Tuesday, August 7, 2018

അൽ യക്ഷി 5

അൽ-യക്ഷി    5  
==============

ക്രീസിൽ   ഫീൽഡു    ചെയ്യുന്നതിനിടെ ഷഫീഖ്  പലവട്ടം  പറഞ്ഞു  നോക്കി.  ഇനി  ഞാന്‍  ബൗൾ      ചെയ്യാം.  പക്ഷേ  അവൻറെ   മുൻകാല ബൗളിങ്  ചരിത്രം  അത്ര  മികച്ചതായിരുന്നില്ല . ഗ്രൗണ്ടിലെ  ഏറ്റവും കൂടുതല്‍  വൈഡ്  ബോൾ റെക്കോഡ്  ചിലപ്പോള്‍  അവൻറെ പേരിലായിരിക്കും.

"ഷഫീഖ്  ആണോ  ബൗൾ  ചെയ്യുന്നത്  എന്നാല്‍  ഞാന്‍  ഒരോവർ   വിശ്രമിക്കാം ...."

ബാറ്റ്സ്മാൻമാരുടെ    സ്ഥിരം  കളിയാക്കൽ  ഡയലോഗ് ആണത്.  അവൻറെ  ഒരു  ബോൾ  പോലും  ഇതുവരെ  സ്റ്റംമ്പു  തെറിപ്പിച്ച    ചരിത്രമുണ്ടായിട്ടില്ല. അവര്‍  ഒരോവർ      അവനു  നല്‍കി  ഭാഗ്യം  പരീക്ഷിക്കാൻ  മുതിര്‍ന്നില്ല . സിബിനും   കൂട്ടുകാരും റണ്‍സ്  അടിച്ചു  കൂട്ടി നായാടുകയാണ്.  10  ഓവറില്‍  തന്നെ  അവര്‍  50  കടന്നു.  കിട്ടിയത്  ആകെ ഒരു  വിക്കറ്റും. ഗ്രൗണ്ടിലെ  മികച്ച  ബാറ്റ്സ്മാൻമാർ  പുറത്തു  ബാറ്റു  ചെയ്യാന്‍  കാത്തു  നിൽക്കുകയും ചെയ്യുന്നു.
പെട്ടെന്നാണ്    ഒരു  പന്ത്  ഉയര്‍ത്തി  അടിച്ചത്    ഷഫീഖ്  അത്  ഉയര്‍ന്നു  ചാടി  കൈപ്പിടിയിലൊതുക്കി.

"ക്യാച്ച്. ....        "

ആ  ഓവര്‍  അവസാനിച്ചിരിക്കുന്നു. അവൻ   പന്തു  വിട്ടു  നല്കിയില്ല .

"നീയിപ്പോൾ     ബൗൾ   ചെയ്യണോ...? "

നേരത്തെ  ബൗൾ  ചെയ്തിരുന്നവൻ ചോദിച്ചു.

"വേണം. ..."

ഷഫീഖ്  തറപ്പിച്ചു പറഞ്ഞു. അവസാനം  ആ ഓവര്‍  അവനു  നല്കാന്‍  അവര്‍  മനസില്ലാ മനസോടെ  തയ്യാറായി.

"അധികം  വൈഡ്  എറിയരുത്  ..."

അവര്‍  ഷഫീഖിനെ ഉപദേശിച്ചു.

ക്രീസിലെ  ബാറ്റ്സ്മാൻ ഒരു  പുഛത്തോടെ   ചിറി  കോട്ടി  .

"ഇവനാണോ   ...?     "

അവൻ     ബോൾ  അടിച്ചു  പറത്താൻ തയ്യാറായി നിന്നു.

പക്ഷേ. ....

ഒരു  മിന്നല്‍  പോലെ  പറന്നു വന്ന ബോൾ   വിക്കറ്റ്  വീഴ്ത്തി  കീപ്പറെയും  കടന്നു പോയി.

"ഔട്ട്. ...         "

അവർ  ആർത്തു    വിളിച്ചു.  എന്താണ്  സംഭവിച്ചതെന്നറിയാതെ  ബാറ്റു  ചെയ്യുന്നവൻ  അന്ധാളിച്ചു  നിൽക്കുന്നുണ്ടായിരുന്നു  .

അടുത്തയാൾ  വന്നു.

പക്ഷേ  ഒരു  പന്ത്  പോലും  അടിച്ചു  റണ്ണെടുക്കാനയാൾക്കു    കഴിഞ്ഞില്ല    

"മെയ്ഡൻ     ഓവര്‍. ."

. ഒരു  വിക്കറ്റും.

അടുത്ത ഓവറില്‍   ബൗളർ     18  റൺസ്   വഴങ്ങിയതോടെ   വീണ്ടും  ഷഫീഖിനോടവർ   ബൗൾ    ചെയ്യാനാവശ്യപ്പെട്ടു.

ബാറ്റ്സ്മാൻമാരെ സമർഥമായി   കബളിപ്പിച്ച്  ഓരോ  ബോളും  കടന്നു  പോകുന്നത്  അവര്‍  വിസ്മയത്തോടെ      കണ്ടു.

ആ  ഓവറില്‍  അവൻ  3 റണ്‍സിന്  രണ്ടു  വിക്കറ്റുകൾ ഷഫീഖ്   വീഴ്ത്തി.

താന്‍  എറിയാനോങ്ങുമ്പോഴേക്ക് ബോൾ  കയ്യില്‍ നിന്നും  പറക്കുകയാണ് .

തന്റെ  ആക്ഷന്‍  തീരുമ്പോഴേക്കും  അപ്പുറത്ത്  വിക്കറ്റ്  വീണിട്ടുണ്ടാവും .

മെയിന്‍  ബാറ്റ്സ്മാൻമാർ  എല്ലാം  ഓരോരുത്തരായി   മടങ്ങി.  വാലറ്റക്കാരെ   വളരെ  നിഷ്പ്രയാസം അവർ  പിടികൂടി.

സ്കോർ      90  കടക്കും  മുമ്പേ  അവരുടെ  കളി  അവസാനിച്ചു.

അന്നത്തെ  താരം  ഷഫീഖ്  ആയിരുന്നു.

അവൻ   സിബിനെ   നോക്കി  ഇളിച്ചു  കാട്ടി.

അവരെല്ലാം  ഏതോ  അത്ഭുത ജീവിയെ  കാണുന്നതുപോലെ   അവനെ  തുറിച്ച്  നോക്കി.

