Thursday, August 30, 2018

മാന്ത്രിക വിരൽ 2

മാന്ത്രിക വിരൽ.. 2
===============

വിപിന്‍  ചുറ്റും നോക്കി .

രക്ഷപെടാൻ എന്തെങ്കിലും ഒരു മാർഗം...

എത്രയും വേഗം...

പെട്ടെന്ന് എന്തെങ്കിലും ചെയ്തേ മതിയാവൂ...

മുകളില്‍  ആ വലിയ  സർപ്പം  പത്തി  വിരിച്ചു  നിൽക്കുന്നു.

താനതിൻറെ  ദേഹത്താണിരിക്കുന്നത്..

അവൻ  പതുക്കെ  പതുക്കെ  പിറകിലേക്കു   നിരങ്ങി  നീങ്ങി. ഭയം  തൊണ്ടക്കുഴിയിൽ എത്തിയിരിക്കുന്നു. വായില്‍  ഉമിനീരു പോലും  നിലച്ചിരിക്കുന്നു.

"ഓട്..... വേഗം..."

ആരോ പറഞ്ഞ പോലെ വിപിന് തോന്നി.

ആരാണ്  തന്നോടിപ്പോൾ സംസാരിച്ചത്..........?

തന്നെ  കണ്ടു  കൊണ്ടിരിക്കുന്നതാരാണ്.?

ഈ സർപ്പത്തിൻറെ  പിടിയില്‍  നിന്ന്  തനിക്കെങ്ങനെയാണ് ഓടി രക്ഷപെടാൻ  ആവുക. ...?

  അവൻ  ചുറ്റും  നോക്കിക്കൊണ്ട്  പിറകിലേക്കു വീണ്ടും  നിരങ്ങി  നീങ്ങി.

സർപ്പത്തിൻറെ നിശ്വാസത്തിൽ തൻറെ  തലമുടി  പാറിപ്പറക്കുന്നതവൻ അറിഞ്ഞു.

അത് തന്റെ നീക്കങ്ങൾ നിരീക്ഷിക്കുകയാണ്.

ഇല്ല. ....

തൻറെ  മരണം വന്നെത്തിയിരിക്കുന്നു..

ഭൂമിക്കടിയിലെ ഈ പാമ്പിനു ഭക്ഷണമാവാനാണ് തൻറെ  വിധി.

അവന്‍റെ കവിളിലൂടെ കണ്ണുനീർ ചാലിട്ടൊഴുകി.

" ഓട്...... വേഗത്തിൽ ഓടാൻ....."

ആ ശബ്ദം  തനിക്കു  തോന്നിയതല്ലെന്നവനു ബോധ്യമായി.

പക്ഷേ  ഒരു  മനുഷ്യ ജീവിയെയും അവിടെയെങ്ങും  കാണാനുണ്ടായിരുന്നില്ല.

പിന്നെ  ആരാണ്  സംസാരിക്കുന്നത്....?

ഒരുവേള. ...?

ഹേയ്. ..അല്ല. ....പാമ്പുകള്‍  സംസാരിക്കുമോ.......? അതോ. ..പാമ്പുകളുടെ ഭാഷ  എനിക്ക്  മനസ്സിലായി തുടങ്ങിയോ...? "

"ഞാന്‍  വിപിന്‍. ...... റിൻഷോഷിൻ  വിളിച്ചിട്ടു വന്നതാണ്......"

അവന്‍  ഒറ്റ ശ്വാസത്തിൽ  അലറി.

"ങ്ഹും. ............"

അതു മൂളിയപ്പോൾ മനം  പിരട്ടുന്ന ഒരു  വാട അവന്‍റെ  മുഖത്തേക്കടിച്ചു. അവനു  ബോധം നഷ്ടമാവുന്നത് പോലെ  തോന്നി.  അവന്‍  മോഹാലസ്യപ്പെട്ടു വീണു.

താനെത്ര സമയം  അവിടെ  ബോധം  നശിച്ചു  കിടന്നതെന്നവനു  മനസ്സിലായില്ല.  തന്നെ  ആ പാമ്പു  വിഴുങ്ങിയിട്ടില്ലെന്നവനു ബോധ്യമായി .  താനിപ്പോഴും  അതിൻറെ  ദേഹത്തു തന്നെയാണ്  കിടക്കുന്നത്. ഇരുട്ടില്‍  കുറച്ചകലെ  ആ തിളങ്ങുന്ന കണ്ണുകള്‍  തന്നെ  തുറിച്ചു നോക്കുന്നു.

