Wednesday, July 20, 2016

വെള്ളം കുടിക്കുന്ന കിണര്‍

വെള്ളം  കുടിക്കുന്ന  കിണര്‍
========================

താൻ  വിലക്കു വാങ്ങാന്‍  ഉദ്ദേശിച്ച    പ്ലോട്ടിൻറെ   ഫോട്ടോ  കണ്ടതോടെ  സജീവിന്   സംഗതി  ഇഷ്ടമായി. മല മുകളില്‍  വിശാലമായ  ഭൂമി. 

ഇതു   മതി.  ഇനി  മലരാണ്യത്തിലെ   വെയിലുകൊള്ളൽ  അവസാനിപ്പിക്കാം. വല്ല  ഇഞ്ചിയോ മഞ്ഞളോ   മറ്റു  പച്ചക്കറികളോ കൃഷി  ചെയ്ത്  നാട്ടില്‍  തന്നെ  ജീവിതം  രക്ഷപെടുത്താൻ  സാധിക്കും.  മലക്കു  മുകളില്‍  4 ഏക്കർ   ഭൂമി.  ബ്രോക്കര്‍  പറഞ്ഞതനുസരിച്ച്  എന്തു  നട്ടാലും  വളം  ചെയ്യാതെ  തന്നെ  നല്ല  വിളവ്  കിട്ടാന്‍  സാധ്യതയുള്ള  മണ്ണ്. സജീവന്‍  വീണ്ടും  ഫോണിലെ  ഫോട്ടോകള്‍  പരിശോധിച്ചു.

പിന്നെ  അഡ്വാന്‍സ്  കൊടുത്തു  കച്ചവടം  ഉറപ്പിക്കാൻ  പറഞ്ഞു. താനൊരു  മാതൃകാ  കർഷകനാവാൻ    പോവുകയാണ്.

അന്നാദ്യമായി  അവന്  മാർക്കറ്റിൽ  കണ്ട
പച്ചക്കറികളോട്   എന്തെന്നില്ലാത്ത  സ്നേഹം  തോന്നി. ബാക്കി  പണം  കൊടുക്കുന്നതിനുള്ള ഡേറ്റ്  ഉറപ്പിച്ചതിന് ശേഷമാണ്  സജീവൻ  നാരായണനെ  വിളിച്ചത്.
സജീവന്‍  തൻറെ  പദ്ധതി  അവനോടു  വിശദീകരിച്ചു. താന്‍  വരുമ്പോഴേക്കും  സ്ഥലത്തെ      കാടെല്ലാം   വെട്ടി  വൃത്തിയാക്കി  സ്ഥലത്തുള്ള     കിണര്‍  ഒന്നു  പടുത്ത്   തേച്ചിടണം.
നാരായണന്‍  സംഗതി  കുറച്ചു  ബംഗാളികളെ  ഏൽപിച്ചു. 

സജീവന്‍  വന്നതിന് ശേഷമാണ്  നാരായണനും  സ്ഥലം  കാണുന്നത്. ഒരു  വാഹനം കൊണ്ട്  വരാനുള്ള  വഴി  പോലുമില്ല.  കല്ലും മുള്ളും  പാറക്കെട്ടുകളും  താണ്ടി  അവര്‍  ഒരുവിധം  പ്ലോട്ടിലെത്തി.
ബംഗാളികൾ  കാടെല്ലാം   വെട്ടി  വെടിപ്പാക്കിയിട്ടുണ്ട്. കിണർ  നന്നാക്കിയെടുത്ത്  സിമന്റ്‌    തേച്ചു  വെള്ള പൂശിയിരിക്കുന്നു.

പക്ഷേ   കിണറ്റിലേക്ക്  എത്തി നോക്കിയ   സജീവൻറെ നെഞ്ചിലൂടെ ഒരു  കൊള്ളിയാൻ  പാഞ്ഞു പോയി.

കിണറിൽ ഒരു  തുള്ളി  വെള്ളമില്ല.  താഴെ  പാറ മുഴച്ചു  നിൽക്കുന്നു.

അപ്പോള്‍  വെള്ളമില്ലാത്ത  കിണർ  ആണോ  ബംഗാളികൾ  കെട്ടിപ്പൊക്കി പെയിന്റ്  അടിച്ചു  വച്ചിരിക്കുന്നത്. .?

അവന്‍  നാരായണനെ  നോക്കി.
നാരായണന്‍  കൈ മലർത്തി . താന്‍  അറിഞ്ഞിരുന്നില്ല.    
   മഴക്കാലത്തു  പോലും  അതിൽ   വെള്ളം  ഇല്ലാത്തതു  കൊണ്ടാണത്രേ  അവിടെ  കൃഷിയൊന്നും  ചെയ്യാത്തത്....    

തന്റെ  കർഷകശ്രീ     അവാർഡ് .....

മികച്ച  കർഷകനായുള്ള   ടീവിയിലെ അഭിമുഖം ....

കീടങ്ങളെ  എങ്ങനെ  നിയന്ത്രിക്കാം...
റേഡിയോയിലെ  തൻറെ  ചോദ്യോത്തര  പരിപാടി......

തൻറെ  ഇതുവരെയുള്ള  സമ്പാദ്യം.....

സജീവനു തല  ചുറ്റുന്നത്  പോലെ  തോന്നി.അവൻ വെറുതെ  വിയർത്തു കുളിച്ചു.  

ബ്രോക്കര്‍  പറ്റിച്ചതാണ് .
ഇനിയീ  മാരണം  എങ്ങനെ  തലയില്‍  നിന്നൊഴിവാക്കും..?
അവർ  തല പുകഞ്ഞാലോചിച്ചു .
     
"നാരായണാ. ..നീ. .?. "

" നീ  കിണറു   ചുറ്റും  കെട്ടി വൃത്തിയാക്കാൻ  പറഞ്ഞു. ...ഞാനതു  ചെയ്തു. ...."   

അവന്‍  നിസ്സഹായതയോടെ  കൈ  മലർത്തി .     
അവസാനം  നാരായണന്‍  ഈ  കാര്യം   ഗുണ സാധു  രവിയോടു  പറഞ്ഞു.

