Thursday, January 14, 2016

വാഗമണ്‍ യാത്ര 4

വരൂ  നമുക്ക് മൂന്നാറിലെ വരയാടുകളെ കാണാം വാഗമണ്‍ കുന്നുകളിൽ വണ്ടിയോടിച്ചു പോവാം 4.
==================================

മൂന്നാറിലെ  കാഴ്ചകള്‍ കണ്ട്  അടിമാലി  എത്തിയപ്പോഴാണ്  വാഗമണ്‍  വഴി  പോയാലോ  എന്നു  തോന്നിയത്.  വണ്ടി  തിരിച്ചു.  തുടക്കത്തിൽ  റോഡ്  മോശമാണ്. പേടിക്കണ്ട  പിന്നെ  അതു  ശീലമായിക്കോളും.  മലയോര മേഖല  ആയതുകൊണ്ട്  യാത്ര  ഒരിക്കലും  മുഷിയില്ല.  തോട്ടങ്ങളും പുഴകളും വളവുകളും  കയറ്റവും  ഇറക്കവും  ശാന്തമായ  ഒരു  യാത്ര പ്രതീക്ഷിക്കണ്ട.

ഏലപ്പാറ എത്തുമ്പോഴേക്കും രാത്രിയായി.  അവിടെ  റൂമെടുത്തു.  അത്യാവശ്യം  നിലവാരമുള്ള റൂമുകൾ  അടിമാലിയിലിയിലെ പകുതി  നിരക്കില്‍  ഇവിടെ  ലഭിക്കും.  ഒന്ന്  കറങ്ങിയാൽ  മതി.

അതിരാവിലെ തന്നെ  ഞങ്ങള്‍  ഫ്രഷായി.
ചെറിയൊരു  തണുപ്പും  മഞ്ഞും  ഒരു  ചൂടു  ചായയുടെ  ബലത്തില്‍  വണ്ടിയെടുത്തു . ഏലപ്പാറ വാഗമണ്‍ കുന്നുകളെ മറച്ചു  വെക്കുന്ന  ഒരു  ചെറു  പട്ടണമാണ്.  അവിടെ  നിന്നും  ചെറിയ  വളവു  തിരിഞ്ഞ് എത്തുന്നത്  വിശാലതയുടെ ലോകത്തേക്ക്. കിലോമീറ്റർ  നീണ്ടു കിടക്കുന്ന  ചായത്തോട്ടങ്ങൾ.  കുറച്ചകലെ  ചെറിയ മരങ്ങള്‍ക്കിടയിൽ ഏലത്തോട്ടങ്ങൾ. റോഡും ചായച്ചെടികളും വേർതിരിക്കാത്തതുകൊണ്ട് തോട്ടത്തിനു നടുവിലൂടെ  പോവുന്ന  ഒരു  ഫീൽ.
നിരവധി  സിനിമകള്‍ ഇപ്പോഴടുത്തിറങ്ങിയ നസ്റുദ്ധീൻ ഷായുടെ ബോളിവുഡ്  സിനിമ  വരെ ഷൂട്ട് ചെയ്തത്  ഇവിടെയാണ്.
സ്വിസ്  ഇൻഡോ കന്നുകാലി  വളർത്തു കേന്ദ്രം  മാത്രമായിരുന്നു   പണ്ടിവിടെ പ്രചാരം.  നവ മാധ്യമങ്ങളുടെ വളർച്ചയോടെ വാഗമണ്‍  പ്രശസ്തമായി. നാഷണല്‍  ജ്യോഗ്രഫിക് ട്രാവലർ വരെ  വാഗമണ്‍  കുന്നുകളിൽ വണ്ടിയോടിച്ചു  പടം  പിടിച്ചു.
ഒരു ആൽബം ചെയ്യണമെങ്കിൽ  പാട്ടു  റെഡിയാക്കുക. ഇതിലെ  വണ്ടിയോടിച്ചു  പോവുക. അതു പകർത്തിയാൽ തന്നെ  സംഗതി  ക്ലിക്കാവും.  അത്രയും  മനോഹരമായാണ്  പ്രകൃതി ഇവിടെ  സംവിധാനിച്ചിരിക്കുന്നത്.

