രക്ത ദാഹി 3
============
കണ്ടൻ കാണി തലേന്ന് നല്‍കിയ താക്കോല്‍ കൂട്ടം കയ്യില്‍ പിടിച്ച് അയാള്‍ റൂമിനു പുറത്തിറങ്ങി. ഈ പഴയ നാലുകെട്ടിനെ ചുറ്റിപ്പറ്റി എന്തൊക്കെയോ ദുരൂഹതകൾ . സ്വപ്നവും യാഥാർത്ഥ്യവും കൂടിക്കലരുന്നതു പോലെ അയാള്‍ക്കു തോന്നി.
സാമാന്യം വലുതെന്നു തോന്നിക്കുന്ന ഒരു റൂമിൻറെ അരികിലേക്ക് നടക്കുമ്പോഴാണ് കണ്ടൻ കാണിയും ഒരു പറ്റം ആദിവാസികളും അവരുടെ പരമ്പരാഗത വേഷവിധാനങ്ങളോടെ നാലുകെട്ടിലേക്കു പ്രവേശിച്ചത്. ചെണ്ട പോലെയുള്ള ഒരുപകരണത്തിൽ ശക്തമായി അടിച്ചു ശബ്ദഘോഷമായിട്ടാണവരുടെ വരവ്. കോമരങ്ങളെ പോലെ തോന്നിച്ച ചിലര്‍ ചുവന്ന ഏതോ പൊടി മേലാകെ പൂശിയിരിക്കുന്നു. ഒലിച്ചിറങ്ങുന്ന വിയർപ്പിൽ അത് രക്തം പോലെ തോന്നിച്ചു. കണ്ടൻ കാണി താക്കോല്‍ കൂട്ടം അയാളുടെ കയ്യില്‍ നിന്നും വാങ്ങിയ ശേഷം ഗാരേജ് പോലെയുള്ള വടക്കേ മൂലയിലെ വാതില്‍ മലർക്കെ തുറന്നു. അയാളും അവരുടെ കൂടെ അതിനകത്തേക്കു കടന്നു. ആ കാഴ്ച അയാളെ ആശ്ചര്യപ്പെടുത്തി. അതിനകത്ത് താന്‍ തലേന്ന് ഗ്ലോറിയയുടെ ഛായാചിത്രത്തിൻറെ കൂടെ കണ്ട കറുത്ത മോറിസ് മൈനര്‍ കാറായിരുന്നു. ആ കാറു കൊണ്ടായിരുന്നു ഗ്ലോറിയ ഇന്നലെ രാത്രി നാലുകെട്ടിനകത്ത് പൊടിപടലങ്ങൾ ഉയര്‍ത്തിയത്.
ഒരു പൊടിപടലം പോലും അതിൻറെ മുകളിലുണ്ടായിരുന്നില്ല. കണ്ടൻ കാണിയും കൂടെ വന്നവരും കാറിനെ വലം വെക്കാന്‍ തുടങ്ങി. ചുവന്ന തുണിയില്‍ പൊതിഞ്ഞെടുത്ത എന്തോ ഒന്ന് ഉയർത്തിപിടിച്ചു കൊണ്ട് കണ്ടൻ കാണി മുന്നില്‍ നടന്നു. മനസിലാവാത്ത ഏതോ ഭാഷയില്‍ അയാള്‍ എന്തൊക്കെയോ ഉറക്കെ വിളിച്ചു പറയുന്നുണ്ട്. അതിൻറെ താളക്രമത്തിനു മന്ത്രോച്ചാരണത്തിൻറെ ശൈലിയായിരുന്നു. കൂടെ വന്നവര്‍ മറ്റെന്തോ ശബ്ദം പുറപ്പെടുവിച്ച് അതിനെ പൂർത്തിയാക്കുന്നുണ്ട്. മൂന്നു പ്രാവശ്യം വലം വച്ച ശേഷം ചെണ്ടമേളത്തിൻറെ താളം ഉച്ചസ്ഥായിയിലായി. ആ ശബ്ദഘോഷം ചുമരില്‍ തട്ടി പ്രതിധ്വനിച്ചു തൻറെ ചെവി തകര്‍ന്നു പോവുമോ എന്നയാൾക്കു തോന്നി. പെട്ടെന്ന് ശബ്ദം നിലച്ചു. കണ്ടൻ കാണി തൻറെ കയ്യിലെ ചുവന്ന തുണിയില്‍ പൊതിഞ്ഞ വസ്തു കാറിന്റെ ബോണറ്റിൽ കുത്തി നിർത്തി. ചെറിയ മൺചിരാതിൽ അസഹ്യമായ മണവും പുകയുമുള്ള എന്തോ വസ്തു കത്തിച്ചു കൊണ്ട് അവര്‍ മന്ത്രോച്ചാരണവും ചെണ്ടമേളവും പൂർവാധികം ശക്തിയോടെ പുനരാരംഭിച്ചു. കടുത്ത പുകയും ശബ്ദവും സഹിക്കാവുന്നതിലും അപ്പുറമായതോടെ അയാള്‍ പുറത്തേക്കിറങ്ങുമ്പോൾ കണ്ടൻ കാണി ബോണറ്റിൽ വച്ച വസ്തു പൊതിഞ്ഞ ചുവന്ന തുണി മാറ്റി. അയാള്‍ ശരിക്കും ഞെട്ടിപ്പോയത് അപ്പോഴാണ്. അത് താൻ ഇന്നലെ കണ്ട കൈപ്പത്തിയുടെ ഛായാചിത്രമായിരുന്നു. അതിൻറെ മുറിപ്പാടിൽ നിന്നും രക്തം തുള്ളി തുള്ളിയായി വീഴുന്നതു പോലെ.
