മാന്ത്രിക വിരൽ 7
===================
🏊🏊🏊🏊
Final Part
"ഇനി ഇവിടെ ഈ കാലത്ത് ഈ രാജ്യത്ത് താമസിച്ചു കൂടെ....?"
ഭാഷയറിയുന്ന വൃദ്ധന്റെ ശബ്ദം കേട്ടാണ് വിപിൻ പ്രജ്ഞയിൽ നിന്നുണർന്നത്.
അവൻ ചിന്തയിലാണ്ടു.
നാട്, വീട്, ആധുനികമായ സൗകര്യങ്ങൾ , വീട്ടുകാർ,...
"ഇല്ല ... എനിക്ക് തിരിച്ചു പോവണം..... ഇത് എന്റെ കാലഘട്ടമല്ല..."
"താങ്കൾക്ക് ഒരായിരം കൊല്ലം ചിലപ്പോൾ ജീവിക്കാനായേക്കും... "
വൃദ്ധൻ വീണ്ടും പറഞ്ഞു.
വിപിൻ മറുപടി ഒന്നും പറയാതെ നിശബ്ദനായി.
ഒരു പക്ഷെ ശരിയായിരിക്കാം...
സുദീർഘമായ ഒരായുസ്.
പക്ഷെ... ഞാൻ .....
ഞാൻ ഇവിടെ ഏകനാണ്..
ഇവരിൽ നിന്നും തികച്ചും വ്യത്യസ്തനായ ഒരു ജീവി.
തിരിച്ചു പോവണം....
പക്ഷെ എങ്ങനെ...
വിചിത്രമായ അതിലുപരി ദീർഘമായ ഒരു യാത്രയിലൂടെയാണ് താനിവിടെ എത്തിയത്..
എങ്ങനെയാണ് എനിക്ക് തിരിച്ച് പോവാനാവുക.
അവൻ നിരാശനായി.
" നീ ഇവിടെ നിന്നും തിരിച്ചു പോവാൻ ഇഷ്ടപ്പെടുന്നുണ്ടോ. ......? "
മട്ടുപ്പാവിൽ നിന്നയാള്‍ വിളിച്ചു ചോദിച്ചു. അയാൾക്ക് സമീപം ആ വൃദ്ധനുമുണ്ടായിരുന്നു.
" അതേ. .......എനിക്ക് തിരിച്ചു പോവണം. ..........സഹായിക്കണം "
അവന് മറുപടി പറഞ്ഞു.
അകത്ത് വീണ്ടും സഭ സമ്മേളിക്കപ്പെട്ടു.
വ്യത്യസ്തമായ വസ്ത്രവും തലപ്പാവും ധരിച്ച ചിലർ രാജാവുമായി ദീർഘമായ സംഭാഷണത്തിൽ ഏർപ്പെട്ടു.
നിലത്ത് ദീർഘമായ കള്ളികളും വളയങ്ങളും സൂചകങ്ങളും വരച്ച് അവർ എന്തൊക്കെയോ കണക്ക് കൂട്ടുകയാണ്.
അതെ.
അവര്‍ അവനെ യാത്രയാക്കുന്നതിനായി ഒരുങ്ങാൻ തുടങ്ങിയിരിക്കുന്നു
മുറ്റത്ത് വലിയ ചതുരക്കളങ്ങൾ വരച്ച് അവരെന്തൊക്കെയോ വീണ്ടും വീണ്ടുംകണക്ക് കൂട്ടൽ നടത്തി, കൃത്യത വരുത്തി.
ചർച്ചകൾ അവസാനിച്ചിരിക്കുന്നു.
വിപിനെ തോളിലേറ്റി ഒരാള്‍ മുന്നില്‍ കടൽ ലക്ഷ്യമാക്കി നടന്നു.
പിന്നില്‍ പുതിയ രാജാവും ആ ജനങ്ങളും.
അവര്‍ കടൽ തീരത്തെത്തി.
സൂര്യന്‍ അസ്തമിക്കുന്നത് ക്ഷമയോടെ കാത്തിരുന്നു.
സൂര്യന്‍ ചുവന്ന ഗോളമായി കടലില്‍ മറഞ്ഞു.
കടൽ കൂടുതല്‍ ഇരമ്പിയാർക്കുന്നു.
ആളുകള്‍ പിരിഞ്ഞു പോയിത്തുടങ്ങുന്നത് വിപിന്‍ ഭയത്തോടെ തിരിച്ചറിഞ്ഞു.
ദൂരെ കടലിൻറെ അറ്റത്ത് വെളിച്ചത്തിൻറെ ഒരു നേർരേഖ തെളിഞ്ഞു വന്നു.
കാണെ കാണെ അതു വലുതായി തുടങ്ങി.
