Thursday, August 30, 2018

മാന്ത്രിക വിരൽ 7

മാന്ത്രിക വിരൽ  7
===================
🏊🏊🏊🏊

Final Part

"ഇനി ഇവിടെ ഈ കാലത്ത് ഈ രാജ്യത്ത് താമസിച്ചു കൂടെ....?"

ഭാഷയറിയുന്ന വൃദ്ധന്റെ ശബ്ദം കേട്ടാണ് വിപിൻ പ്രജ്ഞയിൽ നിന്നുണർന്നത്.

അവൻ ചിന്തയിലാണ്ടു.

നാട്, വീട്, ആധുനികമായ സൗകര്യങ്ങൾ , വീട്ടുകാർ,...

"ഇല്ല ... എനിക്ക് തിരിച്ചു പോവണം..... ഇത് എന്റെ കാലഘട്ടമല്ല..."

"താങ്കൾക്ക് ഒരായിരം കൊല്ലം ചിലപ്പോൾ ജീവിക്കാനായേക്കും... "

വൃദ്ധൻ വീണ്ടും പറഞ്ഞു.

വിപിൻ മറുപടി ഒന്നും പറയാതെ നിശബ്ദനായി.

ഒരു പക്ഷെ ശരിയായിരിക്കാം...

സുദീർഘമായ ഒരായുസ്.

പക്ഷെ... ഞാൻ .....

ഞാൻ ഇവിടെ ഏകനാണ്..

ഇവരിൽ നിന്നും തികച്ചും വ്യത്യസ്തനായ ഒരു ജീവി.

തിരിച്ചു പോവണം....

പക്ഷെ എങ്ങനെ...

വിചിത്രമായ അതിലുപരി ദീർഘമായ ഒരു യാത്രയിലൂടെയാണ് താനിവിടെ എത്തിയത്..

എങ്ങനെയാണ് എനിക്ക് തിരിച്ച് പോവാനാവുക.

അവൻ നിരാശനായി.

" നീ ഇവിടെ നിന്നും തിരിച്ചു പോവാൻ ഇഷ്ടപ്പെടുന്നുണ്ടോ. ......? "

മട്ടുപ്പാവിൽ നിന്നയാള്‍  വിളിച്ചു ചോദിച്ചു. അയാൾക്ക് സമീപം ആ വൃദ്ധനുമുണ്ടായിരുന്നു.

" അതേ. .......എനിക്ക്  തിരിച്ചു പോവണം. ..........സഹായിക്കണം "

അവന് മറുപടി ‍ പറഞ്ഞു.

അകത്ത് വീണ്ടും സഭ സമ്മേളിക്കപ്പെട്ടു.

വ്യത്യസ്തമായ  വസ്ത്രവും തലപ്പാവും ധരിച്ച ചിലർ രാജാവുമായി ദീർഘമായ സംഭാഷണത്തിൽ ഏർപ്പെട്ടു.

നിലത്ത് ദീർഘമായ കള്ളികളും വളയങ്ങളും സൂചകങ്ങളും വരച്ച് അവർ എന്തൊക്കെയോ കണക്ക് കൂട്ടുകയാണ്.

അതെ.

അവര്‍  അവനെ യാത്രയാക്കുന്നതിനായി ഒരുങ്ങാൻ തുടങ്ങിയിരിക്കുന്നു

മുറ്റത്ത്  വലിയ  ചതുരക്കളങ്ങൾ വരച്ച്  അവരെന്തൊക്കെയോ വീണ്ടും വീണ്ടുംകണക്ക് കൂട്ടൽ നടത്തി, കൃത്യത വരുത്തി.

ചർച്ചകൾ  അവസാനിച്ചിരിക്കുന്നു.

വിപിനെ തോളിലേറ്റി ഒരാള്‍ മുന്നില്‍ കടൽ ലക്ഷ്യമാക്കി നടന്നു.

പിന്നില്‍ പുതിയ രാജാവും ആ ജനങ്ങളും.

അവര്‍ കടൽ തീരത്തെത്തി.

സൂര്യന്‍ അസ്തമിക്കുന്നത് ക്ഷമയോടെ കാത്തിരുന്നു.

സൂര്യന്‍ ചുവന്ന ഗോളമായി കടലില്‍ മറഞ്ഞു.

കടൽ കൂടുതല്‍ ഇരമ്പിയാർക്കുന്നു.

ആളുകള്‍ പിരിഞ്ഞു പോയിത്തുടങ്ങുന്നത് വിപിന്‍ ഭയത്തോടെ തിരിച്ചറിഞ്ഞു.

ദൂരെ കടലിൻറെ അറ്റത്ത് വെളിച്ചത്തിൻറെ ഒരു  നേർരേഖ  തെളിഞ്ഞു വന്നു.

കാണെ കാണെ അതു  വലുതായി തുടങ്ങി.

പൂർണചന്ദ്രനാണതെന്നവനു മനസ്സിലായി.

അവിടമാകെ നിലാവ് പരക്കാൻ തുടങ്ങി.

ഒരു  വലിയ  ഫുട്ബാള്‍  മൈതാനം  പോലെ  ചന്ദ്രന്‍  ഉയര്‍ന്നു  വരുന്നത്‌  വിപിന്‍  അത്യദ്ഭുതത്തോടെ നോക്കി നിന്നു.

അത്  ഭൂമിയുമായി വളരെ  അടുത്താണെന്നവനു തോന്നി.

സൂക്ഷിച്ചു നോക്കിയാൽ   ചന്ദ്രനിലെ പാറക്കെട്ടുകളും മല മടക്കുകളുമെല്ലാം നഗ്ന നേത്രങ്ങൾ കൊണ്ട്  കാണാനാവുന്ന ഒരു  അത്യപൂർവ കാഴ്ച.