ആത്മീയത  ജാതിമത ഭേദമന്യേ  മൊത്തമായും  ചില്ലറയായും വിൽപന  നടത്തിക്കൊണ്ടിരിക്കുന്ന അവൻ  ഈ സ്ഥലം  സജീവൻറെ  പിരടിയിൽ നിന്നും  ഒഴിവാക്കിക്കൊടുക്കാൻ വല്ല  കുരുട്ടു ബുദ്ധിയും  കണ്ടെത്തിയെങ്കിലോ...?.

സജീവൻ  ഇത്രയും  കാലം  ഗൾഫിൽ  അധ്വാനിച്ചുണ്ടാക്കിയ പണം  കൊണ്ട്  വാങ്ങിയതാണ്. അറിഞ്ഞു കൊണ്ടല്ലെങ്കിലും താനും  ഇതില്‍  കുറ്റക്കാരനാണ്.

ഗുണസാധു    വെള്ളപൂശിയ കിണറിന്റെ  പടവിൽ  പിടിച്ചു  നിന്നു കൊണ്ട്  ഗാഢമായ  ചിന്തയിലാണ്ടു   .

" ഒരു  വഴിയുണ്ട്. .." 

അവന്‍  തൻറെ  നീണ്ട  താടി രോമങ്ങളിൽ  ഉഴിഞ്ഞു  കൊണ്ട്  പറഞ്ഞു.

"എന്തു  വഴി  ....? "   

നാരായണനും  സജീവനും  ഒരുമിച്ചാണ്    ചോദിച്ചത്.

"ഈ  കിണര്‍  ഒരു  സാധാരണ  കിണര്‍  അല്ല. ...."   

" ങ്ഹേ. .....!!!"

അവന്‍  ഒരു  യോഗിയെപ്പോലെ  കണ്ണടച്ചു  കൊണ്ട് പറഞ്ഞു.

" മനസിലായില്ല.  തെളിച്ചു  പറ. !.."

"അതായത്  കടുത്ത  മഴക്കാലത്തു  പോലും  ഒരു  തുള്ളി വെള്ളം  ഉണ്ടാവാത്ത  ഈ കിണറിന്  ചില  ദിവ്യ ശക്തികള്‍  ഉണ്ട്......"   

"എന്തു  ദിവ്യശക്തി...? .....അതെപ്പോഴുണ്ടായി...?

.രവീ. .നീ  ഞങ്ങളെയും  പറ്റിക്കുമോ...? "

സജീവന്‍  ചോദിച്ചു.

"തനിക്ക്  സ്ഥലം  വിറ്റൊഴിവാക്കണ്ടേ...?  

"വേണം. ."

"ങ്ഹാ  അപ്പോള്‍  ചില  കളികള്‍  ഒക്കെ  കളിക്കേണ്ടി വരും....."
....നീയൊക്കെക്കൂടി  കഥ പാടി നടക്കാതിരുന്നാൽ   മതി. "

അവന്‍  വീണ്ടും  താടിയിൽ  വിരലോടിച്ചു.

പിറ്റേന്ന്  താഴെ  റോഡില്‍  ഒരു  വലിയ  ഫ്ലക്സ്  ഉയര്‍ന്നു.

"അത്ഭുതസിദ്ധികൾ  ഒളിഞ്ഞിരിക്കുന്ന വെള്ളം  കുടിക്കുന്ന  കിണറിൽ   ഒരു  കുടം വെള്ളം  കമിഴ്ത്തൂ.... നിങ്ങളുടെ  ജീവിതയാത്രയിലെ   വിഘ്നങ്ങൾ    നീക്കിക്കളയൂ....."

നാട്ടുകാർക്ക്  സംഗതി  തമാശയായിട്ടു   തോന്നി.  പക്ഷെ  കിണര്‍  കാണാന്‍ ആളുകള്‍   മല കയറാന്‍  തുടങ്ങി.
രവി  കിണറിൻറെ   വെള്ള പൂശിയ സിമന്റ്  കെട്ടിൽ  ആർക്കും  മനസ്സിലാവാത്ത   ചില  പെയിന്റിങുകളും   വരച്ചു  ചേര്‍ത്തു  .

സജീവനും   നാരായണനും  സ്ഥിതിഗതികൾ  സൂക്ഷ്മമായി  നിരീക്ഷിച്ചു  കൊണ്ടിരുന്നു.
പതുക്കെ  കിണര്‍ ചർച്ചാ വിഷയം ആവാന്‍  തുടങ്ങി.  കിണറിനെ  അനുകൂലിക്കുന്നവരും   എതിര്‍ക്കുന്നവരുമുണ്ടായി.സ്ഥലം ആരുടെ  പക്കലാണെന്ന്  നാട്ടില്‍  അധികം  ആർക്കും  അറിയാതിരുന്നതുകൊണ്ട്   സജീവനെ  ആരും  ചോദ്യം ചെയ്തില്ല. അവര്‍  രവിയുടെ  വീട്ടിലേക്കു നടന്നു.    

"രവിയെവിടെ  ....?"       

" ആരു വന്നാലും ഇന്നു   കാണാന്‍  പറ്റില്ല . ധ്യാനത്തിലാണെന്നു   പറയാന്‍  പറഞ്ഞേക്കുവാ......"

ഉടുത്തിരിക്കുന്ന  കൈലിയിൽ   നനഞ്ഞ  കൈകള്‍  തുടച്ചു കൊണ്ട്   
അവൻറെ  അമ്മ പറഞ്ഞു.  നാരായണന് ചിരിയാണ് വന്നത്.

ഞങ്ങള്‍  പുറത്തുള്ളോരല്ല. അവന്‍റെ  കൂട്ടുകാരാ. ...അവനേതു   റൂമിലാണ് ധ്യാനിക്കുന്നത്  ....? "

സജീവന്‍  രവിയുടെ  അമ്മയോടു   ചോദിച്ചു.

അടച്ചിട്ട മുറിയില്‍  രവി  എന്തോ  കാര്യമായ  ജോലിയിലാണ്.

ഡാ. ..രവീ. ...സജീവനാണ്...വാതില്‍ തുറക്ക്   ...."

അവര്‍  ഉറക്കെ  വാതിലിൽ  തട്ടി ക്കൊണ്ട്  പറഞ്ഞു.

" നിനക്കെന്താ  രഹസ്യമായി  ഒരു  ധ്യാനം. ...? "

അവർ  അകത്തു  കടന്നു കൊണ്ട്  ചോദിച്ചു.