പൂർണചന്ദ്രനാണതെന്നവനു മനസ്സിലായി.
അവിടമാകെ നിലാവ് പരക്കാൻ തുടങ്ങി.
ഒരു വലിയ ഫുട്ബാള്‍ മൈതാനം പോലെ ചന്ദ്രന്‍ ഉയര്‍ന്നു വരുന്നത് വിപിന്‍ അത്യദ്ഭുതത്തോടെ നോക്കി നിന്നു.
അത് ഭൂമിയുമായി വളരെ അടുത്താണെന്നവനു തോന്നി.
സൂക്ഷിച്ചു നോക്കിയാൽ ചന്ദ്രനിലെ പാറക്കെട്ടുകളും മല മടക്കുകളുമെല്ലാം നഗ്ന നേത്രങ്ങൾ കൊണ്ട് കാണാനാവുന്ന ഒരു അത്യപൂർവ കാഴ്ച.
കൂടെ വന്നവരിൽ ഒരാള്‍ ഒഴികെ ബാക്കിയെല്ലാവരും പിരിഞ്ഞു പോയിക്കഴിഞ്ഞിരിക്കുന്നു.
അയാള്‍ ആ മണൽപരപ്പിൽ ചതുരക്കളങ്ങൾ വരച്ച് കണക്ക് കൂട്ടലുകൾ നടത്തി ഒരു വലിയ സ്ഫടിക ഗോളം ഓരോ കളത്തിലും മാറി മാറി ഉരുട്ടി വച്ചു നോക്കുന്നു.
ചന്ദ്രന്‍ പൂർണമായും ഉദിച്ചുയർന്നു കഴിഞ്ഞു.
ആകാശത്ത് ഒരു വെളുത്ത മൈതാനം പോലെ അതൊഴുകി വരികയാണ്.
തിരമാലകള്‍ ശക്തി കുറഞ്ഞു കുറഞ്ഞു വന്നു.
പിന്നെ അവ നിശ്ചലമായി.
കടൽ ഒരു തടാകം പോലെ അൽപസമയം നിശ്ചലമായി കിടന്നു.
അയാള്‍ വേഗത്തില്‍ സ്ഫടിക ഗോളത്തിൽ ഒരു ഭാഗം ബോൾ ഐസ്ക്രീം കപ്പ് പോലെ തുറന്നു.
പിന്നെ വിപിനെ പൊക്കിയെടുത്ത് അതിനകത്തിരുത്തി.
താനതിനകത്ത് ഒട്ടിപ്പോയതായി അവനു തോന്നി.
അയാള്‍ അതിൻറെ അടപ്പിട്ടു.
പിന്നെ ഒരു നീല മഷി അതിനു മുകളില്‍ ഒഴിച്ചു. അതില്‍ നിന്നും ഒരു തുള്ളി അകത്തേക്ക് ഊറി വന്നു അവൻറെ തോളിലേക്കുറ്റി വീണു.
പിന്നീട് അയാള്‍ ആ ഗോളം അലയടങ്ങി ശാന്തമായി നിൽക്കുന്ന വെള്ളത്തിലേക്കിറക്കി.
ഗോളം പതുക്കെ പതുക്കെ മുന്നോട്ട് ചലിക്കാൻ തുടങ്ങി.
അല്ല. .കടലില്‍ തിര വീണ്ടും രൂപപ്പെടുകയാണ്. .........
ചന്ദ്രന്‍ ഒരു വലിയ പന്തൽ പോലെ തലക്കു മുകളില്‍ എത്തിയിരിക്കുന്നു.
കടൽ കരയില്‍ നിന്ന് പിൻവാങ്ങുകയാണ്........
അത് കിലോമീറ്ററുകളോളം പിറകോട്ട് പോയി.
ആ സ്ഫടിക ഗോളത്തിൻറെ വേഗം വർദ്ധിക്കാൻ തുടങ്ങി. കടൽ ജലം മൊത്തമായി മുകളിലേക്കുയരാൻ തുടങ്ങി.
പത്തുനില കെട്ടിടത്തിൻറെ ഉയരത്തിൽ അത് അറ്റം കാണാന്‍ കഴിയാത്ത ഒരു ജലമതിൽ തീർത്തിരിക്കുന്നു.
അത് വേലിയേറ്റം ആയിരുന്നോ. .............?
ചന്ദ്രന്റെ ആകർഷണം കൊണ്ട് വെള്ളം മുകളിലേക്കു വലിച്ചെടുക്കപ്പെടുന്നതാണോ......?
താനും താനകപ്പെട്ട ഗോളവും ആ ജലമതിലിൻറെ ഏറ്റവും മുകളില്‍ ഒഴുകി നടന്നു.
