Thursday, December 3, 2015

രക്ത ദാഹി 9

രക്ത ദാഹി 9
============
പെട്ടെന്നുണ്ടായ  ആ മലവെള്ളപ്പാച്ചിലിൽ  നിന്നും  അത്ഭുതകരമായാണ് അവര്‍  രക്ഷപെട്ടത്.  ഒരു  നിമിഷം  പിഴച്ചിരുന്നെങ്കിൽ അവരും  ആ ശക്തമായ  ഒഴുക്കില്‍  താഴെയെത്തിയേനെ. അവര്‍  പരമാവധി  മലവെള്ളത്തിൽ  നിന്നും  അകലം  പാലിച്ചു  മുകളിലേക്കു  കയറി തുടങ്ങി.  ചായത്തോട്ടത്തിനിടയിലുള്ള  കാറ്റാടി  മരങ്ങള്‍  ശക്തമായ  കാറ്റില്‍  കടപുഴകി വീഴുന്നുണ്ടായിരുന്നു. കാറ്റിന്റെ  ശക്തിയിൽ ഡോക്ടര്‍  പിടിവിട്ട്  താഴേക്ക്  വരുന്നത്  അയാള്‍  കണ്ടു.  ഡോക്ടര്‍  ഉരുണ്ടുരുണ്ടു  ഒരു  പാറയില്‍  തടഞ്ഞു  നിന്നു. വീഴ്ചയില്‍  നിന്നുണ്ടായ പോറലിൽ അവിടവിടെയുണ്ടായ പോറലുകളിൽ നിന്നും  രക്തം  പൊടിഞ്ഞു.  പ്രതികൂല കാലാവസ്ഥ  കാരണം  ആ നാലുകെട്ട് ഒരുപാട്  അകലെയാണെന്നു തോന്നി.  കുത്തനെയുള്ള  ഒരു  നടവഴിയിലൂടെ അവര്‍  മുകളിലേക്കു  കയറി  തുടങ്ങി.  മഴയുടെ ശക്തി  കുറഞ്ഞു.  അവര്‍  വേച്ചു വേച്ചു  ഒരുവിധം  നാലുകെട്ടിനടുത്തെത്തി. എത്ര  ശക്തിയായി  ശ്വാസോഛാസം ചെയ്തിട്ടും തനിക്ക്  വായു  മതിയാവുന്നില്ലെന്ന് അയാള്‍ക്ക് തോന്നി.  അയാള്‍  പിറകില്‍  വരുന്ന  ഡോക്ടറെ  തിരിഞ്ഞു നോക്കി  ഒരു  കല്ലില്‍  ഇരുന്നു. അയാള്‍  നന്നായി  കിതക്കുന്നുണ്ടായിരുന്നു.  ഡോക്ടര്‍  തളർന്നു  താഴെ  വഴിയില്‍  വീണു  പോയിരിക്കുന്നു.
ശ്വാസം  അൽപമൊന്നു നേരെയായപ്പോൾ  അയാള്‍  ഉറക്കാത്ത കാലടികളോടെ  നാലുകെട്ടിനുള്ളിലേക്കു കടന്നു. താന്‍  കിടന്നിരുന്ന റൂമിനു  നേരെ നടന്നു.  അവരുടെ  പെട്ടികൾ  ഓരോന്നായി  പുറത്ത്  വച്ചു.  ബംഗാളികളെ  അവിടെയെങ്ങും കാണാനുണ്ടായിരുന്നില്ല.  ഡോക്ടറും  മുകളിലെത്തിയിരിക്കുന്നു.  അവര്‍  മുറി പൂട്ടി പുറത്തിറങ്ങി.
.  ചുമരില്‍  മുകളിലേക്കു  ഒരു  വിള്ളൽ നീണ്ടുപോകുന്നത് അയാള്‍ കണ്ടു .  ഒരു  പാമ്പിഴയുന്നപോലെ  തറ വിട്ടു കീറി  നാലുകെട്ടിൻറെ  എതിര്‍ ഭാഗത്തെ ചുമരുകള്‍  രണ്ടായി പിളര്‍ന്നു.  കാൽചുവട്ടിലെ ഭൂമി അകന്നു മാറുന്നത് അവര്‍ ഭീതിയോടെ തിരിച്ചറിഞ്ഞു. ഭീകരമായ ഒരു ശബ്ദത്തോടെ  നാലുകെട്ടിൻറെ  താഴ്ചയോടടുത്ത ഭാഗം  താഴെക്കു  പോയി.  ഡോക്ടര്‍  അപ്പുറത്തേക്കു ചാടി  രക്ഷപെട്ടു.  പക്ഷേ  അയാള്‍  തറയോടൊപ്പം താഴെക്കു  പോയി.  ഡോക്ടറുടെ  അവസരോചിതമായ  പെരുമാറ്റം.  താഴെ  പോകുന്ന  അയാളുടെ കയ്യില്‍  ഡോക്ടര്‍  പിടുത്തമിട്ടു. നാലുകെട്ടിൻറെ  ഒരു ഭാഗം  പൂർണമായും  താഴെ  പുഴയിലേക്കു താഴ്ന്നു പോവുന്നത് അയാള്‍  കണ്ടു.  ഡോക്ടര്‍  അയാളെ  ഒരു വിധം  മുകളിലേക്കു  വലിച്ചു കയറ്റി.
അവിടെ  അഗാധമായ  ഒരു  ഗർത്തം രൂപപ്പെട്ടിരിക്കുന്നു. നാലുകെട്ട്  ഒരു ഭാഗം  പൂർണമായും താഴെക്കു  പോയി. അതൊരു  "U" ആകൃതിയിലേക്കു മാറി. കുഴിമാടങ്ങളും, ലൈബ്രറിയും  കാറും  കാർ  ഷെഡുമെല്ലാം  താഴെ  പുഴയിലേക്കു താഴ്ന്നു  പോയിരിക്കുന്നു.  അവര്‍  തിരിച്ചു നടന്നു. ആൽമരത്തിൻറെ  ഒരു  ശിഖരത്തിൽ  ഭീതിയോടെ  വിറച്ചിരിക്കുന്ന ബംഗാളികളെ  അവർ താഴെയിറക്കി.