കൂടെ  വന്നവരിൽ ഒരാള്‍  ഒഴികെ ബാക്കിയെല്ലാവരും പിരിഞ്ഞു  പോയിക്കഴിഞ്ഞിരിക്കുന്നു.

അയാള്‍  ആ മണൽപരപ്പിൽ ചതുരക്കളങ്ങൾ  വരച്ച്  കണക്ക്  കൂട്ടലുകൾ നടത്തി ഒരു  വലിയ  സ്ഫടിക ഗോളം ഓരോ  കളത്തിലും മാറി മാറി  ഉരുട്ടി  വച്ചു  നോക്കുന്നു.

ചന്ദ്രന്‍  പൂർണമായും  ഉദിച്ചുയർന്നു കഴിഞ്ഞു.

ആകാശത്ത്  ഒരു വെളുത്ത  മൈതാനം  പോലെ അതൊഴുകി വരികയാണ്.

തിരമാലകള്‍  ശക്തി കുറഞ്ഞു  കുറഞ്ഞു  വന്നു. 

പിന്നെ  അവ നിശ്ചലമായി.

കടൽ ഒരു  തടാകം  പോലെ  അൽപസമയം  നിശ്ചലമായി  കിടന്നു.

അയാള്‍  വേഗത്തില്‍  സ്ഫടിക ഗോളത്തിൽ ഒരു  ഭാഗം  ബോൾ ഐസ്ക്രീം  കപ്പ്  പോലെ തുറന്നു.

പിന്നെ വിപിനെ  പൊക്കിയെടുത്ത് അതിനകത്തിരുത്തി.

താനതിനകത്ത് ഒട്ടിപ്പോയതായി അവനു തോന്നി.

അയാള്‍  അതിൻറെ അടപ്പിട്ടു.

പിന്നെ  ഒരു  നീല മഷി  അതിനു മുകളില്‍  ഒഴിച്ചു. അതില്‍ നിന്നും  ഒരു തുള്ളി അകത്തേക്ക്  ഊറി വന്നു അവൻറെ  തോളിലേക്കുറ്റി വീണു.

പിന്നീട്  അയാള്‍  ആ ഗോളം  അലയടങ്ങി ശാന്തമായി നിൽക്കുന്ന  വെള്ളത്തിലേക്കിറക്കി.

ഗോളം  പതുക്കെ  പതുക്കെ  മുന്നോട്ട്  ചലിക്കാൻ തുടങ്ങി.

അല്ല. .കടലില്‍  തിര വീണ്ടും  രൂപപ്പെടുകയാണ്. .........

ചന്ദ്രന്‍  ഒരു വലിയ  പന്തൽ പോലെ  തലക്കു മുകളില്‍ എത്തിയിരിക്കുന്നു.

കടൽ കരയില്‍ നിന്ന്  പിൻവാങ്ങുകയാണ്........

അത്  കിലോമീറ്ററുകളോളം പിറകോട്ട് പോയി.

ആ സ്ഫടിക ഗോളത്തിൻറെ വേഗം  വർദ്ധിക്കാൻ തുടങ്ങി. കടൽ  ജലം  മൊത്തമായി  മുകളിലേക്കുയരാൻ തുടങ്ങി.

പത്തുനില കെട്ടിടത്തിൻറെ ഉയരത്തിൽ അത്  അറ്റം കാണാന്‍  കഴിയാത്ത  ഒരു ജലമതിൽ തീർത്തിരിക്കുന്നു.

അത് വേലിയേറ്റം  ആയിരുന്നോ. .............?

ചന്ദ്രന്റെ  ആകർഷണം കൊണ്ട്  വെള്ളം  മുകളിലേക്കു  വലിച്ചെടുക്കപ്പെടുന്നതാണോ......?

താനും  താനകപ്പെട്ട ഗോളവും ആ ജലമതിലിൻറെ ഏറ്റവും  മുകളില്‍  ഒഴുകി  നടന്നു.

ഒരുവേള  താൻ ചന്ദ്രനിലേക്കുയർത്തപ്പെടുമോയെന്നവനു തോന്നി.

അതൽപസമയം നീണ്ടു നിന്നു.

ഗോളം  വീണ്ടും  മുന്നോട്ടു  ചലിക്കാൻ തുടങ്ങി.

അതൊരു സുനാമി തിരയായി കര ലക്ഷ്യമാക്കി  കുതിക്കുകയാണ്  കണ്ണഞ്ചിപ്പിക്കുന്ന വേഗത്തില്‍  ഗോളം തിരയോടൊപ്പം പറന്നു.

ഒരു  വെടിയുണ്ട കണക്കെ  അത്  കരയിലേക്ക്  പറക്കുകയാണ് ....

കരയില്‍  ഒരു  വലിയ  തുരങ്കത്തിലേക്കത് പറന്നു  കയറി.

അതിനകത്ത്  വേഗത്തില്‍  മുന്നോട്ടുരുണ്ടു.

അത്  താൻ  താഴേക്ക്  വന്ന  നാഗങ്ങളുടെ മാളം തന്നെയായിരുന്നു.  ആ വലിയ  സർപ്പം  പത്തി വിടർത്തി  നിന്നിടത്ത് ഗോളം വട്ടം  കറങ്ങി.

ആ തുരങ്കങ്ങൾ എല്ലാം  ശൂന്യമായിരുന്നു.

ഇനി  മുകളില്‍  എങ്ങനെ  എത്തും.

അവന്  ആകാംക്ഷ വർദ്ധിച്ചു.