ഷഫീഖ്  ഗ്രൗണ്ടിൽ   നിന്നും  വീട്ടിലേക്ക്   നടന്നു.
അവനു  സന്തോഷം  കൊണ്ട്  തുള്ളിച്ചാടാൻ      തോന്നി.

"അധികം  തുള്ളണ്ട  ..ഞാനാ  കളിച്ചത് ...:"

അല്ലി  പറഞ്ഞു.

"അറിയാം   ....താങ്ക്സ് "

ഷഫീഖ്  പതുക്കെ പറഞ്ഞു.

കളി  ജയിച്ച സന്തോഷം  അടക്കി  വെക്കാനാവാതെ  അവൻ    വീട്ടിലേക്കോടി.

****************************************

   "അല്ലീ  ......

ബസ്റ്റോപ്പിലിരുന്ന്  മൊബൈലില്‍  കളിച്ചു  കൊണ്ടിരിക്കുന്നതിനിടെ  തൻറെ  സമീപം  ആരോ  ഉണ്ടെന്നു തോന്നിയപ്പോൾ ഷഫീഖ്  വിളിച്ചു.

ചെവിയില്‍  ഇയർഫോൺ  വച്ചതു  കാരണം  അവൻ      ഫോണില്‍  ആരോടോ  സംസാരിക്കുന്നതു  പോലെയാണ്  പുറമെയുള്ളവർക്ക്   തോന്നിയിരുന്നത്.

"നിനക്ക്  ലവർ   ഒന്നുമില്ലേ  ...?   "

അല്ലി  ചോദിച്ചു.

                                                        
"പിന്നെ. ...ലൈനൊക്കെയുണ്ട് .  "
                           
"ആരാ. ...?   " പിന്നില്‍  നിന്നും  അശരീരി.
                                                   
"ഷംന..... അല്ലിക്കറിയാമോ ഷംനയെ..? "

"ഇല്ല. ..      ഫോട്ടോ  ഉണ്ടോ ...? "

"ഫോട്ടോ  ....ങാ  ഒരു  വാട്സാപ്  ഫോട്ടോയുണ്ട്.    "
                                                   
അവൻ  വേഗം  വാട്സാപ്   ഓപ്പണ്‍  ചെയ്തു.

"ഇവളാണോ....?"

അല്ലി  വീണ്ടും  ചോദിച്ചു.

"അതേ. ..അറിയ്വോ ...?   "

"ഇല്ല. ..പക്ഷേ  ഇന്നിവളുടെ  ബർത്ഡേയാണ് .....!"
                                               
"ങേ. ...സത്യം..?..!" 

അവനത്ഭുതം തോന്നി.

"വിളിച്ച്  ഒരു  ബർത്ഡേ    വിഷ്  പറഞ്ഞു  നോക്ക്  ..."

അവൾ     പറഞ്ഞു.

അവൻ  ഷംനയുടെ   ഫോണിലേക്ക്  ഡയൽ    ചെയ്തു.

"ഷംനാ...  ഇത്  ഷഫീഖ്  ആണ് ...ഹാപ്പി  ബര്‍ത്ത് ഡേ  ഡിയര്‍. ..  "

വോ...ഹ്  നീയെങ്ങനെ  അറിഞ്ഞു  ഇന്നെൻറെ     ബർത്ഡേയാണെന്ന്...ഇത്   സർപ്രൈസ്    ആയിരിക്കുന്നല്ലോ .... താങ്ക്സ്  ടാ  ....." ഷംനയുടെ   സ്വരത്തിൽ  അത്ഭുതം  നിഴലിച്ചിരുന്നു.

ഷഫീഖ്  ഫോണ്‍  കട്ട് ചെയ്തു.
 
"നിനക്കു  കാണണോ  അവളുടെ  ബർത്ഡേ പാർട്ടി.   ...?"
              
അല്ലിയുടെ   സ്വരം  മുഴങ്ങി.

"പക്ഷേ. ..എങ്ങനെ. ..?  മഷി നോട്ടം ...? "

"ഉം..... " അവൾ   മൂളി.

"പക്ഷേ  അതിനു  വെറ്റിലയൊക്കെ  വേണ്ടേ...?     "

"അതൊക്കെ  പണ്ട്.... ഇപ്പോഴതിനൊക്കെ    ആപ്പുണ്ട് "

"മഷിനോട്ടത്തിനും ആപ്പോ.... പ്ലേ  സ്റ്റോറിലാണോ...? " ഷഫീഖ്  ചിരിച്ചു കൊണ്ട്  പ്ലേ  സ്റ്റോർ  ഓൺ  ചെയ്തു.  മഷി നോട്ടം  എന്നു  ടൈപ്പ് ചെയ്തു.

നിരവധി  ആപ്പുകൾ അവൻറെ  ഫോണില്‍  തെളിഞ്ഞു വന്നു.  പെട്ടെന്ന്  ഒരു  വെറ്റില  സ്ക്രീനിൽ തെളിഞ്ഞു. 

"അത്  ഇൻസ്റ്റാൾ   ചെയ്യ് ..."

അല്ലി  പറഞ്ഞു.

പക്ഷേ  അത്  ഓട്ടോമാറ്റിക്   ആയി  ഇൻസ്റ്റാൾ    ആവാന്‍  തുടങ്ങി.

"ഓപ്പണ്‍  ചെയ്യട്ടെ. ..?     "

വേണ്ട. .... ഫോണ്‍  റീസ്റ്റാർട്ട്    ചെയ്യ്. അവൾ   പറഞ്ഞു.

അവൻ    പവര്‍  സ്വിച്ച്  അമർത്തി .

ഫോണ്‍  ഓഫായി. അൽപനേരത്തിനുശേഷം  ഓണാവാൻ    തുടങ്ങി.  ക്യാമറ  ഓണായതുപോലെ  അവനു തോന്നി.  സ്ക്രീനിൽ   ഒരു  സുന്ദരമായ  മുഖം  തെളിഞ്ഞു വന്നു.

അത്  അല്ലിയുടെ   മുഖമായിരുന്നു .

അവൾ    അവനെ നോക്കി  പുഞ്ചിരിച്ചു  . അവളുടെ  പാൽ നിറമുള്ള  പല്ലുകള്‍  സ്ക്രീനിൽ   തിളങ്ങുന്നതുകണ്ട്   ഷഫീഖ്  മിഴിച്ചു  നിന്നു.