ജോ യും  കാറുമെല്ലാം  ആ മലവെള്ളപ്പാച്ചിലിൽ  മൂടിപ്പോയിരിക്കുന്നു. താഴേക്ക്  കുത്തനെ  ഒരു  തോടു രൂപപ്പെട്ടിരിക്കുന്നു.

അവര്‍  മലയിറങ്ങിത്തുടങ്ങി. ആദിവാസികളുടെ  ആർപ്പു വിളികളും  ചെണ്ടയുടെ  ശബ്ദവും  അവര്‍  കേട്ടു.  അവര്‍  മുകളിലേക്കു  കയറി  വരികയാണ്.  കണ്ടൻ കാണി  ചുവന്ന  തുണിയില്‍ പൊതിഞ്ഞ  ഛായാ ചിത്രം  ഉയർത്തി  പിടിച്ചിരിക്കുന്നു.  അവര്‍  ശബ്ദഘോഷങ്ങളോടെ  അവരെ  കടന്നു പോയി.  അയാള്‍ വെറുതെ അവരെയൊന്നു തിരിഞ്ഞു നോക്കി.  ചിത്രത്തിലെ ചുവന്ന തുണി  അഴിഞ്ഞു  വീണിരിക്കുന്നു. പക്ഷേ  അത് കൈപ്പത്തിയുടെ  ഛായാചിത്രമായിരുന്നില്ല. ഇത്  മറ്റൊരു  ചിത്രമാണ്.  അതില്‍  ഗ്ലോറിയയുടെയും ജോയുടെയും ചിത്രം  വരച്ചു  വച്ചിരിക്കുന്നു.

കാറിൽ  കയറും  നേരം  അയാള്‍  ആ മലമുകളിലേക്ക് ഒന്ന്  തിരിഞ്ഞു നോക്കി. തന്റെ  ജീവിതത്തിൽ  ഒരിക്കലും  മറക്കാന്‍ കഴിയാത്ത  അനുഭവങ്ങൾ.

കാർ  പുറപ്പെട്ടു. പോക്കറ്റിൽ മൊബൈലിന്റെ  വൈബ്രേഷൻ  വന്നപ്പോഴാണ് അയാള്‍ക്ക്  ഫോണിന്റെ  കാര്യം  ഓർമ്മ വന്നത്‌.

ആരോ  വിളിക്കുന്നു. അയാള്‍  ഫോണ്‍ കയ്യിലെടുത്തു  വിളിക്കുന്നതാരാണെന്ന് നോക്കി.  അയാളുടെ  നെറ്റിയിൽ  വിയർപ്പ്  കണങ്ങള്‍  പൊടിഞ്ഞു.  അയാള്‍  ഫോണ്‍  ഡോക്ടറുടെ  നേരെ  നീട്ടി.

അത്  ജോയുടെ  നമ്പറിൽ നിന്നുള്ള  കോൾ ആയിരുന്നു.

" ഫോണ്‍  ആർക്കെങ്കിലും  വഴിയില്‍ നിന്നും  കിട്ടിയതായിരിക്കും..."
ഡോക്ടര്‍  പറഞ്ഞു.  ഡോക്ടര്‍  ഫോണ്‍  അറ്റൻഡു ചെയ്തു  ചെവിയില്‍  വച്ചു.

"ഹലോ ....."

"ഹലോ..........ആരാണ്. .....? "

"ഞാന്‍  ജോ ആണ്  വിളിക്കുന്നത്...ജോ ജോൺ ഡാനിയേല്‍ മെൻഡിസ്. ........"

ഡോക്ടറുടെ  കാലുകൾ  ബ്രേക്കിലമർന്നു.

(അവസാനിച്ചു

No comments:

Post a Comment