അവര്‍ക്ക്  പിറകെ  കടൽ  വെള്ളം  ഇരമ്പിയാർത്തു വന്നു. ഗോളം വെള്ളത്തോടൊപ്പം മുകളിലേക്കുയരാൻ തുടങ്ങി. അതിനു  വളരെ ദൂരം  താണ്ടാനുണ്ടായിരുന്നു.

വിപിന്‍ മുകളില്‍      അങ്ങുദൂരെ  വെളിച്ചത്തിൻറെ ഒരു കണിക  കണ്ടു.

ക്രമേണ  അതു  വലുതാവാൻ തുടങ്ങി.

മുകളില്‍  ആകാശം  അവന്‍  വ്യക്തമായി കണ്ടു. 

താന്‍  ആ കുഴിക്കു മുകളില്‍  എത്തിയിരിക്കുന്നു.

ഗോളത്തിൻറെ  അടപ്പ് തനിയെ  തുറന്നു.  അവൻ കരയിലേക്ക്  ചാടി.

വെള്ളത്തിൽ പൊങ്ങി നിൽക്കുന്ന തന്റെ  വാഹനം  അവന്‍  കരയിലേക്ക്  വലിച്ചു  കയറ്റാൻ  ശ്രമിച്ചു. 

പക്ഷേ  അതിൻറെ  ഭാരം  അവനു  താങ്ങാന്‍ കഴിയാത്തതായിരുന്നു.

പെട്ടെന്ന് കുഴിയിലെ വെള്ളം  താഴ്ന്നു  തുടങ്ങി. 

ആ ഗോളം  അൽപനേരം  മുകളില്‍  കറങ്ങി.  പിന്നെ  വെള്ളത്തോടൊപ്പം  താഴെ  അപ്രത്യക്ഷമായി.

വിപിന്‍റെ ശരീരത്തിലേക്ക്  മഴത്തുള്ളികൾ വീണപ്പോള്‍  അവന്‍  ഓർമ്മകളിൽ നിന്നും  ഉണര്‍ന്നു.  തന്റെ  ദേഹത്തുണ്ടായിരുന്ന നീലമഷി ആ മലവെള്ളത്തിൽ  ഒലിച്ചിറങ്ങി അപ്രത്യക്ഷമാവുന്നതവൻ കണ്ടു.  ബൈക്ക്  സ്റ്റാൻഡിൽ നിർത്തി  ശരതും വിപിനും  വീടിന്റെ  ഉമ്മറത്തേക്ക് ഓടിക്കയറി.

"ഞങ്ങൾ കരുതിയത് ഈ വെള്ളപ്പൊക്കത്തിൽ  നീ മരിച്ചു പോയിക്കാണുമെന്നാണ്......

നീ എവിടെയായിരുന്നു.......?

ശരത് വീണ്ടും ചോദിച്ചു.

ഏതെങ്കിലും ക്യാമ്പിൽ ആയിരുന്നോ..?

എവിടെയായിരുന്നു എന്നാണ് ഞാൻ ഇവനോട് പറയുക......

ആർക്കാണ് എന്റെ ദീർഘമായ യാത്ര വിശ്വസിക്കാനാവുക...

വിപിൻ നിസഹായതയോടെ  ശരതിനെ നോക്കി.

-----ശുഭം -----

ജാഫർ  വണ്ടൂർ

മാന്ത്രിക വിരൽ 6

മാന്ത്രിക വിരൽ... 6
================

ഒരു  നൂറു  വാരകൾക്കിപ്പുറം ജനക്കൂട്ടം നിന്നു.

മൈതാനത്തിനപ്പുറം കൊട്ടാരം പോലെ അതിവിശാലമായ ഒരു കെട്ടിടം.

ഒരു പക്ഷെ ഇവരുടെ ഭരണാധികാരിയുടെ കൊട്ടാരമായിരിക്കാം...

അവർ അനുവാദം ലഭിക്കാനെന്ന വണ്ണം അൽപസമയം കാത്തു നിന്നു.

സമയം പൊയ്ക്കൊണ്ടിരുന്നു. വിപിൻ തീക്കാറ്റുകൊണ്ട് പഴുത്ത പഴത്തിൽ നിന്നും അൽപം എടുത്ത് കഴിച്ചു.

അത് അവൻ വന്നിറങ്ങിയ ദിവസം അവരുടെ നേതാവ് നല്കിയ പഴം തന്നെയായിരുന്നു.

പക്ഷെ ഇതിന് അസാധ്യമായ രുചിയും, അവാച്യമായ സുഗന്ധവും.

ഒരു പക്ഷെ തീക്കാറ്റ് ലഭിക്കാത്തത് കാരണം അവർ കൃത്രിമമായി പഴുപ്പിച്ചതായിരിക്കാം തനിക്ക് ആദ്യം നല്കിയ പഴം. അവൻ ഊഹിച്ചു.

അൽപം ദൂരെ കൊട്ടാരത്തിൻറെ മട്ടുപ്പാവിൽ നിന്നും ഒരു വെളുത്ത പതാക ഒരാള്‍ വീശി.

വിപിനെ തോളിലേറ്റിയ മനുഷ്യന്‍ കൊട്ടാരം ലക്ഷ്യമാക്കി മുന്നോട്ടു നടന്നു.

വലിയ ഒരു ഹാളിലേക്ക് അവർ ആനയിക്കപ്പെട്ടു.

വലിയ ആഭരണങ്ങളും, തലപ്പാവുകളും ധരിച്ച സഭയിലെ പ്രമാണികൾ തല കുനിച്ച് കൈകൾ വിടർത്തി എന്തൊ ശബ്ദം പുറപ്പെടുവിച്ച് അവർക്ക് സ്വാഗതമോതി.