" അതൊക്കെയുണ്ട്  വാ  പറയാം. ...എന്തായി  നമ്മുടെ  കിണര്‍.  ആളുകള്‍  വന്നു  തുടങ്ങിയോ...? "
അവൻ  ആകാംക്ഷയോടെ ചോദിച്ചു.

" ആളുകള്‍ക്കൊക്കെ  ഒരു  പുഛമാണ്..."

നാരായണന്‍ പറഞ്ഞു.

"അതു കാര്യമാക്കണ്ട.....ഇതു നോക്ക് നമ്മുടെ  കിണറിൻറെ പുതിയ  പരസ്യമാണ്...."

അവര്‍  കമ്പ്യൂട്ടർ സ്ക്രീനിലെ  നോട്ടീസ്  വായിച്ചു.  അതിങ്ങനെയായിരുന്നു .

പ്രബുദ്ധരായ പ്രിയ മലയാളികളേ. ....

നമ്മുടെ  സാമാന്യ ബുദ്ധിയെ ചോദ്യം ചെയ്തു കൊണ്ട് ഒരു അന്ധവിശ്വാസ കേന്ദ്രം കൂടി ഇവിടെ ആരംഭിക്കാൻ നമ്മള്‍ അനുവദിക്കരുത്. കിണർ സ്ഥാപകരുടെ യുക്തിരഹിത വാദങ്ങൾ സമൂഹമധ്യത്തിൽ തുറന്നു കാട്ടുന്നതിനു വേണ്ടിയാണ് ഈ നോട്ടീസ്.
1. ആ പൊട്ടക്കിണറ്റിൽ ഒരു കുടം വെള്ളം കമിഴ്ത്തിയാൽഒരുപാട് ചികിത്സകൾ ചെയ്തിട്ടും കുട്ടികള്‍ ഉണ്ടാവാത്ത ദമ്പതികള്‍ക്ക് സന്താന സൗഭാഗ്യം ഉണ്ടാകുമത്രേ.

ചോദ്യം  ഇതാണ്. .......

ഇതു വിശ്വസിക്കാൻ മാത്രം വിഡ്ഢികള്‍ ആണോ വിദ്യാസമ്പന്നരായ കേരള ജനത. ..?

2. ഏതു തൊഴില്‍ മേഖലയില്‍ ഉള്ളവര്‍ ആയാലും പ്രമോഷനും ശമ്പള വര്‍ധനവിനും വ്യക്തമല്ലാത്ത എന്തെങ്കിലും  തടസം  നേരിടുന്ന  ആളാണോ  നിങ്ങള്‍...... ?  എങ്കില്‍  അതിരാവിലെ  കുളിച്ചു  ശുദ്ധമായി  തുടർച്ചയായി  രണ്ടു ദിവസം മലകയറി  വെള്ളം  കമിഴ്ത്തിയാൽ  തടസങ്ങൾ  മാറിക്കിട്ടുമത്രേ ...

തെമ്മാടിത്തരം  എന്നല്ലാതെ  എന്താണ്  ഇതിനെ  വിശേഷിപ്പിക്കുക?.."

നോട്ടീസ്  കിണറിനെതിരെ കത്തിക്കയറുകയാണ്.

"അല്ല  രവീ....ഇങ്ങനെ  നമ്മള്‍  തന്നെ എതിര്‍  നോട്ടീസ്  അടിച്ചിറക്കിയാൽ   കച്ചവടം  പൂട്ടേണ്ടി   വരില്ലേ..?     "      

നാരായണൻ  മോണിട്ടറിൽ   നിന്നും  കണ്ണെടുത്ത്  രവിയെ നോക്കി.  

"മണ്ടാ  കിണറിൻറെ  ദിവ്യാത്ഭുതങ്ങൾ  പരസ്യം  ചെയ്യാന്‍  ഏറ്റവും  നല്ലത്  അതിനെതിരെ  പരസ്യം  ചെയ്യുന്നതാണ് ..."

അടുത്ത  സുപ്രഭാതത്തിൽ  കിണറിനെതിരെയുള്ള   നോട്ടീസ്  നാടാകെ  പ്രത്യക്ഷപ്പെട്ടു.

നാട്ടുകാർക്ക്  കണ്ടു  പരിചയമില്ലാത്ത  കുറെ  ആളുകള്‍  കിണറിനെതിരെ  തെരുവില്‍  സമരം നടത്തി.

അന്ധവിശ്വാസങ്ങൾക്കെതിരെ  ആരൊക്കെയോ  ഘോരഘോരം പ്രസംഗിച്ചു .

സന്ധ്യാനേരത്ത്  എല്ലാവർക്കും  കൂലി  കൊടുത്തു കൊണ്ട്  രവി  അവരെ  പറഞ്ഞയക്കും.

സമരം  പത്രങ്ങളും ചാനലുകളും  റിപ്പോർട്ട്  ചെയ്തതോടെ  കിണര്‍  പ്രസിദ്ധി  നേടി.

സന്ദർശകരുടെ  എണ്ണം  വര്‍ധിച്ചു  തുടങ്ങി.
താഴ്വാരത്ത്   വെള്ളം  നിറച്ച  കുടങ്ങൾ  വിൽക്കുന്ന കടകൾ  പ്രത്യക്ഷപ്പെട്ടു.

മുകളില്‍  വിശ്രമ കേന്ദ്രങ്ങളും ഭക്ഷണശാലകളും വന്നു.

തീർഥാടകരെ   മുകളില്‍  എത്തിക്കുന്നതിനുള്ള  സേവാസംഘങ്ങൾ  രൂപീകരിക്കപ്പെട്ടു.

അഞ്ചു   വര്‍ഷം  പിന്നിട്ടു.

**************************************
കിണര്‍  പരിപാലന സമിതിയുടെ  ഒരു  സുപ്രധാന  യോഗം  നടക്കുകയാണ്.
പ്രധാന  തീരുമാനങ്ങളിൽ  ചിലത്  താഴെ  പറയുന്നവയായിരുന്നു .

1. തീർഥാടക  ബാഹുല്യം  കാരണം  വീർപ്പുമുട്ടുന്ന  കിണറിനു  സമീപമുള്ള   ഫ്ളാറ്റുകളുടെയും   വിശ്രമകേന്ദ്രങ്ങളുടെയും   എണ്ണം  അടിയന്തരമായി  ഇരട്ടിയാക്കുക.

