രക്ത ദാഹി 7
============
ഭായ് സാബ് ....... ഭായ് സാബ്. .......
ബംഗാളികൾ അയാളെ തട്ടി വിളിച്ചു. അയാൾ ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്നു. ജോ യും കയ്യിലെ വാളുമെല്ലാം അപ്രത്യക്ഷമായിരിക്കുന്നു.
താനിത് വരെ കണ്ടതെല്ലാം സ്വപ്നമായിരുന്നോ. . ..?
പക്ഷേ താന്‍ കണ്ടത് വെറുമൊരു സ്വപ്നമായിരുന്നില്ല. ഗ്ലോറിയയെ ആരാണ് വധിച്ചതെന്നു തനിക്കറിയാം. ഘാതകനെയും.
അയാള്‍ എണീറ്റു കുറച്ചു വെള്ളം കുടിച്ചു. താനാകെ വിയർപ്പിൽ മുങ്ങിയിരിക്കുന്നു. ഒരു പക്ഷെ ജോ നാളെ തന്നെയും അപായപ്പെടുത്തിയേക്കും എന്നാണോ ആ സ്വപ്നത്തിൻറെ സൂചന. പിന്നീട് അയാള്‍ക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല. അയാള്‍ ഇരുന്നും നടന്നും അൽപം കിടന്നും ഒരു വിധം നേരം വെളുപ്പിച്ചു.
നേരം പുലർന്നതോടെ അയാള്‍ വീണ്ടും ലൈബ്രറി റൂം തുറന്നു. കമിഴ്ന്നു കിടക്കുന്ന ഷെൽഫുകൾ. തന്നെ ആരോ അങ്ങോട്ട് ആനയിക്കുകയാണെന്നയാൾക്കു തോന്നി. അതാ അവിടെ ഏറ്റവും അവസാനം കിടക്കുന്ന ഷെൽഫിനു പിറകില്‍ പത്രക്കെട്ടു പോലെ എന്തോ ഒന്ന്. അയാള്‍ ഷെൽഫുകളെ ചാടിക്കടന്ന് ആ പത്രക്കെട്ടെടുത്തു. അത് ആ വീടിന്റെയും ചുറ്റുമുള്ള തോട്ടങ്ങളുടെയും രേഖകള്‍ ആയിരുന്നു. അയാള്‍ അതുമെടുത്ത് പുറത്തിറങ്ങി. ഓരോ പേജുകള്‍ മറിച്ചു തുടങ്ങി.
ഫോണ്‍ ബെൽ മുഴങ്ങി. അതു ഡോക്ടറുടെ കോൾ ആയിരുന്നു.
"ഞാന്‍ അങ്ങോട്ടു വരുന്നു......"
മറ്റെന്തെങ്കിലും മറുപടി പറയുന്നതിന് മുൻപു കോൾ കട്ടായി.
മുറ്റത്തേക്ക് ഒരു വെളുത്ത ബെൻസ് ഒഴുകിയെത്തി. അതുകണ്ടു ഭയന്നിട്ടെന്ന പോലെ ആൽമരത്തിലെ വവ്വാലുകൾ കൂട്ടമായി മുകളിലേക്കു പറന്നുയർന്നു.
കാറിൽ നിന്നും ശുഭ്രവസ്ത്രധാരിയായ സുമുഖനായൊരു ചെറുപ്പക്കാരൻ അയാളെ നോക്കി പുഞ്ചിരിച്ചു. പക്ഷേ ആ ചിരി ഒരു കൊലച്ചിരിയായിട്ടാണ് അയാള്‍ക്ക് തോന്നിയത്. അയാള്‍ ഇന്നലെ രാത്രി വാളും പിടിച്ചു അട്ടഹസിക്കുന്ന മുഖം ഓർത്തെടുത്തു.
അത് ജോ ആയിരുന്നു
ജോ ജോൺ ഡാനിയേല്‍ മെൻഡിസ്
ഗ്ലോറിയയുടെ ഘാതകന്‍.
അയാള്‍ കാറിൽ നിന്നും ആ മുറ്റത്തേക്കു കാലെടുത്തു വച്ചതും അതിശക്തമായ കാറ്റടിക്കാൻ തുടങ്ങി. ആൽമരത്തിൻറെ ശിഖരങ്ങൾ ആടിയുലഞ്ഞു. വീടിന്റെ ജനലുകൾ ശക്തമായ കാറ്റില്‍ തുടരെ വന്നടയുന്ന ശബ്ദം മുഴങ്ങി. ആ നാലുകെട്ടിനു ചുറ്റും നായ്ക്കൾ ഓരിയിടാൻ തുടങ്ങി. പെട്ടെന്ന് ആകാശം മേഘാവൃതമാവാൻ തുടങ്ങി.
