വരൂ നമുക്ക് മൂന്നാറിലെ വരയാടുകളെ കാണാം വാഗമണ്‍ കുന്നുകളിൽ വണ്ടിയോടിച്ചു പോവാം 2.
=================================
ചെങ്കുത്തായ പാറകള്‍ തലയുയർത്തി നിൽക്കുന്ന കഷ്ടിച്ച് ഒരു ബസിനു പോവാനുള്ള വീതിയുള്ള റോഡിലൂടെ ഞങ്ങളുടെ ബസ് മുകളിലേക്കു കയറി തുടങ്ങി. ഇടക്കുള്ള ചെക്ക് പോസ്റ്റും കഴിഞ്ഞു മുകളിലേക്ക്. മുകളില്‍ ഉയര്‍ന്നു നിൽക്കുന്ന പാറക്കെട്ടുകൾ. അവയില്‍ നിന്നും ചിതറിത്തെറിച്ചു താഴേക്കു പതിച്ചു കൊണ്ടിരിക്കുന്ന നീർച്ചാലുകൾ.
താഴെ വിശാലമായ അതിമനോഹരമായ ചായത്തോട്ടങ്ങൾ കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്നു. എൻറെ നാട്ടിലെ (നിലമ്പൂര്‍ ) കാടുകളെ അപേക്ഷിച്ചു നോക്കുമ്പോൾ ഇവിടെ കാടേയില്ല. നഗ്നമായ കുറെ കുന്നുകള്‍ മാത്രം. പക്ഷേ ഇത്ര വിശാലമായ മനോഹരമായ കാഴ്ചകള്‍ ഇവിടെ മാത്രം.
വിനോദ സഞ്ചാര കേന്ദ്രങ്ങൾ പ്രത്യേകിച്ചും പ്രകൃതിയുമായി കാടുമായി ബന്ധപെട്ട സ്ഥലങ്ങള്‍ മനോഹരവും സുഖകരവുമാവുന്നത് വന്നു പോവുന്ന സഞ്ചാരികൾക്കാണല്ലോ.
കനത്ത മഞ്ഞും തണുപ്പും മഴയും പ്രകൃതിയുടെ നിമ്നോന്നതങ്ങളുമെല്ലാം
ആ പ്രദേശത്ത് താമസിക്കുന്ന ആളുകളുടെ ജീവിതം ദുരിതപൂർണമാക്കുന്നു. അടിസ്ഥാന സൗകര്യ വികസന കാര്യത്തിൽ മൂന്നാര്‍ വളരെ പിറകിലാണ്. അതായത് നമ്മുടെ ആതിഥേയർ ബഹുഭൂരിഭാഗവും കടുത്ത ദാരിദ്ര്യത്തിലാണ്. പക്ഷേ അവരെ ഒരിക്കലും നാം കാണുന്നില്ലല്ലോ.
നല്ല വീതിയുള്ള റോഡുകള്‍, പാലങ്ങള്‍ നല്ല വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആതുരാലയങ്ങൾ താരതമ്യേന കുറവാണ്.
ഞങ്ങളുടെ ബസ് മുകളിലെത്തിയിരിക്കുന്നു. മുകളില്‍ മികച്ച ബാത്റൂം സൗകര്യങ്ങളോടു കൂടിയ റിഫ്രെഷ്മെൻറ്റ് സെൻററുണ്ട്.
അരികില്‍ അവിടുത്തെ സൊസൈറ്റി നടത്തുന്ന ചെറിയൊരു ഫുഡ് കോർട്ടും.
