നമ്പൂതിരി മാഷുടെ അഫ്‌സല്‍ /അഫ്സലിൻറെ നമ്പൂരി മാഷ്
==================================
" നമ്പൂരി മാഷ് കിടപ്പിലാണെന്നു കേട്ടു. നമുക്ക് മാഷെ വീടു വരെയൊന്നു പോയാലോ. .....? "
അഫ്‌സല്‍ അതു പറയുമ്പോൾ ഞാന്‍ കളി കഴിഞ്ഞ് ബൂട്ടഴിക്കുകയായിരുന്നു.
കുറച്ചു ദിവസമായി ഞാനും അതാലോചിക്കാൻ തുടങ്ങിയിട്ട്. പക്ഷേ ആവറേജ് സ്റ്റുഡൻറ് ആയിരുന്ന എന്നെ ഒരിക്കലും മാഷിന് ഓർമ്മ കാണാന്‍ സാധ്യതയില്ല. പക്ഷേ ഇവൻ അങ്ങനെയല്ലല്ലോ..........
എൻറെ മനസ് ആ സ്കൂള്‍ ജീവിതത്തിലേക്കു വീണ്ടും പറന്നു പോയി.
അടുത്തുള്ള മുസ്ലിം അനാഥാലയത്തിൻറെ കീഴിലായിരുന്നു ഞങ്ങളുടെ സ്കൂള്‍. ഭൂരിഭാഗവും അനാഥരോ പാവപ്പെട്ട കുടുംബങ്ങളിൽ നിന്നും വരുന്നവരോ ആയ കുട്ടികള്‍.
പഠനത്തേക്കാൾ പ്രധാനം സ്കൂളില്‍ നിന്നും ലഭിക്കുന്ന ഉച്ചഭക്ഷണമായിരുന്നു. ഞങ്ങളുടെ സ്കൂളിലെ വിജയവും പരാജയവും ഒന്നും നാട്ടില്‍ ഒരു സംസാരവിഷയം തന്നെ ആയിരുന്നില്ല. പക്ഷേ നാട്ടില്‍ നടക്കുന്ന ചില്ലറ കളവു കേസുകളിലും
മറ്റു സ്കൂളുകളിലെ കുട്ടികളുമായി അടിപിടിയുണ്ടാക്കിയതിനുമൊക്കെയായി നാട്ടുകാർ പലരും സ്കൂളില്‍ വരും. നാട്ടുകാരുടെ കണ്ണില്‍ കച്ചറ പിള്ളേരു മാത്രം പഠിക്കുന്ന ഒരു സ്കൂള്‍.
ആയിടക്കാണ് നമ്പൂതിരി മാഷ് ഹെഡ് മാഷായി ചാർജെടുത്തത്. ആദ്യ ദിവസം തന്നെ അഫ്സലിൻറെ കേസാണ് മാഷുടെ മുന്നില്‍ എത്തിയത്. അടുത്ത ക്ലാസിലെ ഒരു കുട്ടിയുടെ മൂക്കിടിച്ചു പരത്തിയിരിക്കുന്നു. മാഷ് മൂക്കില്‍ നിന്നും ചോരയൊലിക്കുന്ന കുട്ടിയുടെ കൈയും പിടിച്ച് ഞങ്ങളുടെ ക്ലാസിനു മുന്നിലെത്തി. കയ്യില്‍ സ്റ്റാഫ് റൂമിൻറെ മൂലയില്‍ ചാരി വക്കാറുള്ള നീളമുള്ള ചൂരല്‍. മാഷുടെ തലവട്ടം കണ്ടതും അഫ്‌സല്‍ ജനലിലൂടെ പുറത്തേക്ക് ചാടി. അവന്‍ ഓടാന്‍ തുടങ്ങിയതോടെ മാഷും പിറകേയോടി. ഞങ്ങള്‍ എല്ലാം ആ കാഴ്ച കാണാന്‍ സ്കൂളിനു പുറത്തിറങ്ങി. അഫ്സല്‍ സ്കൂള്‍ കെട്ടിടത്തിനു ചുറ്റും ഓടാന്‍ തുടങ്ങി. രണ്ട് റൗണ്ട് ഓടിയപ്പോഴേക്കും പക്ഷേ മാഷ് തളർന്നു.
"അവനെ പിടിച്ച് എൻറെ മുന്നില്‍ കൊണ്ടു വരാതെ ഒരെണ്ണത്തിനെ ഇന്നു സ്കൂളില്‍ നിന്നും വിടില്ല ......."
സ്കൂളിൻറെ പടിയിൽ ഇരുന്നു മാഷ് കിതച്ചു കൊണ്ട് പറഞ്ഞു. അതോടെ ഞങ്ങള്‍ എല്ലാവരും അഫ്സലിനെ പിടികൂടാൻ അവന്‍റെ പിറകെയോടി. ഞങ്ങള്‍ സമപ്രായക്കാരാണെങ്കിലും അവനെ പിടിക്കുക എളുപ്പമായിരുന്നില്ല. അവന്‍ സ്കൂള്‍ മുറ്റത്ത് ഞങ്ങളെയാകെ വട്ടം കറക്കി.
