രക്ത ദാഹി
==========
അനേകം മുറികളുള്ള ആ ബംഗ്ലാവിലെത്തുമ്പോൾ അയാള്‍ക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി. ഈ അന്തരീക്ഷം മതിയാവും തൻറെ ഹൊറര്‍ ചിത്രത്തിൻറെ തിരക്കഥ തയ്യാറാക്കാൻ. ഒരു പഴഞ്ചൻ ബംഗ്ലാവായിരുന്നു അത്. പഴയ നാലുകെട്ട് ശൈലിയില്‍ പണിതത്. നാലുകെട്ടിനു നടുവില്‍ കൂറ്റനൊരു ആൽമരം. അതില്‍ സദാസമയവും തൂങ്ങി നിൽക്കുന്ന ചോരക്കണ്ണുള്ള വവ്വാലുകൾ. രാത്രിയുടെ നിശബ്ദതയിൽ അവ ശക്തമായി ചിറകടിച്ചു വീടിനു ചുറ്റും പറക്കാന്‍ തുടങ്ങും. വവ്വാലുകൾ കരയാൻ തുടങ്ങിയാൽ ഒരിക്കലും വാതില്‍ തുറന്നു പുറത്തിറങ്ങരുത്. ബംഗ്ലാവിനു ചുറ്റുമുള്ള ചായത്തോട്ടങ്ങൾ നോക്കുന്ന കണ്ടൻ കാണിക്ക് അതു മാത്രമേ പറയാനുണ്ടായിരുന്നുള്ളൂ.അയാളുടെ കണ്ണുകള്‍ ഭയം കൊണ്ട് മൂടിയിരുന്നു.
അവിടെ നിന്ന് തിരിച്ച് പോവാൻ അയാള്‍ ധൃതി കാണിച്ചു.
ടൗണിൽ നിന്നും സഹായത്തിനായി കൂടെ കൂട്ടിയ ബംഗാളികൾ പെട്ടികൾ ഓരോന്നായി കാറിന്റെ ഡിക്കിയിൽ നിന്നിറക്കി വച്ചു.
"ഭായ്.......സാബ്"
ബംഗാളി അൽപം ഭീതിയോടെ അയാളെ വിളിച്ചു.
" എന്തുപറ്റി....? "
ആൽമരത്തിൻറെ തൂങ്ങി നിൽക്കുന്ന വേരു പടലത്തിൽ ഒരു കൈപ്പത്തി തൂങ്ങിയാടുന്നു. അതിൻറെ മുറിപ്പാടിൽ
നിന്നും രക്തം തുള്ളി തുള്ളിയായി വീണു കൊണ്ടിരുന്നു.
പെട്ടെന്ന് അത് താഴേക്കു വീണു.
"വവ്വാലുകൾ കൊണ്ട് വന്നിട്ടതാവും"
അയാള്‍ പറഞ്ഞു . കൈപ്പത്തി ഒരു തുണിയില്‍ പൊതിഞ്ഞെടുത്ത് അയാള്‍ വീടിന്റെ കിഴക്ക് ഭാഗത്തെ ഒരു മുറിയുടെ വാതില്‍ തുറന്നു. അതിൻറെ ജനലുകൾക്കപ്പുറം വലിയ കൊക്കയാണ്. അതിലൂടെ താഴെ വീണാൽ പൊടി പോലും ബാക്കി കിട്ടില്ല. താഴെ പാറക്കെട്ടുകൾക്കിടയിലൂടെ ആർത്തലച്ച് ഒഴുകുന്ന പുഴയുടെ ശബ്ദം ജനൽ പാളി തുറന്നതോടെ ശക്തമായ കാറ്റിൻറെ അകമ്പടിയോടെ അയാളുടെ കാതില്‍ വന്നലച്ചു. ആ കൈപ്പത്തി ഒന്ന് പിടഞ്ഞുവോ... അയാള്‍ അത് നിലത്തേക്കിട്ടു. വിരലുകള്‍ നിവർന്നിരിക്കുന്നു. അസാധാരണമായ വലിപ്പമുള്ള ആറു വിരലുകള്‍. അതിൻറെ കൂർത്ത നഖങ്ങളിൽ രക്തം കട്ട പിടിച്ചിട്ടുണ്ടായിരുന്നു. അയാള്‍ പെട്ടെന്ന് അതെടുത്തു ജനലിലൂടെ താഴെ പുഴയിലേക്കു വലിച്ചെറിഞ്ഞു. പെട്ടെന്ന് പുറത്തെ ചുമരില്‍ നിന്നും ഒരു കറുത്ത ജീവി ആ കൈപ്പത്തിയോടൊപ്പം താഴേക്ക് പോയി. അതൊരു കറുത്ത പൂച്ചയാണെന്നയാൾക്ക് തോന്നി.
അയാള്‍ ജനലിലൂടെ താഴേക്ക് നോക്കി. കനത്ത മഞ്ഞിനാൽ പുതപ്പണിഞ്ഞ താഴ് ഭാഗത്ത് അയാള്‍ക്കൊന്നും കാണാന്‍ കഴിഞ്ഞില്ല. വല്ലാത്തൊരു ദുർഗന്ധം ജനലിലൂടെ അകത്തേക്ക് വരാന്‍ തുടങ്ങിയതോടെ അയാള്‍ ജനല്‍ വലിച്ചടച്ചു റൂമിൽ നിന്ന് പുറത്തിറങ്ങി.
ചീഞ്ഞളിഞ്ഞ ശവശരീരത്തിൻറെ മണമാണതെന്ന് അയാള്‍ ഊഹിച്ചു.
ആൽമരത്തിലെ വവ്വാലുകൾ അപശബ്ദങ്ങൾ പുറപ്പെടുവിച്ച് ആ വീടിനു ചുറ്റും പറക്കാന്‍ തുടങ്ങി. അവ
എന്തോ കണ്ടു ഭയന്നിരിക്കണം. പെട്ടെന്ന് ശക്തമായ മഴ പെയ്യാന്‍ തുടങ്ങി.ശക്തമായ കാറ്റില്‍ ആല്‍മരം ആടിയുലയുന്നുണ്ടായിരുന്നു. ഇറയിലൂടെ ഒലിച്ചിറങ്ങുന്ന മഴ വെള്ളത്തിന് രക്തത്തിൻറെ നിറമായിരുന്നു. നാലുകെട്ടിൻറെ നടുത്തളമാകെ രക്തം കെട്ടി നിൽക്കുന്ന പോലെ അയാള്‍ക്കു തോന്നി.
വലിയ ശബ്ദത്തോടെ ആൽമരത്തിൻറെ ഒരു ശിഖരം ആ മഴ വെള്ളത്തിലേക്കു വീണു. വവ്വാലുകൾ പിന്നെയും ഭയചകിതരായി ആ വീടിനു ചുറ്റും പറക്കാന്‍ തുടങ്ങി. അയാള്‍ ബംഗാളികളുടെ സഹായത്തോടെ പൂട്ടിക്കിടക്കുന്ന പ്രധാന ഹാളിൻറെ വാതില്‍ തുറന്നു. ഒരു പറ്റം വവ്വാലുകൾ പുറത്തേക്ക് പറന്നു പോയി.
(തീർന്നില്ല )
No comments:
Post a Comment