തുടരും      ട്ടോ         stay        tuned

അൽ- യക്ഷി 4

അൽ-യക്ഷി 4
=============

അനിയന്ത്രിതമായ   സ്പീഡിൽ ആയിരുന്നെങ്കിലും  കൃത്യമായി  വീടിന്റെ  പോർച്ചിൽ തന്നെ  ബൈക്ക്  നിന്നു.

"അത് ശരി.....ഇവൾക്കപ്പോ   എൻറെ   വീടും  അറിയാം...നീയെന്റെ  പൊക  കണ്ടേ  അടങ്ങൂ  അല്ലേ  യക്ഷീ ..?.."  

ഷഫീഖ്  പതുക്കെ പറഞ്ഞു.

"പുക  ഞങ്ങളുടെ  ഒരു  വീക്നെസാണെടാ....  "
     
പിന്നില്‍  നിന്നും  അശരീരി  പോലെ  ശബ്ദം  മുഴങ്ങി. 

അവൻ  കോളിംഗ് ബെല്ലിൽ  വിരലമർത്തി.

അൽപസമയം  കഴിഞ്ഞു  കണ്ണു തിരുമ്മി  ഉറക്കച്ചടവോടെ  ഉമ്മ  വാതില്‍ തുറന്നു.

പതിവു  ക്ലീഷേ  ചോദ്യം.

"നീയെവിടെയായിരുന്നു    ഈ  നട്ടപ്പാതിരയാവുന്നത് വരെ....? "

"വരുന്ന വഴി ബൈക്കൊന്ന് കേടായുമ്മാ ... നിങ്ങളു   കിടന്നോ  ഞാന്‍  ടൗണിൽ  നിന്നും  ഭക്ഷണം  കഴിച്ചിട്ടുണ്ട്..."

അവൻ  പറഞ്ഞു.
റൂമിൽ  കയറിയ ഉടനെ  അവന്‍  ഡ്രസ്സ് മാറി  ഹാങ്ങറിൽ   തൂക്കി.

"അല്ലി  ഞാന്‍  ഒന്ന്  കുളിക്കാൻ   കയറുകയാണ്.... നീയെൻറെ  കുളി  ഒളിഞ്ഞു നോക്കരുത്...."

അവൻ  ശൂന്യതയിലേക്ക്  നോക്കി  പറഞ്ഞു.

"ഈ  പാതിരാത്രിക്കെങ്കിലും   ആ ഫോണ്‍  ഒന്ന്  ഓഫാക്കി  കിടക്കാന്‍  നോക്ക്  ഷഫീഖേ ....."

അടുത്ത  റൂമിൽ  നിന്നും  ഉമ്മയാണ് മറുപടി  പറഞ്ഞത്.

"ഞാന്‍  നാളെ  വരും..."

ശൂന്യതയിൽ നിന്നും  ആ മനോഹര ശബ്ദം. .."

കൂടെ  തുറന്നിട്ട  ജനലിന്റെ  കതകുകൾ   ചെറുതായൊന്നിളകിയ  പോലെ  തോന്നി.

അവള്‍  പൊയ്ക്കഴിഞ്ഞിരിക്കുന്നു . ഷഫീഖിന്  മനസ്സിലായി.
അവൻ  വേഗം  കുളിച്ചു  കിടക്കയിലേക്ക്   വീണു.

*****************************************

രാവിലെ  ഗ്രൗണ്ടിലേക്ക്    കളിക്കാന്‍  ഇറങ്ങി  നടക്കുമ്പോൾ തന്നെ  ആരോ  പിൻതുടരുന്നതു  പോലെ  അവനു തോന്നി.

"അല്ലീ.....?"

അവന്‍  പതുക്കെ  വിളിച്ചു  നോക്കി.

"നടന്നോ  ഞാന്‍  നിന്റെ  പിറകെയുണ്ട് ...."

പിന്നില്‍  നിന്നും  അവളുടെ  ശബ്ദം  മുഴങ്ങി.

"എന്നിട്ടെന്താ    എനിക്ക്  കാണാന്‍  സാധിക്കാത്തത്.... ?"

"പകൽ സമയങ്ങളിൽ   നിനക്കെന്നെ   കാണാനാവില്ല...."

അവൾ  പറഞ്ഞു.

"നീ  നന്നായി  ക്രിക്കറ്റ്   കളിക്കുമോ  ..?   "

ഇന്നലെ  വരെയില്ല. ഇനി മുതല്‍ നന്നാവുമായിരിക്കും. .? "

"അതെന്താ  ഇനി മുതല്‍  പ്രത്യേകത. .? "

"ഇനി  നീയും  കൂടെയുണ്ടല്ലോ ...."

"എനിക്ക്  ക്രിക്കറ്റ്  കളി  അറിയില്ല....  "
അവൾ  പറഞ്ഞു.    

"അതൊന്നും  സാരമില്ല.  കുറച്ചു  സമയം  കളി  കണ്ടാല്‍  പഠിക്കാവുന്നതേയുള്ളൂ..."

"പക്ഷേ  എനിക്ക്  നിൻറെ കൂടെ  കളിക്കാനുമാവില്ല ..."

"അല്ലി  കളിക്കുകയൊന്നും വേണ്ട..   "

"പിന്നെ. .?      "

"എന്നെ  കളിയില്‍  സഹായിച്ചാൽ    മതി. .     " "...
കളിക്കാന്‍  അറിയാത്ത  ഞാന്‍  നിന്നെ  എങ്ങനെ  സഹായിക്കാനാണ്...   ..?"     

"നിന്റെ  മായാവിദ്യകൾ   കൊണ്ട്  എതിര്‍ ടീമിനെ  കൺഫ്യൂഷനാക്കിയാൽ  മതി. .."

ഷഫീഖ്  പറഞ്ഞു.

"നീ  ആരോടാ  ഈ  സംസാരിക്കുന്നത്...?     കുറെ  നേരമായി  ഞാന്‍  നിന്നെ  ശ്രദ്ധിക്കുന്നു....!"

"ങ്ഹേ  ഇതാരുടെ   ശബ്ദം....?"

ഷഫീഖ്  പിറകിലേക്ക്  നോക്കി.

സിബിൻ   പിറകില്‍  വരുന്നത്  അവൻ  ശ്രദ്ധിച്ചിരുന്നില്ല .

ഷഫീഖ്  നീയെന്താ  ഒറ്റക്ക് സംസാരിക്കുന്നത്. .? "

സിബിൻ   വീണ്ടും  ചോദിച്ചു.

"ഒരു  ഷോര്‍ട്ട് ഫിലിം  പിടിക്കണം.  അതിന്റെ  ഡയലോഗുണ്ടാക്കുകയാണ്..."

