ലൈഫ് ഓഫ് പൈ
================
ഒരാള്‍ ഏറ്റവും കൂടുതല്‍ ഏകാന്തത അനുഭവിക്കുന്ന അവസരം ഏതായിരിക്കും. .?
നടുക്കടലിൽ ഒറ്റപ്പെട്ടു പോവുമ്പോഴായിരിക്കുമോ. .?
ഒരു ഇടതൂർന്ന പർവതത്തിനു നടുവില്‍...?
കിലോമീറ്ററുകൾ താഴെ ഭൂമിക്കടിയിലെ സ്വർണഖനിയിൽ കുടുങ്ങിപ്പോവുമ്പോൾ....?
അതെല്ലാം തിരിച്ചു വരവ് പ്രതീക്ഷിക്കാവുന്ന ഭൂമിയില്‍ തന്നെയുള്ള ഏകാന്തതകൾ ആണ്.
ഈ ടെറസിനു മുകളിൽ തെളിഞ്ഞ ആകാശത്ത് മിന്നുന്ന ചന്ദ്രനേയും നക്ഷത്രങ്ങളേയും നോക്കിയിങ്ങനെ കിടക്കുമ്പോൾ ദൂരെ ചുവപ്പും പച്ചയും ലൈറ്റുകള്‍ മിന്നിച്ച് കൊണ്ട് ഏതോ വിമാനം പറന്നു പോവുന്നു. ഭൂമിയില്‍ നിന്ന് ഒരുപാട് അകലെയാണെന്നു തോന്നുമെങ്കിലും അതും ഭൂമിയില്‍ തന്നെയാണല്ലോ. ഭൂമിയുടെ ആകർഷണവലയത്തിൽ. അതിൽ ഒരുപാട് സ്വപ്നങ്ങളും പ്രതീക്ഷകളുമുള്ള കുറെയാളുകൾ ഉറങ്ങിയും ഉണർന്നും ആലോചിച്ചും ഇരിക്കുന്നുണ്ടാവും. വിമാനത്തിൻറെ ഭൂമിയുമായുള്ള ബന്ധം അറ്റുപോയാൽ പോലും ഭൂമിയുടെ പരിധി വിട്ട് അതിനു പോവാനാവില്ല. അവർക്കൊന്നും ഏകാന്തത തോന്നാൻ സാധ്യതയില്ല.
ഒരാള്‍ ഒരു റോക്കറ്റിലേറി ഭൂമിയുടെ ആകർഷണവലയവും സൗരയൂഥ വലയങ്ങളും കടന്ന് വിശാല പ്രപഞ്ച ശൂന്യതയിലേക്ക് ഒരു യാത്ര പുറപ്പെട്ടു. സൗരയൂഥത്തിൻറെ അതിരും കടന്നതോടെ അയാള്‍ക്ക് മനുഷ്യലോകവുമായിട്ടുള്ള ബന്ധവും നഷ്ടമായി. എവിടേക്കാണ് പൊയ്ക്കൊണ്ടിരിക്കുന്നത്, എവിടെ എത്തി ഒന്നും അറിയാത്ത ഒരു അവസ്ഥ വന്നാല്‍ ചിലപ്പോള്‍ അതായിരിക്കും ഒരാള്‍ക്ക് വന്നു പെടാവുന്ന ഏറ്റവും വലിയ ഏകാന്തത. ശൂന്യതയിൽ നിന്നും ശൂന്യതയിലേക്ക് ഒരു യാത്ര. അറ്റമില്ലാത്ത വിശ്വത്തിലൂടെ ഒരേകാന്ത സഞ്ചാരം. പ്രപഞ്ചം ഒരു വല്ലാത്ത വിസ്മയം തന്നെ. ആലോചിച്ചിട്ടു തന്നെ ഉള്ളിലൊരു ആളൽ. താഴെ പോയി കിടന്നേക്കാം
No comments:
Post a Comment