Tuesday, December 29, 2015

ഓർമ

മാവും  മാമ്പൂവും 1.
===============

ഇന്നലെ  മാവു  പൂത്തതു കണ്ടപ്പോൾ  അൽപനേരം  കുട്ടിക്കാലം ഓർത്തു പോയി.
മാവ് മറ്റു മരങ്ങളെ അപേക്ഷിച്ച് ഒരു  സംഭവം  തന്നെയായിരുന്നു.

മാങ്ങ  പഴുക്കുന്നതും വെക്കേഷൻ വരുന്നതും  ചിലപ്പോള്‍  ഒരുമിച്ചാവും.
എൻറെ  തൊട്ടയൽവീട്ടിലെ തൊടിയിൽ  ഒരു  നാടൻ മാവുണ്ടായിരുന്നു. എന്തൊരു  മധുരമായിരുന്നു ആ മാങ്ങകൾക്ക്. പുലര്‍ച്ചെ  സുബഹ് ബാങ്കു കൊടുക്കുമ്പോൾ  ടോർച്ചുമെടുത്ത് മാവിൻ ചുവട്ടിലേക്കോടും. പക്ഷേ  മിക്ക  ദിവസവും  അയൽവാസി  പെറുക്കിക്കഴിഞ്ഞാവും ഞാനെത്തുക. എന്നാലും  ഞാന്‍  ഒന്ന് കൂടി  പരതും. ഏതെങ്കിലും  കമുങ്ങിൻ പട്ടയുടെ ചുവട്ടില്‍  മരത്തിൻറെ  വേരിനിടയിൽ എൻറെ  മാങ്ങകൾ ഒളിച്ചിരിപ്പുണ്ടാവും. പല്ലു തേച്ചില്ലെങ്കിലും അപ്പോള്‍ തന്നെ  വായിലിടും.
അതിൻറെ സ്വാദ്  എങ്ങനെയാ  എഴുതി  ഫലിപ്പിക്കുക അറിയില്ല.
ചെറിയ  മാങ്ങകൾ ചപ്പി വലിച്ചു  കുടിക്കുമ്പോൾ  കൈ വിരലുകള്‍ക്കിടയിലൂടെ പഴച്ചാർ ഒലിച്ചിറങ്ങും . വീട്ടിലെത്തിയാൽ ആ കൈ മാത്രം  നനയാതെ  സൂക്ഷിക്കും. പഴുത്ത മാങ്ങയുടെ മണം വിട്ടു പോയാൽ മാത്രമാണ്  അത് കഴുകുക. താന്‍  മാങ്ങ  തിന്നതിൻറെ തെളിവ് മറ്റു
കൂട്ടുകാരെ  കാണിക്കുന്നതിനു കൂടിയായിരുന്നു ഈ വിദ്യ.

പിന്നെ  മാവിൻ ചുവട്ടില്‍  കൊച്ചു  വീടുണ്ടാക്കി ഞങ്ങള്‍  കാവലിരിക്കും. കാറ്റിനേയും അണ്ണാറക്കണ്ണനെയും പ്രതീക്ഷയോടെ  നോക്കും.

ആ മാവിൻ ചുവട്ടില്‍  തന്നെ  ചോറും കറിയും  വച്ചു  കളിക്കും.

പിന്നെ  കുറെ  മാവുണ്ടായിരുന്നതു റെയില്‍വേ  ഭൂമിയിലായിരുന്നു. ഞങ്ങള്‍  പുഴയില്‍ ചാടി തിമിർക്കാൻ അരയിലൊരു മുണ്ടും  ചുറ്റി വഴിയിലെ
മാവിനെല്ലാം കല്ലെറിഞ്ഞ് പച്ചയും  ചിനച്ചതും പഴുത്തതുമെല്ലാം കടിച്ചു  പറിച്ച് പുഴയിലേക്കു  പോവും.  ചിലപ്പോള്‍  രാവിലെ  പുഴയിലിറങ്ങിയാൽ തിരിച്ചു  കയറുന്നത്  വൈകീട്ടായിരിക്കും. വിശക്കുമ്പോൾ  ശേഖരിച്ചു  വച്ച മാങ്ങകൾ  തിന്നും.  സത്യംപറഞ്ഞാല്‍  അന്ന്  ഉച്ചക്കൊന്നും വിശപ്പില്ലായിരുന്നു
എന്നാണ് തോന്നുന്നത്.
കണ്ണെല്ലാം ചുവന്നു  കലങ്ങി വിശന്നു  വലഞ്ഞാവും വീട്ടില്‍  എത്തുക. ഇഷ്ടം പോലെ  വഴക്ക്  കിട്ടും.  എന്തു ഫലം  പിറ്റേ ദിവസവും  സ്ഥിതി  ഇതുതന്നെ.

മാമ്പഴക്കാലം ഓർമകൾ  ഇനിയുമെത്രയോ  .......
കേൾക്കാൻ  ഇഷ്ടമാണെങ്കിൽ പറയണേ.

Friday, December 25, 2015

ഡെന്നിസ് 3

💚💚💚💚💚 ഡെന്നിസ് 3💖💖💖💖💖💖

"ഡെന്നിസ് ......നിങ്ങൾക്ക്  എന്നെ സഹായിക്കാനാവുമോ.......? "

ശ്രുതി  വിളിച്ചു  ചോദിച്ചു.

