Sunday, December 13, 2015

ഡെന്നിസ് 2

💚💚💚💚💚ഡെന്നിസ് 2💖💖💖💖💖💖

അഛൻ  പോയതിനു ശേഷവും ശ്രുതി  ഒരു  മുറിയില്‍ കയറി കതകടച്ചു  കരഞ്ഞു കൊണ്ടേയിരുന്നു.  രാജേശ്വരിയമ്മയുടെ ഒരു  ചോദ്യങ്ങൾക്കും അവൾ വ്യക്തമായ ഒരു  മറുപടിയും പറഞ്ഞില്ല.

"എൻറെ  ജീവിതം  നശിച്ചു  അഛമ്മേ.....
എനിക്കിനി  ജീവിക്കണ്ടാ........"

അവൾ ഇടക്കിടെ  പറഞ്ഞു .

ഉച്ചയ്ക്ക്  ഇത്തിരി  കഞ്ഞി വെള്ളം  കുടിച്ചതല്ലാതെ ഭക്ഷണവും  കഴിക്കാത്തതായിരുന്നു രാജേശ്വരിയമ്മയുടെ വേവലാതി. വീട്ടില്‍  അവളുണ്ടെങ്കിൽ ഒരാള്‍ക്കും ചടഞ്ഞിരിക്കാനാവില്ലായിരുന്നു. അത്ര  സ്മാർട്ടായിരുന്നു അവൾ. പഠനത്തില്‍ മിടുക്കി. മനോഹരമായി  അവൾ പാട്ടു  പാടുന്നത് കേൾക്കാനായി  മാത്രം  താന്‍  മകന്റെ  ഫ്ലാറ്റിലേക്ക് പോവാറുണ്ട് .

പക്ഷേ  അവള്‍ തകര്‍ന്നു  പോയിരിക്കുന്നു. അവളുടെ  ഊർജസ്വലതയും വാചാലതയും ചൊടിയുമെല്ലാം എങ്ങോ  മറഞ്ഞിരിക്കുന്നു. എന്തുപറ്റി  എൻറെ  കുഞ്ഞിന് ആ മനസ്  വേവലാതിപ്പെട്ടു.
പാൽ  കറന്നെടുത്ത് തൊഴുത്തിലെ പശുക്കളെയും ആടുകളെയും  അവര്‍  വീടിന്റെ  പിന്നിലെ  ഫോറസ്റ്റിലേക്ക് കയറഴിച്ചു വിട്ടു.
ശ്രുതി  അവരുടെ  അടുത്തേക്കു  വന്നു.

" മോളേ  നീ  പശുക്കള്‍  ദൂരെ  പോവുന്നത്  ഒന്ന്  ശ്രദ്ധിക്കണം.  അപ്പോഴേക്കും  അഛമ്മ ഈ പാലൊന്ന് സൊസൈറ്റിയിൽ അളന്നു  കൊടുത്തു  വേഗം വരാം"

അവർ  വസ്ത്രം  മാറി  നിത്യവും  പാലു കൊണ്ട്  പോവുന്ന   ഓട്ടോയിൽ  കയറി.
ശ്രുതി  പശുക്കളുടെ  കൂടെ  ഫോറസ്റ്റിലേക്കു കടന്നു.  അവിടവിടെ  ചില  മരങ്ങള്‍  മാത്രമേയുള്ളൂ. ബാക്കിയെല്ലാം മൈതാനം  പോലെ  കിടക്കുന്നു.  പശുക്കള്‍  തീറ്റ തേടി  കാടിനുള്ളിലേക്കു കയറി തുടങ്ങി.  ശ്രുതി  അവയുടെ  പിറകെ നടന്നു.  കുറച്ചു  മുന്നോട്ടു പോയപ്പോള്‍  വേറെയും  കുറെ  പശുക്കളും  എരുമകളും ആടുമെല്ലാം പുല്ലു  മേയുന്നതവൾ കണ്ടു.  പക്ഷേ  അവയെ  മേയ്ക്കുന്ന ആരെയും  ആ പരിസരത്ത്  അവൾ കണ്ടില്ല.  തളം കെട്ടി  നിൽക്കുന്ന  നിശ്ശബ്ദതയെ ഭഞ്ജിക്കുന്നത് ചില  കിളികളുടെയും വളർത്തു  മൃഗങ്ങളുടെയും ശബ്ദം  മാത്രം.  ആ അന്തരീക്ഷം  തനിക്ക്  വളരെ  ആശ്വാസം  നല്‍കുന്നുവെന്ന് അവൾക്ക്  തോന്നി.  എത്ര  മറക്കാന്‍  ശ്രമിച്ചിട്ടും കോളേജും  പരിസരവും  അവളുടെ  മനസ്സില്‍  നിന്നും  പറിച്ചു  മാറ്റാന്‍  ആവുന്നില്ല.  തന്റെ  സ്വപ്നങ്ങൾ  പഠനം  എല്ലാം  നഷ്ടമായി. ശരീരവും  മനസ്സും കളങ്കമായി.  എല്ലാവർക്കും വിശാലമായ  ഈ ലോകം  തനിക്ക്  മാത്രം  ഇടുങ്ങിയതായി.

