Saturday, November 28, 2015

നിലാവില്‍ തിളക്കാത്ത ജീവിതങ്ങൾ 1

1 .അമ്മ .

"കണ്ണാ. ............

കണ്............ണാ......"

അമ്മ വിളിക്കുകയാണ്.ഞാന്‍  ഉമ്മറത്തിണ്ണയിൽ  എപ്പോഴും  അമ്മ  പറയുന്നത്  പോലെ  മറ്റേതോ ലോകത്തായിരുന്നു.

" അമ്മ  അന്വേഷിക്കുന്നു"

ഒരു  പതുങ്ങിയ ശബ്ദം  പിന്നില്‍ നിന്നും  മന്ത്രിച്ചു.ശോഭേച്ചിയാണ്.ശേഖരേട്ടൻറെ
ഭാര്യ. ഞാന്‍  എണീറ്റു. പതുക്കെ  അമ്മ  കിടക്കുന്ന മുറിയിലേക്കു കയറി.

ഒന്ന്  ചുമക്കാൻ പോലും  അമ്മ  നന്നായി  ക്ലേശിക്കുന്നുണ്ട്. തിളങ്ങുന്ന  ആ  പൂച്ചക്കണ്ണുകൾ. അത്  രണ്ടു കുഴികളിൽ  ആണ്ടു കിടക്കുന്നു. ഒന്നു മങ്ങിയിട്ടുണ്ടെങ്കിലും  അതിപ്പോഴും  തിളങ്ങുന്നുണ്ടെനിക്കു തോന്നി.

ആകെ  എല്ലും  തൊലിയുമായിരിക്കുന്നു അമ്മ.
മുറിയിലാകെ  മരുന്നുകളുടെയും മൂത്രത്തിൻറെയും  കൂടിക്കുഴഞ്ഞ മണം. ഞാന്‍  അടുത്തുള്ള  സ്റ്റൂൾ വലിച്ചു  അമ്മയുടെ  കട്ടിലിനു  ചാരിയിട്ടിരുന്നു.
മെല്ലിച്ച  സ്വയം  ഒന്നുയർത്താൻ പോലുമാവാത്ത  കൈകളില്‍  മെല്ലെ  തഴുകി.

" അമ്മേ. ......... അമ്മേ. ......

മുകളിലേക്കു  നോക്കി  കിടക്കുകയാണമ്മ.

" അമ്മേ,  ഇത്  ഞാനാണ്  കണ്ണൻ."

എനിക്കെൻറെ ശബ്ദം  എവിടെയൊക്കെയോ തടസ്സപ്പെടുന്നതായി തോന്നി. അമ്മക്ക്  ചിലപ്പോള്‍  ആളെ  തിരിച്ചറിയാതാവും.
ചിലപ്പോള്‍  കണ്ണില്‍ നിന്നും  കണ്ണുനീർ  ചാലിട്ടൊഴുകുന്നത് കാണാം.  ആ ചുണ്ടുകള്‍  എന്തോ  പറയാന്‍  വെമ്പുന്നതും.

" എന്താമ്മേ.........  ?"

ഞാന്‍  പലപ്പോഴും  ചോദിച്ചിട്ടുണ്ട്. അവര്‍  എന്റെ  കണ്ണുകളിലേക്കു  തുറിച്ചു   നോക്കും. ശേഖരേട്ടൻ നോക്കുന്നത് പോലെ.  ആ പൂച്ചക്കണ്ണുകൾ,  അതെന്നോടെന്തൊക്കെയോ  വിളിച്ചു പറയുന്നുണ്ട്.  പിന്നവർ ഒന്നുമില്ലെന്ന പോലെ  പതുക്കെ  തലയാട്ടും . കണ്ണുകള്‍ ഇറുക്കിയടക്കും.

"അമ്മേ. ............"

ഞാന്‍  വീണ്ടും  വിളിച്ചു.

അവര്‍  പതുക്കെ  കണ്ണു തുറന്നു. അവരുടെ  കണ്ണുകള്‍  മച്ചിലേക്കു നോക്കുകയാണ്. അവിടെയെന്തോ കാണുമ്പോലെ.

പെട്ടെന്ന്  അമ്മ  കരയാൻ തുടങ്ങി. ചാലിട്ടൊഴുകുന്ന കണ്ണുനീരു കൊണ്ട്  മാത്രം  തിരിച്ചറിയുന്ന കരച്ചില്‍.  ആ  ചുണ്ടുകള്‍  എന്തോ പറയാന്‍ വെമ്പുന്നതും  ഞാന്‍  കണ്ടു.

"എന്താമ്മേ. ........?"

അമ്മ പതുക്കെ  തലതിരിച്ച്  എന്നെ നോക്കാന്‍  തുടങ്ങി.  ആ നീല  പൂച്ചക്കണ്ണുകൾ. ഞാനവയിലേക്കു  തന്നെ നോക്കിയിരുന്നു. അൽപം കഴിഞ്ഞപ്പോൾ അവര്‍  വീണ്ടും  മുകളിലേക്കു നോക്കാന്‍  തുടങ്ങി. അപ്പോള്‍  അമ്മ  കരയുന്നുണ്ടായിരുന്നില്ല. അവര്‍  എന്തോ  ആലോചിക്കുകയാണ്.
ഞാന്‍  ദീനമായ ആ മുഖത്തേക്കു തന്നെ  നോക്കിയിരുന്നു.

പതുക്കെ  ആ ചുണ്ടുകള്‍  ചലിച്ചു. .....

മന്ത്രിക്കും  പോലെ  അവർ പറഞ്ഞു. ....

"ശേഖരൻ".........

അമ്മ  അങ്ങനെ  പറഞ്ഞുവോ......

അതോ  എനിക്ക്  തോന്നിയതോ.....

ഞാന്‍  വീണ്ടും  ആ  മുഖത്തേക്കു  സൂക്ഷിച്ചു നോക്കി. അവർ കണ്ണടച്ചു  കിടക്കുകയാണ്.

" ഞാന്‍  ഇപ്പോള്‍  തന്നെ  പോവ്വാമ്മേ,
ശേഖരേട്ടൻറെ  അടുത്തേക്ക്. ഏട്ടനെ  കൂട്ടിക്കൊണ്ടു വരാന്‍. ......"

അവർ  കണ്ണടച്ചു  കിടക്കുക തന്നെയാണ്.
ഞാന്‍  അമ്മയുടെ  കൈയില്‍ നിന്നും  കൈ  എടുത്തു. പുറത്തേക്ക്  നടന്നു.

ശേഖരേട്ടൻ.

ശേഖരേട്ടനെ കൊണ്ട്  വരണം.

No comments:

Post a Comment