" തിരിഞ്ഞു  നോക്കാതെ  ഓടുക. ........വേഗം. ....."

  വീണ്ടും  ശബ്ദം  മുഴങ്ങി.

   തുരങ്കം  പോലെ ഒരു  വഴി  തൻറെ  പിറകില്‍  ഉള്ളതവൻ കണ്ടു.
സർവശക്തിയുമെടുത്ത് അവനാ  വഴിയിലൂടെ  മുന്നോട്ടോടി. പക്ഷേ  കാലുകള്‍  നിലത്തല്ല കുത്തുന്നതെന്നവൻ ഭീതിയോടെ  തിരിച്ചറിഞ്ഞു.  അതാ  പാമ്പിൻറെ ഭീമാകാരമായ  ശരീരം  തന്നെയാണ്.  ഇടക്ക്  അതിന്റെ  അരികില്‍  ചവിട്ടി അവന്‍  മറിഞ്ഞു  വീണു  . കുറച്ചപ്പുറത്തു  വേറെയും  കണ്ണുകള്‍  തിളങ്ങുന്നതവൻ കണ്ടു. ഒരു  തുരങ്കം  ആ കണ്ണിനടുത്തേക്കും  നീണ്ടു  പോവുന്നു. അവൻ  വീണിടത്ത്  നിന്നും  എഴുന്നേറ്റു  വീണ്ടും  ഓടി.
   എത്ര  ദൂരമാണ്  താന്‍  ആ തുരങ്കത്തിലൂടെ  ഓടിയതെന്നവനു നിശ്ചയമില്ലായിരുന്നു. ഒരു കിലോമീറ്റർ  എങ്കിലും  ഓടിയിരിക്കണം. പക്ഷേ  അതിനിടെ  അവനൊരു  കാര്യം  ബോധ്യമായി.  ആ  തുരങ്കത്തിൽ നിരവധി  പാമ്പുകള്‍  വസിക്കുന്നുണ്ട്. അവയുടെ  ദേഹത്ത്  ചവിട്ടിയാണ് താന്‍  ഇത്രയും  സമയം  ഓടിയത്.  ഒരു  മണൽ തിട്ടയിലേക്കാണ് അവന്‍  വന്നു  വീണത്. ഒരാള്‍  പൊക്കത്തിൽ താന്‍  ഓടിയ  വഴി  ഒരു  കല്ലു  വന്നു  മൂടുന്നതവൻ കണ്ടു.

ശക്തമായ  തിരമാലകള്‍  വന്നടിക്കുന്ന  ഒരു  കടൽ തീരത്താണ്  താനെത്തിയതെന്നവനു മനസ്സിലായി.

ഇതു  ഭൂമിക്കടിയിൽ തന്നെയാണോ....?

അതോ  താൻ സ്വപ്നം  കാണുന്നതോ....?

അവന്‍  കയ്യില്‍  നുള്ളി  നോക്കി.  അല്ല  ഇതു  സ്വപ്നമല്ല.  തനിക്ക്  വേദന  അനുഭവപ്പെടുന്നുണ്ട്.

ഇതു  ഭൂമിക്കടിയിലല്ല.

കടലിനു മുകളില്‍  സൂര്യന്‍  അസ്തമിച്ചു  തുടങ്ങിയിരിക്കുന്നു.

പക്ഷേ  തിരകൾ താന്‍  സിനിമയില്‍  കണ്ട  സുനാമി ത്തിരകളെ പോലെ ഭീമാകാരമായാണു തീരത്ത്  വന്നടിക്കുന്നത്.  കണ്ണെത്താ  ദൂരത്തില്‍  അത് തിരിച്ചു  പോവുന്നു. അൽപസമയത്തിനു ശേഷം  ഹുങ്കാരശബ്ദത്തോടെ  തീരത്ത്  പാഞ്ഞു  കയറുന്നു. പക്ഷേ  അതിനേക്കാൾ  നടുക്കുന്ന ഒരു  കാഴ്ചയാണ്  അവന്‍  പിന്നീട്‌  കണ്ടത്.

ഭീമാകാരനായ  ഒരു  പക്ഷി  താന്‍  വന്നു വീണതു പോലുള്ള  ഒരു  പാമ്പുമായി  പോരാടുന്നു.

അവയുടെ  സീൽക്കാര ശബ്ദങ്ങള്‍   കടലിൻറെ ശബ്ദത്തെ കവച്ചു  വെക്കുന്നതായിരുന്നു.