2 . കുടം  കമിഴ്ത്താൻ   എത്തിച്ചേരാൻ  കഴിയാത്ത  വിശ്വാസികളെ   സഹായിക്കുന്നതിനായി    ആരംഭിച്ച  ഓൺലൈൻ  സൗകര്യം  ഏതെങ്കിലും  മൾട്ടി  നാഷണല്‍  കമ്പനിയെ   ഏൽപിച്ച്  സേവനം  വിപുലീകരിക്കുക .

3. സമിതിയുടെ  കീഴില്‍  പ്രവർത്തിക്കുന്ന മൾട്ടി  സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ  കൂടുതല്‍  വിഭാഗങ്ങളെ  ഉൾപ്പെടുത്തി  വരുമാനം  വർദ്ധിപ്പിക്കുക .

4.  കൂടുതല്‍  വിദ്യാഭ്യാസ സ്ഥാപനങ്ങൾ  ആരംഭിക്കുക.

5. ലോകത്തിൻറെ  വിവിധ  ഭാഗങ്ങളിൽ നിന്നും  വരുന്ന  വിദേശ തീർഥാടകർക്കും വി ഐപി വിശ്വാസികൾക്കും സൗകര്യപ്രദമായ വിധത്തില്‍  ഹെലിപ്പാഡ് സ്ഥാപിക്കുക.

സജീവന്‍ ദുബായിലെ തൻറെ വില്ലയിൽ ഇരുന്നു കൊണ്ട് വീഡിയോ കോൺഫറൻസിലൂടെ  യോഗത്തില്‍ പങ്കെടുത്തു.

കിണർ  പരിപാലന സംഘം  ആജീവനാന്ത  ട്രസ്റ്റികളായ നാരായണനും  രവിയും  കിണറിൽ  നിന്നും  മലഞ്ചെരിവിലെ പാറക്കെട്ടുകൾക്കിടയിലൂടെ   പുറത്തേക്കൊഴുകുന്ന    തീർഥജലം  ശുദ്ധീകരിച്ച് വിശ്വാസികൾക്ക്    കുറഞ്ഞ             വിലയ്ക്ക്  വിൽക്കുന്നതിനായി  ആരംഭിച്ച    കുപ്പി വെള്ള നിർമാണ യൂനിറ്റ്  ഉദ്ഘാടനം ചെയ്യുന്നതിനായി  പോവാൻ  ഉള്ളത് കൊണ്ട്  യോഗനടപടികൾ   അവസാനിച്ചതായി അറിയിച്ചു.

Monday, July 4, 2016

റമദാൻ-മാപ്പിളപ്പാട്ട്

റമദാൻ-മാപ്പിളപ്പാട്ട്
==================

പോയ് വരൂ  യാ റമളാന്‍. .......
പോയ്  വരൂ.......2

സഹനമായിരുന്നു  നീ. ......
ക്ഷമയുമായിരുന്നു  നീ......2.
അലിവു    പൂത്ത ഹൃദയം_അതിൽ 
ഉറവ  തീർത്തു  വന്നു  നീ....

പോയ് വരൂ  യാ  റമളാന്‍. ...
പോയ് വരൂ. ... (2)

ദൈവസ്മരണ വിടർന്ന കാലം
കരുണയാൽ   നിറഞ്ഞ കാലം...2.
രാവും പകലും  രക്ഷിതാവിൻ
കനിവു  തേടി  കരഞ്ഞ കാലം....

പോയ് വരൂ  യാ  റമളാന്‍. ..
പോയ് വരൂ. ....2

നീ  തിരിച്ചു  വരുന്ന  നേരം
ഞാന്‍  മരിച്ചു  പോയില്ലെങ്കിൽ...2.
ഹൃദ്യമായി  സ്വീകരിക്കാൻ
ഒരുങ്ങി  നിൽക്കും  അന്നും  ഞാന്‍. .

പോയ് വരൂ  യാ  റമളാന്‍. ...
പോയ് വരൂ. ...4

പെരുന്നാൾ_മാപ്പിളപ്പാട്ട്

#പെരുന്നാൾ_മാപ്പിളപ്പാട്ട്

ശവ്വാൽ പിറ കണ്ടല്ലോ..... 
പെരുന്നാള്  വന്നല്ലോ. .....
തക്ബീർ    ധ്വനികളാൽ                  
വരവേൽക്കുകയാണല്ലോ......2   

മൈലാഞ്ചി  അണിഞ്ഞിടേണം
സന്തോഷം നിറഞ്ഞിടേണം........
പുതു വസ്ത്രം  വാങ്ങിടേണം.....
ഫിത്ർ സക്കാത്തും  കൊടുക്കേണം...

ദൈവത്തില്‍  ഉന്നതി  വാഴ്ത്തീ  ...
ഈദ് ഗാഹിൽ      ചേർന്നിടേണം.... 2

അല്ലാഹു അക്ബര്‍. ..
അല്ലാഹു അക്ബര്‍. .....

(ശവ്വാൽ പിറ കണ്ടല്ലോ )    

സുഗന്ധങ്ങൾ  പൂശിടേണം...
മധുരങ്ങൾ  കൈമാറേണം
മാറോട് ചേര്‍ത്ത്  നമ്മള്‍
ഒന്നെന്ന്  ചൊല്ലിടേണം.....

ദൈവത്തിൻ  ഉന്നതി  വാഴ്ത്തീ  .....
പള്ളിയില്‍  ചേർന്നിടേണം...

അല്ലാഹു  അക്ബര്‍. ..
അല്ലാഹു അക്ബര്‍. ....  

(ശവ്വാൽ പിറ കണ്ടല്ലോ )  

ബന്ധുവീട്ടിൽ   പോയിടേണം..
സൗഹൃദങ്ങൾ പുതുക്കിടേണം
സമ്മാനങ്ങൾ   കൈമാറീ  ....
സന്തോഷം    പങ്കിടേണം.....

ദൈവത്തില്‍  ഉന്നതി  വാഴ്ത്തീ
ഈദ്‌ ഗാഹിൽ    ചേർന്നിടേണം

അല്ലാഹു അക്ബര്‍. ...        
അല്ലാഹു അക്ബര്‍. .....

(ശവ്വാൽ പിറ കണ്ടല്ലോ )  

അല്ലാഹു അക്ബര്‍. ....
അല്ലാഹു അക്ബര്‍. .....
ലാ ഇലാഹ ഇല്ലല്ലാഹ്
അല്ലാഹു അക്ബര്‍... 2

എൻറെ  പ്രിയപ്പെട്ട  എല്ലാ  Facebook  സുഹൃത്തുക്കൾക്കും ഹൃദ്യമായ  ഈദുല്‍ ഫിത്വർ ആശംസകള്‍.

