Saturday, November 28, 2015

രക്ത ദാഹി 4

രക്ത ദാഹി 4
============

മൊബൈലിന്റെ  വൈബ്രേഷൻ ചെവിയിലൊരു  പ്രകമ്പനം  തീർത്തപ്പോഴാണ് അയാള്‍ക്ക് സ്ഥലകാല ബോധമുണ്ടായത്. തന്റെ  മറുപടിയൊന്നും  കേൾക്കാത്തതിനാലാവണം ഡോക്ടര്‍  തിരിച്ചു  വിളിക്കുകയാണ്.

" ഹലോ. ...?"

"നിൻറെ  കോൾ കണ്ടു.  പക്ഷേ  ഞാന്‍  എത്ര  ഹലോ  പറഞ്ഞിട്ടും മറുപടിയൊന്നും  കേൾക്കുന്നില്ല. "

"അത്....  അത്.... ഇവിടെ  നെറ്റ് വര്‍ക്ക്  കുറവാണെന്നു  തോന്നുന്നു"

അയാള്‍  കള്ളം പറഞ്ഞു.

"നീ  നീലിമലയിലൊന്നുമല്ലല്ലോ ടൗണിലും  നെറ്റ് വര്‍ക്കില്ലെന്നോ...?"

ഡോക്ടര്‍ക്കത് വിശ്വാസമായില്ലെന്നു തോന്നി.

"ഞാന്‍  ടൗണിലില്ല"

"പിന്നെ ....?"

" നിങ്ങളിപ്പോൾ പറഞ്ഞ സ്ഥലത്താണ്  ഞാനിപ്പോൾ ബ്ലൂ  മൗണ്ടനിൽ  ശരിക്കും പറഞ്ഞാല്‍  നീലിമല  ബംഗ്ലാവിൽ"

"ങേ........"

ബ്ലൂ മൗണ്ടനിലോ...നിനക്കെന്തുപറ്റി.ഒരു പ്രശ്നം  പിടിച്ച സ്ഥലമാണത്.."

"അറിയാം. .."

"അവളുണ്ടോ അവിടെ ...?"

"ആര്...?"

"ഗ്ലോറിയ. ...ഗ്ലോറിയ  മെൻഡിസ്..."

"ആരാണീ  ഗ്ലോറിയ. ..?"

അയാള്‍  ആകാംക്ഷയോടെ ചോദിച്ചു.

"പിന്നെ  നീ  എന്തറിഞ്ഞാണ് അവിടെ  പോയത്. .?"

"ഞാന്‍  പറഞ്ഞിരുന്നില്ലേ... പുതിയ ഹൊറര്‍ ചിത്രത്തിൻറെ തിരക്കഥ തയ്യാറാക്കുന്നതിനെ കുറിച്ച്. അതിനു  പറ്റിയ ഒരു  അന്തരീക്ഷം  തേടി  വന്നതാണ്  ഞാന്‍. ...."

" വേറെ  ആരാ  കൂടെ. ..?"

"രണ്ടു  ബംഗാളികൾ. ..."

"സൂക്ഷിക്കണം  അതത്ര  സുരക്ഷിതമായ ഒരു  സ്ഥലമല്ല......"

ആരാണീ ഗ്ലോറിയ. ..ഡോക്ടര്‍ ........ അതുപറ..?

ഗ്ലോറിയ. .. ഫ്രാന്‍സിസ്  അഗ്യൂറോ മെൻഡിസിൻറെ മകൾ....ഗ്ലോറിയ അഗ്യൂറോ  മെൻഡിസ്.    പക്ഷേ  അവള്‍  പത്തു വര്‍ഷം മുമ്പ്  ആ പുഴയിലേക്കു  ചാടി  ആത്മഹത്യ ചെയ്തു. "

"ആത്മഹത്യയോ. ...എന്തിന്. ...?"

" അതറിയില്ല....പക്ഷേ  ആ മരണത്തിൽ എന്തൊക്കെയോ  ദുരൂഹതകൾ  ഉണ്ട്.  ആ ആദിവാസികൾ അവളെ  അവരുടെ  ദൈവമാക്കി കളഞ്ഞെന്നു തോന്നുന്നു. ..."

"ശരിയാണ് ....അവരിവിടെ വന്നിരുന്നു...."

കണ്ടൻ കാണിയെയും  സംഘത്തെയും  ഓർത്തു  കൊണ്ട്  അയാള്‍ പറഞ്ഞു.

"അവളിപ്പോഴും ആ  വീട്ടില്‍  ജീവിച്ചിരിക്കുന്നതായാണ് അവരുടെ  വിശ്വാസം ....." ഡോക്ടര്‍  തുടർന്നു.

