Tuesday, December 1, 2015

രക്ത ദാഹി 8

രക്ത ദാഹി 8
===========

അയാള്‍ തലകീഴായി മറിഞ്ഞു കിടക്കുന്ന  കാറിനടുത്തേക്ക്  ഓടിയെത്തി.ശക്തമായ  ഇടിയിൽ  കാറിന്റെ  എയര്‍  ബാഗുകൾ എല്ലാം  പുറം തള്ളപ്പെട്ടിരിക്കുന്നു. ഡോറുകൾ മലർക്കെ തുറന്നു  കിടക്കുന്ന  കാറിനകത്ത് പക്ഷേ  ജോ  ഉണ്ടായിരുന്നില്ല.  അയാള്‍  കാറിനു  ചുറ്റും അയാളെ  പരതി  നടന്നു.  ഒരു  ചോരപ്പാടു പോലുമില്ല.അവനും അപ്രത്യക്ഷമായോ...?  അതോ  ഇതും  ഞാന്‍  സ്വപ്നം  കാണുകയാണോ. ...?

അയാള്‍  കൈവെള്ളയിൽ നുള്ളി. അല്ല  തനിക്ക്  വേദന  അനുഭവപ്പെടുന്നുണ്ട്. തകർന്നു  തരിപ്പണമായ കാർ  തൻറെ  മുന്നില്‍  തന്നെയുണ്ട്.  പക്ഷെ  ജോ  എവിടെ. ?
അയാള്‍  അൽപം  മുകളിലേക്കു  നടന്നു.  ചെറിയ  പാറക്കെട്ടിനപ്പുറത്തു നിന്നും  ഒരു  ഞരക്കം  കേട്ട  പോലെ  അയാള്‍ക്കു തോന്നി.  ചായച്ചെടികൾ വകഞ്ഞു മാറ്റി  അയാള്‍  ആ പാറക്കു മുകളിലേക്കു കയറി.  അതാ  താഴെ  അവന്‍  വീണു കിടക്കുന്നു.  ഇടിയുടെ  അഘാതത്തിൽ തെറിച്ചു  പോയതായിരിക്കണം. അയാള്‍  പാറയില്‍  നിന്നും  ചാടിയിറങ്ങി അവന്‍റെ  അരികില്‍  കുതിച്ചെത്തി. കൈത്തണ്ടയിലും കഴുത്തിലും  ആഴത്തില്‍  മുറിവേറ്റിരിക്കുന്നു. അവന്‍റെ  വസ്ത്രം  രക്തത്തിൽ  മുങ്ങിയിരിക്കുന്നു.

"ജോ .....ജോ. ........."

അയാള്‍  അവനെ  തട്ടി  വിളിച്ചു.

അവനൊരു  ഞരക്കം  മാത്രമേ  ഉണ്ടായിരുന്നുള്ളൂ.  അയാള്‍  അവനെ  എടുത്തു  തോളിലേക്കു  വച്ചു.  രണ്ടു  പേരും  ചായച്ചെടികൾക്കിടയിലൂടെ മറിഞ്ഞു വീണു.  അവൻറെ  വലതു  കാല്‍  നിശ്ശേഷം  തകര്‍ന്നിരിക്കുന്നു.
അയാള്‍  അവന്റെ  പുറം ഭാഗം  തൻറെ
തൻറെ നെഞ്ചോടു ചേര്‍ത്തു  പിന്നിലേക്കു  വലിച്ചു  കൊണ്ട്  നടന്നു.
ഒരു  വിധത്തില്‍  അവനെ  അയാള്‍  ആ വഴിയിലേക്കെത്തിച്ചു.
ഒരു  കറുത്ത  കാർ   പതുക്കെ  അവരെ  ചാരി നിന്നു. പെട്ടെന്നൊരു  കാർ  അയാള്‍  ഒരിക്കലും  അവിടെ  പ്രതീക്ഷിച്ചിരുന്നില്ല. ഒരു  വിധം  അയാള്‍  അവനെ  കാറിലേക്ക്  വലിച്ചു കയറ്റി.

"ഏറ്റവും  അടുത്ത  ഹോസ്പിറ്റലിലേക്ക് വേഗം ........."

അയാള്‍  ഡ്രൈവറോട് പറഞ്ഞു.