ഷഫീഖ്  കള്ളം പറഞ്ഞു.

"കിടു .  ....നിനക്കതിൻറെ   ഒരു  കുറവും  കൂടിയേയുള്ളൂ....   "

അവൻ  കളിയാക്കിയതാണെങ്കിലും ഷഫീഖ്  മറുപടിയൊന്നും പറഞ്ഞില്ല.

ഗ്രൗണ്ടിൽ   കളി  തുടങ്ങിയിട്ടുണ്ട്. അവര്‍  രണ്ടു പേരും  ഓരോ  ടീമില്‍  ചേര്‍ന്നു  .
സിബിൻ    നല്ല  ബൗളർ  ആയതുകൊണ്ട്  അവൻറെ  ടീമംഗങ്ങൾ   സന്തോഷം  പങ്കിട്ടു.

"സ്കോറെത്രയായി...? "

തൻറ ടീമംഗങ്ങളോട്  ഷഫീഖ്  ചോദിച്ചു.    

" 60  റണ്‍സ്  ആയിട്ടുള്ളൂ. അഞ്ച്  വിക്കറ്റും  പോയി...."

  അടുത്ത  ബാറ്റിങിനിറങ്ങാൻ  പാഡു കെട്ടുന്നവൻ   പറഞ്ഞു. 

സിബിൻ     പണി  തുടങ്ങിക്കഴിഞ്ഞിരുന്നു. അവൻ  അടുത്ത  വിക്കറ്റ്  വീഴ്ത്തി  ഗ്രൗണ്ടിൽ നിന്നും  അലറി .

"ഇനി  ഞാനിറങ്ങട്ടെ ..? "

വലിയ  പ്രതീക്ഷ  ഒന്നുമില്ലെങ്കിലും   ഷഫീഖ്  ബാറ്റുമായി    കളത്തിലിറങ്ങുന്നവനോട്    ചോദിച്ചു.

"നീ  ഡെക്ക്  സ്പെഷലിസ്റ്റല്ലേ  ... ഇവിടെ  കളിക്കാന്‍  അറിയുന്നവർക്കു   തന്നെ  അടിക്കാന്‍  കഴിയുന്നില്ല   . പേടിക്കണ്ട അവസരമുണ്ട്. ....അവരു  നല്ല  ഫോമിലാണ്.  പോരാത്തതിന്  ഇപ്പോള്‍  ആ സിബിനും വന്നു ....."

അവൻ  ബാറ്റു  വീശി  ഗ്രൗണ്ടിലിറങ്ങിക്കൊണ്ടു  പറഞ്ഞു.

ഇനി  വലിയ  കളിയൊന്നുമില്ലാത്ത  വാലറ്റക്കാർ     മാത്രമേയുള്ളൂ... ഷഫീഖിനു  മനസ്സിലായി.  രണ്ടു  റണ്‍സ്  എടുത്തതോടെ   അടുത്തവൻറെ  വിക്കറ്റും  സിബിൻ  പിഴുതെടുത്തു .

"ഇനി  കുറച്ചെങ്കിലും  ബാറ്റു  പിടിക്കാൻ   അറിയുന്നവൻ  താന്‍  മാത്രമേയുള്ളൂ ..."

ഷഫീഖ്  ഗ്രൗണ്ടിലിറങ്ങി .

"ങാ ഹാ  ഡക്കനാണല്ലോ..."

സിബിൻ അവനെ  കളിയാക്കി.

ശരിയാണ്.  തനിക്ക്  മിക്ക ദിവസവും  ഒരു  റണ്‍  പോലും  എടുക്കാന്‍  കഴിയാറില്ല. തന്റെ  ഇതുവരെയുള്ള ഏറ്റവും വലിയ  സ്കോർ  വെറും  8  റണ്‍സ്  ആണ്.

അവൻറെ  ഓവറിലെ  അവസാന പന്തായിരുന്നു   അത്.  ഷഫീഖ്  സിങ്കിള്‍  റണ്ണെടുത്തു.

സിബിൻ     അവിശ്വസനീയതയോടെ   ഷഫീഖിനേയും   അവൻറെ  ബാറ്റിലേ ക്കും     മാറി മാറി നോക്കി.  അടുത്ത  ബൗളർ  എത്തി.

" ആദ്യ  പന്തില്‍ തന്നെ  ഫോർ   ....

എല്ലാവരും  അത്ഭുതപ്പെട്ടു . ഇവനും  കളി  പഠിച്ചോ...
          
സിബിൻ  എല്ലാവരെയും   പൊസിഷൻ  മാറ്റി  നിര്‍ത്തി.

പക്ഷേ  അടുത്ത  പന്ത്  അവൻറെ  തലക്ക്  മുകളിലൂടെ       ബോർഡർ   ലൈന്‍  കടന്നു പോയി.

"സിക്സര്‍. ......"

അല്ലി  കളി  തുടങ്ങിയിട്ടുണ്ട് . ഷഫീഖിനു  മനസ്സിലായി.  ബാറ്റിപ്പോൾ    അവളുടെ  നിയന്ത്രണത്തിലാണ്. ആ ഒരോവറിൽ 21  റണ്‍സ്  ഷഫീഖ്  അടിച്ചെടുത്തു . അവസാന  ഓവര്‍  ആണ്.  സിബിൻ  ബോൾ  കയ്യിലെടുത്തു  .

പക്ഷേ  ഓരോ  ബോളും  സിക്സ്  ലൈന്‍  കടന്നു  പറന്നു  പോവുന്നത്  അവൻ  നിസ്സഹായതയോടെ    നോക്കി നിന്നു.                                      
ഒരോവറിൽ    36  റണ്‍സ്.  സിബിന്  ഇതുവരെ  ഇങ്ങനെ ഒരു  അനുഭവം  ഉണ്ടായിട്ടില്ല    . ടീം  സ്കോർ    നൂറിനു     മുകളില്‍  കടന്നു.

അളിയാ. .... നീയെവിടുന്നാ    കളി  പഠിച്ചത്  . സഹകളിക്കാരൻ   ബാറ്റിംഗ്  കഴിഞ്ഞു  കയറുമ്പോൾ   ചോദിച്ചു.

ഷഫീഖ്  സെഞ്ച്വറി  അടിച്ച യുവരാജിനെപ്പോലെ   ഗാലറിയിലേക്ക്   നടന്നു.

ഇനി  ബൗളിങ്. ........

