5. ഭാസ്കരന്‍
വാടക റൂമിലെ ജീവിതം ശരിക്കും ഒരു നരകം തന്നെയാണ്. സ്വാതന്ത്യമില്ലാത്ത ഒരു ജീവിതം. ഉറക്കെ ഒരു പാട്ടു മൂളാൻ കൂടി സൗകര്യമില്ല. അടുത്ത റൂമിലെ താമസക്കാർക്ക് ശല്യമായെങ്കിലോ. ? .
ഞാനെപ്പോഴും ഒരു വീർപ്പുമുട്ടൽ അനുഭവിച്ചു. മനസ്സില്‍ പിടിക്കാത്ത ഭക്ഷണം കാശു കൊടുത്തു വാങ്ങി കഴിക്കുമ്പോൾ അമ്മയുടെ, ശോഭേച്ചിയുടെ ആ കൈപുണ്യം. അവരുണ്ടാക്കുന്ന ചമ്മന്തിക്കു പോലും ഒരു പ്രത്യേക സ്വാദാണ്.മറ്റെവിടെയും ലഭിക്കാത്ത രുചി.
ഞാന്‍ വീട്ടിലേക്കു തിരിച്ചു പോവാൻ തുണിയെല്ലാം എടുത്തു ബാഗിലാക്കും. പിന്നെ എന്തോ തീരുമാനം നീട്ടി വക്കും. ഇനിയൊരു അവസരം. ഇനിയൊരു സാഹചര്യം. അതുമതിയാവും ജീവിതകാലം മുഴുവന്‍ നീറിപ്പിടയാൻ. വേണ്ട. കുറച്ചു ദിവസം കൂടി കഴിയട്ടെ. ഈ മാസം കഴിയട്ടെ. അങ്ങനെയങ്ങനെ വീട്ടില്‍ നിന്നും ഇറങ്ങിയിട്ട് ആറുമാസമായി.
ഇടക്ക് അമ്മക്കും ശോഭേച്ചിക്കും വിളിക്കും. അവര്‍ക്ക് ആകെയുള്ള ആവശ്യം ഞാന്‍ തിരിച്ചു ചെല്ലുക എന്നതു മാത്രമായിരുന്നു.
ഞാന്‍ പോന്നതിൽ പിന്നെ അമ്മയുടെ വലിവ് കൂടി. ശേഖരേട്ടൻ കൂടുതല്‍ മൗനിയായി. ശോഭേച്ചിക്ക് ഒറ്റക്ക് പേടിയാണ്. അങ്ങനെയങ്ങനെ പരിവേദനങ്ങളുടെ ഭാണ്ഡക്കെട്ടുകൾ. പക്ഷേ എൻറെ മനസ്സില്‍ ശോഭേച്ചിയുടെ നിറഞ്ഞ കണ്ണുകള്‍ ആയിരുന്നു. ഇനി ഒരുപക്ഷേ എനിക്കെന്നെ നിയന്ത്രിക്കാൻ കഴിഞ്ഞെന്നു വരില്ല. അങ്ങനെ വല്ലതും സംഭവിച്ചാൽ ആ പാപഭാരത്തിൽ ഞാന്‍ നീറിപ്പിടഞ്ഞു ജീവിക്കേണ്ടി വരും.
വേണ്ട. ..എല്ലാം മറക്കുന്നത് വരെ.
എല്ലാമൊന്ന് കലങ്ങിതെളിയുന്നതു വരെ
പഠനം പൂർത്തിയാവുന്നത് വരെയെങ്കിലും. ...
വീട്ടിലേക്കൊരു തിരിച്ചു പോക്കില്ല.
ഓരോ ഫോണ്‍ കോളുകളും തൻറെ സമാധാനം നഷ്ടപ്പെടുത്തുന്നത് ബോധ്യമായതോടെ വിളിയുടെ ഇടവേളകളുടെ ദൈർഘ്യം വർദ്ധിച്ചു. പിന്നെ പിന്നെ നിലച്ചു എന്നു തന്നെ പറയാം.
നാട്ടിലെ സ്നേഹിതനായ ഭാസ്കരന്‍ റൂമിൽ എന്നെ അന്വേഷിച്ചു വരുന്ന ദിവസം ഞാന്‍ വീട്ടിൽ നിന്നും പടിയിറങ്ങിയിട്ട് ആറുമാസമായിരുന്നു.
എൻറെ സങ്കൽപങ്ങളെയെല്ലാം തകിടം മറിച്ചു കൊണ്ടാണ് അന്ന് വൈകുന്നേരം ഭാസ്കരന്‍ റൂമിൽ വന്നത്. അടുത്ത വീട്ടിലെ ജാനുവേടത്തിയുടെ മകന്‍. എന്റെ അയൽവാസി. കളിക്കൂട്ടുകാരൻ.
