Thursday, January 14, 2016

ഈ നാട് നന്നാവൂലാ. ...

ഈ  നാട് നന്നാവൂലാ
==================

രാവിലെ  ടിവിയിൽ  സഞ്ചാരിയുടെ  ഡയറിക്കുറിപ്പുകൾ കണ്ടിരുന്നു  നേരം  വൈകി. ഇരുന്നു  കാണാന്‍  കാരണം  സഞ്ചാരിയുടെ(സന്തോഷ് ജോര്‍ജ്  കുളങ്ങര ) ചില വാക്കുകള്‍  ആയിരുന്നു.
" ഒരു  യാത്രക്കാരൻ എപ്പോഴും  ഒരു  അപകടം  പ്രതീക്ഷിക്കണം.  അടുത്ത  വളവില്‍  ഒരു  വാഹനം  റോങ്ങിൽ  വരുന്നുണ്ടെന്ന്. തൊട്ടു മുന്നില്‍  പോകുന്നവൻ പെട്ടെന്ന്  ബ്രേക്ക്  ചെയ്തേക്കാം. ചിലപ്പോള്‍  റോഡിനു  കുറുകെ  ആരെങ്കിലും  ചാടിയേക്കാം....
അതുമല്ലെങ്കിൽ  ഈ യാത്രയില്‍  ഒരു പക്ഷെ  കയ്യിലെ  പണം  അപഹരിക്കപ്പെട്ടേക്കാം... പാസ്പോർട്ട്  നഷ്ടമായേക്കാം. അങ്ങനെ  എപ്പോഴും  അപകടത്തെ ഒരു  മുൻകൂട്ടി  കാണൽ. ഇനി  അഥവാ  വല്ലതും  സംഭവിച്ചാലും അതു വല്ലാതെ  നമ്മെ ഫീൽ ചെയ്യില്ല  എന്നായിരുന്നു  അദ്ദേഹത്തിൻറെ  അഭിപ്രായം.
  സമയം  വൈകിയതു കൊണ്ട്  ആരൊക്കെയോ  നിരന്തരം  വിളിച്ചു  കൊണ്ടിരിക്കുന്നുണ്ട്. പരിചയമുള്ള  നമ്പറുകള്‍  മാത്രം  അറ്റൻഡു ചെയ്തു.
സാധാരണ  ഇടിച്ചു  കുത്തി  ഹോണടിച്ചു
പേടിപ്പിച്ച് സ്വന്തം  കാര്യം  സലാമത്താക്കിയിരുന്ന ഞാന്‍  ഇന്ന്  റോഡില്‍  മര്യാദ  പുരുഷന്‍  ആവാന്‍  തീരുമാനിച്ചു.
  ഞാന്‍  മാറാന്‍  തീരുമാനിച്ചിട്ടും ജനങ്ങള്‍ക്ക് ഒരു മാറ്റവുമില്ല.  എന്നെ  കണ്ടതോടെ  എല്ലാവരും  റോഡില്‍ നിന്നും  ഓടി മാറി. ഡീസൻറായ ഞാന്‍  വളരെ  ഒതുക്കത്തോടെ വാഹനം  ഓടിക്കുന്നതു കണ്ടിട്ടാവണം " നീ  വായു ഗുളിക  വാങ്ങിക്കാൻ പോവുകയാണോടാ....."എന്നു  ഒരിക്കല്‍  തടഞ്ഞു നിര്‍ത്തി  ചോദിച്ച ചേട്ടനൊരു ചിരി.

മുന്നില്‍  അരിച്ചരിച്ചു പോവുന്ന  വെള്ളിമൂങ്ങയെ  ഹോണടിച്ചു  മൂലക്കു മാറ്റാന്‍  തോന്നാഞ്ഞിട്ടല്ല. ഇന്ന്  ഡീസൻറായത് കൊണ്ട്  അൽപനേരം  ക്ഷമിച്ചു.  ഞാന്‍  മാറിയിട്ടെന്തു കാര്യം. .?  അവന്‍  മാറിത്തരുന്ന ലക്ഷണം  കാണുന്നില്ല.  തല്ക്കാലം  തനി സ്വഭാവം  എടുത്തു.  നാലു ഹോണടിച്ചപ്പോൾ  അവന്‍  ഒതുക്കി തന്നു. പതിവ്  തെറ്റിയില്ല ഓവര്‍ ടേക്ക്  ചെയ്യുമ്പോൾ തന്നെ  എതിരെ  ഒരു  കാർ വന്നു. ഫസ്റ്റ്  തെറി  അക്കൗണ്ടിൽ  വരവ്  വച്ചു.
  അടുത്ത  വളവില്‍  കാക്കിയിട്ട സാർ  കൈകാണിച്ചു. ഇന്നലെ  ഇൻഷൂർ  തെറ്റിയോ എന്നു നോക്കാനെടുത്ത വണ്ടിയുടെ പേപ്പറുകൾ വീട്ടില്‍   മേശപ്പുറത്തു തന്നെയാണ്. വണ്ടിക്ക്  പാസ്പോർട്ടില്ല. ഇനി  പണം  പോക്കറ്റടിച്ചു പോവാനേ ബാക്കിയുള്ളൂ. ഡീസൻറ് പരിപാടി  നടക്കൂലാ....ഞാന്‍  വണ്ടി  സൈഡാക്കി  പോലീസ്  ജീപ്പിനടുത്തെത്തി.

" എന്താടോ....?"

ഹൗ എന്തൊരു  മയമുള്ള ചോദ്യം .ഞെട്ടിപ്പോയി.

" സാർ  സീറ്റ്  ബെൽറ്റ് ഇട്ടില്ല...."

" അതെന്തേ നിൻറെ  വണ്ടിക്കതില്ലേ..?."

" നിങ്ങളെ കണ്ടപ്പോഴേക്കും അതിനു  സമയം  കിട്ടിയില്ല...."

" നിനക്കാരും ലൈറ്റിട്ട്  സിഗ്നല്‍  തന്നില്ലേ. ...?"

" എന്തു  സിഗ്നല്‍. ..?"

"വഴിയില്‍ പോലീസ് ചെക്കിംഗ് ഉണ്ടെന്ന്. ..?"

"ശ്രദ്ധിച്ചില്ല....!"

എന്നാ  ഒരു  100  രൂപയടച്ചോ "

മയത്തിലുള്ള പോക്കറ്റടി.

ഈ  നാട് നന്നാവൂലാ...വെറുതെ  നമ്മളായിട്ട്  എന്തിനാ......

No comments:

Post a Comment