വരൂ നമുക്ക് മൂന്നാറിലെ വരയാടുകളെ കാണാം വാഗമണ്‍ കുന്നുകളിൽ വണ്ടിയോടിച്ചു പോവാം 3.
=================================
പാർക്കിൽ നിന്നും മുകളിലേക്കു കയറും തോറും തണുപ്പും കൂടുന്നുണ്ടെന്ന് എനിക്ക് തോന്നി. നീലക്കുറിഞ്ഞി പൂക്കുന്ന കാലത്ത് ഇനി ജീവിച്ചിരിപ്പുണ്ടെങ്കിൽ ഒന്നു കൂടി ഈ മല കയറി വരണം. തായ്ലൻറിൽ നിന്നും കേരളം കാണാൻ വന്ന അമ്മൂമ്മ കൂടുതല്‍ വാചാലയായി എന്നോട് സംസാരിച്ചു കൊണ്ടേയിരുന്നു. സത്യത്തിൽ അവരുടെ ലക്ഷ്യം ശ്രീലങ്കയാണ്. 150 പേരുടെ ഗ്രൂപ്പിലെ അംഗമാണവർ.
തായ്ലൻറിൽ നായ്ക്കളെ കൊന്നു തിന്നാറുണ്ട് എന്ന് കേട്ടിട്ടുണ്ട്. അമ്മൂമ്മ തിന്നിട്ടുണ്ടോ ആവോ..? . ഏതായാലും അവര്‍ കേരളത്തിലെ ക്കുറിച്ചും ഇവിടുത്തെ ടൂറിസ്റ്റ് പ്ലേസുകളെ കുറിച്ചും എന്നോട് ചോദിച്ചു.
പിന്നെ പിന്നെ എനിക്ക് മനസ്സിലായി പ്രകൃതിയുടെ സൗന്ദര്യം നിശ്ശബ്ദമായി ക്ഷമയോടെ ആസ്വദിക്കേണ്ട ഒന്നാണെന്ന്. കലപില സംസാരിച്ച് വേഗത്തില്‍ കണ്ടു തീർക്കാവുന്ന ഒന്നും തന്നെ പ്രകൃതിയിലില്ല.
മലയായാലും,
താഴ്വരയായാലും
മഞ്ഞായാലും,
മഴയായാലും
പൂവുകളും
ചെടികളും
അരുവികളും
പുഴയും
പക്ഷികളും
മൃഗങ്ങളും
എല്ലാം എല്ലാം സമാധാനത്തോടെ സന്തോഷത്തോടെ നോക്കിക്കാണുമ്പോൾ മാത്രമാണ് മനോഹരമായ അനുഭവമായി മാറുക.
ഒരു എക്സിബിഷൻ പ്രതീക്ഷിച്ചു വന്നാല്‍ നിരാശരാവേണ്ടി വരും.
ഞാന്‍ അമ്മൂമ്മയോട് സലാം ചൊല്ലി വേഗത്തില്‍ മുന്നില്‍ നടന്നു. അൽപദൂരം നടന്നപ്പോഴേക്കും റോഡ് തീർന്നു. (തടഞ്ഞതാണ് ).
അതിനപ്പുറം പ്രൈവറ്റ് സ്ഥലമാണത്രേ .സ്ഥാനാർഥിയുടെ വണ്ടി കയറി പോവുന്നുണ്ടായിരുന്നു. മുകളില്‍ ഒരു ഗ്രാമമുണ്ട്. അവിടെ കുറെ ജനങ്ങളും. ചില കാഴ്ചകള്‍, ചില ആളുകള്‍, ചില സ്ഥലങ്ങള്‍ എല്ലാം അങ്ങനെയാണ്. അവ നമ്മുടെ കാഴ്ചക്കും ചിന്തകള്‍ക്കും അപ്പുറമായിരിക്കും.
തിരിച്ചു വരുമ്പോള്‍ പ്രകൃതിയുടെ വ്യത്യസ്തമായ ഭാവങ്ങള്‍ കാണുന്നുണ്ടായിരുന്നു. വെയിലും മഴയും മഞ്ഞും കാറ്റും മാറി ഒരു പകർന്നാട്ടം. പക്ഷേ ആ ഗ്രാമവും അവിടെ താമസിക്കുന്ന ജനങ്ങളെ കുറിച്ചുള്ള ചിന്തകളും എന്നെ വിട്ടു പിരിഞ്ഞിരുന്നില്ല.
സ്ഥാനാർഥിയുടെ പരസ്യ ചിത്രം കണ്ടിട്ട് ആ ഗ്രാമത്തിൽ തമിഴ് വംശജരായിരിക്കണം കൂടുതല്‍ എന്നെനിക്കു തോന്നി. എല്ലാം തമിഴില്‍ എഴുതിയിരിക്കുന്നു.
അവര്‍ക്ക് ഇതുവഴിയല്ലാതെ പുറം ലോകത്തെത്താൻ മറ്റു വഴികള്‍ ഉണ്ടാവുമോ? .
