💟💟💟💟💟 ഡെന്നിസ്4 💖💖💖💖💖
" നീയിവിടെ ചടഞ്ഞിരിക്കാതെ ആ പശുക്കളെ നോക്ക് മോളേ. ....ഡെന്നിസിനൊരു സഹായവുമായിക്കൊള്ളും...."
രാവിലെ കറന്നെടുത്ത പാൽ പാത്രത്തിലേക്ക് ഒഴിക്കുന്നതിനിടെ രാജേശ്വരിയമ്മ പറഞ്ഞു.
പച്ചപ്പാലിൻറെ നറുമണം അവിടെ ഒഴുകി പരന്നു . പതഞ്ഞു പൊങ്ങുന്ന പാലിലേക്കു നോക്കി ശ്രുതി സമ്മതമെന്നു തലയാട്ടി.
ആലയില്‍ നിന്നും കയറഴിച്ചതോടെ പശുക്കള്‍ ഫോറസ്റ്റിലേക്കു പോവാൻ തുടങ്ങി. ശ്രുതി അവയെ പിൻതുടർന്നു.
കാട്ടില്‍ അവിടവിടെയായി ധാരാളം പശുക്കളും ആടുകളും മേയുന്നുണ്ട്. പക്ഷേ ഡെന്നിസിനെ അവൾക്കെവിടെയും കാണാന്‍ കഴിഞ്ഞില്ല. മൃഗങ്ങളുടെ സാന്നിധ്യം തൻറെ ഭയങ്ങളെ ഇല്ലാതാക്കുന്നുണ്ടെന്ന്
അവൾ അറിഞ്ഞു. ചാഞ്ഞു നിൽക്കുന്ന ഒരു മരച്ചില്ലയിൽ അവള്‍ കയറിയിരുന്നു.
ഒഴുകി വരുന്ന ഒരു ഓടക്കുഴല്‍ നാദം കേട്ട് അവള്‍ കണ്ണു തുറന്നു.
എത്ര നേരം അവിടെ ഇരുന്നു ഉറങ്ങി പോയെന്നു അവൾ അത്ഭുതപ്പെട്ടു.
കാലികളെല്ലാം കൺവെട്ടത്തു നിന്നും പോയിരിക്കുന്നു.
എവിടുന്നാണീ മനോഹരമായ ശബ്ദം കേൾക്കുന്നത്. ഇത്ര ശ്രുതി മധുരമായി ഓടക്കുഴല്‍ വായിക്കുന്നതാരാണ്. ..?
അവള്‍ മരത്തിൽ നിന്നും ചാടിയിറങ്ങി. ശബ്ദം കേൾക്കുന്ന ദിക്കിലേക്കു നടന്നു.
അതാ പശുക്കളെല്ലാം ഡെന്നിസിനു ചുറ്റുമായി പുല്ലു മേയുന്നു. തകർന്നു കിടക്കുന്ന പഴയ ഏതോ കെട്ടിടത്തിൻറെ അവശിഷ്ടങ്ങൾക്കരികിൽ അവന്‍ സ്വയം മറന്നു പാടുകയാണ്. അതിൻറെ മാസ്മരിക ശബ്ദം കേൾക്കുന്നതിനാവണം മൃഗങ്ങൾ അവനെ ചുറ്റിപ്പറ്റി നിൽക്കുന്നത്.
ശ്രുതി ഒരു മരത്തിന്റെ മറവില്‍ നിന്നു. തന്നെ കണ്ടാൽ അയാള്‍ ഓടക്കുഴല്‍ വായിക്കുന്നതു നിർത്തിക്കളഞ്ഞെങ്കിലോ എന്നവൾ സംശയിച്ചു. ആ ശബ്ദവീചികൾ തന്നെ ഒരു മായികലോകത്തേക്കു കൂട്ടി ക്കൊണ്ടു പോവുന്നതായി അവൾക്ക് തോന്നി. രണ്ടു കണ്ണുകളുമടച്ച് അവൾ ആ മായികസംഗീതത്തിൽ അലിഞ്ഞു ചേര്‍ന്നു.
അവാച്യമായ ഒരു അനുഭൂതി തൻറെ സിരകളിലേക്കു പടർന്നു കയറുന്നത് അവള്‍ അനുഭവിച്ചറിഞ്ഞു.