ഡെന്നിസ്  തിരിഞ്ഞു നിന്നു. അവള്‍  അവന്റെ  സമീപത്തേക്കു നടന്നു.

"എനിക്ക്  നഷ്ടമായതെല്ലാം തിരിച്ചു  കിട്ടുമോ ഡെന്നിസ്. ....?."

"എൻറെ  കരിയർ  എന്റെ  സന്തോഷം  ജീവിതം  അഭിമാനം  വിശുദ്ധി ഇതൊക്കെ  എനിക്ക്  തിരിച്ചു  പിടിക്കാൻ  കഴിയുമോ. .....? "

അവൻ  അവളുടെ  മുഖത്തേക്കു നോക്കി  അൽപനേരം  നിന്നു.
പാറിപ്പറന്ന  മുടിയും  മുഷിഞ്ഞ വസ്ത്രങ്ങളും  കരഞ്ഞു കലങ്ങിയ  കണ്ണുകളും  അവളെ  ഒരു  ഭ്രാന്തിയെ പ്പോലെ തോന്നിച്ചു. 

"ജീവിതം  നഷ്ടമായതു തിരിച്ചു  പിടിക്കാനുള്ളതല്ല. പുതിയ ഒന്ന് സൃഷ്ടിക്കാനുള്ളതാണ്.നമ്മുടെ  പരാജയങ്ങൾ നമ്മുടെ  പിഴവുകള്‍  ആണ്. തിരുത്താൻ കഴിയുന്ന  പിഴവുകള്‍. വേട്ട മൃഗങ്ങളുടെ ആക്രമണം  കൊണ്ട്  ഉണ്ടാകുന്നത്  മുറിവുകളാണ്. അത്  കവര്‍ന്നെടുക്കാൻ
ശ്രമിക്കുന്നത് നമ്മുടെ  ശരീരമാണ്.മാംസമാണ്. വിശുദ്ധിയല്ല.
ഒരാള്‍ അൽപം  ചെളിയെറിഞ്ഞാൽ തീർന്നു പോവുന്ന  എന്തു ശുദ്ധിയാണ് നമുക്കുള്ളത്. അതെല്ലാം  കഴുകി  കളഞ്ഞാൽ തീരുന്ന അശുദ്ധികൾ മാത്രം"

അവൾ അവന്‍റെ കണ്ണുകളിലേക്കു  നോക്കി  നിന്നു.

" മനസ്സിനേറ്റ മുറിവുകള്‍. ..അതുണക്കാൻ കാലങ്ങള്‍ വേണം. മറവി  ചിലപ്പോള്‍  അതിനെ മായ്ച്ചു കളഞ്ഞേക്കും. അതിൻറെ  പ്രസക്തി  കാലക്രമത്തിൽ നഷ്ടമായേക്കും. വരൂ  ജീവിതം  കൊണ്ട്  പ്രതികാരം ചെയ്യാം.
അല്ലെങ്കിൽ  മറ്റൊരു  ജീവിതം  സൃഷ്ടിച്ചെടുക്കാം......."

അവന്‍  ഒരു  പ്രത്യേക രീതിയില്‍  വിസിലടിക്കാൻ തുടങ്ങി.  കാലിക്കൂട്ടങ്ങൾ  കാട്ടിൽ നിന്നിറങ്ങി  ആ പുൽമേടിൽ  അവർക്ക്  ചുറ്റും കൂടി  നിന്നു. ആ അനുസരണ അവളെ  അത്ഭുതപ്പെടുത്തി.
ഡെന്നിസ്  പണ്ടു  കാലി മേച്ചു നടന്ന  കൃഷ്ണനെ പോലെ  തോന്നി  അവൾക്ക്. പശുക്കിടാങ്ങൾ അവർക്ക്  ചുറ്റും  തുള്ളിച്ചാടി നടന്നു.  ചിലതിനെയെല്ലാം അവന്‍  പിടിച്ചു  ഉമ്മ വെക്കുന്നുണ്ടായിരുന്നു. അവ  കയ്യില്‍  നക്കിയും അവരെ മുട്ടിയിരുമ്മിയും സ്നേഹം  പ്രകടിപ്പിച്ചു.
ഇയാള്‍  ഒരു  സാധാരണ മനുഷ്യന്‍  അല്ല എന്നവൾക്കു തോന്നി.
അവയെ  തെളിച്ചു  കൊണ്ട്  പോവുന്നതിനു പകരം  അവൻ മുന്നില്‍ നടന്നു .കുസൃതികള്‍ ആയ  ചില  ആട്ടിന്‍  കുട്ടികള്‍  അവരുടെ മുന്നില്‍  ചാടി  ഓടുന്നുണ്ടായിരുന്നു. പിന്നില്‍  കാലിക്കൂട്ടങ്ങൾ  അവരെ  പിൻതുടർന്നു.
താന്‍  വേറൊരു  ലോകത്താണ്  എന്നവൾക്കു തോന്നി.  പറഞ്ഞറിയിക്കാനാവാത്ത ഒരു  അനുഭൂതി  തന്നിൽ നിറയുന്നത് പോലെ.
അവൾ മുന്നിൽ ചാടി  ഓടുന്ന ഒരു  ആട്ടിന്‍ കുട്ടിയെ പിടിച്ചുയർത്തി. അത്  കുതറി മാറി  മുന്നിലേക്കോടി. അകലെ  കാലികളുടെ ഉടമസ്ഥർ അവരെ  കാത്തു നിൽക്കുന്നതവർ കണ്ടു.
അസ്തമയസൂര്യൻ പടിഞ്ഞാറ്  പൂർണവളയത്തിൽ ചുവന്നു  നിന്നു. പക്ഷികള്‍  കൂട്ടം കൂട്ടമായി  കൂടു തേടി  തിരിച്ചു  പറക്കുന്നുണ്ടായിരുന്നു. തെളിഞ്ഞ നീലാകാശവും  പറന്നു  പോവുന്ന  കിളികളും തങ്ങള്‍ക്കു പിന്നില്‍  കൂട്ടം  ചേര്‍ന്ന്  വരുന്ന  വളർത്തു മൃഗങ്ങളും എല്ലാം  ഒരു  മനോഹരമായ  കാഴ്ചയായി അവൾക്ക് തോന്നി.
****************************************
രാത്രി  അവളിലെ  മാറ്റം അവളുടെ  അഛമ്മ  ശ്രദ്ധിക്കുന്നുണ്ടായിരുന്നു. പതുക്കെ  ആ മുഖത്തെ  പ്രകാശം  തിരിച്ചു  വരാന്‍ തുടങ്ങിയിരിക്കുന്നു. അന്നു രാത്രി  അവൾ കാലിക്കൂട്ടങ്ങൾ മേഞ്ഞു നടക്കുന്നത് സ്വപ്നം കണ്ടു.  അവക്ക്  നടുവിലൂടെ  അവൾ നടക്കുന്നതും. അതൊരു  അത്ഭുതലോകമായിരുന്നു. ആലീസിൻറെ അത്ഭുതലോകം പോലെ. അവൾ  ഉറക്കത്തിൽ  പൊട്ടിച്ചിരിക്കുന്നത് രാജേശ്വരിയമ്മ നോക്കി നിന്നു.