അൽ- യക്ഷി 3

അൽ-യക്ഷി3.    
============

"അപ്പോള്‍  നിനക്ക്  യക്ഷിയേയും  പ്രേതത്തെയും  ജിന്നിനെയൊന്നും  പേടിയില്ല. ..?  "

ചിരി  നിർത്തിക്കൊണ്ട്   അവൾ  ചോദിച്ചു.

"അമ്മാതിരി  ഒരു  മുതലിനെയും  ഞാനിതുവരെ  നേരിട്ട് കണ്ടിട്ടില്ല. പിന്നെന്തിനു    പേടിക്കണം. .? "

ഷഫീഖ്  തിരിച്ചു  ചോദിച്ചു.

"ശരി....നിനക്ക്  അത്രക്ക്  ധൈര്യമുണ്ടോയെന്ന്  ഞാനൊന്നു  പരീക്ഷിക്കാൻ    പോവുകയാണ്.  നീ  തയ്യാറാണോ   ...? "

"എനിക്ക്  പേടിച്ചു  വട്ടാവുമോ  ..?  "
                                                              
"അപ്പോള്‍  താനല്ലേ പറഞ്ഞത് പേടി ഇല്ലെന്ന്. .? "

"സിനിമയിലെ  പ്രേതങ്ങളെ  ഒന്നും  പേടിയില്ലെന്നാണ്   പറഞ്ഞത്. "

"ശരി  എന്നാല്‍  നമുക്ക്  നോക്കാം ...."

ആ സുന്ദരമായ  കണ്ണുകള്‍  ചുവന്നു തുടുക്കാൻ  തുടങ്ങി....... 

നിമിഷകൊണ്ട്  സുന്ദരമായ  ആ ശരീരം  ചോര  വാർന്നതു  പോലെ   വിളറി വെളുത്തു.

  കണ്ണില്‍ നിന്നും  ചോരത്തുള്ളികൾ    വീണു  ആ വെളുത്ത  വസ്ത്രം  ചുവക്കാൻ തുടങ്ങി.....

അതിന്റെ  നഖങ്ങള്‍  കാണെക്കാണെ  വലുതാവാൻ  തുടങ്ങി......

ആ ഭീകര സത്വം  അവനു  ചുറ്റും  ചിലമ്പിക്കുന്ന  ശബ്ദത്തിൽ കിതച്ചു കൊണ്ട്  ഒഴുകാന്‍ തുടങ്ങി.....

ഷഫീഖ്  കുറച്ചു  നേരം  അതിനെ  നോക്കി നിന്നു.

"ഇതൊക്കെ  ഓൾഡ്  മോഡല്‍  അല്ലേ. .?  പുതിയ  ഐറ്റംസ്  ഒന്നുമില്ലേ...?" അവൻ  ചോദിച്ചു.

അവൻറെ   ചോദ്യം  കേട്ട്  ആ സത്വം  അൽപനേരം  നിശ്ചലമായി. പിന്നെ  ഒരു  പുകച്ചുരുളായി   മുകളിലേക്കുയർന്ന്   അപ്രത്യക്ഷമായി .

ഷഫീഖ്  ആ കൂരിരുട്ടിൽ   വീണ്ടും  മൊബൈലില്‍  ടോർച്ചിൻറെ  വെളിച്ചം  തെളിച്ചു.

ദൂരെ  എവിടെയോ  ഒരു  കുറുക്കന്‍  ഓരിയിടുന്ന  ശബ്ദം.

കൂ................  കൂ.........

  ആരോ  കിതച്ചു  വരുന്നതു    പോലെയുള്ള  ശബ്ദം കേട്ട്  ഷഫീഖ്  തിരിഞ്ഞു  നിന്നു.

ഇരുട്ടില്‍  തിളങ്ങുന്ന  രണ്ടു  ചോരക്കണ്ണുകൾ. ..........

അത്  അവൻറെ   അടുത്തേക്കക്കടുത്തേക്ക് വരാന്‍ തുടങ്ങി...... 

ഒരു  ചുവന്ന  നിറമുള്ള  ഭീമന്‍  ചെന്നായ.

അതിന്റെ  തൂങ്ങിക്കിടക്കുന്ന   നാവില്‍ നിന്നും  ഉമിനീർ    ഇറ്റുവീഴുന്നതവൻ   കണ്ടു.  അതിഭീകരമായ  ശബ്ദത്തിൽ അത്  ഓരിയിടാൻ    തുടങ്ങി.

ഷഫീഖ്  അൽപനേരം  അതിനെ  നോക്കി നിന്നു.  അതിന്റെ  കണ്ണുകളിലെ ക്രൗര്യം അവനെ ഒന്ന്  വിറപ്പിച്ചു.

"ഇതൊക്കെ  യെന്ത്...? "

ഷഫീഖ്  ആ  ചെന്നായുടെ   മുഖത്ത് നോക്കി  ചോദിച്ചു.

നായയും  ഇരുട്ടില്‍  മറഞ്ഞു.
ഷഫീഖ്  റോഡില്‍  ചമ്രം പടിഞ്ഞിരുന്നു. തലയോട്ടികളും വിചിത്ര  രൂപമുള്ള   ജീവികളും അവനു  ചുറ്റും  കറങ്ങാൻ  തുടങ്ങി.  അവയില്‍ ചിലത്  തീ  തുപ്പുന്നതു  പോലെ  അവനു തോന്നി.

പെട്ടെന്ന്  എല്ലാം  നിശ്ശബ്ദമായി .

"തീർന്നോ ..? "

അവൻ  വിളിച്ചു  ചോദിച്ചു.

പാറിപ്പറക്കുന്ന   മുടിക്കെട്ടുമായ്   ചുവന്ന  കണ്ണുകളോടെ    അവൾ   വീണ്ടും  പ്രത്യക്ഷപ്പെട്ടു  .

"ഇതൊക്കെ  ഞാന്‍  സിനിമയില്‍  കുറെ കണ്ടതാ. ." പുതിയ  ഐറ്റംസ്  ഒന്നും  ഇല്ല  അല്ലേ. .? "

അവൻ  വീണ്ടും  ചോദിച്ചു.

അവള്‍  വീണ്ടും  പഴയ  രൂപത്തിലേക്ക് തിരിച്ചു വന്നു.
അവന്‍  മൊബൈല്‍ ഫോണ്‍  വീണ്ടും  ഓൺ  ചെയ്തു.  റേഞ്ച്  തിരിച്ചു വന്നിരിക്കുന്നു. യൂ ട്യൂബിൽ   zombie movie clips search ചെയ്തു.

