Tuesday, August 7, 2018

അൽ- യക്ഷി 3

അൽ-യക്ഷി3.    
============

"അപ്പോള്‍  നിനക്ക്  യക്ഷിയേയും  പ്രേതത്തെയും  ജിന്നിനെയൊന്നും  പേടിയില്ല. ..?  "

ചിരി  നിർത്തിക്കൊണ്ട്   അവൾ  ചോദിച്ചു.

"അമ്മാതിരി  ഒരു  മുതലിനെയും  ഞാനിതുവരെ  നേരിട്ട് കണ്ടിട്ടില്ല. പിന്നെന്തിനു    പേടിക്കണം. .? "

ഷഫീഖ്  തിരിച്ചു  ചോദിച്ചു.

"ശരി....നിനക്ക്  അത്രക്ക്  ധൈര്യമുണ്ടോയെന്ന്  ഞാനൊന്നു  പരീക്ഷിക്കാൻ    പോവുകയാണ്.  നീ  തയ്യാറാണോ   ...? "

"എനിക്ക്  പേടിച്ചു  വട്ടാവുമോ  ..?  "
                                                              
"അപ്പോള്‍  താനല്ലേ പറഞ്ഞത് പേടി ഇല്ലെന്ന്. .? "

"സിനിമയിലെ  പ്രേതങ്ങളെ  ഒന്നും  പേടിയില്ലെന്നാണ്   പറഞ്ഞത്. "

"ശരി  എന്നാല്‍  നമുക്ക്  നോക്കാം ...."

ആ സുന്ദരമായ  കണ്ണുകള്‍  ചുവന്നു തുടുക്കാൻ  തുടങ്ങി....... 

നിമിഷകൊണ്ട്  സുന്ദരമായ  ആ ശരീരം  ചോര  വാർന്നതു  പോലെ   വിളറി വെളുത്തു.

  കണ്ണില്‍ നിന്നും  ചോരത്തുള്ളികൾ    വീണു  ആ വെളുത്ത  വസ്ത്രം  ചുവക്കാൻ തുടങ്ങി.....

അതിന്റെ  നഖങ്ങള്‍  കാണെക്കാണെ  വലുതാവാൻ  തുടങ്ങി......

ആ ഭീകര സത്വം  അവനു  ചുറ്റും  ചിലമ്പിക്കുന്ന  ശബ്ദത്തിൽ കിതച്ചു കൊണ്ട്  ഒഴുകാന്‍ തുടങ്ങി.....

ഷഫീഖ്  കുറച്ചു  നേരം  അതിനെ  നോക്കി നിന്നു.

"ഇതൊക്കെ  ഓൾഡ്  മോഡല്‍  അല്ലേ. .?  പുതിയ  ഐറ്റംസ്  ഒന്നുമില്ലേ...?" അവൻ  ചോദിച്ചു.

അവൻറെ   ചോദ്യം  കേട്ട്  ആ സത്വം  അൽപനേരം  നിശ്ചലമായി. പിന്നെ  ഒരു  പുകച്ചുരുളായി   മുകളിലേക്കുയർന്ന്   അപ്രത്യക്ഷമായി .

ഷഫീഖ്  ആ കൂരിരുട്ടിൽ   വീണ്ടും  മൊബൈലില്‍  ടോർച്ചിൻറെ  വെളിച്ചം  തെളിച്ചു.

ദൂരെ  എവിടെയോ  ഒരു  കുറുക്കന്‍  ഓരിയിടുന്ന  ശബ്ദം.

കൂ................  കൂ.........

  ആരോ  കിതച്ചു  വരുന്നതു    പോലെയുള്ള  ശബ്ദം കേട്ട്  ഷഫീഖ്  തിരിഞ്ഞു  നിന്നു.

ഇരുട്ടില്‍  തിളങ്ങുന്ന  രണ്ടു  ചോരക്കണ്ണുകൾ. ..........

അത്  അവൻറെ   അടുത്തേക്കക്കടുത്തേക്ക് വരാന്‍ തുടങ്ങി...... 

ഒരു  ചുവന്ന  നിറമുള്ള  ഭീമന്‍  ചെന്നായ.