അയാള്‍  ജോയുടെ  തല  തൻറെ  മടിയിലേക്കു  വച്ചു.  കാർ  കുതിച്ചു  പായുന്നതു പോലെ  അയാള്‍ക്കു തോന്നി.  അയാള്‍  അൽപസമയം     കണ്ണടച്ചിരുന്നു.  ഒരു  കുലുക്കത്തോടെ കാർ  നിന്നു.  അയാള്‍  പതുക്കെ  കണ്ണു തുറന്നു.  ഇത്ര  പെട്ടെന്ന്  രാത്രിയായതെങ്ങനെ...?
ഹോസ്പിറ്റൽ എന്നെഴുതിയ  ചെറിയൊരു  കെട്ടിടത്തിനു മുന്നിലായിരുന്നു കാർ  നിർത്തിയത്. കുറഞ്ഞ  പ്രകാശത്തിൽ  ഒരു  ബൾബ് പ്രകാശിക്കുന്നതു മാത്രമാണ്  ആകെയുള്ള  പ്രകാശം.  ആരോ  ഒരു  സ്ട്രെച്ചർ വലിച്ചു വരുന്ന  ശബ്ദം.  അയാള്‍  വണ്ടിയില്‍ നിന്നും  പുറത്തിറങ്ങി.  അടുത്തു കണ്ട  മരബഞ്ചിലിരുന്നു. തനിക്ക്  ഉറക്കം  വരുന്നത് പോലെ  തൻറെ  ബോധം  നഷ്ടമാവുന്നത് പോലെ അയാള്‍ക്കു തോന്നി.
അയാള്‍  ആ കറുത്ത  കാറിനെ  ശ്രദ്ധിച്ചിട്ടുണ്ടായിരുന്നില്ല.  ആ കാഴ്ച  അയാളിൽ  ഒരുൾക്കിടിലമുണ്ടാക്കി. അത്  അയാള്‍  ബംഗ്ലാവിലെ കാർ  ഷെഡിൽ  പൂട്ടിയിട്ട, ഗ്ലോറിയയെ ഇടിച്ചു  വീഴ്ത്തിയ കറുത്ത  മോറിസ് മൈനര്‍ കാറായിരുന്നു.

അർദ്ധബോധാവസ്ഥയിലും ആ സ്ട്രെച്ചർ  തള്ളിക്കൊണ്ട്  വന്ന  മുഖം  അയാള്‍  ഓര്‍ത്തെടുത്തു.  അത്  ഗ്ലോറിയയുടെ  മുഖമായിരുന്നു.

അയാള്‍  ഉറക്കത്തിലേക്കു വീണു.

*****************************************

തന്നെ  ആരോ  തട്ടി  വിളിച്ചപ്പോഴാണ് അയാള്‍  ഞെട്ടിയുണർന്നത്. അത്  ഡോക്ടര്‍  ആയിരുന്നു.  താന്‍  ഒരു  മരത്തിന്റെ ചുവട്ടില്‍  ആണ്  ഇതുവരെ  ഉറങ്ങിയത്.  കാറും  ഹോസ്പിറ്റലും ഒന്നുമില്ല.  കുറച്ചു  മുകളിൽ ജോയുടെ  തകർന്ന  കാർ  കിടക്കുന്നതയാൾ കണ്ടു.
കുറച്ചപ്പുറത്തു  ജോ  കിടക്കുന്നുണ്ടായിരുന്നു.  ഡോക്ടര്‍  ജോ യുടെ   അരികിലേക്ക്  ഓടി.  അവന്‍റെ   നാഡി  പിടിച്ചു നോക്കി .  ജീവൻ ആ  ശരീരത്തിൽ നിന്നും  വിട പറഞ്ഞിരിക്കുന്നു. ഒടിഞ്ഞ  വാഴത്തണ്ടു കണക്കെ  അവന്‍റെ  കൈ ഡോക്ടറുടെ  കൈയില്‍ നിന്നും  വഴുതി  വീണു. ആ ശരീരം  തണുത്ത്  മരവിച്ചിരിക്കുന്നു.

വീണ്ടും  ശക്തമായ  മഴ പെയ്യാന്‍ തുടങ്ങി. വലിയൊരു  ശബ്ദം കേട്ട്  അവര്‍  വഴിയുടെ  മുകളിലേക്കു  നോക്കി.  വലിയൊരു  പാറക്കല്ല് അവരെയും  കടന്നു  താഴേക്ക്  ഉരുണ്ടുരുണ്ടു പോവുന്നത്  അവർ കണ്ടു.  പിറകില്‍  ഹുങ്കാരശബ്ദത്തോടെ മലവെള്ളം ഒഴുകിയെത്തി.  മുകളില്‍  ഉരുൾപൊട്ടിയിരിക്കുന്നു. വഴിയില്‍  തടഞ്ഞതെല്ലാം തകര്‍ത്തു  കൊണ്ട്  ആ ജലപാതം  ഭീകരമായ  ശബ്ദത്തോടെ  അതി വേഗതയില്‍  താഴേക്ക്  ഒഴുകി.  വലിയ  പാറക്കഷ്ണങ്ങളും കടപുഴകിയ മരങ്ങളും  ആ കുത്തൊഴുക്കിൽ താഴേക്ക്  പോവുന്നത്  അവർ കണ്ടു.
പെട്ടെന്നാണ്  ബംഗ്ലാവിലുള്ള ബംഗാളികളുടെ  കാര്യം  അയാള്‍  ഓര്‍ത്തത്. മലവെള്ളത്തിൻറെ ഗതിയിൽ നിന്നും  മാറി   ചായച്ചെടികളിലൂടെ മുകളിലൂടെ   പിടിച്ചു  കയറി  അവര്‍  നാലുകെട്ട് ലക്ഷ്യമാക്കി  നീങ്ങി.  അവരുടെ   തൊട്ടരികെ നിന്നിരുന്ന പാറക്കെട്ട് ഭീകര ശബ്ദത്തോടെ  പൊട്ടിത്തകർന്നു. മലവെള്ളം താഴേക്ക്  കുത്തിയൊഴുകി.

No comments:

Post a Comment