Friday, July 1, 2016

നമ്പൂതിരി മാഷുടെ അഫ്‌സല്‍ / അഫ്സലിൻറെ നമ്പൂരി മാഷ്

നമ്പൂതിരി  മാഷുടെ  അഫ്‌സല്‍ /അഫ്സലിൻറെ  നമ്പൂരി മാഷ്
==================================

"  നമ്പൂരി  മാഷ്  കിടപ്പിലാണെന്നു കേട്ടു. നമുക്ക്  മാഷെ  വീടു വരെയൊന്നു പോയാലോ. .....? "

അഫ്‌സല്‍  അതു  പറയുമ്പോൾ  ഞാന്‍  കളി  കഴിഞ്ഞ്  ബൂട്ടഴിക്കുകയായിരുന്നു.

കുറച്ചു ദിവസമായി  ഞാനും  അതാലോചിക്കാൻ തുടങ്ങിയിട്ട്. പക്ഷേ  ആവറേജ്  സ്റ്റുഡൻറ് ആയിരുന്ന എന്നെ ഒരിക്കലും  മാഷിന്  ഓർമ്മ  കാണാന്‍  സാധ്യതയില്ല. പക്ഷേ  ഇവൻ അങ്ങനെയല്ലല്ലോ..........
എൻറെ  മനസ് ആ സ്കൂള്‍  ജീവിതത്തിലേക്കു വീണ്ടും  പറന്നു പോയി.

അടുത്തുള്ള  മുസ്ലിം  അനാഥാലയത്തിൻറെ  കീഴിലായിരുന്നു ഞങ്ങളുടെ  സ്കൂള്‍. ഭൂരിഭാഗവും  അനാഥരോ പാവപ്പെട്ട കുടുംബങ്ങളിൽ നിന്നും  വരുന്നവരോ  ആയ  കുട്ടികള്‍.
പഠനത്തേക്കാൾ പ്രധാനം  സ്കൂളില്‍ നിന്നും  ലഭിക്കുന്ന  ഉച്ചഭക്ഷണമായിരുന്നു. ഞങ്ങളുടെ  സ്കൂളിലെ  വിജയവും പരാജയവും  ഒന്നും  നാട്ടില്‍  ഒരു  സംസാരവിഷയം തന്നെ  ആയിരുന്നില്ല. പക്ഷേ  നാട്ടില്‍  നടക്കുന്ന  ചില്ലറ  കളവു കേസുകളിലും
മറ്റു  സ്കൂളുകളിലെ കുട്ടികളുമായി അടിപിടിയുണ്ടാക്കിയതിനുമൊക്കെയായി നാട്ടുകാർ  പലരും  സ്കൂളില്‍  വരും. നാട്ടുകാരുടെ  കണ്ണില്‍  കച്ചറ പിള്ളേരു മാത്രം  പഠിക്കുന്ന ഒരു  സ്കൂള്‍.

ആയിടക്കാണ്  നമ്പൂതിരി  മാഷ്  ഹെഡ്  മാഷായി ചാർജെടുത്തത്. ആദ്യ ദിവസം  തന്നെ  അഫ്സലിൻറെ  കേസാണ്  മാഷുടെ  മുന്നില്‍  എത്തിയത്.  അടുത്ത  ക്ലാസിലെ ഒരു  കുട്ടിയുടെ  മൂക്കിടിച്ചു പരത്തിയിരിക്കുന്നു. മാഷ്  മൂക്കില്‍ നിന്നും  ചോരയൊലിക്കുന്ന കുട്ടിയുടെ  കൈയും  പിടിച്ച്  ഞങ്ങളുടെ  ക്ലാസിനു  മുന്നിലെത്തി.  കയ്യില്‍  സ്റ്റാഫ്  റൂമിൻറെ  മൂലയില്‍  ചാരി  വക്കാറുള്ള നീളമുള്ള  ചൂരല്‍.  മാഷുടെ  തലവട്ടം കണ്ടതും  അഫ്‌സല്‍  ജനലിലൂടെ  പുറത്തേക്ക്  ചാടി. അവന്‍  ഓടാന്‍ തുടങ്ങിയതോടെ  മാഷും പിറകേയോടി. ഞങ്ങള്‍  എല്ലാം  ആ കാഴ്ച  കാണാന്‍  സ്കൂളിനു  പുറത്തിറങ്ങി.  അഫ്സല്‍  സ്കൂള്‍  കെട്ടിടത്തിനു ചുറ്റും  ഓടാന്‍ തുടങ്ങി.  രണ്ട്  റൗണ്ട്  ഓടിയപ്പോഴേക്കും പക്ഷേ  മാഷ്  തളർന്നു. 

"അവനെ പിടിച്ച് എൻറെ  മുന്നില്‍  കൊണ്ടു വരാതെ  ഒരെണ്ണത്തിനെ ഇന്നു  സ്കൂളില്‍ നിന്നും  വിടില്ല ......."

