മാവും മാമ്പൂവും 2
=================
അഛൻറെ തറവാടിനടുത്ത് ഉമ്മ ഭാകൃതിയമ്മ എന്നു സ്നേഹപൂർവം വിളിക്കുന്ന ഭഗീരഥിയമ്മയുടെ തൊടിയിൽ നിറയെ മാവുണ്ടായിരുന്നു. സത്യം പറഞ്ഞാല്‍ മാവല്ല മൂച്ചിയായിരുന്നു ഉണ്ടായിരുന്നത്. അവര്‍ പൊഴിഞ്ഞു വീഴുന്ന മാങ്ങയെല്ലാം പെറുക്കി വച്ച് ഉമ്മയെ വിളിക്കും. ആ മാങ്ങയെല്ലാം ചെത്തി വെയിലില്‍ ഉണക്കാനിടും.
ഉണക്കാനിട്ട മാങ്ങപൂളുകൾ തിന്നാന്‍ അല്ലാതെ അതുവെച്ചുണ്ടാക്കുന്ന ഒരു വിഭവവും എനിക്കിഷ്ടമായിരുന്നില്ല.
പിന്നെയുണ്ടായിരുന്നത് തറവാട്ടിലെ മാവിൽ നിന്നും പഴുക്കാത്ത കിളിച്ചുണ്ടനും വീടിനു മുൻ വശത്തെ കോമാങ്ങയും. അധികം പഴുത്തതായാൽ മടുത്തു പോവുന്നതാണ് കോമാങ്ങ. എന്നാലും കുറേയധികം കിട്ടിയാൽ നുറുക്കി ഇത്തിരി ഉപ്പും കുറച്ചു കുരുമുളക് പൊടിയും ചേര്‍ത്ത് നന്നായി മിക്സ് ചെയ്തു വക്കും. കുരുമുളകും മാങ്ങയും കൂടിച്ചേർന്നാൽ ഒരു കൊതിപ്പിക്കുന്ന മണം വരും. ഹൊ... വായിൽ വെള്ളമൂറുന്നുണ്ടല്ലേ...
തറവാട്ടിലെ മാവില്‍ ഒരു സീസണില്‍ ഒരു മുപ്പതു തവണയെങ്കിലും കയറും. ഉള്ളു പഴുത്ത കോമാങ്ങ മരത്തിൻറെ മുകളിലിരുന്നു കടിച്ചു തിന്നുന്ന രസം താഴെ നിന്ന് കിട്ടില്ല.
വ്യത്യസ്തമായ ഇനം മാങ്ങകൾ ഉണ്ടായിരുന്നത് നമ്പൂതിരി അഛൻറെ വീട്ടിലായിരുന്നു. അവിടെ പോയാൽ മാങ്ങയും കിട്ടും അവര്‍ അമ്പലത്തിൽ നിന്നും കൊണ്ടു വരുന്ന മലരും ശർക്കരയും നല്ല കയ്പുരസമുള്ള കട്ടൻ ചായയും കിട്ടും. അതിലൊക്കെ വലുത് പൂജാരിയുടെ മകന്‍റെ തകരപ്പെട്ടിയിൽ അടുക്കി വച്ച ചിത്രകഥാ പുസ്തകങ്ങളായിരുന്നു. ബോബനും മോളിയും അമർ ചിത്രകഥയും ബാലരമയും പൂമ്പാറ്റയും.
നമ്പൂതിരി മരിച്ചതിൽ ഏറ്റവും സങ്കടം ഞങ്ങള്‍ കുട്ടികള്‍ക്കായിരുന്നു. ഒരു പൂജാരി എന്നതിലുപരി ഒരു നല്ല മനുഷ്യസ്നേഹി ആയിരുന്നു അദ്ദേഹം. ഞങ്ങള്‍ക്കു വേണ്ടി മടിയിൽ കരുതി വച്ചിരുന്ന ഓറഞ്ച് മിഠായികള്‍. വിശ്വാസികൾ പൂജാരിക്കു സമ്മാനിച്ച വെള്ളമുണ്ടുകൾ. അതും അദ്ദേഹം സ്നേഹപൂർവം ഞങ്ങള്‍ക്ക് സമ്മാനിക്കും. പൂജാരി സമ്മാനിച്ച വെള്ളമുണ്ടുടുത്ത് വീട്ടിലുള്ളവർ വെള്ളിയാഴ്ച പള്ളിയില്‍ പോവും.
പൂജാരി മരിച്ചതിൻറെ പിറ്റേന്ന് മദ്രസയിൽ പോവുമ്പോൾ ഞങ്ങള്‍ കുട്ടികള്‍ക്കിടയിൽ ഒരു തർക്കമുണ്ടായി. നമ്പൂതിരി സ്വർഗത്തിലായിരിക്കുമോ,നരകത്തിലായിരിക്കുമോ...?
കൂട്ടുകാർ തറപ്പിച്ചു പറഞ്ഞു. നമ്പൂതിരി ഹിന്ദുവായത് കൊണ്ട് നരകത്തിലായിരിക്കും.അതെന്നെ സങ്കടത്തിലാക്കുന്ന കാര്യമായിരുന്നു. ഞങ്ങളെ അത്രയധികം ഇഷ്ടപ്പെടുന്ന നമ്പൂതിരി നരകത്തില്‍ പോയാല്‍ ശരിയാവില്ലല്ലോ....?.
അവസാനം ഉസ്താദിനോട് ചോദിക്കാൻ തീരുമാനിച്ചു. ...?
" ഉസ്താദേ ഞങ്ങളെ നമ്പൂര്യഛൻ സ്വർഗത്തിലാ നരകത്തിലാ പോവ്വാ....?"
No comments:
Post a Comment