Wednesday, February 3, 2016

സ്ഥല പരിമിതി

സ്ഥല പരിമിതി
=============
                       
ഷുക്കൂറിൻറെ  ബാപ്പ  മരിക്കേണ്ടി വന്നു  അവനു ബാപ്പാന്റെ  വില  മനസിലാക്കാൻ.

"ജീവിച്ച കാലത്ത്‌  എൻറെ ബാപ്പാക്ക് ഒരു  സ്വസ്ഥതയും സമാധാനവും  നൽകാൻ  എനിക്കായില്ലല്ലോ"അവൻറെ മനസു  നീറിപ്പിടഞ്ഞു.

ആഹിറത്തിലെങ്കിലും(പരലോകം )ബാപ്പാക്ക്  എന്നെക്കൊണ്ടൊരു  ഉപകാരം  കിട്ടണം.അവൻ പള്ളി  ലക്ഷ്യമാക്കി  നടന്നു.

വെള്ളിയാഴ്ച ആയതുകൊണ്ട്  പള്ളിയില്‍  നല്ല  തിരക്കുണ്ട്.
അവന്‍  ഉസ്താദിന് ഒരഞ്ഞൂറ് രൂപ  നീട്ടി .

"ഇതെന്താണ് ? "

"പള്ളിക്കുള്ള സംഭാവന "

എന്താ  സംഗതി  ? ഉസ്താദ്.

"ജുമുഅക്ക്  എന്റെ  ബാപ്പാന്റെ  ഖബര്‍  വിശാലമാക്കിക്കൊടുക്കാൻ നിങ്ങളൊന്ന്
ദുആ(പ്രാർത്ഥിക്കുക) ചെയ്യണം."

അടുത്തിരുന്ന സെക്രട്ടറി  അവനു  റസിപ്റ്റ് എഴുതി  കൊടുത്തു.

ഖുതുബ(പ്രസംഗം ) കഴിഞ്ഞു. ഉസ്താദ്  പ്രാർത്ഥന തുടങ്ങി. കൂട്ടത്തിൽ  ഷുക്കൂറിൻറെ  ബാപ്പയുടെ പാപങ്ങൾ പൊറുക്കാനും സ്വർഗം നല്‍കാനും  പ്രാർത്ഥിച്ചു.
ഉസ്താദ്  ഖബറിൻറെ കാര്യം  ഒന്നും  പറഞ്ഞില്ലല്ലോ. അവന്‍
നമസ്കാരശേഷം ഉസ്താദിനോടു ചോദിച്ചു.

"നിങ്ങള്‍  എന്തേ പ്രാർത്ഥിക്കാതിരുന്നത്"?

"ഞാന്‍  പ്രാർത്ഥിച്ചല്ലോ" .ഉസ്താദ് .

"അതല്ല  ഖബര്‍  വിശാലമാക്കാൻ"

"അതിനു  ചെറിയൊരു  പ്രശ്നമുണ്ട്"
ഉസ്താദ്  അവനെ  അടുത്തേക്കു  വിളിച്ചു.

"ഷുക്കൂറിനറിയാമല്ലോ നിന്റെ  ബാപ്പാന്റെ  ഖബറിനെ തൊട്ടു  ചാരി യാണ് നമ്മുടെ  സെക്രട്ടറിയുടെ ഉമ്മാന്റെ  ഖബര്‍. മറുവശത്ത് നമ്മുടെ  ബീരാന്‍  ഹാജിയുടെ  ഖബര്‍. "

അതിന്  ?

"ഞാന്‍  പറയട്ടെ. , നിന്റെ  ബാപ്പാന്റെ  ഖബര്‍  വിശാലമാക്കിയാൽ അവരുടേത്  ഇടുങ്ങിയതാവില്ലേ എന്ന്  ബന്ധുക്കൾക്ക്
സംശയം. "

"പിന്നെ  എല്ലാവരും  ഇങ്ങനെ  ഖബര്‍  വിശാലമാക്കാൻ തുടങ്ങിയാൽ  പള്ളിക്കാട് തികയാതെ  വരും  എന്ന്  കമ്മിറ്റിക്കും അഭിപ്രായമുണ്ട്.

അതുകൊണ്ട്  തത്കാലം ആരുടെയും  ഖബര്‍  വിശാലമാക്കാൻ പ്രാർത്ഥിക്കേണ്ട  എന്നാണ് കമ്മിറ്റിയുടെ
തീരുമാനം. "

ഉസ്താദ്  പറഞ്ഞു  നിർത്തി.

എന്നെ തല്ലണ്ടമ്മാവാ ഞാന്‍  നന്നാവൂലാ... .....

No comments:

Post a Comment