Friday, July 1, 2016

അഥീന

അഥീന
=======

ബസ്റ്റോപ്പിൽ വച്ചു  വിവരമറിഞ്ഞ  സാജന്‍  വീട്ടിലേക്കോടി. ഇത്  സത്യമാണോ  എന്നറിയണമല്ലോ.....?.

പക്ഷേ  ചേച്ചിയുടെ  മുഖത്ത്  എന്തെങ്കിലും  സംഭവം നടന്നതായി  ഒരു  ഭാവമാറ്റവുമില്ല.
എങ്ങനെയാണ്  താന്‍  അവരോടിത്
ചോദിക്കുക. ...?
തൻറെ  പെങ്ങളുടെ  അഭിമാനം  നഷ്ടപ്പെടുത്തിയ  ആ നെറികെട്ട മൃഗം  ആരായാലും  അവനെ  വെറുതെ  വിടാന്‍ പാടില്ല.
പിന്നെ  താനൊരു  ആണാണെന്നു   പറഞ്ഞു  നടക്കുന്നതിൽ ഒരർഥവുമില്ല .
അവന്‍  മുറ്റത്ത്  പിറകില്‍  കൈയും  കെട്ടി  ഇരച്ചു  കയറിയ  ദേഷ്യവും സങ്കടവും  അടക്കിപ്പിടിച്ച്  രണ്ടു  തവണ  അങ്ങോട്ടും ഇങ്ങോട്ടും  നടന്നു.

"ചേച്ചീ. ......അഥിയേച്ചീ......!!."

സാജൻറെ  വിളി  അൽപം  ഉഛത്തിൽ തന്നെയായിരുന്നു.

"എന്താടാ. ....?..."  

അവര്‍ പുറത്തേക്ക്  നോക്കി   അവനോടു ചോദിച്ചു.

" ചേച്ചിയെ  ബസിൽ നിന്നും  ആരെങ്കിലും  ഉപദ്രവിച്ചോ......? "

കിട്ടിയ  അവസരത്തിൽ   സാജന്‍  ചോദിച്ചു.

" നിന്നോടാരാ  പറഞ്ഞത്...? "

ചേച്ചിയെ ആരെങ്കിലും   ഉപദ്രവിച്ചോ   ഇല്ലേ. ..അതുപറ ആദ്യം. ..? "
           
സാജൻ   ദേഷ്യം  കൊണ്ട്  വിറക്കുന്നുണ്ടായിരുന്നു.

"നീയെന്താ  പകരം  ചോദിക്കാൻ  പോവുകയാണോ ....? "

അഥീന  ചോദിച്ചു.

"അല്ലാതെ  പിന്നെ. .സ്വന്തം  സഹോദരിയെ  ഒരുത്തൻ  പരസ്യമായി  അപമാനിക്കാൻ ശ്രമിച്ചത് അറിഞ്ഞിട്ടും ഞാന്‍  നോക്കി  നിൽക്കണോ....?"

അഥീന   അവനെ  ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

"എനിക്ക് ആങ്ങളയാണെന്നും പറഞ്ഞു  ഈ നാട്ടില്‍  നടക്കാനാവുമോ. ...?"

സാജൻറെ  ശബ്ദം  ഉയര്‍ന്നു.

അഥീന  അവന്‍റെ  ആവേശം  കണ്ടു  പുഞ്ചിരിച്ചു.
                                                                            
"നീ  രണ്ടാളെയുംകൂടെ കൂട്ടി  ചെന്ന്  അവനെ  രണ്ടു  പൊട്ടിച്ച്  ഇനി  അറിയാന്‍  ബാക്കിയുള്ള  നാട്ടാരെ  കൂടി  അറിയിച്ചാൽ എനിക്ക്  നീ  പറഞ്ഞ  അഭിമാനം  തിരിച്ചു  കിട്ടുമോ. ..? " 

അവൾ  ചോദിച്ചു.

"ആ  നെറികെട്ടവനു വേണ്ടിയാണോ  ചേച്ചി  പിന്നേം  വാദിക്കുന്നത്...? "

സാജൻ ചോദിച്ചു.

" അവനു  വേണ്ടിയല്ല  അനിയാ. ...എനിക്കു  വേണ്ടി തന്നെയാണ്. എന്നെ  അവൻ  ബസിൽ നിന്നും  മനപ്പൂർവം  ഒന്നു മുട്ടിയിരുമ്മി. അവന്‍റെ  ചെവിടടക്കം  ഞാനൊന്ന്  പൊട്ടിക്കുകയും ചെയ്തു. അതവിടെ  തീർന്നു.  തീരണം.  ഇനി  നീയായിട്ട്  ഇടപെട്ട്  അത്  കത്തിക്കണ്ട ...."