ഒരുവേള താൻ ചന്ദ്രനിലേക്കുയർത്തപ്പെടുമോയെന്നവനു തോന്നി.
അതൽപസമയം നീണ്ടു നിന്നു.
ഗോളം വീണ്ടും മുന്നോട്ടു ചലിക്കാൻ തുടങ്ങി.
അതൊരു സുനാമി തിരയായി കര ലക്ഷ്യമാക്കി കുതിക്കുകയാണ് കണ്ണഞ്ചിപ്പിക്കുന്ന വേഗത്തില്‍ ഗോളം തിരയോടൊപ്പം പറന്നു.
ഒരു വെടിയുണ്ട കണക്കെ അത് കരയിലേക്ക് പറക്കുകയാണ് ....
കരയില്‍ ഒരു വലിയ തുരങ്കത്തിലേക്കത് പറന്നു കയറി.
അതിനകത്ത് വേഗത്തില്‍ മുന്നോട്ടുരുണ്ടു.
അത് താൻ താഴേക്ക് വന്ന നാഗങ്ങളുടെ മാളം തന്നെയായിരുന്നു. ആ വലിയ സർപ്പം പത്തി വിടർത്തി നിന്നിടത്ത് ഗോളം വട്ടം കറങ്ങി.
ആ തുരങ്കങ്ങൾ എല്ലാം ശൂന്യമായിരുന്നു.
ഇനി മുകളില്‍ എങ്ങനെ എത്തും.
അവന് ആകാംക്ഷ വർദ്ധിച്ചു.
അവര്‍ക്ക് പിറകെ കടൽ വെള്ളം ഇരമ്പിയാർത്തു വന്നു. ഗോളം വെള്ളത്തോടൊപ്പം മുകളിലേക്കുയരാൻ തുടങ്ങി. അതിനു വളരെ ദൂരം താണ്ടാനുണ്ടായിരുന്നു.
വിപിന്‍ മുകളില്‍ അങ്ങുദൂരെ വെളിച്ചത്തിൻറെ ഒരു കണിക കണ്ടു.
ക്രമേണ അതു വലുതാവാൻ തുടങ്ങി.
മുകളില്‍ ആകാശം അവന്‍ വ്യക്തമായി കണ്ടു.
താന്‍ ആ കുഴിക്കു മുകളില്‍ എത്തിയിരിക്കുന്നു.
ഗോളത്തിൻറെ അടപ്പ് തനിയെ തുറന്നു. അവൻ കരയിലേക്ക് ചാടി.
വെള്ളത്തിൽ പൊങ്ങി നിൽക്കുന്ന തന്റെ വാഹനം അവന്‍ കരയിലേക്ക് വലിച്ചു കയറ്റാൻ ശ്രമിച്ചു.
പക്ഷേ അതിൻറെ ഭാരം അവനു താങ്ങാന്‍ കഴിയാത്തതായിരുന്നു.
പെട്ടെന്ന് കുഴിയിലെ വെള്ളം താഴ്ന്നു തുടങ്ങി.
ആ ഗോളം അൽപനേരം മുകളില്‍ കറങ്ങി. പിന്നെ വെള്ളത്തോടൊപ്പം താഴെ അപ്രത്യക്ഷമായി.
വിപിന്‍റെ ശരീരത്തിലേക്ക് മഴത്തുള്ളികൾ വീണപ്പോള്‍ അവന്‍ ഓർമ്മകളിൽ നിന്നും ഉണര്‍ന്നു. തന്റെ ദേഹത്തുണ്ടായിരുന്ന നീലമഷി ആ മലവെള്ളത്തിൽ ഒലിച്ചിറങ്ങി അപ്രത്യക്ഷമാവുന്നതവൻ കണ്ടു. ബൈക്ക് സ്റ്റാൻഡിൽ നിർത്തി ശരതും വിപിനും വീടിന്റെ ഉമ്മറത്തേക്ക് ഓടിക്കയറി.
"ഞങ്ങൾ കരുതിയത് ഈ വെള്ളപ്പൊക്കത്തിൽ നീ മരിച്ചു പോയിക്കാണുമെന്നാണ്......
നീ എവിടെയായിരുന്നു.......?
ശരത് വീണ്ടും ചോദിച്ചു.
ഏതെങ്കിലും ക്യാമ്പിൽ ആയിരുന്നോ..?
എവിടെയായിരുന്നു എന്നാണ് ഞാൻ ഇവനോട് പറയുക......
ആർക്കാണ് എന്റെ ദീർഘമായ യാത്ര വിശ്വസിക്കാനാവുക...
വിപിൻ നിസഹായതയോടെ ശരതിനെ നോക്കി.
-----ശുഭം -----
ജാഫർ വണ്ടൂർ
No comments:
Post a Comment