Saturday, November 28, 2015

നിലാവില്‍ തിളക്കാത്ത ജീവിതങ്ങൾ 2


2 ശേഖരേട്ടൻ.

പുറത്തേക്കിറങ്ങുമ്പോൾ  പിന്നില്‍ നിന്നും  ആരുടെയോ  തേങ്ങൽ. ഞാന്‍  തിരിഞ്ഞു നിന്നു.  ശോഭേച്ചിയാണ്.

"കണ്ണാ......."

" നീ  ശേഖരേട്ടനെ  കൊണ്ടരാൻ പോവ്വാണോ .....?"

ഞാന്‍  മറുപടിയൊന്നും പറഞ്ഞില്ല. എന്തെങ്കിലും  പറയുമെന്ന്  കരുതിയാവണം അവർ അവിടെത്തന്നെ  നിന്നു. ഒന്നും  പറയാത്തതിനാലാവണം
അൽപം  കഴിഞ്ഞപ്പോൾ  അവര്‍  പതുക്കെ  അകത്തേക്ക്  നടന്നു  പോകുന്ന ശബ്ദം കേട്ടു.

ഞാന്‍  അപ്പോള്‍  ശേഖരേട്ടൻറെ  വിവാഹം  ഓർക്കുകയായിരുന്നു .

ശങ്കുവമ്മാവനാണ്  ശേഖരേട്ടനെ കൊണ്ട്  ഒരു  കല്യാണം  കഴിപ്പിക്കുവാൻ അമ്മയോട്  ആവശ്യപ്പെട്ടത്.

ഭ്രാന്തനായ ശേഖരേട്ടൻ.  വേനല്‍കാലത്തായിരുന്നു ശേഖരേട്ടനു മനസിളകിയിരുന്നത്. പാടത്തും , തൊടിയിലും  വിയർപ്പൊഴുക്കുന്ന ശേഖരേട്ടൻ. വലിയ  കൂടുകളുണ്ടാക്കി  കുട്ടികളെ  പോലെ  ലൗ ബേർഡ്സിനെ വളർത്തിയിരുന്ന ശേഖരേട്ടൻ.  അവക്ക് തീറ്റയായി തെന കൊടുക്കുമ്പോൾ,  ചെറിയ  ചെറിയ  പാത്രങ്ങളിൽ വെള്ളം  വച്ചു  കൊടുക്കുമ്പോൾ  എല്ലാം  ആ മനസ് വല്ലാതെ  ആഹ്ളാദിച്ചിരുന്നു.

ആ കൂടുകളിൽ വിരിയുന്ന  ഓരോ  കിളിക്കുഞ്ഞിനേയും സ്വന്തം  കുഞ്ഞുങ്ങളെ പോലെ  കരുതി ശേഖരേട്ടൻ.  ആരോടും  അധികം  സംസാരിക്കാത്ത ശേഖരേട്ടൻ.  പക്ഷേ  ആ കിളികളോടു മാത്രം  ചില  ശബ്ദങ്ങളിലൂടെ നിരന്തരം  സംസാരിച്ചു.

വേനല്‍കാലമാവുമ്പോൾ, അന്തരീക്ഷം  ചൂടു  പിടിക്കുമ്പോൾ  ശേഖരേട്ടൻ  അക്രമാസക്തനാവും. കിളികളും  കിളിക്കൂടുമെല്ലാം ആ മനസിൽ നിന്ന്  മാഞ്ഞു  പോവും.
പെട്ടെന്നാണ്  ബുദ്ധി  മറിയുക. പിന്നെ  പാടത്ത് പണിയാന്‍  രാവിലെ  പുറപ്പെട്ടാൽ  നേരമിരുട്ടിയാലും വരാതാവും.  ഞാന്‍  ചെന്നു  വിളിച്ചാൽ
മാത്രം  വീട്ടിലേക്കു  മടങ്ങി  വന്നിരുന്ന  ശേഖരേട്ടൻ.
താന്‍  ഓമനിച്ചു വളർത്തിയ വാഴയും  കപ്പയുമെല്ലാം വെട്ടി  നിരത്തിയിട്ടുണ്ടായിരിക്കും. തടുക്കാന്‍  ചെല്ലുന്നവരോടൊക്കെ  ഒരു  തരം  പകയാണ്. മൂന്നാൾ പിടിച്ചാലും  ഒതുങ്ങാത്ത  ആരോഗ്യമായിരുന്നു ശേഖരേട്ടന്. അതുകൊണ്ട് തന്നെ  ശേഖരേട്ടൻ  എന്തു ചെയ്താലും   ആരുമൊന്നും ചോദിക്കാനും പറയാനും  നിൽക്കാറില്ല.