ഡെന്നിസ് 4

💟💟💟💟💟 ഡെന്നിസ്4 💖💖💖💖💖

" നീയിവിടെ  ചടഞ്ഞിരിക്കാതെ ആ പശുക്കളെ  നോക്ക്  മോളേ. ....ഡെന്നിസിനൊരു സഹായവുമായിക്കൊള്ളും...."

രാവിലെ  കറന്നെടുത്ത പാൽ പാത്രത്തിലേക്ക് ഒഴിക്കുന്നതിനിടെ  രാജേശ്വരിയമ്മ പറഞ്ഞു.
പച്ചപ്പാലിൻറെ നറുമണം  അവിടെ  ഒഴുകി പരന്നു .  പതഞ്ഞു പൊങ്ങുന്ന പാലിലേക്കു നോക്കി  ശ്രുതി  സമ്മതമെന്നു തലയാട്ടി.

ആലയില്‍  നിന്നും  കയറഴിച്ചതോടെ പശുക്കള്‍  ഫോറസ്റ്റിലേക്കു  പോവാൻ തുടങ്ങി. ശ്രുതി  അവയെ  പിൻതുടർന്നു.
കാട്ടില്‍  അവിടവിടെയായി ധാരാളം  പശുക്കളും ആടുകളും  മേയുന്നുണ്ട്. പക്ഷേ  ഡെന്നിസിനെ അവൾക്കെവിടെയും കാണാന്‍  കഴിഞ്ഞില്ല. മൃഗങ്ങളുടെ  സാന്നിധ്യം  തൻറെ ഭയങ്ങളെ ഇല്ലാതാക്കുന്നുണ്ടെന്ന്
അവൾ അറിഞ്ഞു.  ചാഞ്ഞു  നിൽക്കുന്ന  ഒരു മരച്ചില്ലയിൽ അവള്‍  കയറിയിരുന്നു.
ഒഴുകി വരുന്ന  ഒരു ഓടക്കുഴല്‍  നാദം  കേട്ട്  അവള്‍ കണ്ണു തുറന്നു.
എത്ര നേരം  അവിടെ ഇരുന്നു  ഉറങ്ങി  പോയെന്നു  അവൾ അത്ഭുതപ്പെട്ടു.
കാലികളെല്ലാം കൺവെട്ടത്തു നിന്നും  പോയിരിക്കുന്നു.
എവിടുന്നാണീ മനോഹരമായ  ശബ്ദം  കേൾക്കുന്നത്. ഇത്ര  ശ്രുതി മധുരമായി ഓടക്കുഴല്‍  വായിക്കുന്നതാരാണ്. ..?