"ഇതൊക്കെ  നിങ്ങള്‍  ഒറിജിനലിനെ  കടത്തി വെട്ടും ...."

അവൻ വീഡിയോ  പ്ലേ  ചെയ്തു കൊണ്ട്  പറഞ്ഞു.
യക്ഷി  അവൻറെ  ഫോണിലേക്ക്  എത്തി നോക്കി.

"അതൊക്കെ പോട്ടെ. .. എന്താ  യക്ഷിയുടെ  പേര്. .?"

ഷഫീഖ്  ചോദിച്ചു.

"ഞങ്ങള്ക്ക്  യക്ഷികള്‍  എന്നു  മാത്രമേ  പേരുള്ളൂ ..."

അവൾ  മുരണ്ടു.

"ശ്ശോ. ..അതു മോശായിപ്പോയി . ഏതായാലും  നിനക്ക്  ഞാന്‍ തന്നെ  ഒരു  പേരിടാം. ...."

"എന്തു  പേര്....?"

"അൽ-യക്ഷി"

"എന്താണീ   അൽ..?   "

യക്ഷി  ചോദിച്ചു.

"അത്  അറബിയാണ്      ഇംഗ്ലീഷിൽ  the  എന്നു  പറയുന്നത്  പോലെ.   "

"അൽ-യക്ഷി.... കൊള്ളാം. ..ലേ    ?"

അവൻ  ചോദിച്ചു.   

"അൽ-യക്ഷീ ...."  അവൻ  നീട്ടി വിളിച്ചു.

"ഒരു  പഞ്ചില്ല   .....അൽക്ഷി  എന്നാക്കിയാലോ...?  അല്ലെങ്കിൽ  വേണ്ട. മണിച്ചിത്രത്താഴ്   സിനിമ  കണ്ടിട്ടുണ്ടോ...? "

അവൻ  ചോദിച്ചു.

"ഉം  ശോഭനയുടെ പടമല്ലേ...? "

അവൾ    തിരിച്ചു  ചോദിച്ചു.

"ങാഹാ  അപ്പോള്‍  യക്ഷി ലോകത്ത്  തിയേറ്റര്‍  ഒക്കെ  ഉണ്ടല്ലേ...?   "

ഷഫീഖ്  അത്ഭുതപ്പെട്ടു .

"മണ്ടാ. ..അതു ഞാന്‍  ഇവിടെ  ജീവിച്ചിരുന്നപ്പോൾ  കണ്ടതാണ്....."

"ശരി. ..ശരി ...അതെന്തെങ്കിലുമാവട്ടെ... പേര്  അൽ-യക്ഷി ചുരുക്കി  അല്ലി   എന്നാക്കാം...   "

ഗംഗാന്നല്ലേ   ശോഭനക്കു   പേര്. .?  "

യക്ഷിക്കു  സംശയം.

"അത്  ശോഭന യക്ഷി. ....നീ  അല്ലി. ..അതുമതി.   "

"ഞാന്‍  നിന്റെ  ദേഹത്ത്  കയറാന്‍  പോവുകയാണ്. ..!    "

അല്ലി  പറഞ്ഞു.

"ഈ പാതിരാത്രിക്കോ...? "

"രാത്രിയും പകലും  ഒക്കെ  നിനക്കല്ലേ...?        "

അവൾ    ചോദിച്ചു.

"ഞാന്‍  പറയുമ്പം   കയറിയാൽ   മതി. ഇപ്പോള്‍  ദേഹത്ത്  കയറിയാൽ ഉമ്മ  പേടിക്കും  ...  " ഷഫീഖ്  പറഞ്ഞു.

"ഹഹഹഹഹഹ....."

അവള്‍  പിന്നെയും  മനോഹരമായി  ചിരിച്ചു.

"ശരി.  പക്ഷേ  ഞാന്‍ ഇനി   എപ്പോഴും  നിന്റെ  കൂടെയുണ്ടാവും"

അല്ലി   പറഞ്ഞു.

"അതു  കുഴപ്പമില്ല . എന്നാല്‍  ഇപ്പോള്‍  നമുക്ക്  പിരിഞ്ഞാലോ ...?"

അവൻ  വീണ്ടും  ചോദിച്ചു.

"ബൈക്ക്  എടുക്കുന്നില്ലേ ...?"

അവൾ   തിരിച്ചു  ചോദിച്ചു.

"അതിൻറെ     ഹെഡ്ലൈറ്റ് കേടു  വന്നു  പോയി.  "

"അതൊന്നും  സാരമില്ല.  നീ  വണ്ടിയെടുക്ക്..."
വള്‍ പറഞ്ഞു.

ഷഫീഖ്  ബൈക്ക്  ഓൺ  ചെയ്തു.  കിക്കറിൽ   കാൽ  വച്ച ഉടനെ തന്നെ  അത്  സ്റ്റാര്‍ട്ടായി  കഴിഞ്ഞിരുന്നു. ഹെഡ്  ലൈറ്റ്  മിഴിവോടെ  തെളിഞ്ഞു.  ഗിയർ   തട്ടാൻ    തുടങ്ങും മുമ്പ് തന്നെ  ബൈക്ക്  മുന്നോട്ടു  കുതിക്കാൻ തുടങ്ങി.  അതിന്റെ  നിയന്ത്രണത്തിൽ  തനിക്ക്  യാതൊരു  പങ്കുമില്ലെന്നവനു    താമസിയാതെ  തന്നെ മനസ്സിലായി. 

അവൾ     തനിക്ക്  കൂടെ തന്നെയുണ്ട്.

അവൻ  തിരിച്ചറിഞ്ഞു .

ബൈക്ക്  നിലം തൊടാതെ  പറക്കാന്‍  തുടങ്ങി.

തുടരും

അൽ യക്ഷി 2

അൽ-യക്ഷി  2.
=============

ഇത്  ഉമ്മ പറഞ്ഞ സംഗതി  തന്നെ.  പൊട്ടി  തിരിക്കുന്നതാണ്. നേരം  വെളുക്കും  വരെ  തനിക്ക്  താനിവിടെ  കറങ്ങേണ്ടി   വരും.
ഉടനെ അൽപം  മൂത്രമൊഴിക്കാനിരിക്കുക  . അതു മാത്രമാണ്  പോംവഴി.  ഷഫീഖ്  റോഡിനോരത്ത്    നീട്ടി  മൂത്രമൊഴിച്ചു  .