അവൾ  നടന്നു നടന്ന്  ഒരു അതിരിലെത്തി. കാടിന്റെ  നിരപ്പ്  അവിടെ  അവസാനിക്കുന്നു. ഇനിയൊരു  കിടങ്ങാണ്.  താഴെ  പണ്ടെന്നോ  വെള്ളം  ഒഴുകിയിരുന്ന ഒരു  തോട് വരണ്ടു കിടക്കുന്നു. നഷ്ടമായതൊന്നും തനിക്കിനി തിരിച്ചു  പിടിക്കാനാവില്ല. അപമാനമല്ലാതെ മറ്റൊന്നും തന്നെ  കാത്തിരിക്കുന്നില്ല. മരണം  അതു മാത്രമേ  തനിക്കിനി ശാന്തി  നല്കൂ . ഇനിയും  ഈ മാനസിക സമ്മര്‍ദം  തനിക്ക്  താങ്ങാനാവില്ല.

ശാന്തമായ ഒരു  മരണം.  ഇവിടെ നിന്നും  താഴേക്ക്  ചാടിയാൽ ഒരു പക്ഷെ. ....?

അവള്‍ ആ കിടങ്ങിൻറെ അറ്റത്തേക്കു നീങ്ങി  നിന്നു.
കണ്ണുകള്‍ ഇറുക്കിയടച്ചു. മനസ്സില്‍  ഒരിക്കല്‍ കൂടി  ചില  മുഖങ്ങള്‍  ഓർത്തെടുത്തു.

അമ്മേ..... ഈ  മകളോടു ക്ഷമിക്കുക

പ്രിയപ്പെട്ട  അഛാ  ഈ മകള്‍ക്കു  മാപ്പു നല്‍കിയാലും . ......

പ്രിയപ്പെട്ട കൂട്ടുകാരെ ..........

സഹപാഠികളെ.............

അധ്യാപകരെ..........

  വിട............

ആ കണ്ണുകളിൽ നിന്നും   കണ്ണുനീർ ചാലിട്ടൊഴുകി.
.
.
.
.അവൾ  മുന്നിലേക്കാഞ്ഞു.

പക്ഷേ  തന്റെ  ഷാളിൽ ആരോ  പിടുത്തമിട്ടിരിക്കുന്നു. തനിക്ക്  താഴേക്ക്  ചാടാനാവുന്നില്ല. അവൾ കണ്ണു  തുറന്നു. സുമുഖനായൊരു  യുവാവ്.  അയാള്‍  അവളെ  ആ കിടങ്ങിനു സമീപത്തു നിന്നു  നിരന്ന സ്ഥലത്തേക്ക്  വലിച്ചിട്ടു.

"ചാടി  മരിക്കാന്‍  പോവുകയാണോ......?"

ശ്രുതി  തലയാട്ടി.

"ഇവിടുന്നു ചാടിയാൽ ചാവില്ല. ചിലപ്പോള്‍  കൈയും കാലും  ഒടിഞ്ഞു  കിട്ടും .  ഇതിലും  സേഫായ സ്ഥലം  ഞാന്‍  കാണിച്ചു തരാം. ചാടിയാൽ മരണം  ഉറപ്പ്."

" എവിടെയാണത്....?"

"എൻറെ  പിറകില്‍  വന്നോളൂ....."

അയാള്‍  മുന്നില്‍  നടന്നു. അൽപദൂരം നടന്നപ്പോഴേക്കും  കിടങ്ങിൻറെ ആഴം  വർദ്ധിച്ചു  വരുന്നത് അവള്‍  ശ്രദ്ധിച്ചു.
താഴെ  കൂർത്ത  പാറക്കൂട്ടങ്ങൾ കാണുന്ന  ഒരിടത്ത്  എത്തിയപ്പോൾ അയാള്‍  നിന്നു.

"ഇവിടെ  നിന്നും  ചാടിയാൽ മതി.  താഴെ  പാറയിലിടിച്ച് നമുക്ക്  മരണം  ഉറപ്പാക്കാം. എന്തു കാര്യത്തിനിറങ്ങുമ്പോഴും അതിൻറെ  ഫലപ്രാപ്തി  കൂടി  നമ്മള്‍  കണക്കിലെടുക്കണം.  ശരി. ഇനി  കുട്ടി  ചാടിക്കോളൂ........"

അയാള്‍  താഴേക്ക്  വിരൽ  ചൂണ്ടി.

"നിങ്ങള്‍  ആരാണ്. ....?"  അവൾ  ചോദിച്ചു.

"ഞാന്‍  ആരോ  ആവട്ടെ.  കുട്ടി  മനസ്സ്  മാറും  മുമ്പ്  വേഗം  ചാടിക്കോളൂ.ഇനിയൊരവസരം  കിട്ടിയെന്നു വരില്ല. ......"

