Wednesday, February 3, 2016

ഓർമ്മ

കൗമാര കാലത്തെ  വിരുന്ന് യാത്രകള്‍
=========================

സ്കൂള്‍  അവധിക്കാലത്ത്  ബന്ധു വീടുകളിലേക്കു  നടത്തുന്ന വിരുന്ന് യാത്രകള്‍  ചിലപ്പോള്‍  നിങ്ങളും  മറന്നു കാണില്ല. സ്കൂള്‍  പൂട്ടുന്നതു തന്നെ  വിരുന്ന്  പോവാനാണെന്നാണ് ഞാന്‍ കരുതിയിരുന്നത്. അയൽപക്കത്തെ  ജാനകിയമ്മയെ  കല്യാണം  കഴിച്ചു  വിട്ടിരുന്നത് ഞാന്‍  സ്കൂള്‍  അവധിക്കു  വിരുന്ന് പോവുന്ന ബന്ധുക്കളുടെ നാട്ടിലേക്കായിരുന്നു. അവര്‍           അവരുടെ  വീട്ടില്‍ വരുന്നത് ഞാന്‍ കാത്തിരിക്കും. അതവർക്കും  അറിയാമായിരുന്നെന്നു തോന്നുന്നു. സ്കൂള്‍ പൂട്ടി കൃത്യം  രണ്ടാം ദിവസം  അവര്‍  അവരുടെ  അമ്മയേയും  അഛനേയും കാണാന്‍  അവരുടെ വീട്ടില്‍ വരും.കൂട്ടത്തിൽ  കൂട്ടുകാരിയായ ഉമ്മയെക്കാണാൻ  എൻറെ വീട്ടിലും. ബന്ധുക്കളുടെ വിശേഷങ്ങൾ എല്ലാം ഉമ്മ ചോദിച്ചറിയും. ഉച്ച തിരിഞ്ഞാണ്  അവര്‍ വീട്ടിലേക്കു മടങ്ങുക.

"നീ  വിരുന്ന് പോരുന്നില്ലേ .....? "

എന്നോട് ചോദിക്കും.

ഞാന്‍  പ്രതീക്ഷയോടെ ഉമ്മയെ നോക്കും.

"സ്കൂള്‍ തുറക്കുന്നതിൻറെ  തലേന്ന്  ഇങ്ങോട്ട്  വന്നോളണം....."