ഉള്ളില്‍  ഭയമുണ്ടെങ്കിലും ഞാന്‍  ചെന്നു  വിളിക്കും.  നന്നായിണങ്ങിയ ആട്ടിന്‍കുട്ടിയെ പോലെ  ശേഖരേട്ടൻ  എൻറെ  കൂടെ വരും.

ഒരു ദിവസം  ഉച്ചനേരത്ത് ഞാന്‍  ചെന്നു വിളിച്ചു.  ശേഖരേട്ടൻ  തൂമ്പയെടുത്ത്  കിളക്കുകയായിരുന്നു. സർവശക്തിയുമെടുത്തുള്ള കിള.  ആരോടോ  പക തീർക്കുന്ന പോലെ.

"ഏട്ടാ. ..........."

ഞാന്‍  വിളിച്ചു.

എന്നെ  ശ്രദ്ധിക്കാത്ത പോലെ  ആഞ്ഞാഞ്ഞു കിളക്കുകയാണ്.

" ശേഖരേട്ടാ. ............"

ഞാന്‍  അൽപം  ശബ്ദമുയർത്തി.

പെട്ടെന്ന്  കിള നിന്നു. ശേഖരേട്ടൻ  നന്നായി  കിതക്കുന്നുണ്ടായിരുന്നു. ഒരപരിചിതനെയെന്നവണ്ണം  ശേഖരേട്ടനെന്നെ തുറിച്ചു  നോക്കുകയാണ്. എനിക്ക്  കുറേശ്ശെ  ഭയം തോന്നി.

പക്ഷെ  അല്പം  കഴിഞ്ഞപ്പോൾ  അവിടെ തന്നെ ഇരുന്ന്  കാലുകള്‍ക്കിടയിൽ തല  പൂഴ്ത്തി   ഏങ്ങിയേങ്ങി കരയുന്ന  ശേഖരേട്ടനെയാണ് ഞാന്‍  കണ്ടത്. ഞാന്‍  പതുക്കെ  അടുത്തു ചെന്നു.

ആ  ബലിഷ്ഠമായ  പുറത്തു  തഴുകി  ആശ്വസിപ്പിച്ചു.

"വീട്ടിലേക്ക്  പോവാം. ........."

ഞാന്‍  പറഞ്ഞു.  പക്ഷേ  ഒന്നും  കേൾക്കാത്തതുപോലെ  ശേഖരേട്ടൻ  ആ പാട വരമ്പിലിരുന്ന് ഏങ്ങിയേങ്ങി  കരഞ്ഞു.

ഒടുവില്‍  തോറ്റ്  ഞാന്‍  വീട്ടിലേക്കു  നടന്നു.   പാടത്ത്    നിന്നും  തൊടിയിലേക്കു  കയറിയപ്പോൾ വീണ്ടും  കിളക്കുന്ന ശബ്ദം  കേൾക്കാൻ  തുടങ്ങി.  ശേഖരേട്ടൻ  പണി  പുനരാരംഭിച്ചിരിക്കുന്നു.

പൂർവാധികം ശക്തിയോടെ.

പൂർവാധികം പകയോടെ........

പിന്നീടൊരിക്കലും സന്ധ്യക്കല്ലാതെ  ഞാന്‍  ശേഖരേട്ടനെ  വിളിക്കാൻ  പാടത്തേക്കു പോയിട്ടില്ല.

കഴിക്കാന്‍  ഒരുപാട്  ഗുളികകൾ തന്നിരുന്നു. ശേഖരേട്ടനെ പരിശോധിച്ച ഡോക്ടര്‍.  എനിക്ക്  വേണ്ടി,  ഞാന്‍  നിർബന്ധിക്കുമ്പോൾ മാത്രം   ശേഖരേട്ടൻ  അതെല്ലാം  കഴിച്ചു.
പിന്നെ  തളർച്ചയാണ്. നിവർന്നു  നിൽക്കാൻ  ശേഷിയില്ലാത്തത്ര ശേഖരേട്ടൻ  തളരും. ആ കണ്ണുകള്‍  ദീനമായിട്ടെന്നെ നോക്കും.

പിന്നെ  പിന്നെ  ആ ഗുളികകൾ  ഓരോന്നോരോന്നായി ഞാന്‍  തന്നെ  തൊടിയിലേക്കു  വലിച്ചെറിഞ്ഞു.

No comments:

Post a Comment