അവൾ  പറഞ്ഞു.
                                                                  
സാജന്‍  പിന്നീട്  ഒരക്ഷരം  ഉരിയാടാതെ  നിലത്തു  കുത്തിയിരുന്നു. പക  അവന്‍റെ  ഉള്ളിൽ  ഇരമ്പുന്നുണ്ടായിരുന്നു.

ആരാണാ  തെമ്മാടിത്തരം  ചെയ്തതെന്നു  കണ്ടുപിടിക്കണം. ഒരു  ആങ്ങളയെന്ന നിലക്ക്  ഇത്  തൻറെ  അഭിമാനത്തിൻറെ പ്രശ്നമാണ്.         
പക്ഷേ  അഥീന  അവൾ  അതന്നേ  പൊറുത്തു കഴിഞ്ഞിരുന്നു. അവൾ പിന്നീടും  അതേ  ബസിൽ  തന്നെ  യാത്ര തുടര്‍ന്നു. 

പിറ്റേ ദിവസം  മുതല്‍  സാജന്‍
ചേച്ചിയെ  അപമാനിച്ചവനെ   അന്വേഷിച്ചു  തുടങ്ങി. നിത്യവും  ആ ബസിൽ  വരുന്ന  ചില  നാട്ടുകാർ  ആളെ  സാജന്  കാണിച്ചു കൊടുത്തു.
ഭാസ്കരന്‍ നായരുടെ  കോളേജില്‍  പഠിക്കുന്ന  മകന്‍   ഹരിക്കാണ്   ചേച്ചിയുടെ  കയ്യില്‍ നിന്നും  അടി  കിട്ടിയത്.  
സാജന്‍  പുറത്ത്  ഷർട്ടിനടിയിൽ ഒളിപ്പിച്ച  കുറുവടിയുമായി     ഹരി  ബസിറങ്ങി    നടന്നു  വരുന്ന  ഇടവഴിയിൽ    കാത്തു നിന്നു.
ബസ്    സ്റ്റോപ്പിൽ വന്നു  നിൽക്കുന്നതും ഹരി പിൻവാതിലിലൂടെ  ഇറങ്ങി വരുന്നതും അവന്‍  കണ്ടു.
ഒറ്റയടിക്ക്  തല പൊട്ടിക്കണം അവന്‍  മനസ്സില്‍  കരുതി. പിന്നെ  ഒരു  കാലോ  കയ്യോ  തല്ലിയൊടിക്കണം  ഇനിയൊരു  പെണ്ണിനെതിരെയും  അവന്‍റെ  കൈ  ഉയരരുത് . നാട്ടിലെ  പൂവാലൻമാർക്ക്  ഇതൊരു  പാഠമാവണം .അവന്‍  മനസ്സില്‍  കരുതി.

ഹരി  നടന്നു  വരികയാണ്. സാജന്‍  അക്രമണത്തിനൊരുങ്ങി . ഹരി തന്റെ  നേരേ  അടുത്ത്  എത്തിയതും  അവന്‍  അയാളുടെ  മുന്നിലേക്കു  ചാടി.

"സാജാ......" 

   
അത്  അഥീനയായിരുന്നു.

ഹരിയുടെ  പിറകില്‍  നടന്നു  വരുന്ന  അവളെ  അവന്‍  ശ്രദ്ധിച്ചിട്ടുണ്ടായിരുന്നില്ല.  അവൾ  ഹരിയെ  നോക്കി  പുഞ്ചിരിച്ചു.

"ഹരീ. ..ഇതാണെന്റെ  സഹോദരന്‍  സാജന്‍...."

അവൾ  സാജനെ  പരിചയപ്പെടുത്തി.

"ഹലോ   സാജൻ  ഞാന്‍  നിങ്ങളെ  കാണാന്‍  അങ്ങോട്ടു  വരികയായിരുന്നു...? "

" തനിക്കെന്തിനാണ് എന്നെക്കാണേണ്ട ആവശ്യം. ..? "

സാജൻ  വെറുപ്പോടെ  ചോദിച്ചു.

ബസിലെ  ഇഷ്യൂ   സാജൻ
അറിഞ്ഞിരുന്നില്ലേ....? "

"തന്നെ  ഞാന്‍  ഒന്ന്  കാണാന്‍  ഇരിക്കുകയായിരുന്നു. ....."