വൃദ്ധനായ ഒരാൾ അവരെ സമീപിച്ച് വിപിന്റെ കൂടെയുള്ള ആളോട് എന്തോ പറഞ്ഞു.

അയാൾ തന്റെ തോളിൽ നിന്നും അവനെ താഴെ ഒരു പീഠത്തിലേക്ക് ഇറക്കി വച്ചു.

" യാത്ര സുഖമായിരുന്നോ..?.. "

മുഴക്കമുള്ള ശബ്ദത്തിൽ മലയാളത്തിലുള്ള ചോദ്യം കേട്ട്  വിപിൻ അത്ഭുതം കൂറി.

ആരാണത്..?

ആരാണ് തന്നോടിപ്പോൾ സംസാരിച്ചത്...?

"ബുദ്ധിമുട്ടൊന്നുമുണ്ടായില്ലല്ലോ .... അല്ലേ....?"

അൽപം അകലെ നിന്ന്  വൃദ്ധനാണ് സംസാരിക്കുന്നത്.

"ഇല്ല..... പക്ഷെ താങ്കൾ നന്നായി എന്റെ ഭാഷ സംസാരിക്കുന്നുവല്ലോ..."

അവൻ പറഞ്ഞു.

അയാൾ ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു.

വിപിൻ ഒരു വലിയ കട്ടിലിന് സമീപത്തേക്ക് ആനയിക്കപ്പെട്ടു.

കട്ടിലില്‍  ഒരു വയോവൃദ്ധന്‍ കിടക്കുന്നുണ്ടായിരുന്നു.

. തന്റെ വലിപ്പമുള്ള ആളുകള്‍ കൊട്ടാരമുറ്റത്ത് ഓടിക്കളിക്കുന്നത് വിപിന്‍ ‍ കണ്ടു.

പക്ഷേ അവരില്‍ പലരും വസ്ത്രമൊന്നും ധരിച്ചിരുന്നില്ല.......

അതാ  മനുഷ്യരുടെ കുട്ടികള്‍ ആയിരിക്കാം....  കാരണംചിലര്‍ അവരെ എടുത്തുയർത്തി ലാളിക്കുന്നുണ്ട്.

ഒരാൾ വിപിനെ ആ ഭീമന്‍ കട്ടിലിനു മുകളില്‍ കയറ്റി വച്ചു.

എല്ലാവരും ആ  മുറിയില്‍ നിന്നും  ഒഴിഞ്ഞു  പോയി.

വൃദ്ധന്‍ കണ്ണടച്ചു കിടക്കുകയാണ്.

ചുറ്റും കൂടി നിന്നവരെല്ലാം അവിടെ നിന്നൊഴിഞ്ഞു പോയിരിക്കുന്നു.

ഹാളു പോലുള്ള മുറി തീർത്തും വിജനമായി.

സമയം പൊയ്ക്കൊണ്ടിരുന്നു. ........

വൃദ്ധന്‍  പതുക്കെ കണ്ണു തുറന്നു.

പിന്നെ വിപിനെ സൂക്ഷിച്ചു നോക്കി.

" അവസാനം നീ എത്തിയല്ലേ...?"

അയാൾ പതുക്കെ ചോദിച്ചു.

അയാൾക്കും നന്നായി മലയാളം സംസാരിക്കാനാവുമെന്ന് അവന് മനസിലായി.

" നീ ദാവീദിൻറെ മകന്‍ ശലമോനല്ലേ. ..?"

അയാള്‍ വീണ്ടും ചോദിച്ചു.

വിപിന്‍ ചുറ്റും നോക്കി.

ഇനി ഇയാള്‍ തന്നോട് തന്നെയാണോ? സംസാരിക്കുന്നത്.

ഇല്ല  മറ്റൊരാളും  ഈ മുറിയില്‍  ഇല്ല

" അല്ല  ഞാന്‍ വിപിനാണ്.......ബാലചന്ദ്രൻറെ മകന്‍. ..."

അവന്‍ പറഞ്ഞു.

" ങ്ഹാ. ......രണ്ടും ഒന്നു തന്നെ. ..."

അയാള്‍ മൂളി.

" ഞാനാണ് റിൻഷോഷിൻ. ........ഈ നാടിന്റെ അധിപന്‍. ......"

അയാള്‍ പറഞ്ഞു തുടങ്ങി.

"5000 വർഷം  നീണ്ടു  നിൽക്കുന്നതാണ് ഞങ്ങളുടെ  ആയുർദൈർഘ്യം. ... ആയുർദൈർഘ്യം കുറവായത് കൊണ്ട് നീ ചിലപ്പോള്‍ 150 ആം തലമുറ ആയിരിക്കണം....."

അയാള്‍  വിപിനെ  നോക്കി  പറഞ്ഞു.

"  ഇനി എൻറെ മകനാണ് ഈ നാടിന്റെ അധിപന്‍.അടുത്ത  5000   വർഷങ്ങൾക്കു ശേഷം നിൻറെ മകന്‍. ...യെശയ്യാ വരും.....മകനു  മോക്ഷം  നല്കാന്‍ "

അയാള്‍ പറഞ്ഞു കൊണ്ടേയിരുന്നു .

" അപ്പോൾ മറ്റുള്ള ജനങ്ങൾ...?."

ഇല്ല... രാജ്യാധിപന്റെ  മരണം മാത്രമേ നിയന്ത്രണത്തിൽ വന്നിട്ടുള്ളൂ.'.. അത് 5000 വർഷം നിജപ്പെടുത്തിയതാണ് "

"ഞാൻ എന്റെ ജീവിത കാലം പൂർത്തീകരിച്ചു കഴിഞ്ഞിരിക്കുന്നു. "

" നീ  നിന്റെ കൈത്തലം എൻറെ നെഞ്ചില്‍ അമർത്തുക. എനിക്ക് മോക്ഷം നല്കുക.........."