അതിന്റെ  തൂങ്ങിക്കിടക്കുന്ന   നാവില്‍ നിന്നും  ഉമിനീർ    ഇറ്റുവീഴുന്നതവൻ   കണ്ടു.  അതിഭീകരമായ  ശബ്ദത്തിൽ അത്  ഓരിയിടാൻ    തുടങ്ങി.

ഷഫീഖ്  അൽപനേരം  അതിനെ  നോക്കി നിന്നു.  അതിന്റെ  കണ്ണുകളിലെ ക്രൗര്യം അവനെ ഒന്ന്  വിറപ്പിച്ചു.

"ഇതൊക്കെ  യെന്ത്...? "

ഷഫീഖ്  ആ  ചെന്നായുടെ   മുഖത്ത് നോക്കി  ചോദിച്ചു.

നായയും  ഇരുട്ടില്‍  മറഞ്ഞു.
ഷഫീഖ്  റോഡില്‍  ചമ്രം പടിഞ്ഞിരുന്നു. തലയോട്ടികളും വിചിത്ര  രൂപമുള്ള   ജീവികളും അവനു  ചുറ്റും  കറങ്ങാൻ  തുടങ്ങി.  അവയില്‍ ചിലത്  തീ  തുപ്പുന്നതു  പോലെ  അവനു തോന്നി.

പെട്ടെന്ന്  എല്ലാം  നിശ്ശബ്ദമായി .

"തീർന്നോ ..? "

അവൻ  വിളിച്ചു  ചോദിച്ചു.

പാറിപ്പറക്കുന്ന   മുടിക്കെട്ടുമായ്   ചുവന്ന  കണ്ണുകളോടെ    അവൾ   വീണ്ടും  പ്രത്യക്ഷപ്പെട്ടു  .

"ഇതൊക്കെ  ഞാന്‍  സിനിമയില്‍  കുറെ കണ്ടതാ. ." പുതിയ  ഐറ്റംസ്  ഒന്നും  ഇല്ല  അല്ലേ. .? "

അവൻ  വീണ്ടും  ചോദിച്ചു.

അവള്‍  വീണ്ടും  പഴയ  രൂപത്തിലേക്ക് തിരിച്ചു വന്നു.
അവന്‍  മൊബൈല്‍ ഫോണ്‍  വീണ്ടും  ഓൺ  ചെയ്തു.  റേഞ്ച്  തിരിച്ചു വന്നിരിക്കുന്നു. യൂ ട്യൂബിൽ   zombie movie clips search ചെയ്തു.

"ഇതൊക്കെ  നിങ്ങള്‍  ഒറിജിനലിനെ  കടത്തി വെട്ടും ...."

അവൻ വീഡിയോ  പ്ലേ  ചെയ്തു കൊണ്ട്  പറഞ്ഞു.
യക്ഷി  അവൻറെ  ഫോണിലേക്ക്  എത്തി നോക്കി.

"അതൊക്കെ പോട്ടെ. .. എന്താ  യക്ഷിയുടെ  പേര്. .?"

ഷഫീഖ്  ചോദിച്ചു.

"ഞങ്ങള്ക്ക്  യക്ഷികള്‍  എന്നു  മാത്രമേ  പേരുള്ളൂ ..."

അവൾ  മുരണ്ടു.

"ശ്ശോ. ..അതു മോശായിപ്പോയി . ഏതായാലും  നിനക്ക്  ഞാന്‍ തന്നെ  ഒരു  പേരിടാം. ...."

"എന്തു  പേര്....?"

"അൽ-യക്ഷി"

"എന്താണീ   അൽ..?   "

യക്ഷി  ചോദിച്ചു.

"അത്  അറബിയാണ്      ഇംഗ്ലീഷിൽ  the  എന്നു  പറയുന്നത്  പോലെ.   "

"അൽ-യക്ഷി.... കൊള്ളാം. ..ലേ    ?"

അവൻ  ചോദിച്ചു.   

"അൽ-യക്ഷീ ...."  അവൻ  നീട്ടി വിളിച്ചു.