അവള്‍  മരത്തിൽ നിന്നും  ചാടിയിറങ്ങി. ശബ്ദം  കേൾക്കുന്ന ദിക്കിലേക്കു നടന്നു.
അതാ പശുക്കളെല്ലാം ഡെന്നിസിനു ചുറ്റുമായി  പുല്ലു മേയുന്നു. തകർന്നു കിടക്കുന്ന പഴയ  ഏതോ  കെട്ടിടത്തിൻറെ അവശിഷ്ടങ്ങൾക്കരികിൽ  അവന്‍ സ്വയം  മറന്നു  പാടുകയാണ്.  അതിൻറെ  മാസ്മരിക ശബ്ദം  കേൾക്കുന്നതിനാവണം മൃഗങ്ങൾ അവനെ  ചുറ്റിപ്പറ്റി  നിൽക്കുന്നത്.
ശ്രുതി  ഒരു മരത്തിന്റെ  മറവില്‍ നിന്നു. തന്നെ  കണ്ടാൽ അയാള്‍  ഓടക്കുഴല്‍  വായിക്കുന്നതു  നിർത്തിക്കളഞ്ഞെങ്കിലോ എന്നവൾ സംശയിച്ചു. ആ ശബ്ദവീചികൾ തന്നെ  ഒരു മായികലോകത്തേക്കു കൂട്ടി ക്കൊണ്ടു പോവുന്നതായി അവൾക്ക് തോന്നി. രണ്ടു കണ്ണുകളുമടച്ച് അവൾ  ആ മായികസംഗീതത്തിൽ അലിഞ്ഞു ചേര്‍ന്നു.

അവാച്യമായ ഒരു  അനുഭൂതി  തൻറെ  സിരകളിലേക്കു  പടർന്നു  കയറുന്നത്  അവള്‍  അനുഭവിച്ചറിഞ്ഞു.

ഇടക്കെപ്പോഴോ  ശബ്ദം നിലച്ചു.  തൻറെ  ചുമലില്‍  ഒരു  കൈത്തലം അമർന്നപ്പോൾ അവള്‍  ഒരു  ഞെട്ടലോടെ  കണ്ണു തുറന്നു.  ഡെന്നിസ്  അവളോട്  ഒച്ച  വക്കരുതെന്ന് ചുണ്ടില്‍  വിരലു വച്ചു  ആംഗ്യം കാണിച്ചു.  അയാളുടെ  കണ്ണുകളിൽ  ചെറിയൊരു  ഭീതി  നിഴലിച്ചിരുന്നു.
അയാള്‍  അടുത്ത്  കണ്ട  വലിയൊരു  മരത്തിനടുത്തേക്ക് ശ്രുതിയുടെ കൈ പിടിച്ചു  കൊണ്ടോടി. അയാളുടെ  അപ്രതീക്ഷിതമായ ശക്തമായ  വലിയില്‍  അവള്‍  ഒരു പൊന്തപ്പടർപ്പിൽ കമിഴ്ന്നുവീണു.  അവളെ  വലിച്ചെഴുന്നേൽപിച്ച് അവര്‍  വീണ്ടും  ഓടി  മരത്തിനടുത്തെത്തി. മാടുകൾ ഭയവിഹല്വരായി ചിതറിയോടുന്നത് ശ്രുതി  കണ്ടു.  ഡെന്നിസ്  ആ വലിയ  മരത്തിൻറെ ചില്ലയിലേക്കു വലിഞ്ഞു  കയറി.  പിന്നെ  ശ്രുതിയെ കൈ നീട്ടി  വലിച്ചു  കയറ്റി.  അവര്‍  വീണ്ടും  മുകളിലേക്കു  കയറി.  സുരക്ഷിതമായ  ഒരു ചില്ലയിൽ ഇരിപ്പുറപ്പിച്ചു. ഡെന്നിസ്  ഒരു  മുൻകരുതലെന്ന പോലെ  ശ്രുതിയുടെ അരക്കെട്ടും മരക്കൊമ്പുമായി  ബന്ധിച്ചു.  താഴെ  കാലികൾ തലങ്ങും വിലങ്ങും പായുന്നത്  അവള്‍  കണ്ടു. ..

"എന്താ  ഡെന്നിസ്. ..എന്തിനാണ്  നമ്മളീ മരത്തിനു മുകളില്‍  കയറിയിരിക്കുന്നത്...? "

ഭയം കൊണ്ട്  അവളുടെ  ശബ്ദം വിറക്കുന്നുണ്ടായിരുന്നു.