അയാൾ പറഞ്ഞു നിർത്തി.

വിപിന്‍ അൽപനേരം മടിച്ചു നിന്നു.

പിന്നെ അയാളുടെ നെഞ്ചില്‍ തൻറെ കൈത്തലം പതുക്കെ അമർത്തി.

ഗംഭീരമായ ഒരു മോട്ടോര്‍ ആ നെഞ്ചിനകത്ത് പമ്പു ചെയ്യുന്നതു പോലെ അവനു തോന്നി.

പതുക്കെ പതുക്കെ അതു ശാന്തമാവാൻ തുടങ്ങി....

വൃദ്ധൻ കണ്ണുകൾ അടച്ചു.

ആ  ശരീരത്തിൽ നിന്നും ജീവൻ നഷ്ടമായിരിക്കുന്നു.

ചൂടു നഷ്ടമായി ശരീരം തണുക്കാന്‍ തുടങ്ങിയതോടെ വിപിന്‍ കട്ടിലില്‍ നിന്നും ചാടിയിറങ്ങി.

പിന്നെ ഹാളു പോലുള്ള മുറിയില്‍ നിന്നു പുറത്തിറങ്ങി.

പുറത്ത് ഒരു ജനസാഗരം തന്നെ തടിച്ചു കൂടി നിൽക്കുന്നതവൻ കണ്ടു.

കുറച്ചകലെയുള്ള മട്ടുപ്പാവിൽ റിൻഷോഷിൻറെ മുഖഛായയുള്ള ഒരാള്‍ പ്രത്യക്ഷപ്പെട്ടു.

വിപിൻ ഒന്നും പറയാനാവാതെ  നിശ്ചേഷ്ടനായി  ആർത്തു വിളിച്ചു കരയുന്ന ആ ജനക്കൂട്ടത്തെ നോക്കി നിന്നു.

Stay.... tuned

മാന്ത്രിക വിരൽ 5

മാന്ത്രിക വിരൽ... 5.
==================

🏂🏂🏂🏂🏂🏂

വളരെ  ദൂരെ  മേൽക്കൂരയില്ലാത്ത  ഭീമൻ കെട്ടിടങ്ങൾ  തലയുയർത്തി നിൽക്കുന്ന  ഒരു  പട്ടണം അവന്‍  അയാളുടെ  തോളിലിരുന്നു കണ്ടു.

അസംഖ്യം  വലിയ  മനുഷ്യരൂപങ്ങൾ ഒരു  മതിൽക്കെട്ടു പോലെ  ഇരുഭാഗത്തും നിരന്നു നിന്ന് അവർക്ക്  ആഘോഷപൂർവം  വഴിയൊരുക്കി.

വിപിൻ തന്റെ ഇരുചെവികളും  ഭദ്രമായി അടച്ചു വച്ചിരുന്നു.

എന്നിട്ട് പോലും തന്റെ കർണപുടം തകർക്കുമാറുഛത്തിൽ അവർ ഒരേ ഈണത്തിൽ  ഏതോ ഗാനം ആലപിച്ച് തന്നെ ആനയിക്കുകയാണ്.

കൂലം കുത്തിയൊഴുകുന്ന ഒരു പുഴക്കരയിലേക്കാണ് അവര്‍  നടന്നെത്തിയത്.

എണ്ണിയാലൊടുങ്ങാത്തത്ര  മനുഷ്യർ  അവരെ  അനുഗമിച്ചു.

പുഴക്കരയിൽ പതഞ്ഞൊഴുകുന്ന വെള്ളത്തിലേക്കു  നോക്കി  അവര്‍  അൽപസമയം  എന്തോ  കാത്തു നിന്നു. 

പെട്ടെന്ന്  വെള്ളത്തിൽ എന്തോ  തിളങ്ങി.  അവര്‍  കൂട്ടമായി  പുഴയിക്കിറങ്ങി. പക്ഷേ  അവരുടെ  കാലുകൾ  വെള്ളത്തിൽ തട്ടിയതേയില്ല.
പുഴക്കു മുകളില്‍  ഒരു  ചില്ലു പാലം ഉയര്‍ന്നു  വന്നിരിക്കുന്നു. പക്ഷേ  അതു കാണാന്‍  സാധിക്കുന്നില്ല.

അനുഭവപ്പെടുന്നുണ്ട്  താനും.

ഈ ചില്ലു പാലത്തിന്റെ കഥ താൻ ഏതോ ബൈബിൾ കഥയിൽ വായിച്ചിട്ടുണ്ടല്ലോ...

അതേ.. ശലമോൻ പ്രവാചകന്റെ ചരിത്രത്തിൽ ഇങ്ങനെ ഒരു പാലത്തെക്കുറിച്ച് പറയുന്നുണ്ട്.

പുഴയും പാലവും കടന്ന് അവർ അങ്ങു ദൂരെ കാണുന്ന പട്ടണം ലക്ഷ്യമാക്കി നടന്നു.

ഈന്തപ്പനകൾ പോലെ വലിയ ഒറ്റ പനത്തടികൾ അതിൽ കുല കുലയായി വലിയ പഴങ്ങൾ.
പക്ഷെ ഒന്നും പാകമായില്ലെന്ന് തോന്നുന്നു.

പതിയെ പതിയെ അന്തരീക്ഷ ഊഷ്മാവ് വർദ്ധിക്കുന്നത് പോലെ വിപിന് തോന്നി.