സ്കൂളിൻറെ  പടിയിൽ ഇരുന്നു  മാഷ്  കിതച്ചു കൊണ്ട് പറഞ്ഞു.  അതോടെ  ഞങ്ങള്‍  എല്ലാവരും  അഫ്സലിനെ പിടികൂടാൻ അവന്‍റെ  പിറകെയോടി. ഞങ്ങള്‍  സമപ്രായക്കാരാണെങ്കിലും അവനെ  പിടിക്കുക എളുപ്പമായിരുന്നില്ല. അവന്‍  സ്കൂള്‍  മുറ്റത്ത്  ഞങ്ങളെയാകെ വട്ടം  കറക്കി.
മൂക്കിനിടി കിട്ടിയവനും ആവേശം  മൂത്ത് മുറ്റത്തേക്കിറങ്ങി. അവനേപിടിച്ച് മാഷുടെ  മുന്നില്‍  ഹാജരാക്കിയപ്പോഴേക്കും ഞങ്ങളും  നാലു  പ്രാവശ്യം  സ്കൂള്‍  കെട്ടിടം  ചുറ്റിക്കഴിഞ്ഞിരുന്നു. എല്ലാവരും  മാഷുടെ  മുന്നില്‍  നിന്ന്  കിതച്ചു. മാഷും  കിതക്കുന്നുണ്ടായിരുന്നു. അഫ്സല്‍  മാത്രം  ഞങ്ങളുടെ  പിടി  വിടുവിക്കാൻ ശ്രമിക്കുന്നുണ്ട്.  എല്ലാവരുടെയുടെയും കിതപ്പും പരവേശവും കണ്ട്  മാഷുടെ  ഗൗരവമെല്ലാം മാഞ്ഞു പോയി.  അദ്ദേഹം  ഞങ്ങളെ നോക്കി  ചിരിക്കാൻ  തുടങ്ങി.  അതുപിന്നെ  കൂട്ടച്ചിരിയായി മാറി.  അഫ്‌സല്‍  രക്ഷപെടുകയും ചെയ്തു.  പിന്നീട്  അങ്ങോട്ട്  മാഷുടെ  പരിഷ്കാരങ്ങൾ ആയിരുന്നു.  മാഷുടെ  ചൂരലിന്റെ  ചൂടറിയാത്തവനും മാഷുടെ  സ്നേഹം  നിറഞ്ഞ  തലോടൽ ഏൽക്കാത്തവരും സ്കൂളില്‍  ഇല്ലെന്നായി. സ്നേഹം  എന്താണെന്നും സ്നേഹിക്കേണ്ടതെങ്ങനെയെന്നും മാഷ്  ഞങ്ങളെ പഠിപ്പിച്ചെടുക്കുകയായിരുന്നു. മാഷിൽ നിന്നും  കിട്ടുന്ന  അടി  പോലും  പലരും  അംഗീകാരമായി കണ്ടു.
  മാഷുടെ  അടി  കൊണ്ടൊന്നും അഫ്സലിൻറെ  വികൃതികള്‍ക്ക് അറുതിയുണ്ടായില്ല.മാഷുടെ അടിയും  അവന്‍റെ കുരുത്തക്കേടുകളും മുറപോലെ  നടന്നു കൊണ്ടിരുന്നു.

ഇതിനിടെയാണ് സ്കൂള്‍  കായികമേള വന്നത്. ചരിത്രത്തിൽ ആദ്യമായി  ഞങ്ങളുടെ  സ്കൂളില്‍നിന്നും  കുറച്ചു  കുട്ടികളെ അതില്‍  പങ്കെടുപ്പിക്കാൻ  മാഷ് തീരുമാനിച്ചു. ചിലരെയൊക്കെ തൂക്കിയെടുത്ത് ജീപ്പിലേക്കിടുകയായിരുന്നു. അഫ്സലും അതിൽ പെട്ടു.
സ്റ്റാര്‍ട്ടിംഗ് പോയിൻറിൽ അവന്‍  നിൽക്കുമ്പോൾ  കൈയില്‍  ചൂരലുമായി  നമ്പൂതിരി  മാഷ്  കാവൽ നിന്നു.
ഭാഗ്യം  ഞങ്ങളുടെ  കൂടെയായിരുന്നു .

100 മീറ്റര്‍  ഓട്ടത്തിലും  ലോംഗ്  ജമ്പിലും അഫ്‌സല്‍  ഒന്നാമതായി.കരഞ്ഞുകൊണ്ട് പോയവർ  ചിരിച്ചു കൊണ്ട്  സ്കൂള്‍  മുറ്റത്ത്  ജീപ്പിറങ്ങി.

പക്ഷേ  മാഷ്  അതിലൊന്നും  തൃപ്തനായില്ല. ജില്ലയിലും  സ്റ്റേറ്റിലും അവന്‍  മെഡലുകള്‍  വാരിക്കൂട്ടി.
ദേശീയ  മീറ്റിൽ റെക്കോഡിട്ടതോടെയാണ് നാട്ടുകാരുടെ  കണ്ണു തുറന്നത്.
അഫ്സലിനെ ചില  സ്കൂളുകള്‍  നോട്ടമിട്ടു. പക്ഷേ  ഞങ്ങളുടെ  സ്കൂളും  നമ്പൂതിരി  മാഷും വിട്ട് അവനൊരു  ലോകമുണ്ടായിരുന്നില്ല. സായിയിൽ നിന്നും  നല്ലൊരു  ഓഫർ വന്നതോടെ  മാഷു തന്നെ  അവനെ  അവിടെ  കൊണ്ട്  ചെന്നാക്കി. അപ്പോഴേക്കും  LSS ഉം USS ഉം  കിട്ടിയ  കുട്ടികളുടെ ഫോട്ടോയൊക്കെ ഞങ്ങളുടെ  സ്കൂളിലും  ഉയര്‍ന്നു  തുടങ്ങിയിരുന്നു.

നമ്പൂതിരി  മാഷ്  റിട്ടയര്‍ ചെയ്ത  വർഷം  100 %  വിജയം  നല്‍കിയാണ് ഞങ്ങള്‍  അദ്ദേഹത്തെ  ആദരിച്ചത്.

" നീയെന്താണ്  ആലോചിക്കുന്നത്.......?"

അഫ്‌സല്‍  എന്നെ  തട്ടി  വിളിച്ചു.

" ഹേയ്. .....ഞാന്‍  അൽപനേരം  നമ്മുടെ  സ്കൂള്‍ കാലം  ഓർത്തു  പോയി.

ഞാന്‍  അഫ്സലിൻറെ  കാറിൽ കയറി.
അവനു  കേന്ദ്ര  ഗവണ്മെന്റ്  ജോലി  നല്കി. രാജ്യത്താകമാനമുള്ള കുട്ടികളിൽ നിന്നും  കഴിവുള്ളവരെ കണ്ടെത്തി  പരിശീലനം  നല്‍കുകയാണവനിപ്പോൾ. കാർ  നമ്പൂതിരി  മാഷുടെ  വീട്ടു പടിക്കല്‍  നിർത്തി  ഞങ്ങള്‍  മാഷുടെ  വീട്ടിലേക്കു  നടന്നു.

അഥീന

അഥീന
=======

ബസ്റ്റോപ്പിൽ വച്ചു  വിവരമറിഞ്ഞ  സാജന്‍  വീട്ടിലേക്കോടി. ഇത്  സത്യമാണോ  എന്നറിയണമല്ലോ.....?.