"സത്യത്തിൽ ഈ  പ്രേതം  എന്നൊരു  സംഗതി  ഉണ്ടോ  ഡോക്ടര്‍. ..?

" ഇപ്പോഴത്തെ  രാഷ്ട്രീയക്കാരുടെ ഭാഷയില്‍ പറഞ്ഞാല്‍  തെളിവില്ല. .. പക്ഷേ   ചില  അനുഭവങ്ങൾ  ഇല്ലെന്നു  തീർത്തു പറയാനും  പറ്റില്ല. ..."

" എന്തൊക്കെ  ആയാലും  നീ  ചുഴിഞ്ഞ് അന്വേഷിച്ചു   അവിടെ  നിൽക്കണ്ട. എത്രയും പെട്ടെന്ന്  അവിടെ നിന്ന് തിരിച്ച്  വരിക.  തിരക്കഥയെഴുതാൻ അതിലും  മികച്ച  സ്ഥലം  ഞാന്‍  അറേഞ്ച്  ചെയ്തു  തരാം. ..പിന്നെ  എന്തെങ്കിലും  അസ്വാഭാവികത‍  അനുഭവപ്പെട്ടാൽ ഉടന്‍  വിളിക്കുക.
അതിലെല്ലാമുപരി ഞാന്‍  നേരത്തെ പറഞ്ഞ പോലെ  അവിടെ നിന്നും  രക്ഷപ്പെടുക. ശരി ഞാന്‍  വിളിക്കാം  അൽപം  തിരക്കുണ്ട്. ...ബൈ. ..

" ബൈ. ..."

അയാള്‍  ഫോണ്‍  കട്ട് ചെയ്തു.  കണ്ടൻ കാണി  തിരിച്ചേൽപിച്ച താക്കോല്‍ കൂട്ടം  കയ്യിലെടുത്തു. താന്‍  നേരത്തെ  തുറക്കാന്‍  ഉദ്ദേശിച്ച  റൂമിനു  സമീപത്തേക്കു നടന്നു.  എവിടെ  നിന്നോ വന്ന  ഒരു  കറുത്ത  പൂച്ച അയാളുടെ  അരികിൽ കുറച്ചപ്പുറത്തായി  വന്നു  നിൽക്കുന്നുണ്ടായിരുന്നു.  അതിൻറെ  കണ്ണുകള്‍ക്ക് ഒരു  വന്യമായ  തിളക്കം  ഉള്ളതു പോലെ  അയാള്‍ക്കു തോന്നി . ബംഗാളികളുടെ സഹായത്തോടെ  അയാള്‍  ആ വാതില്‍ തുറന്നു.  അവര്‍  ആ  മുറിയിലേക്കു  കടന്നു.  അവർക്ക്  പിന്നിലായി  ആ കറുത്ത  പൂച്ചയും.

റൂമിലെ  അരണ്ട  വെളിച്ചത്തിൽ  അതിന്റെ  കണ്ണുകള്‍  രണ്ടു  നക്ഷത്രങ്ങളെപോലെ തിളങ്ങുന്നുണ്ടായിരുന്നു.  ആ  മുറി  ഒരു  ലൈബ്രറി  പോലെ  തോന്നിച്ചു.  റാക്കിൽ
അടുക്കി വച്ച ഒരുപാട് പുസ്തകങ്ങൾ.  മിക്കതും  കാലപ്പഴക്കം  കൊണ്ട്  പൊടിഞ്ഞു  തുടങ്ങിയിരിക്കുന്നു. അയാള്‍  സാമാന്യം വലുതെന്നു തോന്നിയ ഒരു  പുസ്തകം  കയ്യിലെടുത്തു.
അതൊരു  ചരിത്ര ഗ്രന്ഥമായിരുന്നു.

"എൻറെ  ബ്ലൂ മൗണ്ടൻ  "

അയാള്‍  രചയിതാവിൻറെ പേരു  നോക്കി.  അവസാന  പേജില്‍  ചുവന്ന  മഷി കൊണ്ട്  എഴുതിയ  പേര്  അയാള്‍  ഉറക്കെ  വായിച്ചു.

"ഫ്രാന്‍സിസ്  അഗ്യൂറോ മെൻഡിസ് "

അതെ  ഗ്ലോറിയയുടെ  അഛൻ  എഴുതിയതായിരുന്നു ആ  പുസ്തകം.  ഛായാ ചിത്രങ്ങൾക്കടിയിൽ എഴുതിയ  അതേ  കയ്യക്ഷരം. അതേ  മഷി.  പെട്ടെന്നാണ് കുറച്ചു  ഛായാ ചിത്രങ്ങൾ  കൂടി  അയാളുടെ  കാൽചുവട്ടിൽ  വീണത്.  ആ  പൂച്ച  റാക്കിനു മുകളിലെത്തിയിരിക്കുന്നു.  അതിൻറെ  കാലു തട്ടി  വീണതാണത്. ചിതറി വീണ ചിത്രങ്ങൾ  അയാള്‍  ഓരോന്നായി  കുനിഞ്ഞെടുത്തു.
അതിലും  കുറേയെണ്ണം  ഗ്ലോറിയയുടെ  ചിത്രങ്ങളായിരുന്നു. ചിലതിൽ ആ  കാറു  മാത്രം  വരച്ചു വച്ചിരിക്കുന്നു. മറ്റുള്ളവ ഈ  നാലുകെട്ടിൻറ  വ്യത്യസ്തമായ  ചിത്രങ്ങൾ.