സാജൻ  മുരണ്ടു.

"അറിയാം. ..പക്ഷേ  ഞാന്‍  ഇപ്പോള്‍  വന്നത്‌  നിങ്ങളോടും   നിങ്ങളുടെ  ഈ ഭാഗ്യം  ചെയ്ത ചേച്ചിയോടും  ക്ഷമ ചോദിക്കാനാണ് ....."

സാജൻ  ഹരിയെ  കൗതുകത്തോടെ  നോക്കി.

" സാജൻ  നിങ്ങള്‍ക്കറിയുമോ   അന്നാ  സംഭവദിവസം  രാത്രി  ഞാന്‍  ഉറങ്ങിയിട്ടില്ല .ബസിൽ നിന്നും  പരസ്യമായി  തല്ലിയത്  എന്റെ അഭിമാനം      വല്ലാതെ  മുറിപ്പെടുത്തി  .അന്ന് രാത്രി  ഞാന്‍   തീരുമാനിച്ചു . ബസിൽ നിന്നും  ഒന്ന്  തൊട്ടതിനല്ലേ  അവര്‍  എന്നെ  തല്ലിയത്. അവരെ   ഞാന്‍           പരസ്യമായി  പിടിച്ചു  ചുംബിക്കും.
ആണത്തം എന്താണെന്നവരൊന്നറിയണം....പക്ഷേ  രാവിലെ  നിങ്ങളുടെ  ഈ  ചേച്ചിയുണ്ടല്ലോ ...ഇവർ  എൻറെ  വീട്ടില്‍  എത്തിയിരുന്നു. എന്നെ  പരസ്യമായി  തല്ലിയതിന് ക്ഷമ ചോദിക്കാൻ......എൻറെ  ചിന്താഗതി  ആകെ  മാറിപ്പോയി. ...എനിക്കു  മനസ്സിലായി. തെറ്റെൻറെ  ആണെന്ന്. .. ഇങ്ങനെ ഒരു  ചേച്ചിയെ കിട്ടിയത്  സാജന്‍റെ  ഭാഗ്യമാണ് "

ഹരി  തുടര്‍ന്നു.

"എനിക്കില്ലാതെ പോയതും  അതാണ്....."

ഹരി സാജന്‍റെ മുഖത്തേക്കു നോക്കി   പറഞ്ഞു. .
" എനിക്കറിയാം  സാജൻ  എന്നെ  തല്ലാന്‍  നടക്കുകയാണെന്ന്. ഇനി  നിങ്ങള്‍ക്ക്  എന്നോട്  പകരം  ചെയ്യാം ....പക്ഷേ  ഇനി  നിങ്ങളുടെ  പെങ്ങള്‍  ആ  സംഭവത്തിൻറെ  പേരില്‍  ഇനിയും  അപമാനിക്കപ്പെടുന്നത് ഞാന്‍  ഇഷ്ടപ്പെടുന്നില്ല. അതുകൊണ്ട് നിങ്ങള്‍  പകരം  വീട്ടാന്‍  ഉദ്ദേശിക്കുന്നുണ്ടെങ്കിൽ  സാജനാണ്     എന്നെ  തല്ലിയതെന്നും   ഇതാണ്  വിഷയമെന്നും നമ്മുടെ  നാട്ടുകാർ  അറിയാനിട വരരുത്. ..."

സാജൻറെ  ആവേശമെല്ലാം തണുത്തു
പോയിരുന്നു.
             
" നീയത്    വലിയ  കാര്യമൊന്നുമാക്കേണ്ട   ഹരീ. ..എനിക്കും  സാജനും തന്നോടു ദേഷ്യമൊന്നുമില്ല......"

അഥീന  പറഞ്ഞു.  

എന്തുകൊണ്ടാണ്  ചേച്ചിയെ  ആരും  ഇഷ്ടപ്പെട്ടു   പോവുന്നതെന്ന്   അവനു  മനസ്സിലായിത്തുടങ്ങിയിരുന്നു.അവർക്ക് ഒരു  പ്രത്യേക  ഭംഗി   കൈവന്നതു പോലെ  സാജനു തോന്നി. 

സാജന്‍  ഒരു കൽപ്രതിമ പോലെ ആ വഴിയില്‍ അവർ ഒരുമിച്ച്  നടന്നു പോവുന്നത്   നോക്കി നിന്നു.

No comments:

Post a Comment