"പൊട്ടീ....ഇനി  നീയെന്നെ  വഴി  തെറ്റിക്കുന്നതൊന്നു   കാണണം...."

പുതിയ  ആത്മവിശ്വാസത്തോടെ അവൻ  വെല്ലുവിളിച്ചു  . ബൈക്കിനെ കടന്നു  വീണ്ടും  അവൻ  വേഗത്തില്‍ നടന്നു.
പക്ഷെ ....

പ്രശ്നം  മൂത്രമൊഴിച്ചാൽ  തീരുന്നതായിരുന്നില്ല. അവൻ   വീണ്ടും  പഴയ  കവലയിൽ   തന്നെ  എത്തിച്ചേർന്നു.

ഇനി  എന്തു ചെയ്യണമെന്നറിയാതെ  അവൻ  മിഴിച്ചു  നിന്നു.

പെട്ടെന്നാണ്    അവനാ  ബുദ്ധി  തോന്നിയത്‌.  വീട്ടിലേക്കു  വിളിച്ചു  പറയാം.  താനിവിടെ  വെളിച്ചമില്ലാതെ  കുടുങ്ങി  നിൽക്കുകയാണെന്ന് 

അവൻ  ഫോണില്‍  വീട്ടിലെ  നമ്പറിലേക്ക്     വിളിക്കാനാരംഭിച്ചു.
ദൂരെ  മൊബൈല്‍  ടവറിലെ ചുവന്ന  വെളിച്ചം  അവൻ കണ്ടു.  പക്ഷേ  എത്ര  ശ്രമിച്ചിട്ടും ഫോണ്‍  കണക്ടാവുന്നില്ല.

ഇല്ല   ഒട്ടും  റേഞ്ച്  കാണിക്കുന്നില്ല .

അവൻ  വീണ്ടും  നിസ്സഹായനായി .

ഏതു  നേരത്താണോ ഒറ്റക്ക്  സിനിമക്ക് വരാന്‍  തോന്നിയത്.

അവൻ   പിറുപിറുത്തു.

ഇത്രയും  സമയമായിട്ടും ഒരു  വാഹനം  പോലും  അതുവഴി  വരാത്തത് അവനെ  അത്ഭുതപ്പെടുത്തി.

ഇനി  ഒരു  മാർഗമേ    കാണുന്നുള്ളൂ ...

ബൈക്കെടുത്ത് തിരികെ  ടൗണിലേക്ക് വിടുക.

  അവൻ  വേഗത്തില്‍  ബൈക്കിനടുത്തേക്ക്  നടന്നു.
പക്ഷെ  അൽപം   ദൂരെ  താന്‍  ബൈക്ക്  പാർക്ക്  ചെയ്തതിനു   സമീപം  ഒരു  വെളുത്ത  രൂപം. 

"അല്ലാഹ്. ... ഇനി  വല്ല  യക്ഷിയും. ..?"

                                            
"ഇനി  ജിന്നായിരിക്കുമോ ..?    "

ആരായാലും  വേണ്ടില്ല . അവൻ   ധൈര്യം  സംഭരിച്ച്  മുന്നോട്ടു  നടന്നു.
തനിക്കറിയാവുന്ന  ദൈവിക സൂക്തങ്ങൾ ഉറക്കെ  ഉരുവിട്ടു.  പുറം  തിരിഞ്ഞു  നിൽക്കുന്ന   രൂപം  അവനു  നേരെ  മുഖം തിരിച്ചു.
അതൊരു  സ്ത്രീയായിരുന്നു  .

അതിസുന്ദരിയായ  ഒരു  സ്ത്രീ  രൂപം.

അത്  അവനെ നോക്കി  ഒന്നു പുഞ്ചിരിച്ചു. വെളുത്ത  നിരയൊപ്പിച്ച   പല്ലുകള്‍  തിളങ്ങി.

"ആരാ. ... ജിന്നാണോ..? "

ഷഫീഖിൻറെ   ശബ്ദം  പതറി.

അല്ല. ..... ആ സ്ത്രീ  തലവെട്ടിച്ചു  .

"പിന്നെയാരാ      പ്രേതമാണോ ..?   "

"നീയിതിനു   മുൻപ്  പ്രേതത്തെ  കണ്ടിട്ടുണ്ടോ ..?   "

മനോഹരമായ  ശബ്ദത്തിൽ   ആ രൂപം  തിരിച്ചു  ചോദിച്ചു.

രൂപം  പോലെ തന്നെ  മനോഹരമായ  ശബ്ദവും.

" ഇനി  യക്ഷിയായാലും കുഴപ്പമില്ല. ജീവിതത്തിൽ   ആദ്യമായാണ്  ഞാന്‍  ഒരു  യക്ഷിയെ  കാണുന്നത്. ..!"

ഷഫീഖ്  ചിരിക്കാൻ   ശ്രമിച്ചു.

"തനിക്ക്  പേടിയുണ്ടോ  ...? "

"ഡ്രാക്കുള  ത്രീ ഡി  കണ്ടിട്ട്  താന്‍  പേടിച്ചിട്ടില്ല  പിന്നാ....  "

അവൻറെ സംസാരം  കേട്ട്  അവള്‍  പൊട്ടിച്ചിരിച്ചു . ഒരു  മാലയിലെ    മുത്തുകള്‍  ചിതറുന്നതുപോലെ      മനോഹരമായ  ചിരി.

"അപ്പോള്‍  തനിക്ക്  യക്ഷിയെ  പേടിയില്ല...? "

അവൾ   വീണ്ടും  ചോദിച്ചു.

"യക്ഷി  എന്നു  പറയുന്ന സംഗതി  ഇത്ര  സുന്ദരിയാണെങ്കിൽ ..?    "

ഷഫീഖ്  അർദ്ധോക്തിയിൽ  നിർത്തി.

"ആണെങ്കില്‍. ..? "

"ആണെങ്കില്‍  യക്ഷിയെ  ഞാന്‍  ചിലപ്പോള്‍  പ്രേമിച്ചു  പോവും. ."

അവൻ      തൻറെ     വാക്കുകള്‍  മുഴുമിച്ചു  .

അവൾ   അതുകേട്ട്  പൊട്ടിച്ചിരിക്കാൻ തുടങ്ങി.

വന്യമായ  ആ ചിരിയില്‍  ആ പരിസരം പ്രകമ്പനം കൊണ്ടു.

തുടരും

(കൊക്കിൽ ജീവനുണ്ടേൽ  നാളെ  മുഴുവന്‍  എഴുതി  പോസ്റ്റ്  ചെയ്യും.)

