൻ  അലറുകയായിരുന്നത്രേ.പിന്നെ മുന്നില്‍  കാണുന്നതെല്ലാം തച്ചുടക്കാൻ തുടങ്ങി.  തടുക്കാന്‍  ചെന്നവരെയെല്ലാം നന്നായി  പരിക്കേൽപിക്കുകയും ചെയ്തു.  അവസാനം  കൈയും കാലുമെല്ലാം കൂട്ടിക്കെട്ടിയാണത്രേ  ആശുപത്രിയിൽ  കൊണ്ട്  പോയത്. ശേഖരേട്ടനെ ആശുപത്രിയിലേക്ക് കൊണ്ടു പോയപ്പോഴാണ് അമ്മ  മോഹാലസ്യപ്പെട്ടു വീണത്. പിന്നെ  എണീറ്റിട്ടില്ല.

അര മണിക്കൂര്‍  കഴിഞ്ഞപ്പോൾ  അമ്മക്ക്  ബോധം  തെളിഞ്ഞു. ഡോക്ടര്‍  വീണ്ടും  വന്നു  അമ്മയെ   പരിശോധിച്ചു.

" ഷോക്കിൽ  നിന്നും പരിപൂർണമായി മുക്തയായിട്ടില്ല........
ചലനശേഷി  തിരിച്ചു  കിട്ടാന്‍  ദിവസങ്ങള്‍  പിടിക്കും. .........";

" ഒരു പക്ഷേ. .........:"

"ഒരു  പക്ഷേ. ..............?"  ഞാന്‍ ചോദിച്ചു.
"ഒരു പക്ഷേ  പൂർണമായി ചലനശേഷി  തിരിച്ചു  കിട്ടിയില്ലെന്നും വരാം ........!"

മൂന്ന്  മാസം.

കരയാനും  ദയനീയമായി  ഒന്നു നോക്കാനും  മാത്രമെ  അമ്മക്ക്  കഴിഞ്ഞുള്ളൂ.
ശോഭേച്ചിയില്ലായിരുന്നെങ്കിൽ ...! ഞാനോർത്തുപോയി. അമ്മയുടെ  ആവശ്യങ്ങൾ  സ്വയം  മനസ്സിലാക്കി അവര്‍  പ്രവർത്തിച്ചു.

അറപ്പില്ലാതെ.........

വെറുപ്പില്ലാതെ.........

ഒരു  കുഞ്ഞിനെയെന്നവണ്ണം അവര്‍  അമ്മയെ  പരിപാലിച്ചു.

എത്ര  നേരമായി ഞാനീ  മുറ്റത്ത്  നിൽക്കുന്നു. ഓർമകളിൽ മുങ്ങിത്താഴുകയായിരുന്നു ഞാന്‍.
ഞാന്‍  ശോഭേച്ചി  നിന്നിടത്തേക്കു നോക്കി.  അവരെപ്പോഴേ പോയ്കഴിഞ്ഞിരുന്നു.

ശേഖരേട്ടനു മുൻപു മരുന്ന്  കുറിച്ചു  തന്നിരുന്ന   ഡോക്ടറുടെ ആശുപത്രിയിൽ തന്നെയാണ്  അവര്‍ ശേഖരേട്ടനെ കൊണ്ടാക്കിയതെന്ന്  ശങ്കുവമ്മാവൻ  പറഞ്ഞത്  ഞാനോർത്തു.

ശേഖരേട്ടനെ തിരിച്ചു  കൊണ്ട് വരണം.
എനിക്കെൻറെ വീട്ടിലെ സന്തോഷം  തിരിച്ചു  പിടിക്കണം.

എനിക്കമ്മയെ തിരിച്ചു  വേണം. ......

എനിക്കെൻറെ  ശേഖരേട്ടനെ  തിരിച്ചു  വേണം. ..................

ഞാന്‍  വേഗത്തില്‍  ബസ്സ്റ്റോപ്പ് ലക്ഷ്യമാക്കി നടന്നു.

No comments:

Post a Comment