8. തകർന്ന ഹൃദയവും പേറി ഈ നാൽക്കവലയിൽ.
"നോക്കൂ മിസ്റ്റര്‍ കണ്ണൻ....!"
ഡോക്ടര്‍ പറയാന്‍ തുടങ്ങി.
" പേഷ്യന്റ് ഇപ്പോള്‍ കുറച്ചു വയലൻറാണ്. നോർമലാവുന്നതു വരെ കടുത്ത നിരീക്ഷണത്തിലും "
" അതു കൊണ്ടു തന്നെ അയാളെ തനിയെ ഒരു സെല്ലിൽ പൂട്ടിയിടുകയല്ലാതെ ഞങ്ങള്‍ക്കു നിവൃത്തിയില്ലായിരുന്നു......!"
"ഒന്നു കാണാനെങ്കിലും....? "
ഞാന്‍ ഡോക്ടറുടെ മുഖത്തേക്കു നോക്കി.
" ഉം. ......അൽപനേരം ഇരിക്കൂ........"
ഡോക്ടര്‍ മേശപ്പുറത്തിരുന്ന ബെല്ലിൽ കൈ അമര്‍ത്തി.
അതിൻറെ ശബ്ദം മുറിയിലാകെ പ്രതിധ്വനിച്ചു.
ഡോക്ടര്‍ വീണ്ടും ആ തടിച്ച പുസ്തകത്തിലേക്കു തല താഴ്ത്തി.
ഞാന്‍ അവിടെ നിന്നെണീറ്റ് ചുമരിനോട് ചാരിയിട്ടിരുന്ന കസേരയില്‍ ഇരുന്നു.
ഭാസ്കരന്‍ റൂമിനു വെളിയിലേക്കും.
ഞാന്‍ കണ്ണടച്ചിരുന്നു. എന്റെ മനസ്സില്‍ അമ്മയുടെയും ശേഖരേട്ടൻറെയും മുഖം മാറി മാറി വന്നു കൊണ്ടിരുന്നു.
" സർ. ..........!"
പെട്ടെന്നൊരു സ്ത്രീ ശബ്ദം എൻറെ ചിന്തകളെ മുറിച്ചു.
ഡോക്ടറുടെ മുന്നില്‍ ഒരു നഴ്സ് വന്നു നിൽക്കുന്നുണ്ടായിരുന്നു.
ഡോക്ടര്‍ പുസ്തകത്തിൽ നിന്നുംതലയുയർത്തി.
" ങ്ഹാ. .......സിസ്റ്റര്‍ ഇവർക്ക് ആ ഏഴാം നമ്പര്‍ സെല്ലിലെ പേഷ്യന്റിനെ ഒന്ന് കാണിച്ചു കൊടുക്കാമോ? .."
" ശരി ഡോക്ടര്‍. അവര്‍ കയ്യിലുള്ള ഫയലുകള്‍ മേശപ്പുറത്തു വച്ചു.
" വരൂ........." അവര്‍ എന്നെ നോക്കി പറഞ്ഞു.
ഭാസ്കരന്‍ വരാന്തയിൽ ഇറങ്ങി നിൽക്കുന്നുണ്ടായിരുന്നു.
ഞങ്ങള്‍ നഴ്സിൻറെ പിന്നിലായി നടന്നു. നടന്നു നടന്ന് ഇരുപുറവും പൂട്ടിയിടപ്പെട്ട സെല്ലുകളുള്ള ഒരു ഇടനാഴിയിലെത്തി. ഓരോ സെല്ലിലും ഒന്നിലധികം പേരുണ്ടായിരുന്നു. മാനസികനില തകര്‍ന്നു പോയവർ.
അവര്‍ എന്തൊക്കെയോ ശബ്ദങ്ങള്‍ പുറപ്പെടുവിക്കുന്നുണ്ടായിരുന്നു. ചിലര്‍ എല്ലാം മറന്ന് പാടുകയാണ്. മറ്റുള്ളവർ അതിനു താളം പിടിക്കുന്നുമുണ്ട്.
അൽപം കൂടി മുൻപോട്ട് നടന്നപ്പോൾ സെല്ലുകളിൽ ഒന്നോ രണ്ടോ പേര്‍ മാത്രമായി തുടങ്ങി.
ഞങ്ങള്‍ ഏഴാം നമ്പര്‍ സെല്ലിന്റെ മുന്നിലെത്തി. സെല്ലിന്റെ മൂലയില്‍ ഒരാള്‍ കൂനിക്കൂനി ഇരിക്കുന്നുണ്ടായിരുന്നു. ഇരുത്തത്തിൻറെ രൂപം കൊണ്ട് തന്നെ ശേഖരേട്ടനെ ഞാന്‍ തിരിച്ചറിഞ്ഞു.
അന്ന് പാടത്തിരുന്നു വിതുമ്പിക്കരഞ്ഞ അതേ രൂപം.
" ശേഖരേട്ടാ........!"
ഞാന്‍ പതുക്കെ വിളിച്ചു.
ശേഖരേട്ടൻ പതുക്കെ തലയുയർത്തി.
"സെല്ലൊന്നു തുറക്കാന്‍ കഴിയില്ലേ സിസ്റ്റര്‍. ...? "
"സോറി, വയലൻറായ രോഗികളെ തുറന്നു വിടാന്‍ പറ്റില്ല. അവര്‍ എപ്പോഴാണ് അക്രമാസക്തരാവുക എന്നു പറയാന്‍ കഴിയില്ലല്ലോ. .! ! ?"
