ആഞ്ഞിലി മരം
==============
" നാരായണാ നീ നിന്റെ മതിലിൽ നിൽക്കുന്ന ആഞ്ഞിലി മരത്തിൻറെ എൻറെ തൊടിയിലേക്കു തൂങ്ങിയ കൊമ്പൊന്നു വെട്ടിത്തരണം...."
ഗണേശന്‍ താഴ്മയോടെ വന്നു പറഞ്ഞപ്പോൾ നാരായണന്‍ പഴയ മാടമ്പിയായി. നാഴികക്ക് നാല്പതു വട്ടം താൻ നെറികെട്ടവനും പിശുക്കനുമാണെന്ന് അങ്ങാടിയിൽ പാടി നടക്കുന്ന ദരിദ്രവാസിയായ അയൽവാസി. അവസാനം അവന്‍ എൻറെ കാൽചുവട്ടിൽ തന്നെ എത്തി.
" നിനക്കെന്താ അതുകൊണ്ട് ബുദ്ധിമുട്ട്. മതിലിലല്ലേ .. നിൻറെ മടിയിലൊന്നുമല്ലല്ലോ മരം നിൽക്കുന്നത്. ..?
നാരായണന്‍ പുഛത്തോടെ ചോദിച്ചു.
" അതെങ്ങാനും കാറ്റില്‍ ഒടിഞ്ഞു വീണാൽ എൻറെ അടുക്കള നിലം പൊത്തും..."
"ഓ അതാണോ കാര്യം. തൽക്കാലം ഞാനത് മുറിക്കാൻ ഉദ്ദേശിക്കുന്നില്ല.
നീ വലിയ ബന്ധങ്ങളും പിടിപാടുമൊക്കെ ഉള്ള ആളല്ലേ. ..അങ്ങോട്ടു കേസു കൊടുക്ക്...എന്നിട്ടെന്നെയൊന്നു തോൽപിക്ക്..."
നാരായണന്‍ കളിയാക്കിക്കൊണ്ടു പറഞ്ഞു.
അനുനയത്തിൻറെ വാതില്‍ അടഞ്ഞപ്പോൾ ഗത്യന്തരമില്ലാതെ ഗണേശന്‍ പഞ്ചായത്തിലും പോലീസ് സ്റ്റേഷനിലും ഓരോ പരാതി നല്‍കി.
അന്വേഷിച്ചു വന്നവരെ നാരായണന്‍ സ്വാധീനിച്ചു മടക്കി അയച്ചു.
ഗണേശന്‍ പിന്നെയും പരാതി നല്‍കി. പഞ്ചായത്തിൽ നിന്നും കൊമ്പുവെട്ടാൻ നോട്ടീസ് നല്‍കിയിട്ടും നാരായണന്‍ കുലുങ്ങിയില്ല. അതോടെ വിഷയം നാട്ടുകാർ ഏറ്റെടുത്തു.
നാട്ടുകാർ ഇടപെട്ടതോടെ പഞ്ചായത്തുകാർ കൂറുമാറി. അവര്‍ പിന്നീട് വന്നത്. സ്ഥലം അളക്കാൻ ഉള്ള സാമഗ്രികളുമായി.
അവര്‍ രണ്ടു പേരുടെയും ഭൂമി അളക്കാൻ തീരുമാനിച്ചു.
നാരായണന്‍റെ തൊടിയിൽ അളന്നളന്ന് ആഞ്ഞിലി മാത്രമല്ല മതിലു തന്നെ കൈവിട്ടു പോവുമെന്നായപ്പോൾ നാരായണന്‍ അപകടം മണത്തു.
" അളവു നിർത്തിക്കോളൂ....കൊമ്പല്ല ഞാന്‍ മരം തന്നെ മുറിച്ചു കളഞ്ഞോളാം.....
അവൻ പറഞ്ഞു.
ഗണേശന് സമ്മതമായിരുന്നെങ്കിലും നാട്ടിലെ യുവാക്കള്‍ സമ്മതിച്ചില്ല.
"മുഴുവന്‍ അളന്നു അതിരും തിരിച്ചിട്ടു പോയാല്‍ മതി "
അളവു തീർന്നു.
നാരായണന്‍റെ മതിലും ആഞ്ഞിലി മരവും ഗണേശന്‍റെ തൊടിയിലായി.
പിന്നെ ആഘോഷപൂർവം മരം മുറിച്ച് ഗണേശന്‍റെ വിറകുപുരയിലാക്കി. മതിലു പൊളിച്ചു നാരായണന്‍റെ തൊടിയിലേക്കിട്ടു. അതിരും തിരിച്ചു.
നാരായണന്‍റെ തുറന്നു പിടിച്ച വായിൽ ഈച്ച കയറിയിട്ടും അവന്‍ അറിഞ്ഞിട്ടില്ലെന്നു തോന്നുന്നു.
No comments:
Post a Comment