അവന്‍  ശബ്ദിക്കരുതെന്ന് ആംഗ്യം കാണിച്ചു.  പിന്നെ  കുറച്ചകലേക്ക് വിരൽ ചൂണ്ടി.  അവിടെ  പൊടിപടലങ്ങൾ  പറന്നുയരുന്നുണ്ടായിരുന്നു. വലിയൊരു
മരച്ചില്ല അവരുടെ  നേരെ  പറന്നു വന്നു  മരത്തിൻറെ തടിയിൽ തട്ടി  താഴെ  ഒടിഞ്ഞു വീണു. പൊന്തക്കാടുകളെ ഇളക്കി മറിച്ച് ഉഛത്തിൽ ചിന്നം വിളിച്ചു  കൊണ്ട്  മണ്ണില്‍  കുളിച്ച കൂറ്റനൊരാന അവരിരിക്കുന്ന മരം വലം വച്ചു. ചുറ്റുമുള്ള  ചെറുമരങ്ങളെ ചവിട്ടിയൊടിച്ചും  തുമ്പിക്കൈ കൊണ്ട് വലിച്ചു  കീറിയും അത് അരിശം തീര്‍ത്തു. ശ്രുതി  മരക്കൊമ്പിലിരുന്ന് ആലില പോലെ  വിറച്ചു. ആ ഭീകരഭാവം പൂണ്ടു  നിൽക്കുന്ന  കൊമ്പനാനയുടെ കാടു നടുങ്ങുന്ന ചിന്നം  വിളി കേട്ട്  ആടുമാടുകൾ ചിതറിയോടുന്നത്  അവര്‍  മരക്കൊമ്പിലിരുന്ന് നിസ്സഹായതയോടെ  നോക്കി നിന്നു.  അൽപനേരം  അത്  അനങ്ങാതെ  നിന്നു.  ഡെന്നിസ്  എന്തോ  അപകടം മണത്തു.  അവന്‍  ശ്രുതിയോട്
മരക്കൊമ്പിൽ കമിഴ്ന്ന്  കിടക്കാൻ പറഞ്ഞു. ആന  രണ്ടടി  പിന്നോട്ട്  നടന്നു.  പിന്നെ  ശക്തിയായി  മരത്തിലിടിച്ചു. ശ്രുതി  മരക്കൊമ്പിൽ നിന്നും  പിടിവിട്ട്  അരക്കു കെട്ടിയ  ഷാളിൽ  തൂങ്ങിയാടി.
ഡെന്നിസ്  കമിഴ്ന്ന് കിടന്ന് അവളെ  കൂട്ടിപ്പിടിച്ചു.  ആനയുടെ ശക്തമായ  ഇടിയേറ്റ്  മരം  കുലുങ്ങി  വിറച്ചു.
പിന്നെ  അത് തുമ്പിക്കൈ  ഉയർത്തി  അലറിക്കൊണ്ട് ആ മരത്തിന്  ചുറ്റും  വലം വച്ചു.  ആനകൾ കൂട്ടമായി  വരുന്നത്  ഡെന്നിസ്  കണ്ടു.  അവൻ ആശ്വാസത്തോടെ ദീർഘ ശ്വാസം  വലിച്ചു.  ശ്രുതിയെ മരക്കൊമ്പിലേക്ക് വലിച്ചു കയറ്റി.  അവ മരച്ചില്ലകളും മുളന്തണ്ടുകളും ഒടിച്ചു തിന്നാന്‍  തുടങ്ങി.  ഡെന്നിസ്  ഫോണെടുത്ത്  ആരെയൊക്കെയോ വിളിച്ചു.
സമയമേറെ കഴിഞ്ഞിട്ടും ആനകൾ ആ പരിസരം വിട്ടു  മാറിയില്ല.  വിശപ്പും ദാഹവും  പേടിയും  എല്ലാം  കൂടിച്ചേർന്ന് അവൾ ആ മരക്കൊമ്പിൽ അള്ളിപ്പിടിച്ചു കിടന്ന് വിതുമ്പിക്കരഞ്ഞു.
സമയം  കടന്നു പൊയ്ക്കൊണ്ടിരുന്നു.

പടിഞ്ഞാറ് വെയിൽ ചാഞ്ഞു തുടങ്ങി.കാട്ടിൽ ഇരുട്ട്  വീഴാന്‍ തുടങ്ങി. പെട്ടെന്ന്  അവരുടെ  മരത്തിനു സമീപം ഒരു  പടക്കം  വീണു  പൊട്ടി.  ആരവങ്ങളോടെ ചെണ്ട  കൊട്ടിയും തീ പന്തം കത്തിച്ചും  ഉഛത്തിൽ  ശബ്ദമുയർത്തിയും  കുറെയാളുകൾ കാടിനകത്തേക്കു കടന്നു വന്നു.  ഡെന്നിസ്  ചാടിയിറങ്ങി  അവരുടെ കൂടെ ചേര്‍ന്നു.
അവർ ആനകളെ ഉൾക്കാട്ടിലേക്ക് ഓടിക്കാന്‍ തുടങ്ങി.  ഇതിനിടെ  രണ്ടു പേര്‍  മരത്തിൽ കയറി  ശ്രുതിയെ  രണ്ടു  കയറുകളിൽ തൂക്കിയിറക്കി. ആരുടെയോ  തോളില്‍  പിടിച്ചു  നടന്നു  പോകവേ അവൾ  തിരിഞ്ഞു നോക്കി. അൽപമകലെ ഡെന്നിസ്  അവരോടൊപ്പം  ആനകളെ ഉൾക്കാട്ടിലേക്ക്  ഓടിക്കാന്‍  ശ്രമിക്കുന്നത്  അവൾ  കണ്ടു. കാടിനു പുറത്തു  കാത്തു നിന്നിരുന്ന അഛമ്മയുടെ തോളിലേക്കു ചാഞ്ഞു  അവൾ  ഏങ്ങിയേങ്ങി  കരഞ്ഞു.

Tuesday, December 22, 2015

നോക്കിയ

നോക്കിയ
=========

"നീ  "നോക്കിയ " ആവാന്‍  ശ്രമിക്കരുത് ജാഫര്‍. "
മിന്നുന്ന  ഒരു  ഷോട്ടിലൂടെ  21-1 സ്കോറിൽ അവനെ  തറ പറ്റിക്കുമ്പോൾ
അവന്‍ പറഞ്ഞു. തുടർച്ചയായ 7 സെറ്റുകൾ. എല്ലാം  വലിയ  സ്കോറിൽ തന്നെ  അവൻ പരാജയപ്പെട്ടു.

"ഇതു വെറും  കളിയല്ലേ ബ്രോ ....?"

ഞാന്‍  ചോദിച്ചു.