"നിങ്ങള്‍  എന്താണെന്നെ തടയാത്തത്..? "

"ഒരാൾ  ഒരു  കാര്യത്തിന് ഒരുങ്ങി  പുറപ്പെടുമ്പോൾ  നമ്മള്‍  അവരെ  പ്രോത്സാഹിപ്പിക്കുകയും സഹായിക്കുകയുമാണ് വേണ്ടത്. ....സംസാരിച്ചു  നില്‍ക്കാതെ  വേഗം  ചാടിക്കോളൂ. ഇതിനൊന്നും  അധികം  ചിന്തിച്ചു  നില്ക്കരുത് "

ശ്രുതിക്ക് ആശ്ചര്യം തോന്നി.  ഇവിടെ  ഇതാ  ഒരാള്‍  ആത്മഹത്യ  ചെയ്യാന്‍  വഴിയൊരുക്കി  തരുന്നു. തടയുന്നതിനു പകരം  പ്രോത്സാഹിപ്പിക്കുന്നു.

ആരാണിയാൾ .......?

ഈ കാട്ടിൽ എന്തു ചെയ്യുന്നു. ...?

താൻ മരണപ്പെട്ടാൽ ഇയാള്‍ക്കെന്താണു
നേട്ടം. ...?

സുന്ദരിയായ  എന്നെ ഈ കാട്ടിൻ നടുവില്‍  ഒറ്റക്ക്  കയ്യില്‍  കിട്ടിയിട്ടും ഇയാളെന്താണെന്നെ  ഉപദ്രവിക്കാൻ  ശ്രമിക്കാത്തത്.......?.

"നിങ്ങള്‍  ആരാണ്. .....?....."

അവൾ  വീണ്ടും  ചോദിച്ചു.

"ഈ കാടിനകത്ത് എന്തു ചെയ്യുന്നു. ...?"

"അതും  കൂടെ  അറിഞ്ഞിട്ടേ  ആത്മഹത്യ  ചെയ്യുന്നുള്ളൂ....?"

അയാള്‍  ചിരിച്ചു.

"ഞാന്‍  ഒരു  ഇടയനാണ്. കണ്ടില്ലേ  എൻറെ വളർത്തു മൃഗങ്ങള്‍ മേഞ്ഞു നടക്കുന്നത്....?"

" നിൻറെ  അഛമ്മയുടെ പശുക്കളെയും  ഞാന്‍  തന്നെയാണ്  നോക്കുന്നത്......!"

അതു കേട്ടു  ശ്രുതിക്ക് ആശ്ചര്യം തോന്നി.

"  അപ്പോള്‍  നിങ്ങള്‍ക്ക് എന്നെ  അറിയാമോ.....? "

"അറിയാം. ....?"

"എൻറെ  പേരറിയാമോ....?"

അയാള്‍  ചിരിച്ചു കൊണ്ട്  തലയാട്ടി.

" ഞാന്‍  എന്തിനാണ് ആത്മഹത്യ  ചെയ്യുന്നതെന്നറിയാമോ.....?"

അവൾ ചോദിച്ചു.

" അതറിയില്ല.  പക്ഷേ  ഭീരുക്കളാണ് ആത്മഹത്യ  ചെയ്യുക എന്നറിയാം.....ഭീരുവായ്  ജീവിക്കുന്നതിലും ഭേദം  മരണമാണ്. ..."

" നിങ്ങള്‍ക്ക്  ഒന്നുകില്‍  മരണം  തിരഞ്ഞെടുക്കാം......അല്ലെങ്കിൽ. ...?"

അയാള്‍  അർദ്ധോക്തിയിൽ നിർത്തി.

"അല്ലെങ്കിൽ. ...?"

"അല്ലെങ്കിൽ  മറ്റൊരിടത്ത് വീണ്ടും  ജീവിതം  പുനരുജ്ജീവിപ്പിക്കാം. തെറ്റുകളും  പാപങ്ങളും  ജീവിതം  കൊണ്ട്  കഴുകിക്കളയാം....."

"തന്നെ  ആക്രമിച്ചവരെ കാലം  ഇല്ലാതാക്കുന്നതു നോക്കി  നിൽക്കാം. ...."
തൻറെ  നാശത്തിന്  കാരണമായവരെ ഇല്ലാതെയാക്കാൻ ശ്രമിച്ചു  നോക്കാം. ....."

അവൾ  ചിന്താകുഴപ്പത്തിലായി. തനിക്ക്  നഷ്ടമായ ജീവിതം  തിരിച്ചു  പിടിക്കാൻ  ഇയാള്‍ക്കു സഹായിക്കാനാവുമോ....?

" നിങ്ങള്‍. .......നിങ്ങളുടെ  പേരെന്താണ്. ..?"
അവളുടെ ശബ്ദം  ഇടറി.

"എൻറെ പേര്. .........!!!!!"

"എൻറെ  പേരാണ്  ഡെന്നിസ്.  ഞാന്‍  ഈ ഗ്രാമത്തിൻറെ ഇടയനാകുന്നു........"

അയാള്‍  അവളെ  വിട്ടു  കാലിക്കൂട്ടങ്ങളുടെ  അടുത്തേക്കു നടന്നു.

(തുടരും കേട്ടോ )

No comments:

Post a Comment