സംഘാംഗങ്ങൾ ഇപ്പോൾ ഒരു ഉൻമാദാവസ്ഥയിലാണ് പാട്ട് പാടുന്നത്.

സ്ത്രീകൾ സന്തോഷം നിയന്ത്രിക്കാനാവാതെ പൊട്ടിക്കരയുന്നു.

വിചിത്രമായ അവരുടെ ചേഷ്ഠകൾ കണ്ട് വിപിൻ വിസ്മയം പൂണ്ടു.

ചൂട് കൂടുതൽ കഠിനമായി തുടങ്ങിയിരിക്കുന്നു.

വെയിലല്ല കാറ്റിനാണ് ചൂടെന്ന് അവന് തോന്നി.

ചിലർ വഴിയിൽ മോഹാലസ്യപ്പെട്ട് വീണ്  തുടങ്ങി.

പാറ തുരന്നുണ്ടാക്കിയ വലിയ ഗുഹകളിലേക്കാണ് അവർ എത്തിയത്.

കൂട്ടത്തിലെ ശക്തൻമാർ എല്ലാ ഗുഹാ മുഖങ്ങളും ചില്ലു കൊണ്ട് തീർത്ത അടപ്പുകൾ വച്ച് അടച്ചു.

ആരെയോ പ്രതീക്ഷിച്ചെന്ന വണ്ണം അവർ നടന്നു വന്ന വഴിയിലേക്ക് നോക്കി നിശബ്ദരായി ഇരുന്നു.

പുറത്ത് ചൂടുകാറ്റിന് ശക്തി കൂടിയിരിക്കുന്നു.

പതിയെ പതിയെ കാറ്റിന്റെ ഭാവം മാറി തുടങ്ങി.

അത് കൊടുങ്കാറ്റിന്റെ ശക്തി സംഭരിച്ചിരിക്കുന്നു.

കൂറ്റൻ പനത്തലപ്പുകളും പഴക്കുലകളും കാറ്റിൽ ആടിയുലയുന്നത് അവർ കണ്ടു.

പക്ഷേ ജനങ്ങളുടെ മുഖത്ത് അത് കണ്ട് എന്തോ നിർവൃതി അടയുന്ന ഭാവം....

കാറ്റ് കൂടുതൽ രൗദ്രമാവുകയാണ്..

ചെറിയ ചെറിയ തീജ്വാലകൾ കൂടി കാറ്റിൽ പറന്നു തുടങ്ങിയതോടെ ജനക്കൂട്ടം സന്തോഷത്താൽ ആർപ്പു വിളിക്കാൻ തുടങ്ങി.

തീക്കൊടുങ്കാറ്റ്...

പനകളും പഴക്കുലകളും ആ കാറ്റിൽ പുകഞ്ഞ്  തുടങ്ങി.

കനത്ത പുകയിൽ അന്തരീക്ഷം മൂടി.

ഒരു രാത്രി മുഴുവൻ അവർ ആ ഗുഹകളിൽ കഴിച്ചു കൂട്ടി.

അതിരാവിലെ എല്ലാ ഗുഹാ കവാടങ്ങളും തുറക്കപ്പെട്ടു.

കാറ്റെല്ലാം പോയി അന്തരീക്ഷം ശാന്തമായിരിക്കുന്നു.

പനകളും കറുത്തു പോയ പഴക്കുലകളും അപ്പോഴും പുകയുന്നുണ്ടായിരുന്നു.

സംഘ നേതാവ് തന്റെ മുന്നിലെത്തിയ കരിഞ്ഞ പഴക്കുലയിൽ നിന്ന് ഒരു പഴമെടുത്തു.

അതിന്റെ കട്ടിയുള്ള കരിഞ്ഞു പോയ പുറന്തോട് പൊളിച്ചെടുത്തു.

വശ്യമായ ഗന്ധമുള്ള അതിന്റെ അകകാമ്പിൽ നിന്നും അൽപം രുചിച്ചു.

അയാളുടെ മുഖം സന്തോഷത്താൽ വികസിക്കുന്നത് വിപിൻ കണ്ടു.

ജനക്കൂട്ടം ആനന്ത നൃത്തമാടി.

ആവുന്നത്ര പഴങ്ങളും ശേഖരിച്ച് ആഘോഷമായിഅവര്‍  ദൂരെ  കണ്ട ഒരു വലിയ  മൈതാനം  ലക്ഷ്യമാക്കി നടന്നു.

Stay with Vipin dear friendട.. :

മാന്ത്രിക വിരൽ 4.

മാന്ത്രിക വിരൽ.... 4.
================

ഒരു  പുൽക്കെട്ടിൽ വീണതു പോലെ വിപിന്‍  മുകളിലേക്കുയർന്നു വീണ്ടും  താഴേക്ക് വീണു.

തനിക്കു  ചുറ്റും ചിതറി  വീഴുന്ന പാറക്കല്ലുകളുടെയും പക്ഷികളുടെയും ശബ്ദം  അർദ്ധബോധാവസ്ഥയിലും  അവന്‍  കേൾക്കുന്നുണ്ടായിരുന്നു.

ചുറ്റും  ഇരുൾ
പരന്നു തുടങ്ങിയിരിക്കുന്നു.

ഭീമാകാരമായ  രണ്ടു  കാലുകള്‍  അവന്‍റെ  അരികില്‍  എത്തി.

  അവനെ  തൂക്കിയെടുത്ത്  അത്  ആ കട്ട  പിടിച്ച ഇരുട്ടിലൂടെ മുന്നോട്ടു നടന്നു. ...