"അതേ  ഇത്  വെറും  കളി  മാത്രമാണ്. നമുക്കെന്നും രാവിലെ  കളിക്കേണ്ടതുമാണ്.പക്ഷേ  കളി  കഴിഞ്ഞാല്‍  നീ  ജയിച്ചാൽ നിൻറെ  ഈ ചിരിയുണ്ടല്ലോ...അതിൽ ഒരു  പരിഹാസമുണ്ട്......"

"നിനക്ക്  ജയിക്കാന്‍  ആവാത്തത് എൻറെ കുറ്റമാണോ...? "

"പോരാട്ടം  സമൻമാരോടാണ് വേണ്ടത്. ....നീയെന്താ  അപ്പുറത്തെ  കോർട്ടിൽ  പോവാത്തത്. ..? നിന്നെക്കാൾ  കളിയില്‍  അവര്‍ മികച്ചു നിൽക്കുന്നു."

സത്യമാണ്. അപ്പുറത്തെ  കോർട്ടിൽ  ഞാന്‍  വെറും  ശിശുവാണ്.ഒരുപക്ഷേ  എനിക്കൊരു സെറ്റു പോലും  ജയിക്കാന്‍ ആവാത്ത കോർട്ട്.
പിന്നെ പിന്നെ അവൻറെ  വീക്ക്  പോയിന്റുകൾ ഞാനവനു പറഞ്ഞു കൊടുത്തു.  നിരന്തരമായ ശ്രമത്തിൻറെ ഫലമായി  ഇപ്പോള്‍  അവനെന്നെ നിഷ്പ്രയാസം തോൽപിക്കുന്നു.പക്ഷേ അവന്‍ ജയിക്കുന്നത് ഭാഗ്യം കൊണ്ടാണത്രേ..."
എൻറെ  തോൽവികൾ അവനൊരിക്കലും ആഘോഷമാക്കിയില്ല.ചില സെറ്റുകൾ  അവന്‍  മനപ്പൂർവം തോറ്റു.

ഇപ്പോള്‍  എനിക്ക്  മനസിലാവുന്നുണ്ട്.

എന്തുകൊണ്ടാണ്  എൻറെ ഗ്രാമം  അവനെ  ഇത്രയധികം  സ്നേഹിക്കുന്നതെന്ന്.

ചെറിയ ഒരു  അപകടം  പിണഞ്ഞപ്പോഴേക്കും അത്രയധികം  പേർ ഉറക്കമിളച്ച് അവനു കാവൽ നിന്നതെന്തുകൊണ്ടാണെന്ന് .

നഴ്സറി കുട്ടികള്‍  പോലും  അവനെ  ഇത്രയധികം  ഇഷ്ടപ്പടുന്നതെന്തു കൊണ്ടാണെന്ന്.

അവന്‍റെ  സാന്നിധ്യം  എല്ലാവരും  ആഗ്രഹിക്കുന്നതെന്തുകൊണ്ടാണെന്ന്.

"നീ  പറഞ്ഞില്ലേ  നോക്കിയ ആവരുതെന്ന്.....അതെന്തായിരുന്നു....?"

കല്യാണ വീട്ടില്‍  തലേന്ന് രാത്രി  അവന്‍ കണ്ണു നിറച്ചു സവാളയുമായി പടവെട്ടുമ്പോൾ അവനിത്തിരി കട്ടൻ ചായ  പകർന്നു കൊണ്ട് ഞാന്‍ ചോദിച്ചു  .
" നോക്കിയ  കമ്പനി  അങ്ങനെ  ആയിരുന്നു. കാലത്തിനനുസരിച്ച്  മാറാന്‍  അവരുടെ  അഹങ്കാരം  സമ്മതിച്ചില്ല. നമ്മള്‍  മികച്ചതാവുന്ന ഒരു സമയമുണ്ട്. നമ്മെക്കാൾ മികച്ച  മറ്റൊന്നു വരുന്നതു വരെ മാത്രമാണ്  ആ സമയം. അതൊരിക്കലും  നമ്മെ  അഹങ്കാരിയാക്കിക്കൂടാ...നീ  സച്ചിനെ കണ്ടിട്ടില്ലേ...തൻറെ  കരിയറില്‍  എല്ലാം  നേടി. പക്ഷേ  ആ വിനയം അതാണ്  അദ്ദേഹത്തെ  ജനകീയനാക്കുന്നത്."

ഞാന്‍ വെറുതെ  ചിരിച്ചു .എനിക്കല്ലാതെ
എന്തു ചെയ്യാനാവും സുഹൃത്തേ. ....

Friday, December 18, 2015

കൺസൾട്ടിംഗ്

കൺസൾട്ടിംഗ്
=============

ഡോക്ടര്‍  നാരായണന്‍  ഹോസ്പിറ്റലിലെ പ്രധാന  ഡോക്ടര്‍  ആയതുകൊണ്ട്  രോഗികള്‍  ആരും   സമീപിക്കാറില്ല. ഹോസ്പിറ്റലിൽ മറ്റു  ഡോക്ടേർസ് പരിശോധിക്കുന്ന സമയം നാരായൺ ബെല്ലടിച്ചു പറയും.

നെക്സ്റ്റ്..........!