ആ  പക്ഷിക്കു ഒരു  വലിയ കെട്ടിടത്തിൻറെ  വലിപ്പം  ഉണ്ടെന്നവൻ ഭീതിയോടെ  തിരിച്ചറിഞ്ഞു.

  അവന്‍  അവിടെ  നിന്നും  തിരിഞ്ഞോടി.

വലിയൊരു പാറക്കൂട്ടത്തിനു പിന്നില്‍  ഒളിച്ചു. പക്ഷിയുടെയും പാമ്പിൻറെയും പോരാട്ടം  അവന്‍  ആ പാറക്കൂട്ടങ്ങൾക്കിടയിൽ നിന്നും  നോക്കി നിന്നു.

പാമ്പ്  അതിന്റെ  കഴുത്തില്‍  ചുറ്റിപ്പിടിച്ചിരിക്കുന്നു.

പക്ഷി  പാമ്പിൻറെ വാൽ  ചവിട്ടിപിടിച്ചിരിക്കുകയാണ്.

ആര്  ആരെയാണ്  അക്രമിക്കുന്നതെന്നവനു മനസ്സിലായില്ല.

ആ പാമ്പ് അതിനേക്കാൾ  വലിയ  പക്ഷിയെ കീഴ്പെടുത്താൻ ശ്രമിക്കുകയാണോ....?

അതോ  പക്ഷി തൻറെ  ഇരയെ  കണ്ടെത്തിയതോ......?

ഒരു  വലിയ  തിര അവന്‍റെ  കാഴ്ചയെ മറച്ചു.  ജീവികൾ ആ ഭീമന്‍  തിരയിൽ  ഒഴുകിപ്പോയിരിക്കുമോ.....?

അവന്‍  വീണ്ടും  തലയുയർത്തി  നോക്കി.

പാമ്പിനെ ആ പക്ഷി  കീഴ്പെടുത്തി കളഞ്ഞിരിക്കുന്നു.

കൊക്കിൽ അമർന്ന പാമ്പിൻറെ  തല  ഒരു മരത്തടി വീഴുന്ന  പോലെ  തീരത്ത്  വീണു. അതിൻറെ  മുറിപ്പാടിൽ നിന്നും രക്തം  പക്ഷിയുടെ  കഴുത്തിലൂടെ ഒലിച്ചിറങ്ങി.  നടുക്കുന്ന  ആ കാഴ്ച  കാണാന്‍  ആവാതെ  അവന്‍  തല  പിൻവലിച്ചു   കാലുകൾക്കിടയിൽ തല  പൂഴ്ത്തിയിരുന്നു.
  പിന്നെ   അൽപസമയത്തിനു ശേഷം  ആകാംക്ഷയോടെ  വീണ്ടും  എത്തി  നോക്കി. 

പാമ്പിൻറെ മാംസത്തുണ്ടുകൾ  അങ്ങിങ്ങായി  മല  പോലെ  ചിതറിക്കിടക്കുന്നു.. അടിച്ചു കയറിയ  തിരയിൽ  അവ  ഉരുണ്ടുരുണ്ടു പോവുന്നത്  അവൻ കണ്ടു.

പക്ഷേ   ആ പക്ഷിയെവിടെ പോയി.....?

അവന്‍  ചുറ്റിലും  കണ്ണോടിച്ചു .

തന്റെ  തലയില്‍  വീണ ഒരു  രക്തതുള്ളി
കവിളിലൂടെ  ഒലിച്ചിറങ്ങിയപ്പോൾ  അവന്‍  മുകളിലേക്കു  നോക്കി.

പുഴുവിനെ  കണ്ട കോഴിയുടെ തല പോലെ  പക്ഷിയുടെ   കൊക്കുകൾ തൻറെ  തലക്കു  മുകളില്‍.

അതിൻറെ  കൊക്കിൽ നിന്നും  ഉറ്റിവീണ പാമ്പിൻറെ  രക്ത തുള്ളികള്‍  അവൻറെ കാഴ്ചയെ മറച്ചു

. പെട്ടെന്നാണ്  അവന്‍  ആ പാറയില്‍  നിന്നും  മുകളിലേക്ക് ഉയർത്തപ്പെട്ടത്.

തന്നെ  ആ കൂറ്റന്‍  പക്ഷി റാഞ്ചിയിരിക്കുന്നു.

അവൻ അലറി വിളിച്ചു കരഞ്ഞു.

stay Amazing...

No comments:

Post a Comment