അയാള്‍ താന്‍ ഇന്നലെ രാത്രി ഉറങ്ങാന്‍ കിടന്ന റൂമിലേക്ക് ഓടി. ഒന്നും മനസ്സിലായില്ലെങ്കിലും ആദിവാസികളുടെ പൂജയും ശബ്ദകോലാഹലവും കണ്ടു നിന്നിരുന്ന ബംഗാളികളും അയാളുടെ പിന്നില്‍ ഓടി. അയാള്‍ ഛായാചിത്രങ്ങൾ തൂക്കിയിട്ട ചുമരിനടുത്തെത്തി. അതില്‍ ആ കൈപ്പത്തിയുടെ ചിത്രം ഉണ്ടായിരുന്നില്ല. കൂടെ ഗ്ലോറിയയുടെ ചിത്രവും അപ്രത്യക്ഷമായിരിക്കുന്നു.
അയാള്‍ വീണ്ടും ധൃതിയില്‍ ആദിവാസികളുടെ അടുത്തേക്കു നടന്നു. പൂജ കഴിഞ്ഞിരിക്കുന്നു. കണ്ടൻ കാണി ആ ചിത്രം വീണ്ടും ചുവന്ന തുണി കൊണ്ട് മൂടി.
ഗാരേജിനകത്തു കണ്ട മറ്റൊരു വാതില്‍ അവര്‍ തള്ളിത്തുറന്നു.
അയാള്‍ അവരുടെ കൂടെ അതിനകത്തേക്കു കയറി. ആ മുറിയില്‍ രണ്ടു പേരുടെ മൃതദേഹങ്ങൾ അടക്കം ചെയ്ത കുഴിമാടങ്ങൾ ആയിരുന്നു . കണ്ടൻ കാണിയും സംഘവും ആ മൺകൂനകളെ വലം വക്കാൻ തുടങ്ങി. വളരെ നിശബ്ദമായി ആയിരുന്നു ആ വലം വെക്കൽ. ആ മൺകൂനകളിൽ ഒരെണ്ണം പുതിയതാണെന്നു തോന്നിച്ചു. കിളച്ച മണ്ണിന്റെ നനവു മാറിയിട്ടുണ്ടായിരുന്നില്ല. അതിനു മുകളിലും കമിഴ്ന്ന് കിടന്നിരുന്നു ഒരു ഛായാ ചിത്രം. കണ്ടൻ കാണി അത് നേരെയാക്കി ആ മൺകൂനയിൽ കുത്തിനിർത്തി. ആ ചിത്രവും അയാള്‍ നേരത്തെ കണ്ടിട്ടുണ്ടായിരുന്നു. ഗ്ലോറിയ കറുത്ത മോറിസ് മൈനര്‍ കാറിൽ ചാരി നിൽക്കുന്ന ചിത്രമായിരുന്നു അത്. റൂമിൽ നിന്ന് അത് അപ്രത്യക്ഷമായത് അയാള്‍ക്ക് ഓർമ്മ വന്നു. അത് ഗ്ലോറിയയുടെ കുഴിമാടമായിരുന്നു. ആദിവാസികളുടെ കൂടെ അയാള്‍ ഗാരേജിനു പുറത്തിറങ്ങി. കണ്ടൻ കാണി വാതിലുകള്‍ വലിച്ചടച്ചു താക്കോല്‍ കൂട്ടം അയാളുടെ കയ്യില്‍ കൊടുത്തു.
ആദിവാസികൾ ശബ്ദഘോഷങ്ങളോടെ അകന്നകന്നു പോയി. അവരുടെ ചെണ്ട മേളത്തിൻറെ ശബ്ദം നേർത്ത് നേർത്ത് ഇല്ലാതെയായി.
എന്താണിതിൻറെയെല്ലാം അർഥം. ഈ വീട് തിരഞ്ഞെടുത്തത് വലിയ അബദ്ധമായി അയാള്‍ക്ക്തോന്നി. തനിക്കൊരിക്കലും അവിടെയിരുന്ന് തൻറെ ജോലി പൂർത്തിയാക്കാൻ കഴിയില്ലെന്നും. ആ കുഴിമാടത്തിൽ പുതുമണ്ണ് വന്നതെങ്ങനെയാണ്?. അതിനടുത്ത് മറവു ചെയ്തത് ആരെയാണ്? . അയാൾക്കു തല പെരുക്കുന്നതുപോലെ തോന്നി.
അയാള്‍ ഫോണെടുത്ത് ആരെയോ വിളിച്ചു കൊണ്ട് തൻറെ മുറിയിലേക്കു കയറി. വെറുതെ ചുമരിലെ ചിത്രങ്ങളിലേക്കു പാളി നോക്കി. കാണാതായ രണ്ടു ചിത്രങ്ങളും ചുമരില്‍ പഴയ പോലെ തൂങ്ങിക്കിടക്കുന്നതയാൾ കണ്ടു. ചിത്രത്തിലെ കൈപ്പത്തിയിൽ നിന്നും ഒരു തുള്ളി രക്തം തറയില്‍ വീണു ചിതറി. ഫോണിന്റെ മറുതലക്കൽ നിന്നും ആരോ വീണ്ടും വീണ്ടും ഹലോ പറഞ്ഞു. പക്ഷേ അയാള്‍ അത് കേൾക്കുന്നുണ്ടായിരുന്നില്ല.
(തുടർന്നേക്കും )
No comments:
Post a Comment