ആ നെക്സ്റ്റും  ഒരു  ദയയുമില്ലാതെ നാരായണനെ കടന്നു  അപ്പുറത്തിരിക്കുന്ന
ഡോക്ടര്‍ക്കു മുന്നില്‍  പോയിരിക്കും. ഹോസ്പിറ്റലെ ഈ തിരക്കു പിടിച്ച  കൺസൾട്ടിംഗിനു ശേഷം  ആക്രാന്തം മൂത്ത് നാട്ടുകാരെ  സേവിക്കുന്ന മറ്റെല്ലാ  ഡോക്ടേർസിനേയും പോലെ  പ്രൈവറ്റ്  പ്രാക്ടീസ്. പക്ഷെ  അറിഞ്ഞു കൊണ്ട്  ഇതുവരെ  നാരായണൻറെ കൺസൾട്ടിംഗ് റൂമിലേക്ക്  ആരും  കടന്നു  ചെന്ന ചരിത്രമില്ല. ഇത്തരമൊരു ദശാ സന്ധിയിലാണ് ഡോക്ടര്‍ക്ക് ആ ബുദ്ധി  തോന്നിയത്.
പ്രൈവറ്റ്  പ്രാക്ടീസ്  മാർക്കറ്റിനടുത്തേക്കു മാറ്റുക.

ആളുകള്‍  മീന്‍  വാങ്ങാന്‍  വരുന്നു. ...
ഡോക്ടറെ  കാണുന്നു.

പച്ചക്കറിയും  വാങ്ങാം  ഡോക്ടറെ  കണ്ട്  മരുന്നും  വാങ്ങാം.

പലചരക്ക്  വാങ്ങാന്‍ വരുന്നു.
കൂട്ടത്തിൽ  ഡോക്ടറെ കണ്ട്  വരുന്നു.

ഡോക്ടറെ കാണാന്‍  മാത്രമായി  സമയം  മിനക്കെടുത്തേണ്ട.

പക്ഷേ    മീന്‍  മാർക്കറ്റിലെ  നാറ്റമല്ലാതെ  ഒരു  മനുഷ്യനും  ഡോക്ടറെ  തേടി വന്നില്ല.

നാറ്റം  സഹിക്കാന്‍ വയ്യാതായതോടെ  ഡോക്ടര്‍   മറ്റൊരു  റൂമിലേക്ക്  മാറി.

ഹോസ്പിറ്റലിൽ  നിന്നും വന്നാല്‍  ഡോക്ടര്‍  രോഗികളെയും  കാത്തിരിക്കും. കാൻഡി ക്രാഷ്  മടുക്കുമ്പോൾ ഡോക്ടര്‍  ജനൽ തുറന്നിട്ട് പിറകിലെ തൊടിയിൽ പന്തു കളിക്കുന്ന  പിള്ളേരെ  നോക്കിയിരിക്കും. കൃത്യം  6 മണിക്ക്  പരിശോധനാ പരിപാടി  അവസാനിപ്പിച്ചു  വീട്ടിലേക്കു  തിരിക്കും.
കോണിയിറങ്ങുമ്പോഴാണ്  ഡോക്ടര്‍  നടുക്കുന്ന  ആ കാഴ്ച കണ്ടത്. സ്റ്റെപ്പിൽ നിറയെ  സിഗരറ്റ്  കുറ്റികള്‍. ഒഴിഞ്ഞ  പുകയില  പാക്കറ്റുകൾ. അതും നാട്ടിലെ  പ്രമുഖ ഡോക്ടറുടെ  കൺസൾട്ടിംഗ് റൂമിലേക്ക്  പോകുന്ന  വഴിയില്‍.  ഏതോ സാമൂഹിക  വിരുദ്ധർ ആ കോണിപ്പടിയിലിരുന്ന് പുകവലിക്കുന്നുണ്ട്.

ഡോക്ടര്‍  തിരിച്ചു  റൂമിലേക്ക് കയറി.
തിരിച്ചു വന്നു  ചുമരില്‍  വലിയ  പേപ്പര്‍  ഒട്ടിച്ചു.

"പുകയില  ഉപയോഗിച്ച് നീ നിന്റെ  ജീവിതം  നശിപ്പിക്കരുത് സഹോദരാ ........? "

പിറ്റേന്ന്  ഡോക്ടര്‍  കയറി  വരുമ്പോള്‍  ഇന്നലെ  കണ്ടതിൻറെ ഇരട്ടി  സിഗരറ്റ്  കുറ്റികള്‍.  കൂടെ  ഡോക്ടര്‍  എഴുതി  വച്ചതിന്  താഴെ  ഒരനുബന്ധവും.

"ഞങ്ങള്‍  അങ്ങനെ  ചെയ്യ്വോ  ഡോക്ടറെ. .....? "

അന്ന്  ഡോക്ടര്‍  പുതിയ  നോട്ടീസ്  ഒട്ടിച്ചു.

" ഞാന്‍  എത്ര തവണയായി  പറയുന്നു.  പുകവലിക്കരുത് പുകവലിക്കരുത് എന്ന്...എൻറെ  അടുത്ത്  വരുന്ന  രോഗികളെയും  അതു ബാധിക്കും.  അതുകൊണ്ട്  ദയവുചെയ്ത്  പുകവലി  നിര്‍ത്തൂ സഹോദരാ........"

എന്നു ഡോക്ടര്‍  നാരായണന്‍ .

പിറ്റേന്നും സംഗതി  പഴയപടി.

ഡോക്ടര്‍  പുതിയ  നോട്ടീസ്  പതിച്ചു.