വെയില്‍ മാഞ്ഞു. അവിടമാകെ ഇരുട്ടു മൂടി. പ്രകൃതിയുടെ പെട്ടെന്നുള്ള മാറ്റം അയാളെ ചകിതനാക്കി. അന്നാദ്യമായി അയാള്‍ അതിരാവിലെ ഇടിമിന്നലോടെ മഴ പെയ്യുന്നതു കണ്ടു. ശക്തമായ മഴ.
ജോ പുറത്തു വച്ച കാൽ കാറിനകത്തേക്ക് തന്നെ എടുത്തു വച്ചു.
ആ രേഖകള്‍ കയ്യില്‍ പിടിച്ചു നിൽക്കുന്ന അയാളെ കൈകാട്ടി വിളിച്ചു. ആ പെരുമഴയത്ത് ശക്തമായ കാറ്റില്‍ ആടിയുലഞ്ഞ് ഒരു മദ്യപാനിയെ പോലെ അയാള്‍ കാറിനടുത്തേക്ക് നടന്നു. ആ രേഖകള്‍ അയാളുടെ കയ്യില്‍ നിന്നും ജോ തട്ടിപ്പറിച്ചു.
അയാള്‍ അട്ടഹസിച്ചു ചിരിച്ചു. ആ പെരുമഴയത്തും അയാളുടെ ചിരി അവിടെ പ്രകമ്പനം സൃഷ്ടിച്ചു.
" ഗുഡ്. ....ഞാന്‍ നീയിതിന് വില പേശുമെന്നാണ് കരുതിയത്. ...."
ജോ പതുക്കെ മന്ത്രിച്ചു.
"പറ എത്ര പണം വേണം നിനക്ക്. നാലു സിനിമകള്‍ ചെയ്യാവുന്ന അത്രയും പണം. .. അതിൽ കൂടുതല്‍. ..
വേഗം പറ ..വേറെയെന്താണ് നിനക്ക് വേണ്ടത്..?
അവന്‍ ചോദിച്ചു.
തന്റെ നാവു തളർന്നു പോയിരിക്കുന്നു. തനിക്കൊരക്ഷരം മറുപടി പറയാന്‍ സാധിക്കുന്നില്ല.
" ഓ കെ .....ഓ കെ. ...പെട്ടെന്നൊരു തീരുമാനം എടുക്കാന്‍ സാധിക്കുന്നില്ല അല്ലെ. ....വേണ്ട. ...ആലോചിച്ചു തീരുമാനിച്ചാൽ.. മതി. .."
ജോ തുടർന്നു.
"നിനക്ക് അർഹമായ പ്രതിഫലം അതു ഞാന്‍ തന്നിരിക്കും..."
ജോ കാർ മുറ്റത്തിട്ടു കറക്കി. നാലുകെട്ടിറങ്ങി പോവുന്ന ആ കാറിനെ
അയാള്‍ അമ്പരപ്പോടെ നോക്കി നിന്നു.
കാർ കാഴ്ചയില്‍ നിന്ന് മറഞ്ഞു.
അയാള്‍ സമനില വീണ്ടെടുത്തു. അയാള്‍ ഒരു യന്ത്രമെന്ന കണക്കെ കാർ
തിരിച്ചു പോയ വഴിയിലൂടെ അതിനു പിറകെ ഓടി.
തനിക്ക് മുന്നില്‍ ഒരു വെടിയുണ്ട കണക്കെ കുതിച്ചു പായുന്ന ആ കറുത്ത പൂച്ച. താഴെ വളഞ്ഞു പുളഞ്ഞു പോകുന്ന വഴിയിലൂടെ ആ കാർ ഒഴുകി നീങ്ങുന്നതയാൾ കണ്ടു. പെട്ടെന്നത് ഒരു പാറക്കഷ്ണത്തിൽ കയറി ഉയര്‍ന്നു പൊങ്ങുന്നതയാൾ മുകളിൽ നിന്നും കണ്ടു . കാറിൻറെ നിയന്ത്രണം അവനു നഷ്ടമായിരിക്കുന്നു. അത് റോഡിനരികിൽ ഉയര്‍ന്നു നിൽക്കുന്ന പാറക്കെട്ടുകളിൽ ഇടിച്ചു. പിന്നെ തലകീഴായി മറിഞ്ഞു. അത് താഴേക്ക് ഉരുണ്ടുരുണ്ടു പോവുന്നത് അയാള്‍ വ്യക്തമായി കണ്ടു. അയാള്‍ ഒരാത്തനാദത്തോടെ ആ കാറിനെ ലക്ഷ്യമാക്കി ഓടി.