ഇടക്കെപ്പോഴോ ശബ്ദം നിലച്ചു. തൻറെ ചുമലില്‍ ഒരു കൈത്തലം അമർന്നപ്പോൾ അവള്‍ ഒരു ഞെട്ടലോടെ കണ്ണു തുറന്നു. ഡെന്നിസ് അവളോട് ഒച്ച വക്കരുതെന്ന് ചുണ്ടില്‍ വിരലു വച്ചു ആംഗ്യം കാണിച്ചു. അയാളുടെ കണ്ണുകളിൽ ചെറിയൊരു ഭീതി നിഴലിച്ചിരുന്നു.
അയാള്‍ അടുത്ത് കണ്ട വലിയൊരു മരത്തിനടുത്തേക്ക് ശ്രുതിയുടെ കൈ പിടിച്ചു കൊണ്ടോടി. അയാളുടെ അപ്രതീക്ഷിതമായ ശക്തമായ വലിയില്‍ അവള്‍ ഒരു പൊന്തപ്പടർപ്പിൽ കമിഴ്ന്നുവീണു. അവളെ വലിച്ചെഴുന്നേൽപിച്ച് അവര്‍ വീണ്ടും ഓടി മരത്തിനടുത്തെത്തി. മാടുകൾ ഭയവിഹല്വരായി ചിതറിയോടുന്നത് ശ്രുതി കണ്ടു. ഡെന്നിസ് ആ വലിയ മരത്തിൻറെ ചില്ലയിലേക്കു വലിഞ്ഞു കയറി. പിന്നെ ശ്രുതിയെ കൈ നീട്ടി വലിച്ചു കയറ്റി. അവര്‍ വീണ്ടും മുകളിലേക്കു കയറി. സുരക്ഷിതമായ ഒരു ചില്ലയിൽ ഇരിപ്പുറപ്പിച്ചു. ഡെന്നിസ് ഒരു മുൻകരുതലെന്ന പോലെ ശ്രുതിയുടെ അരക്കെട്ടും മരക്കൊമ്പുമായി ബന്ധിച്ചു. താഴെ കാലികൾ തലങ്ങും വിലങ്ങും പായുന്നത് അവള്‍ കണ്ടു. ..
"എന്താ ഡെന്നിസ്. ..എന്തിനാണ് നമ്മളീ മരത്തിനു മുകളില്‍ കയറിയിരിക്കുന്നത്...? "
ഭയം കൊണ്ട് അവളുടെ ശബ്ദം വിറക്കുന്നുണ്ടായിരുന്നു.
അവന്‍ ശബ്ദിക്കരുതെന്ന് ആംഗ്യം കാണിച്ചു. പിന്നെ കുറച്ചകലേക്ക് വിരൽ ചൂണ്ടി. അവിടെ പൊടിപടലങ്ങൾ പറന്നുയരുന്നുണ്ടായിരുന്നു. വലിയൊരു
മരച്ചില്ല അവരുടെ നേരെ പറന്നു വന്നു മരത്തിൻറെ തടിയിൽ തട്ടി താഴെ ഒടിഞ്ഞു വീണു. പൊന്തക്കാടുകളെ ഇളക്കി മറിച്ച് ഉഛത്തിൽ ചിന്നം വിളിച്ചു കൊണ്ട് മണ്ണില്‍ കുളിച്ച കൂറ്റനൊരാന അവരിരിക്കുന്ന മരം വലം വച്ചു. ചുറ്റുമുള്ള ചെറുമരങ്ങളെ ചവിട്ടിയൊടിച്ചും തുമ്പിക്കൈ കൊണ്ട് വലിച്ചു കീറിയും അത് അരിശം തീര്‍ത്തു. ശ്രുതി മരക്കൊമ്പിലിരുന്ന് ആലില പോലെ വിറച്ചു. ആ ഭീകരഭാവം പൂണ്ടു നിൽക്കുന്ന കൊമ്പനാനയുടെ കാടു നടുങ്ങുന്ന ചിന്നം വിളി കേട്ട് ആടുമാടുകൾ ചിതറിയോടുന്നത് അവര്‍ മരക്കൊമ്പിലിരുന്ന് നിസ്സഹായതയോടെ നോക്കി നിന്നു. അൽപനേരം അത് അനങ്ങാതെ നിന്നു. ഡെന്നിസ് എന്തോ അപകടം മണത്തു. അവന്‍ ശ്രുതിയോട്
മരക്കൊമ്പിൽ കമിഴ്ന്ന് കിടക്കാൻ പറഞ്ഞു. ആന രണ്ടടി പിന്നോട്ട് നടന്നു. പിന്നെ ശക്തിയായി മരത്തിലിടിച്ചു. ശ്രുതി മരക്കൊമ്പിൽ നിന്നും പിടിവിട്ട് അരക്കു കെട്ടിയ ഷാളിൽ തൂങ്ങിയാടി.