"നിൻറെയൊക്കെ @##$/#$$ വകയാണോടാ. ......@#$/$/$/##$$## മക്കളെ  ഈ ഗോവണി.  ഇനി  ഇതാവർത്തിച്ചാൽ നിൻറെയൊക്കെ  മുട്ടുകാലു തല്ലിയൊടിക്കും...@###$@#$

ശല്യം  തീർന്നു.

Wednesday, December 16, 2015

തോന്നൽ

തോന്നൽ
========

നാരായണന്‍ 2 രൂപക്ക്  ശീട്ടെടുത്തു ആശുപത്രിയിൽ വരി നിന്നു. നേരം  വെളുക്കുമ്പോഴേക്കും എത്രയാ  ജനം ഇവിടെ  വന്നു  നിൽക്കുന്നത്. അവന്‍  നമ്പര്‍  നോക്കി. 232

" .ദൈവമേ  10 മണിയായിട്ടും ടോക്കൺ 100  കടന്നിട്ടില്ല.
ഡോക്ടര്‍  പരിശോധിക്കുന്നില്ലേ?"

.അവന്‍  റൂമിലേക്കെത്തി നോക്കി. രണ്ടു പേരുണ്ട്. പക്ഷേ  എല്ലാവരും  പോവുന്നത്  നാട്ടില്‍  പേരുള്ള, ഇവിടത്തെ  പണി  കഴിഞ്ഞ്  വീട്ടില്‍  ഇരുന്നു പരിശോധിക്കുന്ന ഡോക്ടറെ മാത്രം. ചില  ആളുകള്‍  അങ്ങനെയാണ്. എവിടെ ചെന്നാലും  ക്ലിക്കാവും.

" ചേട്ടാ  ഇവിടെ  നിന്നിങ്ങനെ തിക്കി തിരക്കാതെ എവിടേലും  പോയിരിക്ക്.
ബോർഡിൽ നമ്പര്‍  തെളിയുമ്പോ വന്നു  കാണിച്ചാൽ പോരെ " ?

അറ്റൻഡറാണ്.

അതുശരിയാണല്ലൊ, എന്തിനാണെല്ലാവരും വാതിലിൽ തിരക്കു  കൂട്ടുന്നത്. വരിയും  നീണ്ടു  പോയിട്ടുണ്ട്. നാരായണന്‍  ഒരു  സീറ്റില്‍  പോയി  ഇരുന്നു. വരി  നില്‍ക്കുന്ന വിഡ്ഢികളെ നോക്കി  അവന്‍  പുഞ്ചിരിച്ചു. താനും  ഇതുവരെ  വരി  നില്ക്കുകയായിരുന്നു എന്നോർമ വന്നപ്പോൾ  ചിരി  താനെ  മാഞ്ഞു പോയി.

നമ്പര്‍  മാറുന്നതിന് സ്പീഡ്  കൂടി.വേറൊരു ഡോക്ടര്‍  കൂടി  പരിശോധനക്കെത്തിയെന്നു തോന്നുന്നു.

"232"

സ്ക്രീനിൽ നമ്പര്‍  തെളിഞ്ഞു.  നാരായണന്‍  തിക്കി തിരക്കി ഒരു  വിധം  അകത്തു കയറി. തൊട്ടു മുന്നില്‍  നില്ക്കുന്നവൻറെ നമ്പര്‍  നോക്കി.

" 240 "
അതു ശരി.നമ്പറും നോക്കി  ഇരുന്ന നമ്മള്‍  ശശിയായല്ലേ.

"ചേട്ടാ  ഒന്നങ്ങട്  മാറിയേ,വിളിച്ച നമ്പര്‍  കയറട്ടെ "

"എന്താ  രോഗം " ? ഡോക്ടര്‍  ചോദിച്ചു.

"പനി "

"എന്നാ തുടങ്ങിയത്. "

"പനിച്ചത് മിനിഞ്ഞാന്നാ സാറെ. "

"ഇപ്പോഴെന്താ  പ്രശ്നം"?

"ഇപ്പോള്‍  എടുപ്പിനൊക്കെ വേദനയുണ്ടോന്നൊരു തോന്നൽ "

" തോന്നുന്നേയുള്ളോ" ഡോക്ടറുടെ  മുഖത്ത്  ദേഷ്യം.
അയാൾ  പേന  തിരിച്ചു  പിടിച്ചു  ശീട്ടിൽ എഴുതാന്‍  തുടങ്ങി.

" സാറു  പെന്നു തല തിരിച്ചാണ്  പിടിച്ചത് "
നാരായണന്‍  ഓർമ്മപ്പെടുത്തി.

" അതെനിക്കറിയാം.ഞാൻ കുറെ  മരുന്നിന്  എഴുതിയതായി തോന്നിയില്ലേ?"

" പക്ഷേ  പെന്ന്" നാരായണന്‍  ഒന്ന്  പതറി.
" ഞാന്‍  ഇവിടെ  തോന്നുന്നതിന് മരുന്നെഴുതാനിരിക്കുന്നതല്ല. ആ വിഭാഗം  ഞാന്‍  പഠിച്ചിട്ടില്ല"

ഡോക്ടര്‍  നാരായണന്‍റെ ചീട്ട്  കയ്യില്‍  കൊടുത്തു.

" അടുത്തയാൾ "
ഡോക്ടര്‍  വിളിച്ചു.