വലിഞ്ഞു മുറുകിയ അവന്‍റെ മുഖഭാവവും ധൃതി പിടിച്ചുള്ള പെരുമാറ്റവും എന്നിൽ അൽപം പരിഭ്രമമുണ്ടാക്കാതിരുന്നില്ല. ഞാനത് പ്രകടിപ്പിക്കാതെ അവനിരിക്കാൻ കസേര നീട്ടിയിട്ടു കൊടുത്തു.
"ഇരിക്കാനൊന്നും നേരമില്ല. നീ വേഗം ഡ്രസ്സ് മാറ് ..."
ഞാനവനെ ചോദ്യഭാവത്തിൽ നോക്കി.
നാട്ടില്‍ എന്തൊക്കെയോ സംഭവിച്ചിട്ടുണ്ടെന്ന് എനിക്ക് മനസ്സിലായി.
"കാര്യങ്ങളെല്ലാം ഞാന്‍ വഴിയെ പറയാം. നീ വേഗം റെഡിയാക്........"
അവന്‍ അക്ഷമ പ്രകടനിപ്പിച്ചു.
വേഗത്തില്‍ ഡ്രസ്സ് മാറി പുസ്തകങ്ങളും ബാക്കി വസ്ത്രങ്ങളും ബാഗില്‍ അടുക്കി വച്ചു.
" തുണിയൊക്കെ മുഴുവനുമെടുത്തോ, ഒന്നും ബാക്കി വെക്കണ്ട..."
അവന്‍ പറഞ്ഞു.
എന്നിൽ കുറേശ്ശെ ഭയം ഉരുണ്ടു കൂടാൻ തുടങ്ങി. ഞാന്‍ വേഗത്തില്‍ ബാഗുമെടുത്ത് പുറത്തിറങ്ങി. താക്കോല്‍ വീട്ടുടമയെ ഏല്പിച്ചു.
ഞാന്‍ പെട്ടെന്ന് തിരിച്ചു പോവുന്നതിലുളള ആശ്ചര്യം അയാളുടെ മുഖത്ത് പ്രകടമായിരുന്നു.
"ഇനി തിരിച്ചു വരില്ലേ...?"
അയാള്‍ ചോദിച്ചു.
" ഉറപ്പു പറയാന് പറ്റില്ല. .."
തിരിച്ചു നടക്കുന്നതിനിടയിൽ ഞാന്‍ പറഞ്ഞു.
ബസ്സ്റ്റോപ്പിൽ ഞങ്ങള്‍ എത്താന്‍ കാത്തിരുന്ന പോലെ എത്തിയ ബസ്സില്‍ തന്നെ ഞങ്ങള്‍ കയറി. സാമാന്യം നല്ല തിരക്കുണ്ടായിരുന്നത് കാരണം ഞങ്ങള്‍ക്കൊന്നും സംസാരിക്കാനുള്ള സാഹചര്യം ഉണ്ടായിരുന്നില്ല. ഭയവും ഉത്കണ്ഠയും എന്റെ ഹൃദയമിടിപ്പ് ക്രമാതീതമായി വർദ്ധിപ്പിച്ചു.
ബസിൽ തിരക്കിനിടയിലും പിന്നില്‍ രണ്ടാളുകൾക്കപ്പുറത്ത് നിൽക്കുന്ന ഭാസ്കരനെ ഞാന്‍ പ്രതീക്ഷയോടെ നോക്കി. എന്താണ് സംഭവിച്ചതെന്നതിനെ പറ്റി ഒരു സൂചന. പക്ഷേ ഞാന്‍ ഇടക്കിടെ തിരിഞ്ഞു നോക്കുമ്പോഴെല്ലാം അവന്‍ അക്ഷമയോടെ പുറത്തേക്ക് നോക്കുകയാണ്. വേഗത്തില്‍ നാട്ടിലെത്തിച്ചേരണമെന്ന പോലെ.
നാട്ടിലെത്തി ബസിറങ്ങിയപ്പോൾ എനിക്ക് തെല്ലൊരാശ്വാസം തോന്നി. പക്ഷെ ഭാസ്കരന്‍റെ മുഖം കണ്ടപ്പോൾ ആകാംക്ഷ വർദ്ധിക്കുകയും ചെയ്തു. ഞാന്‍ വേഗം ചെന്നവൻറെ കൈക്കു പിടിച്ചു.
" പറ. ., എന്താണ് സംഭവിച്ചത്. "?
എന്റെ ശബ്ദം പതറുന്നുണ്ടായിരുന്നു.
അവന്‍ എന്റെ കണ്ണുകളിലേക്കു നോക്കി.
" നിന്റെ അമ്മക്ക് സുഖമില്ല. "
എന്തു..................എന്തുപറ്റി അമ്മക്ക് ? "
No comments:
Post a Comment