30 രൂപ വീതം കൊടുത്ത് ഓരോ ഐസ് വാങ്ങി. ആ അരിച്ചിറങ്ങുന്ന തണുപ്പില്‍ മൂളിപ്പാട്ടു പാടി പതുക്കെ കയറി വരുന്ന കോടമഞ്ഞിൽ മുങ്ങി സന്ദര്‍ശകർക്കുള്ള ചാരു ബഞ്ചിലിരുന്ന് ഐസ് നുണഞ്ഞ് ഞങ്ങള്‍ അൽപനേരം ബാല്യകാല സ്മരണകളിലേക്ക് തിരിച്ചു പോയി. ഉയരം കൂടുന്തോറും ചായക്ക് മാത്രമല്ല ഐസിനും സ്വാദ് കൂടും.
എൻറെ കുട്ടികളെപ്പോലെയുള്ള കളി കണ്ടിട്ടാവണം സ്വദേശികളും വിദേശികളും ഞങ്ങളെ കൈയുയർത്തിയും പുഞ്ചിരിച്ചും വിഷ് ചെയ്തു മുകളിലേക്കു കയറി പോവുന്നുണ്ടായിരുന്നു.
ഇടയ്ക്ക് ഇംഗ്ലണ്ടിൽ നിന്നും അവരുടെ നാടിന്റെ പഴയ കോളനി സന്ദര്‍ശിക്കാനെത്തിയ സായിപ്പ് ഞങ്ങളോടു കുശലാന്വേഷണം നടത്തി. സായിപ്പിന് തീരെ ഇംഗ്ളീഷ് അറിഞ്ഞൂടാന്നു തോന്നുന്നു. സായിപ്പ് പറയുന്നത് എനിക്കും ഞാന്‍ പറയുന്ന ഇംഗ്ലീഷ് സായിപ്പിനും ഭൂരിഭാഗവും മനസ്സിലായില്ല. ഭാഷാ പരിമിതി കൊണ്ട് ഞങ്ങള്‍ പെട്ടെന്ന് സംസാരം അവസാനിപ്പിച്ചു.
പിന്നെയാണ് തായ്ലൻറിൽ നിന്നും വന്ന അമ്മൂമ്മ ഞങ്ങള്‍ക്ക് കമ്പനി തരാന്‍ വന്നത്. ആദ്യമേ ഇംഗ്ലീഷ് ഭാഷയില്‍ അവർക്ക് പ്രാവീണ്യം കുറവായതിന് അവര്‍ സോറി പറഞ്ഞു. ഞാന്‍ എന്റെ ഇംഗ്ലീഷ് പ്രാവീണ്യം ആലോചിച്ച് അവരോട് പുഞ്ചിരിച്ചു.
ഞങ്ങള്‍ അവരോടൊന്നിച്ച് മുകളിലേക്കു നടക്കാന്‍ തുടങ്ങി.
ഭാഷയുടെ പരിമിതികൾ അലിഞ്ഞലിഞ്ഞ് ഇല്ലാതാവുന്നത് ഞാനറിഞ്ഞു. അവര്‍ പറയുന്നത് എനിക്കും ഞാന്‍ പറയുന്നത് അവര്‍ക്കും മനസ്സിലാവുന്നതിന് ഭാഷ ഒരു പ്രതിബന്ധമല്ലാതാവുന്നത് ഞാനറിഞ്ഞു. ഞാന്‍ പറഞ്ഞ തമാശകള്‍ പോലും അവര്‍ ആസ്വദിച്ചു ചിരിച്ചു.
ഞാന്‍ 12 വർഷത്തിൽ പൂക്കുന്ന നീലക്കുറിഞ്ഞി യെ കുറിച്ച് പറഞ്ഞപ്പോൾ അവര്‍ ജപ്പാനില്‍ പോയപ്പോള്‍ കണ്ട ലാവണ്ടർ പൂ പാടങ്ങളെ കുറിച്ച് പറഞ്ഞു. റോഡിലൂടെ അലഞ്ഞു തിരിഞ്ഞു നടക്കുന്ന വരയാടുകള്‍ക്കിടയിലൂടെ ഞങ്ങള്‍ പതുക്കെ മുകളിലേക്കു നടന്നു തുടങ്ങി
No comments:
Post a Comment