പക്ഷേ  ചേച്ചിയുടെ  മുഖത്ത്  എന്തെങ്കിലും  സംഭവം നടന്നതായി  ഒരു  ഭാവമാറ്റവുമില്ല.
എങ്ങനെയാണ്  താന്‍  അവരോടിത്
ചോദിക്കുക. ...?
തൻറെ  പെങ്ങളുടെ  അഭിമാനം  നഷ്ടപ്പെടുത്തിയ  ആ നെറികെട്ട മൃഗം  ആരായാലും  അവനെ  വെറുതെ  വിടാന്‍ പാടില്ല.
പിന്നെ  താനൊരു  ആണാണെന്നു   പറഞ്ഞു  നടക്കുന്നതിൽ ഒരർഥവുമില്ല .
അവന്‍  മുറ്റത്ത്  പിറകില്‍  കൈയും  കെട്ടി  ഇരച്ചു  കയറിയ  ദേഷ്യവും സങ്കടവും  അടക്കിപ്പിടിച്ച്  രണ്ടു  തവണ  അങ്ങോട്ടും ഇങ്ങോട്ടും  നടന്നു.

"ചേച്ചീ. ......അഥിയേച്ചീ......!!."

സാജൻറെ  വിളി  അൽപം  ഉഛത്തിൽ തന്നെയായിരുന്നു.

"എന്താടാ. ....?..."  

അവര്‍ പുറത്തേക്ക്  നോക്കി   അവനോടു ചോദിച്ചു.

" ചേച്ചിയെ  ബസിൽ നിന്നും  ആരെങ്കിലും  ഉപദ്രവിച്ചോ......? "

കിട്ടിയ  അവസരത്തിൽ   സാജന്‍  ചോദിച്ചു.

" നിന്നോടാരാ  പറഞ്ഞത്...? "

ചേച്ചിയെ ആരെങ്കിലും   ഉപദ്രവിച്ചോ   ഇല്ലേ. ..അതുപറ ആദ്യം. ..? "
           
സാജൻ   ദേഷ്യം  കൊണ്ട്  വിറക്കുന്നുണ്ടായിരുന്നു.

"നീയെന്താ  പകരം  ചോദിക്കാൻ  പോവുകയാണോ ....? "

അഥീന  ചോദിച്ചു.

"അല്ലാതെ  പിന്നെ. .സ്വന്തം  സഹോദരിയെ  ഒരുത്തൻ  പരസ്യമായി  അപമാനിക്കാൻ ശ്രമിച്ചത് അറിഞ്ഞിട്ടും ഞാന്‍  നോക്കി  നിൽക്കണോ....?"

അഥീന   അവനെ  ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

"എനിക്ക് ആങ്ങളയാണെന്നും പറഞ്ഞു  ഈ നാട്ടില്‍  നടക്കാനാവുമോ. ...?"

സാജൻറെ  ശബ്ദം  ഉയര്‍ന്നു.

അഥീന  അവന്‍റെ  ആവേശം  കണ്ടു  പുഞ്ചിരിച്ചു.
                                                                            
"നീ  രണ്ടാളെയുംകൂടെ കൂട്ടി  ചെന്ന്  അവനെ  രണ്ടു  പൊട്ടിച്ച്  ഇനി  അറിയാന്‍  ബാക്കിയുള്ള  നാട്ടാരെ  കൂടി  അറിയിച്ചാൽ എനിക്ക്  നീ  പറഞ്ഞ  അഭിമാനം  തിരിച്ചു  കിട്ടുമോ. ..? " 

അവൾ  ചോദിച്ചു.

"ആ  നെറികെട്ടവനു വേണ്ടിയാണോ  ചേച്ചി  പിന്നേം  വാദിക്കുന്നത്...? "

സാജൻ ചോദിച്ചു.

" അവനു  വേണ്ടിയല്ല  അനിയാ. ...എനിക്കു  വേണ്ടി തന്നെയാണ്. എന്നെ  അവൻ  ബസിൽ നിന്നും  മനപ്പൂർവം  ഒന്നു മുട്ടിയിരുമ്മി. അവന്‍റെ  ചെവിടടക്കം  ഞാനൊന്ന്  പൊട്ടിക്കുകയും ചെയ്തു. അതവിടെ  തീർന്നു.  തീരണം.  ഇനി  നീയായിട്ട്  ഇടപെട്ട്  അത്  കത്തിക്കണ്ട ...."

അവൾ  പറഞ്ഞു.
                                                                  
സാജന്‍  പിന്നീട്  ഒരക്ഷരം  ഉരിയാടാതെ  നിലത്തു  കുത്തിയിരുന്നു. പക  അവന്‍റെ  ഉള്ളിൽ  ഇരമ്പുന്നുണ്ടായിരുന്നു.

ആരാണാ  തെമ്മാടിത്തരം  ചെയ്തതെന്നു  കണ്ടുപിടിക്കണം. ഒരു  ആങ്ങളയെന്ന നിലക്ക്  ഇത്  തൻറെ  അഭിമാനത്തിൻറെ പ്രശ്നമാണ്.         
പക്ഷേ  അഥീന  അവൾ  അതന്നേ  പൊറുത്തു കഴിഞ്ഞിരുന്നു. അവൾ പിന്നീടും  അതേ  ബസിൽ  തന്നെ  യാത്ര തുടര്‍ന്നു. 

പിറ്റേ ദിവസം  മുതല്‍  സാജന്‍
ചേച്ചിയെ  അപമാനിച്ചവനെ   അന്വേഷിച്ചു  തുടങ്ങി. നിത്യവും  ആ ബസിൽ  വരുന്ന  ചില  നാട്ടുകാർ  ആളെ  സാജന്  കാണിച്ചു കൊടുത്തു.
ഭാസ്കരന്‍ നായരുടെ  കോളേജില്‍  പഠിക്കുന്ന  മകന്‍   ഹരിക്കാണ്   ചേച്ചിയുടെ  കയ്യില്‍ നിന്നും  അടി  കിട്ടിയത്.  
സാജന്‍  പുറത്ത്  ഷർട്ടിനടിയിൽ ഒളിപ്പിച്ച  കുറുവടിയുമായി     ഹരി  ബസിറങ്ങി    നടന്നു  വരുന്ന  ഇടവഴിയിൽ    കാത്തു നിന്നു.
ബസ്    സ്റ്റോപ്പിൽ വന്നു  നിൽക്കുന്നതും ഹരി പിൻവാതിലിലൂടെ  ഇറങ്ങി വരുന്നതും അവന്‍  കണ്ടു.
ഒറ്റയടിക്ക്  തല പൊട്ടിക്കണം അവന്‍  മനസ്സില്‍  കരുതി. പിന്നെ  ഒരു  കാലോ  കയ്യോ  തല്ലിയൊടിക്കണം  ഇനിയൊരു  പെണ്ണിനെതിരെയും  അവന്‍റെ  കൈ  ഉയരരുത് . നാട്ടിലെ  പൂവാലൻമാർക്ക്  ഇതൊരു  പാഠമാവണം .അവന്‍  മനസ്സില്‍  കരുതി.