അൽ- യക്ഷി 1

പുതിയ  കഥേണ്...ചിലപ്പോള്‍  നാളെ  തീരും.  കണ്ടില്ലെങ്കിൽ  നിങ്ങള്‍  തന്നെ  അങ്ങ്  പൂരിപ്പിച്ചാൽ മതി

അൽ - യക്ഷി. 1.
=============

ഇവനീ  കൃഷി  ഇനിയെങ്കിലും നിർത്തിക്കൂടേ....വെറുപ്പിക്കൽ  എന്ന് വച്ചാല്‍  എജ്ജാതി  വെറുപ്പിക്കൽ...
സിനിമാഹാളിൽ  നിന്നും  എഴുതിയ  പോസ്റ്റ്  ഷഫീഖ്  fb യില്‍  പോസ്റ്റ്  ചെയ്തു. .... കൂടെ  ഒരു  ഫീലിംഗ്  കൂടി  ഫിറ്റ്  ചെയ്തു. ... കട്ട കലിപ്പ്.

ബൈക്ക്  മെയിന്‍  റോഡില്‍ നിന്നും  ഇടുങ്ങിയ  പോക്കറ്റ്  റോഡിലേക്ക് കയറിയതും  ഹെഡ് ലൈറ്റ്  മിന്നി മിന്നി  ഓഫായി  . സമയം  രാത്രി  പന്ത്രണ്ടു മണിയോടടുത്തിരിക്കുന്നു.  ഇന്നെന്താ  അമാവാസിയാണോ...?
ലൈറ്റണഞ്ഞതും  ചുറ്റും  ഇരുട്ട് മാത്രം.
അവൻ   മൊബൈലില്‍  ടോർച്ചു തെളിയിച്ചു  വണ്ടി  പതുക്കെ  മുന്നോട്ടോടിച്ചു .  അൽപസമയം  കഴിഞ്ഞതോടെയാണ്   അവൻ  ആ  സത്യം മനസിലായത് . താന്‍  ഒരടി പോലും  മുന്നോട്ടു  പോയിട്ടില്ല  . വണ്ടി  നീങ്ങുന്നുണ്ട്.

പക്ഷേ. ..

പിന്നെയും പിന്നെയും  അതേ  ജംഗ്ഷനിൽ തന്നെ  എത്തുന്നു.

ഇതെന്ത്   മറിമായം. ..         

"ഇനി  താനിത്     സ്വപ്നം  കാണുകയാണോ ...?"

അവൻ  കൈത്തണ്ടയിൽ  നുള്ളി  നോക്കി.

അല്ല  നല്ല  വേദനയുണ്ട്. ഇനി  പണ്ട്  ഉമ്മ  പറയാറുള്ള  പൊട്ടി  തിരിക്കുന്നതാണോ ..? .

ഹേയ്. .അതൊക്കെ  ഓരോ  അന്ധവിശ്വാസങ്ങളല്ലേ...?

  അവൻ   സ്വയം  സമാധാനിച്ചു .

ഏതായാലും  ഈ  കൂരിരുട്ടത്ത്   ഹെഡ് ലൈറ്റില്ലാതെ  ബൈക്കില്‍  പോവുന്നത്  അത്ര  ബുദ്ധിയല്ല.  അവൻ     ബൈക്ക്  റോഡിന്  ഓരം ചേര്‍ന്ന്  നിർത്തി. ചാവി  ഊരിയെടുത്ത്  പോക്കറ്റിലിട്ടു . 

 
നടന്നു    പോവാം .......

അവൻ  തീരുമാനിച്ചു  .

മൊബൈലിന്റെ  ചെറിയ  വെളിച്ചത്തിൽ  അവൻ    മുന്നോട്ടു  നടന്നു.  ഒരാവേശത്തിൽ  നടത്തത്തിനു  വേഗം  കൂടി .

നടന്നു നടന്ന്  അവൻ  കവലയിലെത്തിച്ചേർന്നു.

ഇതേതാ  വീതിയുള്ള  ഒരു  റോഡ്.   

മുന്നിലെ  ജംഗ്ഷനിൽ  അവൻ  അത്ഭുതത്തോടെ     നിശ്ചലനായി.
താന്‍  ഇതുവരെ  നടന്നത്  പിറകോട്ടായിരുന്നു. നേരത്തേ  വന്നു  കയറിയ  ജംഗ്ഷനിൽ  വീണ്ടും  എത്തിയിരിക്കുന്നു. തനിക്ക്  പറ്റിയ  അമളിയോർത്ത്    അവനു  ചിരി വന്നു.  ഇരുട്ടില്‍  തിരിച്ചാണ്  നടക്കുന്നതെന്ന്    തനിക്ക്  മനസിലായില്ല.
അവൻ  ഇടവഴിയിലൂടെ    വീണ്ടും  തിരിഞ്ഞു നടന്നു.  വഴിയിരികിൽ പാർക്ക്  ചെയ്ത  ബൈക്ക്  കണ്ടതോടെ അവനാശ്വാസമായി. ഇപ്പോള്‍  താന്‍  ശരിയായ  വഴിയില്‍  തന്നെയാണ്.  ഷഫീഖ്  നടത്തത്തിനു   വേഗം  കൂട്ടി.  അൽപദൂരം    മുന്നോട്ട് നടന്നതും  അവൻ  വീണ്ടും ഒരു  കവലയിലെത്തി.

പക്ഷേ. ....

അതവൻ  നേരത്തെ  പുറപ്പെട്ട  കവല  തന്നെയായിരുന്നു.

അവൻ    അൽപനേരം   അമ്പരന്നു  നിന്നു.

ഹേയ്. ...തനിക്ക്  തെറ്റിയതായിരിക്കും.

അവൻ    വീണ്ടും  ഇടവഴിയിലൂടെ    തിരികെ     നടന്നു.  വീണ്ടും  ബൈക്കിനെ  അവൻ  കടന്നു  പോയി.
ഇനി  പിഴവ്  പറ്റരുത് . അവൻ   ഓരോ  അടിയും  മുന്നോട്ടു  സൂക്ഷിച്ചു  വച്ച്  കൊണ്ട്  നടന്നു.

അൽപദൂരം   മുന്നോട്ടു  നീങ്ങിയതേയുള്ളൂ  . മുന്നില്‍  വീണ്ടും  അതേ കവല.
ഷഫീഖ്  എന്തു ചെയ്യണമെന്നറിയാതെ  ആ  കവലയിൽ    അന്ധാളിച്ചു നിന്നു.