ഉമ്മയുടെ   കണ്ടീഷൻ   അതു മാത്രമേ ഉണ്ടാകൂ.പഴയ ഒരു ജോഡി  ട്രൗസറും ഷർട്ടും ഞാന്‍  പൊതിഞ്ഞെടുത്ത്  ഒരു  പ്ലാസ്റ്റിക് കവറിലാക്കും.
  ബസ്സിറങ്ങി   കുറച്ചു  നടന്നു പോവാനുണ്ട്   ജാനകിയമ്മയുടെ വീട്ടിലേക്ക് . ബസ്സിറങ്ങിയാൽ   അടുത്ത ഹോട്ടലിൽ നിന്നും  അവരെനിക്ക്  വെള്ള ചായയും  മുട്ടപ്പവും -ചിലപ്പോള്‍ മടക്ക്- വാങ്ങിത്തരും. പിന്നെ ഞങ്ങള്‍  ആ ചെമ്മൺ പാതയിലൂടെ  പതുക്കെ നടക്കും. ഞാന്‍  ചിലപ്പോള്‍  കുറെ  മുന്നോട്ടോടി  അവര്‍  നടന്നെത്തുന്നതു വരെ കാത്തിരിക്കും. അവര്‍  വഴിയി യിലുള്ള  ചില  വീടുകളില്‍ കയറി കുശലം പറയും.എന്നെ വീട്ടുകാർ ക്കു  പരിചയപ്പെടുത്തി ക്കൊടുക്കും. അവരുടെ  വീട്ടില്‍  നിന്നും  ഉപ്പിട്ട  ഇളം ചൂടുള്ള  ചുവന്ന  നിറത്തില്‍ ഉള്ള കഞ്ഞി വെള്ളം  വാങ്ങി ക്കുടിക്കും. കുറച്ചു  മുരിങ്ങയില   പൊട്ടിച്ചു കയ്യില്‍  പിടിക്കും.  അവരുടെ കയ്യിലെ ചാക്കിൽ നിന്നും ഉമ്മ  കൊടുത്ത  പഴുത്ത  വരിക്കച്ചക്ക മുറിച്ചു  പാതി  അവര്‍ക്കും  കൊടുക്കും. പിന്നെയും  ഞങ്ങള്‍  മുന്നോട്ടു നടക്കും.  അതിനിടെ  ഓടി  വീണു  മുറിഞ്ഞ  എൻറെ മുട്ടിൻ കാലിൽ   അവര്‍  കമ്യൂണിസ്റ്റ്                   പച്ചയുടെ  കൂമ്പ് പിഴിഞ്ഞ്  ഇറ്റിച്ചു  തരും.  വഴിയിലെ  തെച്ചിപ്പഴവും, മുള്ളൻ പഴവും  എല്ലാം  പറിച്ചു  തിന്ന്  ഞാന്‍  അവരുടെ  വീട്ടു  പടിക്കല്‍  കാത്തു നിൽക്കും. വേലിയില്‍  നിറയെ  മഞ്ഞ  കോളാമ്പിപ്പൂക്കള്‍     വിരിഞ്ഞു നിൽക്കുന്നുണ്ടാവും . നായ്ക്കൾ  മുറ്റത്ത്  കയറാതിരിക്കാൻ   മുള കൊ ണ്ട് തീർത്ത  പടി  ചാടിക്കടന്ന് വേണം  മുറ്റത്തെത്താൻ. ജാനകിയമ്മ  എന്നെ ഉയർത്തി  അപ്പുറത്തു വെക്കും. മുറ്റം ചാണകവും  കരിയും  കൊണ്ട്  മെഴുകി      ഭംഗിയാക്കിയിട്ടുണ്ടാവും. ചുവന്ന  മണ്ണു കൊണ്ട്  മുറ്റത്തിൻറെ  അതിരിലെ തിണ്ടിൽ  ബോർഡർ തിരിച്ചിട്ടുണ്ടാവും . പേരക്ക മരത്തിൽ  ചിരിച്ചു  നിൽക്കുന്ന  പഴുത്ത  അടക്കാ  പഴങ്ങള്‍  എന്നെ  നോക്കി  പുഞ്ചിരിക്കുന്നുണ്ടാവും. മരത്തിൽ കയറി  പേരക്ക പറിച്ചു  തിന്നു കൊണ്ടിരിക്കുമ്പോൾ  അവര്‍  ഒരു  സ്റ്റീല്‍  മൊന്തയിൽ  മോരും  വെള്ളവും  ഒരു  പടല  പൂവൻ പഴവുമായി  വരും. എന്നെ  മരത്തിൽ നിന്നും  താഴെയിറക്കി  അതെല്ലാം  കഴിപ്പിക്കും. മുളവേലി  കെട്ടിയ  കിണറ്റിൻ   കരയില്‍  കറിവേപ്പില മരത്തിൻറെ  ചുവട്ടില്‍  അവര്‍  വെണ്ണീറും കരിയുമായി  പാത്രങ്ങൾ  കഴുകി  വക്കുമ്പോൾ  ഞാന്‍  വീടിന്റെ  അടുക്കള  വശത്ത് ത ടുക്കു   കൊണ്ട്  മേഞ്ഞ   ചായ്പ്പിനു  മുകളിൽ  പടർത്തിയ   ഫാഷന്‍  ഫ്രൂട്ട്  വള്ളിയില്‍  നിന്നും  പഴുത്ത  കായകൾ  പറിക്കുകയായിരിക്കും . കിണറ്റിൻകരയില്‍ നിന്നും  വെള്ളം മുക്കുമ്പോൾ എണ്ണയിടാത്ത   കപ്പി  ഒരു  പ്രത്യേക ശബ്ദത്തോടെ കരയുന്നുണ്ടാവും .ജാനകിയമ്മ  പഴുത്ത  പാഷൻ ഫ്രൂട്ടിൻറെ  മുകളിൽ  വട്ടത്തിൽ  വെട്ടി  അകത്ത്  കുറച്ചു              പഞ്ചസാരയുമിട്ട്   ഒരു  സ്പൂണിട്ടു തരും. ഐസ്ക്രീം  പോലെ  കഴിക്കാം. പണിയെല്ലാമൊരുക്കി   പോവാമെന്നു  പറഞ്ഞ്  അവര്‍  പുറത്തിറങ്ങുമ്പോഴേക്കും ഞാന്‍  ഓടി  ബന്ധു വീട്ടില്‍  എത്തിയിട്ടുണ്ടാവും.

No comments:

Post a Comment