സർട്ടിഫിക്കറ്റ്
============
സ്കൂള്‍ സർട്ടിഫിക്കറ്റ് കിട്ടാന്‍ എത്തിയതാണ് നാരായണന്‍. സ്കൂളൊക്കെ ആകെ മാറി. അവന്‍ ചുറ്റും നടന്നു നോക്കി. പണ്ടത്തെ പോലെയൊന്നുമല്ല. എല്ലാ ക്ലാസിലും ബഞ്ചും ഡസ്കും. അതിലേറെ അത്ഭുതം
മൂന്ന് കാലിൽ വികലാംഗനായ ഒരെണ്ണം പോലുമില്ല. എല്ലാ ക്ലാസിലും ചുമരിലാകെ ചിത്രങ്ങൾ. പണ്ട് താൻ ചുമരില്‍ കലാവതിടീച്ചറുടെ ഒരു ചിത്രം വരച്ചതിന് എന്തായിരുന്നു പുകില്. നീട്ടി വരച്ചത് വാലല്ല ടീച്ചറുടെ നീണ്ട മുടിയാണെന്നു പറഞ്ഞിട്ട് ഒരാളും
വിശ്വസിച്ചില്ല.
കാലം ഒരുപാട് മാറി. എല്ലാ ക്ലാസിലും സൗണ്ട് ബോക്സ് കണ്ടപ്പോഴാണ് നാരായണന്‍ ശരിക്കും വിസ്മയം പൂണ്ടത്. ഇപ്പോള്‍ മൈക്കിലൂടെയാണോ
ക്ലാസെടുക്കുന്നത്.പണ്ട് മഴ വരുന്നത് കണ്ടാൽ സന്തോഷമായിരുന്നു. കാരണം ചോർന്നൊലിക്കുന്ന ക്ലാസില്‍ ഇരുന്ന് എന്തു പഠിക്കാന്‍ ആണ്. മഴ വന്നാല്‍ സ്കൂള്‍ വിടും. ഇപ്പോള്‍ എല്ലാ ക്ലാസിലും ഫാനും ലൈറ്റും.അന്നൊക്കെ
ഈ സൗകര്യങ്ങളുണ്ടായിരുന്നെങ്കിൽ ഞാന്‍ സ്കൂളില്‍ തന്നെ താമസമാക്കിയേനെ.
"നിങ്ങളാരാ" ?
പിന്നില്‍ നിന്നും പെട്ടെന്ന് ചോദിച്ചപ്പോൾ നാരായണന്‍ ഞെട്ടി പോയി . ഹ ഇത് കണാരന്‍ മാഷാണല്ലോ. ഇയാളിനിയും റിട്ടയര്‍ ആയില്ലേ.
"സാറെ ഞാന്‍ നാരായണന്‍ "
"അതിന്"
അതിനോ?, എന്താ വേണ്ടത് എന്നല്ലേ ചോദിക്കേണ്ടത് അവന്‍ മനസ്സില്‍ പറഞ്ഞു.
"അതിനൊന്നൂല്ലാ. ഞാനിവിടെ പഠിച്ച ആളാന്നൊരു സർട്ടിഫിക്കറ്റ് വേണം. "
"അതിന് താനിവിടെ പഠിച്ചിട്ടുണ്ടോ" ?
"പിന്നെ ഞാനിവിടെ പഠിച്ചതാണ് മാഷെ സത്യം. "
"Sslc ബുക്ക് കൊണ്ട് വന്നിട്ടുണ്ടോ? "
ഇയാളിതെന്ത് മണ്ടത്തരമാണീ ചോദിക്കുന്നത്.അതുണ്ടെങ്കിൽ പിന്നെന്തിനാണു വേറെ സർട്ടിഫിക്കറ്റ്.
" SSIC ബുക്ക് കിട്ടിയിട്ടില്ല സാർ"
"അതെന്താ വാങ്ങാതിരുന്നത് " ?
" അത് പിന്നെ 8TH ക്ലാസ് വരെ പഠിച്ചാ
എസൽസി ബുക്ക് കിട്ട്വോ ? "
മാഷ് അൽപനേരം നിശബ്ദനായി.
"എന്നാല്‍ ഓഫീസിലേക്കു വന്നോളൂ "
കണാരന്‍ മാഷ് മുന്നില്‍ നടന്നു.
"ഏതാ വർഷം. " മാഷ് ചോദിച്ചു.
അതും അറിഞ്ഞു കൂടെ ? . ഇയാളെങ്ങനെയാണ് മാഷായത്.
" മാഷെ ഇത് 2015 "
"അതല്ലെടോ താൻ പഠിച്ച വർഷം " ?
"ഓ അതാണോ , ഏതു ക്ലാസില്‍ പഠിച്ച വർഷമാണ്. ഞാന്‍ ഒരുപാടു കൊല്ലം പഠിച്ചിട്ടുണ്ട് മാഷെ. "
നാരായണന് അവനെക്കുറിച്ച് അഭിമാനം തോന്നി.
"താന്‍ ചേര്‍ന്ന വർഷം പറ"
"അത് രജിസ്റ്ററിൽ നോക്കിയാൽ പോരെ? "
നാരായണനു സംശയം.
"ആലോചിച്ചു നോക്കെടോ വിഡ്ഢിത്തം പറയാണ്ട്" മാഷ് ചൂടായി.
ഏതു വർഷമായിരിക്കും ഞാന്‍ പഠിച്ചത്. നാരായണന്‍ വിരലിലെണ്ണിത്തുടങ്ങി.
" 92 ലാ മാഷെ "
അവനു തന്റെ ഓർമശക്തിയില്‍ അത്ഭുതം തോന്നി.
"ങ്ഹാ ഒന്ന് തപ്പി നോക്കട്ടെ. അപേക്ഷ എവിടെ. ? "
"അപേക്ഷയൊ ?"
നാരായണന്‍ കൈ മലർത്തി.
"ങ്ഹാ അപേക്ഷിക്കണം"
ഇയാളെ ഞാനിന്ന് ശരിയാക്കും. ഇതെന്താ പോലീസ് സ്റ്റേഷനോ?
" സാർ അപേക്ഷിക്കുന്നു "
നാരായണന്‍ താഴ്മയോടെ പറഞ്ഞു.
"വായ കൊണ്ടല്ല അപേക്ഷിക്കേണ്ടത്. വെള്ളപ്പേപ്പറിൽ എഴുതി അപേക്ഷിക്കണം."
മാഷു വിവരിച്ചു കൊടുത്തു.
അവന്‍ ഒരു പേപ്പറും പേനയും വാങ്ങി എന്തോ എഴുതി മാഷുടെ കയ്യില്‍ കൊടുത്തു.
" എന്താണിത് " ?
"അപേക്ഷയാണ് മാഷെ."
"ഇതാണോ അപേക്ഷ ". മാഷു പേപ്പര്‍ പൊക്കിപ്പിടിച്ചു കൊണ്ട് ചോദിച്ചു.
" അപേക്ഷിക്കുന്നു "
എന്നു വലുതായി എഴുതിയിട്ടുണ്ട് നാരായണന്‍.
"താനേത് സ്കൂളിലാടോ പഠിച്ചത് " ?
" ഈ സ്കൂളില്‍ "
" ആരാ തന്നെ പഠിപ്പിച്ചത് മണ്ടന്‍ " ?
" നിങ്ങള് തന്നെ കണാരന്‍ മാഷെ, നിങ്ങളല്ലായിരുന്നോ എന്റെ ക്ലാസ് മാഷ്. "
പകച്ചു പോയി മാഷുടെ വാർദ്ധക്യം.
No comments:
Post a Comment