ഊട്ടിയെ കവച്ചു വെക്കുന്ന  വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റാന്‍  കഴിയുന്ന പ്രദേശമായി  തോന്നി.
തങ്ങള്‍ മലയും  കുരിശ് മലയും  മുരുകന്‍ മലയും  കേരളത്തിൻറെ മത സഹിഷ്ണുത  (മതേതരത്വമല്ല. അത് രാഷ്ട്രീയക്കാർ  വിളിച്ചു  പറയുന്ന ഒരു  പൊളിവാക്കാണ് ) വിളിച്ചോതുന്നു.
പ്രധാന  കാര്യം  ഒരു  യാത്രക്കു പറ്റിയ  ഇടമാണ്  എന്നതാണ്.  തിരക്കില്ലാത്ത നിരത്തിലൂടെ ഒരു  റൈഡ്.  ബൈക്കില്‍  ആണെങ്കില്‍  അടിപൊളി.
  കറൻസി  അച്ചടിക്കാൻ  20  വർഷം  കൂടുമ്പോൾ  മുറിച്ചു കൊണ്ട്  പോവുന്ന വിശാലമായ  പൈൻമരക്കാടുകൾ. നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന  മൊട്ടക്കുന്നുകൾ. നമ്മള്‍  ഇംഗ്ലീഷ്  സിനിമയില്‍  എല്ലാം  കാണാറുള്ള  ചില  മനോഹരമായ  സ്ഥലങ്ങള്‍  ഇല്ലേ.  അതുതന്നെ.
പക്ഷേ  പ്രകൃതിയുടെ  കാഴ്ചകള്‍  മാത്രം.
പെട്ടെന്ന്  കണ്ടു പോവാൻ  ഒന്നുമില്ല.