അവിടെ എത്ര കുടുംബങ്ങൾ താമസിക്കുന്നുണ്ട്.
ഇത്ര കഠിനമായ പരിതസ്ഥിതിയിൽ അവർക്കെങ്ങിനെയാണ് അവിടെ പിടിച്ചു നിൽക്കാൻ സാധിക്കുന്നത്?.
എനിക്ക് ഉത്തരം കിട്ടിയില്ലെങ്കിലും വായനക്കാർക്കു അറിയുമായിരിക്കാം.പങ്കു വെക്കുക.
ഞങ്ങള്‍ തിരികെ ബസ് കയറുന്നതിനു വരിയില്‍ നിന്നു. ഞാന്‍ ഡ്രൈവര്‍ക്കരികിലെ സീറ്റിലിരുന്നു.
ഞാനും ചെറിയൊരു ഡ്രൈവര്‍ ആണെന്ന് പറഞ്ഞപ്പോൾ ഡ്രൈവര്‍ക്കു വലിയ സന്തോഷം. തമിഴ് കലർന്ന മലയാളത്തിൽ അയാള്‍ ജീവിതവും ജോലിയുടെയും അനുഭവങ്ങൾ പങ്ക് വെച്ചു.
ഈ റോഡും ബസുകളും പാർക്കുമെല്ലാം ഇത്ര ഭംഗിയായി നടത്തി കൊണ്ട് പോവുന്നത് അവിടുത്തെ ഒരു സൊസൈറ്റിയാണ്. ടിക്കറ്റിൻറെ ഏകദേശം 25% ഗവണ്മെന്റിന് ബാക്കി ഈ സൊസൈറ്റിക്കും. മാന്യമായ ഒരു ഇടപാട് തന്നെയാണല്ലോ. ക്യാമറ ഫീസെല്ലാം മുഴുവന്‍ ഗവണ്മെന്റ് എടുക്കും.
ശരാശരി ഒരു ഡ്രൈവര്‍ ഒരു ദിവസം 20 -22 ട്രിപ്പ് എടുക്കും. എങ്ങനെ കണക്കു കൂട്ടിയാലും ദിവസം 500 രൂപ തികയില്ല. അയാള്‍ പറഞ്ഞു ചിരിക്കുന്നുണ്ടായിരുന്നു.
ഇനി ഇത് വനം വകുപ്പ് നേരിട്ട് നടത്തുമെന്നും അന്ന് തരക്കേടില്ലാത്ത ശമ്പളം ലഭിക്കാന്‍ സാധ്യത കാണുന്നുണ്ടെന്നും ഒരു പ്രതീക്ഷയും.
മൂന്നാറിലെയും പാലക്കാടിലെയും തമിഴ് ജനതക്കും നാഞ്ചിനാട്ടിലെയും (കന്യാകുമാരി ) നീലഗിരിയിലെയും മലയാളികള്‍ക്കും കാസര്‍ഗോഡിലെ കന്നഡ സംസാരിക്കുന്നവർക്കുമെല്ലാം ഒരു അന്യതാ ബോധമുള്ള പോലെ തോന്നിയിട്ടുണ്ട്. ചിലപ്പോള്‍ എൻറെ തോന്നൽ മാത്രമാവാം.
താഴെ വലിയ ക്യൂ തന്നെയുണ്ട്. പല ഭാഷയില്‍ പല വേഷത്തില്‍ പല നിറത്തില്‍ അവര്‍ അവിടെ ടിക്കറ്റിനായി വരി നിൽക്കുന്നു.
ഡ്രൈവറോട് ബൈ പറഞ്ഞ് തായ്ലൻറ് അമ്മൂമ്മയുടെ കൂടെ ഒരു സെൽഫി എടുക്കാന്‍ മറന്നു പോയല്ലോ എന്നോർത്ത് ഞങ്ങള്‍ വണ്ടിയെടുത്തു.
മൂന്നാര്‍. ........!.ഞാനിനിയും വരും. ഈ കാടിനോടും മലകളോടും സംസാരിക്കാനല്ല. ഇവിടെ ജീവിക്കുന്ന മനുഷ്യരോടു സംസാരിക്കാൻ.മലബാറുകാരെ പോലെ
തൊടുപുഴക്കാരെപ്പോലെ മറ്റെല്ലാവരെയും പോലെ നിങ്ങളും പറയണം.
ഇതെന്തു വിലയാണിഷ്ടാ....
നീ ഒന്നൂടെ കുറക്കണട്ടാ.......
അതിലൊരു സന്തോഷമുണ്ട്. വാങ്ങുന്നവനും വിൽക്കുന്നവനും കണ്ടു നിൽക്കുന്നവനും ലഭിക്കുന്ന സന്തോഷം.
ഇനി വാഗമണ്‍ കുന്നുകളിൽ വണ്ടിയോടിച്ചു പോവാം. നിങ്ങളുണ്ടാവില്ലേ കൂടെ നിങ്ങള്‍ക്ക് ഞാന്‍ ഇതാ ഈ സീറ്റുകൾ ഒഴിച്ചിട്ടിരിക്കുന്നു.