അർദ്ധബോധാവസ്ഥയിലും താൻ മറ്റൊരു അപകടത്തിലേക്കാണ് പൊയ്ക്കൊണ്ടിരിക്കുന്നതെന്നവനു
തോന്നി.

മുഖത്തേക്കു  വെയിലടിച്ചതോടെ വിപിന്‍  എഴുന്നേറ്റിരുന്നു.

താനിതെവിടെയാണ്. ...?

മേൽക്കൂരയില്ലാത്ത പാതി തകർന്ന ഒരു പടുകൂറ്റൻ മൺ കെട്ടിടത്തിനകത്തെ കൂറ്റനൊരു  മുറിയില്‍  ആണ്  താന്‍  കിടക്കുന്നത്.

സൂര്യന്‍  തലക്കു മുകളില്‍  എത്തിയിരിക്കുന്നു.

തലേന്ന്  നടന്ന സംഭവങ്ങള്‍  അവന്‍  ഓർത്തെടുത്തു.

അൽപമകലെ  കുറച്ചു മനുഷ്യർ പരിക്കേറ്റ  പക്ഷികളെ കൊന്നു  മാംസം  വേർതിരിക്കുന്നതവൻ കണ്ടു .

വലിയ മനുഷ്യർ....

പക്ഷേ  താനവരുടെ മുട്ടോളമേ ഉയരമുള്ളൂ.

ഇത്  ചിത്രകഥകളിൽ വായിച്ച രാക്ഷസന്‍മാരാണോ....?

അതോ ഗള്ളിവറുടെ രണ്ടാം യാത്രയിലെ ഭീമൻമാരോ...?

ഇവർ  തന്നെയും  കൊന്നു  തിന്നുമോ...?

പക്ഷേ ഇപ്പോൾ താന്‍  സ്വതന്ത്രനാണ് .

ഒരുപക്ഷേ അവരുടെ കണ്ണു വെട്ടിച്ച് തനിക്കിവിടെ നിന്നു  രക്ഷപെടാനാവില്ലെന്ന് അവര്‍ക്ക്  ബോധ്യമുള്ളതു കൊണ്ടാവണം.

ദേഹമാസകലം വീഴ്ച മൂലം വേദനയുണ്ട്.

അവന്‍  രണ്ടും  കല്പിച്ച് അവരുടെ  അരികിലേക്ക്  നടന്നു.

" നിങ്ങള്‍  ആരാണ്. ..?"

"എന്തിനാണെന്നെ പിടിച്ചു  വച്ചിരിക്കുന്നത്....? "

അവൻ  ഉച്ചത്തിൽ  വിളിച്ചു  ചോദിച്ചു.

അതിൽ നേതാവെന്നു തോന്നിപ്പിക്കുന്ന ഒരാള്‍  അവന്‍റെ  ശബ്ദം  കേട്ട്  താഴെക്കു  കുനിഞ്ഞു  നോക്കി.

ഒരു  കൈ കൊണ്ട്  അവനെ  പൊക്കിയെടുത്തു.

അയാളുടെ  കൈക്കുള്ളിൽ ഒതുങ്ങുന്ന  വലിപ്പമേ അവനുണ്ടായിരുന്നുള്ളൂ.....

അവൻ  അയാളുടെ  വിരലുകള്‍ക്കിടയിൽ  കിടന്നു  പിടഞ്ഞു.

അയാള്‍  അവനെ  കണ്ണോടടുപ്പിച്ചു.. അവൻറെ  വസ്ത്രങ്ങൾ  സൂക്ഷ്മതയോടെ  വിരൽ  കൊണ്ട്  പരിശോധിച്ചു.

" . ....?"

അയാൾ മനസിലാവാത്ത ഏതോ ഭാഷയിൽ ചോദിച്ചു.

".....? "

അയാള്‍  പതുക്കെ യാണ്  ചോദിച്ചതെങ്കിലും തൻറെ  ചെവി തകര്‍ന്നു പോവുന്ന  ശബ്ദമായി  അവനതു  തോന്നി.

അവന്‍  ആ ശബ്ദം  താങ്ങാനാവാതെ  ചെവികള്‍  പൊത്തിപ്പിടിച്ചു.

അയാള്‍  അവനെ  നേരിട്ട്  കാണുന്ന  വിധത്തില്‍  ഒരു  കല്ലിനു മുകളില്‍  നിർത്തി.

  പിന്നെ  അവൻറെ  അത്രയും  വലിപ്പമുള്ള  ഒരുപഴം തൊലിയുരിഞ്ഞ് അവന്‍റെ  മുന്നിലേക്കിട്ടു കൊടുത്തു.

അവാച്യമായ  ഒരു  സുഗന്ധം  അവിടെ  പരന്നു. അത് ആ   പഴത്തിൽ നിന്നും  പ്രസരിക്കുന്നതാണെന്നവനു മനസ്സിലായി.  അവന്‍  അതില്‍ നിന്നും  ഒരു  ചെറിയ  ഭാഗം  കൈ  ഉള്ളിലേക്കു താഴ്ത്തി  മുറിച്ചെടുത്തു. അതിൻറെ  ഗന്ധം  അവനെ  വല്ലാതെ  കൊതിപ്പിക്കുന്നുണ്ടായിരുന്നു.  അത്രയും  രുചികരവും മധുരം  നിറഞ്ഞതുമായ ഒരു  പഴം തൻറെ  ജീവിതത്തിൽ  ഇതുവരെ  കഴിച്ചിട്ടില്ലെന്നവനു തോന്നി. വയർ നിറയെ  കഴിച്ചു  ഒരു  മയക്കത്തോടെ അവനവിടെ ഇരുന്നു  പോയി.