ഡെന്നിസ് കമിഴ്ന്ന് കിടന്ന് അവളെ കൂട്ടിപ്പിടിച്ചു. ആനയുടെ ശക്തമായ ഇടിയേറ്റ് മരം കുലുങ്ങി വിറച്ചു.
പിന്നെ അത് തുമ്പിക്കൈ ഉയർത്തി അലറിക്കൊണ്ട് ആ മരത്തിന് ചുറ്റും വലം വച്ചു. ആനകൾ കൂട്ടമായി വരുന്നത് ഡെന്നിസ് കണ്ടു. അവൻ ആശ്വാസത്തോടെ ദീർഘ ശ്വാസം വലിച്ചു. ശ്രുതിയെ മരക്കൊമ്പിലേക്ക് വലിച്ചു കയറ്റി. അവ മരച്ചില്ലകളും മുളന്തണ്ടുകളും ഒടിച്ചു തിന്നാന്‍ തുടങ്ങി. ഡെന്നിസ് ഫോണെടുത്ത് ആരെയൊക്കെയോ വിളിച്ചു.
സമയമേറെ കഴിഞ്ഞിട്ടും ആനകൾ ആ പരിസരം വിട്ടു മാറിയില്ല. വിശപ്പും ദാഹവും പേടിയും എല്ലാം കൂടിച്ചേർന്ന് അവൾ ആ മരക്കൊമ്പിൽ അള്ളിപ്പിടിച്ചു കിടന്ന് വിതുമ്പിക്കരഞ്ഞു.
സമയം കടന്നു പൊയ്ക്കൊണ്ടിരുന്നു.
പടിഞ്ഞാറ് വെയിൽ ചാഞ്ഞു തുടങ്ങി.കാട്ടിൽ ഇരുട്ട് വീഴാന്‍ തുടങ്ങി. പെട്ടെന്ന് അവരുടെ മരത്തിനു സമീപം ഒരു പടക്കം വീണു പൊട്ടി. ആരവങ്ങളോടെ ചെണ്ട കൊട്ടിയും തീ പന്തം കത്തിച്ചും ഉഛത്തിൽ ശബ്ദമുയർത്തിയും കുറെയാളുകൾ കാടിനകത്തേക്കു കടന്നു വന്നു. ഡെന്നിസ് ചാടിയിറങ്ങി അവരുടെ കൂടെ ചേര്‍ന്നു.
അവർ ആനകളെ ഉൾക്കാട്ടിലേക്ക് ഓടിക്കാന്‍ തുടങ്ങി. ഇതിനിടെ രണ്ടു പേര്‍ മരത്തിൽ കയറി ശ്രുതിയെ രണ്ടു കയറുകളിൽ തൂക്കിയിറക്കി. ആരുടെയോ തോളില്‍ പിടിച്ചു നടന്നു പോകവേ അവൾ തിരിഞ്ഞു നോക്കി. അൽപമകലെ ഡെന്നിസ് അവരോടൊപ്പം ആനകളെ ഉൾക്കാട്ടിലേക്ക് ഓടിക്കാന്‍ ശ്രമിക്കുന്നത് അവൾ കണ്ടു. കാടിനു പുറത്തു കാത്തു നിന്നിരുന്ന അഛമ്മയുടെ തോളിലേക്കു ചാഞ്ഞു അവൾ ഏങ്ങിയേങ്ങി കരഞ്ഞു.
No comments:
Post a Comment