റോഡിൽ  ഒരു വളവില്‍  എത്തിയപ്പോൾ ഞാന്‍  വണ്ടി സൈഡാക്കി നിർത്തി.  താഴെ  അഗാധമായ  ചെരിവ്. കോടമഞ്ഞ്  താഴെ  നിന്ന്  ഒരു  ചൂളം വിളിച്ചു  കയറി  വരുന്നു. എൻറെ  സഹയാത്രികൻ  ഇയർഫോണിൽ പാട്ടു  കേട്ട്  വണ്ടിയില്‍  ചാരിക്കിടക്കുകയാണ്. രസകരമായ  കാഴ്ച.  ഞാന്‍  കുറച്ചു സമയം  താഴേക്ക്  നോക്കി നിന്നു.
കാറ്റിനു  ശക്തി  കൂടാൻ തുടങ്ങി.  താഴെയുള്ള  കാഴ്ചകള്‍  എല്ലാം  മൂടൽ മഞ്ഞില്‍  അപ്രത്യക്ഷമാവാൻ തുടങ്ങി .  തികച്ചും  വിജനമായ  പ്രദേശം. കുറച്ചകലെ  നിർത്തിയ വണ്ടി  പോലും  ശരിക്കു കാണാന്‍  കഴിയാത്ത  വിധം  മഞ്ഞുമൂടി.
എനിക്കെന്തോ വല്ലാത്ത  ഭയം  തോന്നി.  ആകെ  ഒരു  ഒറ്റപ്പെടൽ. വെപ്രാളം.
താഴെ  കൊക്കയിലേക്കു വീണു പോവുമോ.? കൈകാലുകളിൽ വല്ലാത്തൊരു  വിറയൽ.
ഞാന്‍  വണ്ടിയുടെ  അടുത്തേക്കു  ഓടി.
അത്  വല്ലാത്തൊരു  അനുഭവമായി  തോന്നി. കനത്ത  ഇരുട്ടും  മൂടൽ മഞ്ഞുമെല്ലാം നാം ഒറ്റക്കാണ്  നിൽക്കുന്നതെങ്കിൽ നമ്മെ ഭയപ്പെടുത്തും. വണ്ടിയില്‍ കയറിയിരുന്നപ്പോഴും ചെവിയിൽ  കാറ്റിന്റെ  മുഴക്കം. ഞാന്‍  അൽപസമയം  വണ്ടിയില്‍  പുറത്തേക്ക്  നോക്കിയിരുന്നു. അപ്പോള്‍ മാത്രമാണ്  ആ വഴിയില്‍  ഞങ്ങള്‍  മാത്രമേ  ഉള്ളൂ  എന്ന  ബോധ്യം  വന്നത്‌.  വണ്ടി    പതുക്കെ  മുന്നോട്ടെടുത്തു  ചുരമിറങ്ങി തുടങ്ങി.  ലൈറ്റിട്ടിട്ടും അധികമൊന്നും മുന്നോട്ടു കാണാന്‍  വയ്യ.  അൽപദൂരം സഞ്ചരിച്ചപ്പോൾ  ചെറിയൊരു  ചാറ്റൽ മഴ. അന്തരീക്ഷം  തെളിഞ്ഞു.
താഴെ  കൊച്ചു വെള്ളച്ചാട്ടങ്ങളൊക്കെ കണ്ടു  ജാളിയായി താഴെയെത്തി.
വാഴക്കുളം  എത്തിയപ്പോഴാണ്  പൈനാപ്പിൾ ഓർമ്മ  വന്നത്‌.  കേരളത്തിൻറെ സ്വന്തം  പൈനാപ്പിൾ സിറ്റിയിലെ ഒരു  മൊത്തക്കച്ചവടക്കാരൻറെ  കടയില്‍ നിന്നും  10  കിലോ  അത്യാവശ്യം  പഴുത്ത  പൈനാപ്പിൾ വാങ്ങി  ഡിക്കിയിലിട്ടു. വാ..............ഹ്  അത്തറിനെ വെല്ലുന്ന  പൈനാപ്പിളിൻറെ സുഗന്ധം  വണ്ടിയില്‍.  കുറച്ചു  മുന്നോട്ടു പോയപ്പോള്‍  ഞാന്‍  വണ്ടി സൈഡാക്കി നിർത്തി. ആക്രാന്തം   വണ്ടിയിലുണ്ടായിരുന്ന പേനാക്കത്തി കൊണ്ട്  ഒരു  പൈനാപ്പിൾ
എടുത്തു  ചെത്തി.

വട്ടത്തിൽ അരിഞ്ഞ്  ഒരു കഷ്ണം  വായിലേക്കിട്ടു.
ഉം............. കൊള്ളാം. ...നല്ല  മധുരമുണ്ട്.

അങ്കമാലിയിലെത്തിയപ്പോൾ മനസ്സിലായി. രണ്ടു ദിവസം  കൊണ്ട്  നമ്മുടെ  നാടിനും  റോഡിനും  ഒരു  മാറ്റവും  വന്നിട്ടില്ല. അതേ ബഹളം.  അതേ  തിരക്ക്. Fm റേഡിയോയിലെ പാട്ടും  കേട്ട്  ഞങ്ങളും  ആ തിരക്കിലേക്ക് ഊളിയിട്ടു. സ്പീഡോമീറ്റർ  പതുക്കെ  100  കടന്നു.

വാഗമണ്‍  ഞാനിനിയും വരും  നിന്റെ  മടിത്തട്ടിലേക്ക്. ശുദ്ധമായ  വായുവും തേടി

നിശ്ശബ്ദത  തേടി

കൺകുളിർമ നല്കുന്ന  കാഴ്ചകള്‍  തേടി

ഒച്ചയും  ബഹളവുമില്ലാതെ ശാന്തമായി  വണ്ടിയോടിച്ചു പോവാൻ.

No comments:

Post a Comment