ഭക്ഷണം കഴിച്ചെന്നു  മനസ്സിലായതോടെ  അയാള്‍  തന്റെ  വിരലു കൊണ്ട്  അവനെ  ചെറുതായി  തള്ളി. ...

"നീ. ...ആരാണ്. ....?"

അയാള്‍  ആംഗ്യം കാണിച്ചു.

"ഞാന്‍  വിപിന്‍. ..."

അവന്‍  മറുപടി പറഞ്ഞു.

"ഇവിടെ എന്തിനു വന്നു...?"

അയാൾ ആംഗ്യത്തിലൂടെ ചോദിച്ചു.

" റിൻഷോഷിനെ കാണാന്‍  വന്നതാണ്. ..."

അയാള്‍ എന്തോ മനസ്സിലായതുപോലെ തലയാട്ടി.

അവനെ താഴെ  ഇറക്കി വച്ചു.

തലേന്ന് വൈകുന്നേരം  പക്ഷികള്‍ക്കു  നേരെ  പറന്നു വന്ന ഭീമാകാരൻ കല്ലുകള്‍  ഒരു  മല  പോലെ  കൂട്ടിയിട്ടിരിക്കുന്നതവൻ കണ്ടു.

അവ മുകളിലേക്കു  എയ്യുവാൻ ഭീമൻ തെറ്റാലികളും.

ഭീമൻ  പക്ഷികളെ അവര്‍  വേട്ടയാടി  പിടിക്കുന്നതാണെന്നവനു മനസ്സിലായി.

ഭീമൻ  മനുഷ്യർക്ക് ഭീമാകാരമായ  ഇരകൾ......

ഇതായിരിക്കുമോ ജ്യൂറാസിക് കാലഘട്ടം. .....?

ഇവിടെയാവുമോ  ആ നിബിഡ വനങ്ങളും  ദിനോസറുകളും
...?

അവന്‍റെ  മനസ്സില്‍  ആകാംക്ഷയും ഭയവും  ഉരുണ്ടു  കൂടി.

ഇന്നത്തെ  വേട്ട  അവസാനിച്ചിരിക്കുന്നു.
അവരുടെ  നേതാവ്  വിപിനെ പിടിച്ചു  തോളിലേറ്റി.

അവർ തിരിച്ചു പോവുകയാണ്.

അയാളുടെ  ശരീരത്തിലെ  കയറു പോലെ  കിടക്കുന്ന രോമങ്ങളിൽ പിടിച്ചു കൊണ്ട്  അവനിരുന്നു.
അതൊരു  മരു പ്രദേശം  ആയിരുന്നു.  ഒരിലയോ ചെടിയോ പച്ചപ്പോ എങ്ങും  കാണാനില്ല. അവര്‍  പാറക്കൂട്ടങ്ങളും മണൽതിട്ടകളും ചതുപ്പ്  നിലങ്ങളും താണ്ടി മുന്നോട്ടു നടന്നു തുടങ്ങി.

അവർ വളരെ  ദൂരം  നടന്നു.

വളരെ  ദൂരെ  മേൽക്കൂരയില്ലാത്ത  ഭീമൻ കെട്ടിടങ്ങൾ  തലയുയർത്തി നിൽക്കുന്ന  ഒരു  ഗ്രാമം അവന്‍  അയാളുടെ  തോളിലിരുന്നു കണ്ടു.

പക്ഷേ  ആ യാത്ര  നിശ്ശബ്ദമായിരുന്നു.

ദൂരെ  മറ്റൊരു ഗ്രാമത്തിന്റെ ലക്ഷണങ്ങൾ കണ്ടു തുടങ്ങി.

അതോ പ്രാചീന കാലത്തേക്കാണ് താൻ വന്നു വീണതെന്നവന്നു തോന്നി.

തന്റെ.. നാട്

വീട്...

വീട്ടുകാർ.....

ഇനിയൊരിക്കലും തിരിച്ചു പോവാൻ കഴിയാത്ത വിധം ഒത്തിരി അകലെയാണവയെല്ലാം..

വിപിന്റെ കവിളിലൂടെ ഒരിറ്റ് കണ്ണുനീർ ഒലിച്ചിറങ്ങി.

യാത്ര.....

രാവും പകലും കടന്നുള്ള ദീർഘമായ യാത്ര തന്നെയായിരുന്നു.

പക്ഷെ താൻ അവർക്ക് വളരെ പ്രിയപ്പെട്ടതാണെന്നവന് പതിയെ മനസിലായി.

വേട്ടയാടി ലഭിച്ച മാംസമെല്ലാം  ആ ഗ്രാമത്തിലേൽപിച്ച് അവർ  ആഘോഷപൂർവം മറ്റൊരു യാത്ര തുടങ്ങുകയായിരുന്നു.

കൃത്യമായ എന്തോ ലക്ഷ്യം വച്ചു കൊണ്ടൊരു ദീർഘയാത്ര...

ആ പ്രാചീന ലോകത്തെ ജീവിതങ്ങളിൽ വിസ്മയം പൂണ്ട് വിപിൻ അവരുടെ കൂടെ യാത്ര സജീവമാക്കി.

ആരാണവർ...?

എന്താണവരുടെ ലക്ഷ്യം...?

വിപിനെ ആഘോഷപൂർവം അവർ എങ്ങോട്ടാണ് ആനയിക്കുന്നത്...?

ഈ മനുഷ്യരും അവരുടെ വളർത്തു മൃഗങ്ങളും എങ്ങനെയാണ് ഇത്ര ഭീമാകാര രൂപത്തിലായത്...?

stay with Amazing...

🏌️🏌️🏌️🏌️