ഹരി  നടന്നു  വരികയാണ്. സാജന്‍  അക്രമണത്തിനൊരുങ്ങി . ഹരി തന്റെ  നേരേ  അടുത്ത്  എത്തിയതും  അവന്‍  അയാളുടെ  മുന്നിലേക്കു  ചാടി.

"സാജാ......" 

   
അത്  അഥീനയായിരുന്നു.

ഹരിയുടെ  പിറകില്‍  നടന്നു  വരുന്ന  അവളെ  അവന്‍  ശ്രദ്ധിച്ചിട്ടുണ്ടായിരുന്നില്ല.  അവൾ  ഹരിയെ  നോക്കി  പുഞ്ചിരിച്ചു.

"ഹരീ. ..ഇതാണെന്റെ  സഹോദരന്‍  സാജന്‍...."

അവൾ  സാജനെ  പരിചയപ്പെടുത്തി.

"ഹലോ   സാജൻ  ഞാന്‍  നിങ്ങളെ  കാണാന്‍  അങ്ങോട്ടു  വരികയായിരുന്നു...? "

" തനിക്കെന്തിനാണ് എന്നെക്കാണേണ്ട ആവശ്യം. ..? "

സാജൻ  വെറുപ്പോടെ  ചോദിച്ചു.

ബസിലെ  ഇഷ്യൂ   സാജൻ
അറിഞ്ഞിരുന്നില്ലേ....? "

"തന്നെ  ഞാന്‍  ഒന്ന്  കാണാന്‍  ഇരിക്കുകയായിരുന്നു. ....."

സാജൻ  മുരണ്ടു.

"അറിയാം. ..പക്ഷേ  ഞാന്‍  ഇപ്പോള്‍  വന്നത്‌  നിങ്ങളോടും   നിങ്ങളുടെ  ഈ ഭാഗ്യം  ചെയ്ത ചേച്ചിയോടും  ക്ഷമ ചോദിക്കാനാണ് ....."

സാജൻ  ഹരിയെ  കൗതുകത്തോടെ  നോക്കി.

" സാജൻ  നിങ്ങള്‍ക്കറിയുമോ   അന്നാ  സംഭവദിവസം  രാത്രി  ഞാന്‍  ഉറങ്ങിയിട്ടില്ല .ബസിൽ നിന്നും  പരസ്യമായി  തല്ലിയത്  എന്റെ അഭിമാനം      വല്ലാതെ  മുറിപ്പെടുത്തി  .അന്ന് രാത്രി  ഞാന്‍   തീരുമാനിച്ചു . ബസിൽ നിന്നും  ഒന്ന്  തൊട്ടതിനല്ലേ  അവര്‍  എന്നെ  തല്ലിയത്. അവരെ   ഞാന്‍           പരസ്യമായി  പിടിച്ചു  ചുംബിക്കും.
ആണത്തം എന്താണെന്നവരൊന്നറിയണം....പക്ഷേ  രാവിലെ  നിങ്ങളുടെ  ഈ  ചേച്ചിയുണ്ടല്ലോ ...ഇവർ  എൻറെ  വീട്ടില്‍  എത്തിയിരുന്നു. എന്നെ  പരസ്യമായി  തല്ലിയതിന് ക്ഷമ ചോദിക്കാൻ......എൻറെ  ചിന്താഗതി  ആകെ  മാറിപ്പോയി. ...എനിക്കു  മനസ്സിലായി. തെറ്റെൻറെ  ആണെന്ന്. .. ഇങ്ങനെ ഒരു  ചേച്ചിയെ കിട്ടിയത്  സാജന്‍റെ  ഭാഗ്യമാണ് "

ഹരി  തുടര്‍ന്നു.

"എനിക്കില്ലാതെ പോയതും  അതാണ്....."

ഹരി സാജന്‍റെ മുഖത്തേക്കു നോക്കി   പറഞ്ഞു. .
" എനിക്കറിയാം  സാജൻ  എന്നെ  തല്ലാന്‍  നടക്കുകയാണെന്ന്. ഇനി  നിങ്ങള്‍ക്ക്  എന്നോട്  പകരം  ചെയ്യാം ....പക്ഷേ  ഇനി  നിങ്ങളുടെ  പെങ്ങള്‍  ആ  സംഭവത്തിൻറെ  പേരില്‍  ഇനിയും  അപമാനിക്കപ്പെടുന്നത് ഞാന്‍  ഇഷ്ടപ്പെടുന്നില്ല. അതുകൊണ്ട് നിങ്ങള്‍  പകരം  വീട്ടാന്‍  ഉദ്ദേശിക്കുന്നുണ്ടെങ്കിൽ  സാജനാണ്     എന്നെ  തല്ലിയതെന്നും   ഇതാണ്  വിഷയമെന്നും നമ്മുടെ  നാട്ടുകാർ  അറിയാനിട വരരുത്. ..."

സാജൻറെ  ആവേശമെല്ലാം തണുത്തു
പോയിരുന്നു.
             
" നീയത്    വലിയ  കാര്യമൊന്നുമാക്കേണ്ട   ഹരീ. ..എനിക്കും  സാജനും തന്നോടു ദേഷ്യമൊന്നുമില്ല......"

അഥീന  പറഞ്ഞു.  

എന്തുകൊണ്ടാണ്  ചേച്ചിയെ  ആരും  ഇഷ്ടപ്പെട്ടു   പോവുന്നതെന്ന്   അവനു  മനസ്സിലായിത്തുടങ്ങിയിരുന്നു.അവർക്ക് ഒരു  പ്രത്യേക  ഭംഗി   കൈവന്നതു പോലെ  സാജനു തോന്നി. 

സാജന്‍  ഒരു കൽപ്രതിമ പോലെ ആ വഴിയില്‍ അവർ ഒരുമിച്ച്  നടന്നു പോവുന്നത്   നോക്കി നിന്നു.