♡♡♡♡♡ഡെന്നിസ് ♥♥♥♥♥♥♥
================================
അതിരാവിലെ മുറ്റത്ത് ഒരു കാർ വന്നു നിന്നപ്പോൾ രാജേശ്വരിയമ്മ അതിശയിച്ചു.
"ഇതാരാണപ്പാ ഇത്ര രാവിലെ നമ്മടെ വീട്ടിലേക്ക്"
കാറിൽ നിന്നും രഘുനാഥനിറങ്ങി.
"ഇതെന്താ രഘുനാഥാ നിനക്ക് വഴി തെറ്റിയാ...?."
അയാളെ കണ്ട പാടെ അവര്‍ ചോദിച്ചു.
ആ ചോദ്യം അയാള്‍ക്ക് ഇഷ്ടപ്പെട്ടില്ല.
അയാള്‍ നീരസത്തോടെ ചിറിയൽപം കോട്ടി പിന്നില്‍ നിന്നും കാറിന്റെ ഡിക്കി തുറന്ന് അതിലെ പെട്ടിയും ബാഗുമെല്ലാം പുറത്തേക്കെടുത്തു വച്ചു.
"അതുശരി നീയിവിടെ കൂടാൻ വന്നതാണോ. ..? എന്താപ്പോ നിൻറെ വരവിന്റെ ഉദ്ദേശ്യം. ....? "
അവർ അടിച്ചു വാരിക്കൊണ്ടിരുന്ന ചൂൽ കയ്യില്‍ കുത്തി റെഡിയാക്കിക്കൊണ്ട് ചോദിച്ചു.
"ഞാന്‍ സ്വത്തിൽ എൻറെ ഭാഗം ചോദിച്ചു വന്നതാമ്മേ ....എന്തേ നിങ്ങക്ക് ഇഷ്ടമായില്ലേ...? "
അയാളും വിട്ടു കൊടുത്തില്ല.
"സ്വത്തോ.....നിനക്കോ.... അതിനെന്നെ ചിതയിലെടുത്തു വെക്കേണ്ടി വരും. ..? "
"അതു കഴിഞ്ഞേ ഞാന്‍ പോവുന്നുള്ളൂ...."
"സ്വന്തം തള്ള ചാവുന്നതും കാത്തിരിക്കുകയാണെന്ന് അല്ലേ.... നിനക്കവളേം കൂടെ കൂട്ടാര്ന്നില്ലേ ....? "
"ആരെ.....?"
"ആ നസ്രാണിപ്പെണ്ണിനെ.....?"
"ദേ അമ്മേ നിങ്ങളു പറേന്ന കേട്ടാ തോന്നും ഞാനെന്റെ ഇഷ്ടത്തിനങ്ങു കെട്ടിയതാണെന്ന്...? "
അയാള്‍ക്ക് ദേഷ്യം വന്നു.
"അല്ല , ഞാന്‍ പറഞ്ഞിട്ടാണല്ലോ നീയവളെ പ്രേമിച്ചു നടന്നത്. ?.."
"അല്ല. ... അതല്ല. ..എന്നാലും കല്യാണം കഴിക്കാന്‍ പറഞ്ഞത് അമ്മ തന്നെയല്ലേ. .? "
"പിന്നെ അതിൻറെ കണ്ണീരു വീണ പാപം കൂടെ ഞാന്‍ ഏൽക്കണോ...? നീയെന്തിനാണിപ്പോ പെട്ടീം കെടക്കേമൊക്കെയായിട്ട് ഇങ്ങോട്ടെഴുന്നള്ളിയത് അതുപറ ആദ്യം. .? "
"ഞാനല്ല ശ്രുതിയാണ് അമ്മയുടെ കൂടെ താമസിക്കുന്നത്....?"
" എന്നിട്ടവളെവിടെ....?"
"അവളു കാറിനകത്തുണ്ട്......"
" കാറിനകത്തോ....എന്നിട്ടവളെന്താ പുറത്തിറങ്ങാത്തത്....അവൾക്കിപ്പോ ക്ലാസില്ലേ....?"
അവർ കാറിന്റെ ബാക്ക് ഡോർ തുറന്നു.
ശ്രുതി കാറിന്റെ ബാക്ക് സീറ്റില്‍ കണ്ണടച്ചു കിടക്കുകയാണ്. അമ്മമ്മയെ കണ്ടതോടെ അവളുടെ സങ്കടങ്ങൾ കണ്ണുനീരായി പെയ്തിറങ്ങി.
അവൾ അമ്മമ്മയുടെ തോളിലേക്കു ചാഞ്ഞു ഏങ്ങിയേങ്ങി കരഞ്ഞു.
മുഷിഞ്ഞ അവളുടെ വസ്ത്രങ്ങളും വാടിക്കരിഞ്ഞ മുഖവും പാറിപ്പറന്ന തലമുടിയും രാജേശ്വരിയമ്മയെ അത്ഭുതപ്പെടുത്തി.
" എന്തു കോലമാ മോളേ ഇത്. ..എന്താ എൻറെ കുട്ടിക്കു പറ്റീത്... എന്താ രഘുനാഥാ എൻറെ മോൾക്ക്......?"
അവർ അവളുടെ തലമുടിയിൽ വിരലോടിച്ചു കൊണ്ട് ചോദിച്ചു.
"അതൊക്കെ അവളു സാവകാശം അമ്മയോടു പറഞ്ഞോളും. ദേ ഈ പെട്ടീം ബാഗുമെല്ലാം എടുത്തു അകത്തേക്ക് വച്ചോ...ഞാന്‍ തിരിച്ചു പോവുകയാ. ....."
"അപ്പോ നീ വീട്ടിലേക്കു കേറുന്നില്ലേ....?"
" ചെന്നിട്ടൊരുപാട് പണിയുള്ളതാണമ്മേ..... ഇപ്പോള്‍ തന്നെ ഒരുപാട് വൈകി........."
"പെറ്റതള്ളേടടുത്ത് ഒരു ദിവസം പോലും നിൽക്കാൻ പറ്റാത്തത്ര തിരക്കായല്ലേ മോനെ. ......?"
" അതോണ്ടല്ലമ്മേ ഞാന്‍ വരാം. ..കുറച്ചു ദിവസം ലീവ് കിട്ടുമോന്ന് നോക്കട്ടെ. ...."
രഘുനാഥൻ ഡിക്കി താഴ്ത്തി കാറിൽ കയറി.
" ഒരു ചായയെങ്കിലും കുടിച്ചേച്ചു പോടാ. ......! "
" ഇല്ലമ്മേ ഞാന്‍ വരാം. ...."
അയാള്‍ കാർ സ്റ്റാർട്ടാക്കി.
" പിന്നെ അമ്മേ അവളെയൊന്നു ശ്രദ്ധിക്കണം. ... എന്നാല്‍ ശരി. ."
അയാള്‍ കാർ മുന്നോട്ടെടുത്തു .
കാർ അകന്നകന്നു പോകുന്നതും നോക്കി അവർ നിന്നു.
ശ്രുതി അപ്പോഴും അവരുടെ തോളില്‍ തല ചായ്ച്ചു കരയുന്നുണ്ടായിരുന്നു. അവര്‍ അവളുടെ തലമുടിയിലൂടെ വിരലോടിച്ചു കൊണ്ട് അവളെ ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു.
[തീർന്നില്ല ]
No comments:
Post a Comment