ഒരു ചിത്രത്തിൽ  മാത്രം  ഗ്ലോറിയയുടെ  കൂടെ  ഒരു  യുവാവിന്റെ  ചിത്രം  കൂടി  വരച്ചു  വച്ചിരിക്കുന്നു. ആ മുഖം  പക്ഷേ തനിക്ക്  നല്ല  പരിചയമുള്ളതു പോലെ  അയാള്‍ക്കു തോന്നി.  ഫോണ്‍  വീണ്ടും  ബെല്ലടിക്കുന്നു.  അയാള്‍  ആ ചിത്രം  ഒരു  കയ്യില്‍  പിടിച്ച് ഫോണ്‍  അറ്റൻഡു  ചെയ്തു. 

അതു ഡോക്ടര്‍  ആയിരുന്നു

"ഡോക്ടര്‍  പറഞ്ഞോളൂ. !"

"ങ്ഹാ  പിന്നെ  നിന്നോട്  നേരത്തെ  പറയാന്‍  വിട്ടു പോയി.  നിനക്ക്  പരിചയമുള്ള  ഒരു  കഥാപാത്രം  കൂടിയുണ്ട്  ആ  നാലുകെട്ടിൽ...."

" അതാരാണ്. ..?"

" നിൻറെ  കഴിഞ്ഞ  സിനിമയുടെ  പ്രൊഡ്യൂസർ...."

"ആര്. ...ജോ ....ആണോ. .?"

അതെ  നിങ്ങള്‍  സിനിമാക്കാർ ജോ  എന്നു  വിളിക്കുന്ന   ജോ ജോൺ  ഡാനിയേല്‍   മെൻഡിസ്,  ഗ്ലോറിയയുടെ  അർദ്ധ സഹോദരന്‍. ."

ആ  ഛായാ ചിത്രം  അയാളുടെ  കയ്യിലിരുന്നു വിറച്ചു.  അത്  ജോയുടെ ചിത്രമായിരുന്നു.

"ജോ ജോൺ  ഡാനിയേല്‍  മെൻഡിസ്. ...."

അയാള്‍  മന്ത്രിച്ചു. ഭീകരമായ  ഒരു  ശബ്ദത്തോടെ ആ  കറുത്ത  പൂച്ച അയാളുടെ  കയ്യിനു  നേരെ  ചാടി.
അതിൻറെ  കണ്ണുകള്‍  കൂടുതല്‍  ക്രൂരഭാവം പൂണ്ടിരുന്നു. അത്  ഒരു  മുരൾചയോടെ അയാളുടെ  ചുറ്റും  നടക്കാന്‍ തുടങ്ങി.  പുറത്തെ ആൽമരത്തിലെ  വവ്വാലുകൾ  ഭീതിതമായ ശബ്ദം മുഴക്കി  ആ നാലുകെട്ടിനകത്ത്  വട്ടം  ചുറ്റി പറന്നു.

"ജോ ജോൺ ഡാനിയേല്‍ മെൻഡിസ്. .."

" ജോ ജോൺ ഡാനിയേല്‍ മെൻഡിസ് "

" ജോജോൺ ഡാനിയേല്‍ മെൻഡിസ് "

എന്തോ  ആവേശത്തിൽ  അയാള്‍  ഉറക്കെ വിളിച്ചു പറഞ്ഞു.

ആ മുറിയില്‍  അയാളുടെ ശബ്ദം  പ്രകമ്പനം കൊണ്ടു.

വവ്വാലുകൾ  ഭീതിതമായി  കരഞ്ഞു കൊണ്ട്  ചുമരിലിടിച്ച് വീഴാന്‍ തുടങ്ങി.

തന്നെ  ആക്രമിക്കാൻ തയാറായി നിന്ന കറുത്ത  പൂച്ച  അപ്രത്യക്ഷമായിരിക്കുന്നു.

വലിയ  ശബ്ദത്തോടെ  പുസ്തകങ്ങൾ  അടുക്കി  വച്ച  റാക്ക് അയാളുടെ  മുകളിലേക്കു  മറിഞ്ഞു വീണു.

No comments:

Post a Comment