മൂക്കിനിടി കിട്ടിയവനും ആവേശം മൂത്ത് മുറ്റത്തേക്കിറങ്ങി. അവനേപിടിച്ച് മാഷുടെ മുന്നില്‍ ഹാജരാക്കിയപ്പോഴേക്കും ഞങ്ങളും നാലു പ്രാവശ്യം സ്കൂള്‍ കെട്ടിടം ചുറ്റിക്കഴിഞ്ഞിരുന്നു. എല്ലാവരും മാഷുടെ മുന്നില്‍ നിന്ന് കിതച്ചു. മാഷും കിതക്കുന്നുണ്ടായിരുന്നു. അഫ്സല്‍ മാത്രം ഞങ്ങളുടെ പിടി വിടുവിക്കാൻ ശ്രമിക്കുന്നുണ്ട്. എല്ലാവരുടെയുടെയും കിതപ്പും പരവേശവും കണ്ട് മാഷുടെ ഗൗരവമെല്ലാം മാഞ്ഞു പോയി. അദ്ദേഹം ഞങ്ങളെ നോക്കി ചിരിക്കാൻ തുടങ്ങി. അതുപിന്നെ കൂട്ടച്ചിരിയായി മാറി. അഫ്‌സല്‍ രക്ഷപെടുകയും ചെയ്തു. പിന്നീട് അങ്ങോട്ട് മാഷുടെ പരിഷ്കാരങ്ങൾ ആയിരുന്നു. മാഷുടെ ചൂരലിന്റെ ചൂടറിയാത്തവനും മാഷുടെ സ്നേഹം നിറഞ്ഞ തലോടൽ ഏൽക്കാത്തവരും സ്കൂളില്‍ ഇല്ലെന്നായി. സ്നേഹം എന്താണെന്നും സ്നേഹിക്കേണ്ടതെങ്ങനെയെന്നും മാഷ് ഞങ്ങളെ പഠിപ്പിച്ചെടുക്കുകയായിരുന്നു. മാഷിൽ നിന്നും കിട്ടുന്ന അടി പോലും പലരും അംഗീകാരമായി കണ്ടു.
മാഷുടെ അടി കൊണ്ടൊന്നും അഫ്സലിൻറെ വികൃതികള്‍ക്ക് അറുതിയുണ്ടായില്ല.മാഷുടെ അടിയും അവന്‍റെ കുരുത്തക്കേടുകളും മുറപോലെ നടന്നു കൊണ്ടിരുന്നു.
ഇതിനിടെയാണ് സ്കൂള്‍ കായികമേള വന്നത്. ചരിത്രത്തിൽ ആദ്യമായി ഞങ്ങളുടെ സ്കൂളില്‍നിന്നും കുറച്ചു കുട്ടികളെ അതില്‍ പങ്കെടുപ്പിക്കാൻ മാഷ് തീരുമാനിച്ചു. ചിലരെയൊക്കെ തൂക്കിയെടുത്ത് ജീപ്പിലേക്കിടുകയായിരുന്നു. അഫ്സലും അതിൽ പെട്ടു.
സ്റ്റാര്‍ട്ടിംഗ് പോയിൻറിൽ അവന്‍ നിൽക്കുമ്പോൾ കൈയില്‍ ചൂരലുമായി നമ്പൂതിരി മാഷ് കാവൽ നിന്നു.
ഭാഗ്യം ഞങ്ങളുടെ കൂടെയായിരുന്നു .
100 മീറ്റര്‍ ഓട്ടത്തിലും ലോംഗ് ജമ്പിലും അഫ്‌സല്‍ ഒന്നാമതായി.കരഞ്ഞുകൊണ്ട് പോയവർ ചിരിച്ചു കൊണ്ട് സ്കൂള്‍ മുറ്റത്ത് ജീപ്പിറങ്ങി.
പക്ഷേ മാഷ് അതിലൊന്നും തൃപ്തനായില്ല. ജില്ലയിലും സ്റ്റേറ്റിലും അവന്‍ മെഡലുകള്‍ വാരിക്കൂട്ടി.
ദേശീയ മീറ്റിൽ റെക്കോഡിട്ടതോടെയാണ് നാട്ടുകാരുടെ കണ്ണു തുറന്നത്.
അഫ്സലിനെ ചില സ്കൂളുകള്‍ നോട്ടമിട്ടു. പക്ഷേ ഞങ്ങളുടെ സ്കൂളും നമ്പൂതിരി മാഷും വിട്ട് അവനൊരു ലോകമുണ്ടായിരുന്നില്ല. സായിയിൽ നിന്നും നല്ലൊരു ഓഫർ വന്നതോടെ മാഷു തന്നെ അവനെ അവിടെ കൊണ്ട് ചെന്നാക്കി. അപ്പോഴേക്കും LSS ഉം USS ഉം കിട്ടിയ കുട്ടികളുടെ ഫോട്ടോയൊക്കെ ഞങ്ങളുടെ സ്കൂളിലും ഉയര്‍ന്നു തുടങ്ങിയിരുന്നു.
നമ്പൂതിരി മാഷ് റിട്ടയര്‍ ചെയ്ത വർഷം 100 % വിജയം നല്‍കിയാണ് ഞങ്ങള്‍ അദ്ദേഹത്തെ ആദരിച്ചത്.
" നീയെന്താണ് ആലോചിക്കുന്നത്.......?"
അഫ്‌സല്‍ എന്നെ തട്ടി വിളിച്ചു.
" ഹേയ്. .....ഞാന്‍ അൽപനേരം നമ്മുടെ സ്കൂള്‍ കാലം ഓർത്തു പോയി.
ഞാന്‍ അഫ്സലിൻറെ കാറിൽ കയറി.
അവനു കേന്ദ്ര ഗവണ്മെന്റ് ജോലി നല്കി. രാജ്യത്താകമാനമുള്ള കുട്ടികളിൽ നിന്നും കഴിവുള്ളവരെ കണ്ടെത്തി പരിശീലനം നല്‍കുകയാണവനിപ്പോൾ. കാർ നമ്പൂതിരി മാഷുടെ വീട്ടു പടിക്കല്‍ നിർത്തി ഞങ്ങള്‍ മാഷുടെ വീട്ടിലേക്കു നടന്നു.
No comments:
Post a Comment