"ഒരു  പഞ്ചില്ല   .....അൽക്ഷി  എന്നാക്കിയാലോ...?  അല്ലെങ്കിൽ  വേണ്ട. മണിച്ചിത്രത്താഴ്   സിനിമ  കണ്ടിട്ടുണ്ടോ...? "

അവൻ  ചോദിച്ചു.

"ഉം  ശോഭനയുടെ പടമല്ലേ...? "

അവൾ    തിരിച്ചു  ചോദിച്ചു.

"ങാഹാ  അപ്പോള്‍  യക്ഷി ലോകത്ത്  തിയേറ്റര്‍  ഒക്കെ  ഉണ്ടല്ലേ...?   "

ഷഫീഖ്  അത്ഭുതപ്പെട്ടു .

"മണ്ടാ. ..അതു ഞാന്‍  ഇവിടെ  ജീവിച്ചിരുന്നപ്പോൾ  കണ്ടതാണ്....."

"ശരി. ..ശരി ...അതെന്തെങ്കിലുമാവട്ടെ... പേര്  അൽ-യക്ഷി ചുരുക്കി  അല്ലി   എന്നാക്കാം...   "

ഗംഗാന്നല്ലേ   ശോഭനക്കു   പേര്. .?  "

യക്ഷിക്കു  സംശയം.

"അത്  ശോഭന യക്ഷി. ....നീ  അല്ലി. ..അതുമതി.   "

"ഞാന്‍  നിന്റെ  ദേഹത്ത്  കയറാന്‍  പോവുകയാണ്. ..!    "

അല്ലി  പറഞ്ഞു.

"ഈ പാതിരാത്രിക്കോ...? "

"രാത്രിയും പകലും  ഒക്കെ  നിനക്കല്ലേ...?        "

അവൾ    ചോദിച്ചു.

"ഞാന്‍  പറയുമ്പം   കയറിയാൽ   മതി. ഇപ്പോള്‍  ദേഹത്ത്  കയറിയാൽ ഉമ്മ  പേടിക്കും  ...  " ഷഫീഖ്  പറഞ്ഞു.

"ഹഹഹഹഹഹ....."

അവള്‍  പിന്നെയും  മനോഹരമായി  ചിരിച്ചു.

"ശരി.  പക്ഷേ  ഞാന്‍ ഇനി   എപ്പോഴും  നിന്റെ  കൂടെയുണ്ടാവും"

അല്ലി   പറഞ്ഞു.

"അതു  കുഴപ്പമില്ല . എന്നാല്‍  ഇപ്പോള്‍  നമുക്ക്  പിരിഞ്ഞാലോ ...?"

അവൻ  വീണ്ടും  ചോദിച്ചു.

"ബൈക്ക്  എടുക്കുന്നില്ലേ ...?"

അവൾ   തിരിച്ചു  ചോദിച്ചു.

"അതിൻറെ     ഹെഡ്ലൈറ്റ് കേടു  വന്നു  പോയി.  "

"അതൊന്നും  സാരമില്ല.  നീ  വണ്ടിയെടുക്ക്..."
വള്‍ പറഞ്ഞു.

ഷഫീഖ്  ബൈക്ക്  ഓൺ  ചെയ്തു.  കിക്കറിൽ   കാൽ  വച്ച ഉടനെ തന്നെ  അത്  സ്റ്റാര്‍ട്ടായി  കഴിഞ്ഞിരുന്നു. ഹെഡ്  ലൈറ്റ്  മിഴിവോടെ  തെളിഞ്ഞു.  ഗിയർ   തട്ടാൻ    തുടങ്ങും മുമ്പ് തന്നെ  ബൈക്ക്  മുന്നോട്ടു  കുതിക്കാൻ തുടങ്ങി.  അതിന്റെ  നിയന്ത്രണത്തിൽ  തനിക്ക്  യാതൊരു  പങ്കുമില്ലെന്നവനു    താമസിയാതെ  തന്നെ മനസ്സിലായി. 

അവൾ     തനിക്ക്  കൂടെ തന്നെയുണ്ട്.

അവൻ  തിരിച്ചറിഞ്ഞു .

ബൈക്ക്  നിലം തൊടാതെ  പറക്കാന്‍  തുടങ്ങി.

തുടരും

No comments:

Post a Comment