ശേഖരേട്ടൻറെ താടിയും മുടിയും എല്ലാം ഒരുപാട് വളർന്നിട്ടുണ്ട്.
ഞാന്‍ അയാളെത്തന്നെ കുറെ നേരം നോക്കി നിന്നു.
എന്താണ് ഞാനയാളോടു പറയേണ്ടത്. ?.
" നമ്മുടെ അമ്മ മരിക്കാന്‍ കിടക്കുകയാണെന്നോ....? "
" നിങ്ങളുടെ ഭാര്യ നിങ്ങളെ കാത്തിരിക്കുന്നുണ്ടെന്നോ....? "
നമ്മുടെ പാടമാകെ കാടു മൂടി കിടക്കുകയാണെന്നോ?
ശേഖരേട്ടൻ വളർത്തിയിരുന്ന കിളികളോരോന്നായി ചത്തു പോയെന്നോ...?
ഞാന്‍ എന്താണിയാളോടു പറയേണ്ടത്?
" ഛെ. .. എന്താണിത്? . നീയെന്താ കരയുകയാണോ..? "
ഭാസ്കരന്‍ പറഞ്ഞപ്പോഴാണ് ഞാന്‍ കരയുകയായിരുന്നെന്ന് മനസ്സിലായത്.
ഞാന്‍ കണ്ണു തുടച്ചു.
" പോവാം. .? "
ഭാസ്കരന്‍ എന്റെ കൈ പിടിച്ചു.
"ഭക്ഷണമൊക്കെ. ..? "
ഞാന്‍ സിസ്റ്ററോടു
ചോദിച്ചു.
" കഴിക്കുന്നുണ്ട്. ഇപ്പോള്‍ ഗുളിക കഴിച്ചതിൻറെ തളർച്ചയിലാണ്.
എപ്പോഴാണ് അക്രമാസക്തരാവുക എന്നു പറയാന്‍ പറ്റില്ല. അതു കൊണ്ടാണ് സെല്‍ തുറക്കാന്‍ പറ്റില്ല എന്ന് പറയുന്നത് "
സിസ്റ്റര്‍ പറഞ്ഞു നിർത്തി.
ഭാസ്കരന്‍ കൈയിലുള്ള പ്ലാസ്റ്റിക് കവറില്‍ നിന്നും എന്തൊക്കെയോ സാധനങ്ങള്‍ പുറത്തേക്ക് കൈ നീട്ടിയിരിക്കുന്ന രോഗികള്‍ക്കു കൊടുക്കുന്നുണ്ടായിരുന്നു.
അവരെല്ലാം വലിയ സന്തോഷത്തിലാണെന്ന് അവരുടെ ഉയരുന്ന ശബ്ദം കേട്ട് എനിക്ക് തോന്നി.
" നിങ്ങള്‍ക്ക് നിർബന്ധമാണെങ്കിൽ കൊണ്ട് പോവാം. ..."
"എനിക്ക് യാതൊരു ഗ്യാരണ്ടിയും തരാനാവില്ല...."
"ശേഷം വരുന്ന അത്യാഹിതങ്ങൾക്ക് ഞാനോ ആശുപത്രിയോ ഉത്തരവാദിത്വം ഏൽക്കുകയുമില്ല..."
" എന്താ കൊണ്ട് പോവുന്നോ ജേഷ്ഠനെ..? "
ഡോക്ടര്‍ എൻറെ മുഖത്തേക്കു നോക്കി ചോദിച്ചു.
" എനിക്ക് മനസിലാവുന്നുണ്ട് നിങ്ങളുടെ പ്രയാസം. ഞാന്‍ മാക്സിമം ട്രൈ ചെയ്തു നോക്കാം. "
" ഏറിയാല്‍ ഒരു വര്‍ഷം. അതിനകം എന്തെങ്കിലും മാറ്റമുണ്ടാവാതിരിക്കില്ല."
" ഇപ്പോള്‍ നിങ്ങള്‍ ധൈര്യമായി വീട്ടിലേക്കു പോവുക"
"ഡോക്ടര്‍ എൻറെ പുറത്ത് തട്ടി പറഞ്ഞു.
എനിക്കു നെഞ്ചു പൊട്ടി തകര്‍ന്നു പോവുമോ എന്നു തോന്നിപ്പോയി.
ഞങ്ങള്‍ പതുക്കെ അവിടെ നിന്നും പുറത്തിറങ്ങി. ഭാസ്കരന്‍റെ പിറകില്‍ നടക്കുമ്പോൾ അമ്മയുടെയും ശേഖരേട്ടൻറെയും മുഖങ്ങള്‍ മാറി മാറി എൻറെ മനസ്സില്‍ വന്നു കൊണ്ടിരുന്നു.
ആ പൂച്ചക്കണ്ണുകൾ. .....
അവയെന്താണ് എന്നോട് വിളിച്ചു പറയുന്നത്.
"പോവാം ........? "
ഗേറ്റിനു പുറത്തു കടന്നപ്പോൾ ഭാസ്കരന്‍ വീണ്ടും പറഞ്ഞു.
" എങ്ങോട്ട്.....?
എങ്ങോട്ടാണ് ഭാസ്കരാ ഞാനിനി പോവേണ്ടത് എനിക്ക് ചോദിക്കണമെന്നു തോന്നി.
ഞാന്‍ ആ കവലയിൽ നിന്ന് ഹൃദയം തകർന്നു പൊട്ടിക്കരഞ്ഞു.
(അവസാനിച്ചു. )
No comments:
Post a Comment