💝💝💝💝 ഡെന്നിസ് 7 💖💖💖💖💖💖
ശ്രുതി വേഗത്തില്‍ ഡെന്നിസിൻറെ വീടു ലക്ഷ്യമാക്കിനടന്നു.
ഇന്ന് ഡെന്നിസിനോടെല്ലാം തുറന്നു പറയണം. താന്‍ രാജേഷ് ജീവനുമായി പ്രണയത്തിലായത്. അവന്‍റെ പ്രലോഭനങ്ങളിൽ വഴങ്ങി തൻറെ മനസ്സും ശരീരവും അവനു സമർപ്പിച്ചത്. പക്ഷേ അവൻറെ ചതി അതാണു തൻറെ ജീവിതവും കരിയറും തകര്‍ത്തത്. തന്നെ ഉപയോഗപ്പെടുത്തുക മാത്രമല്ല തന്നെ അവൻ കൂട്ടുകാർക്കു വിൽക്കാൻ കൂടി ശ്രമിച്ചു. തന്റെ നഗ്ന ചിത്രങ്ങൾ കാണിച്ചു ഭീഷണിപ്പെടുത്തി. അതോടെ തൻറെ എല്ലാ പ്രതീക്ഷകളും നഷ്ടമായി. താനടക്കം ആറു പെൺകുട്ടികൾ അവന്‍റെയും സംഘത്തിൻറെയും വലയിൽ അകപ്പെട്ടു. നിഷ അവളുടെ ചിത്രങ്ങൾ നെറ്റിൽ പ്രചരിച്ചതോടെ അപമാനഭാരത്താൽ ആത്മഹത്യ ചെയ്തു. തനിക്കും മരണമല്ലാതെ മറ്റൊരു മാര്‍ഗമുണ്ടായിരുന്നില്ല. അതിനാണ് താനീ ഗ്രാമത്തിലേക്കു വന്നത്. തന്റെ മരണം ചിലപ്പോള്‍ അഛൻറെ ടൗണിലെ നിലനിൽപിനേയും ജോലിയേയും ബാധിക്കുമെന്നു തോന്നിയതിനാലാണ് താന്‍ മരണത്തിന് ഈ മലയോര ഗ്രാമം തിരഞ്ഞെടുത്തത്. പക്ഷേ ഡെന്നിസ് അവൻറെ സാന്നിധ്യം, ഇടപെടലുകൾ തൻറെ ചിന്തകളെ മാറ്റിമറിച്ചു.
അവനു സാധിക്കുമായിരിക്കും തനിക്കൊരു വഴി പറഞ്ഞു തരാന്‍. എനിക്കെൻറെ നഷ്ടമായ ജീവിതം തിരിച്ചു പിടിക്കാൻ. എൻറെ കൂട്ടുകാരെ അപകടത്തിൽ നിന്നും രക്ഷിക്കാൻ. അവള്‍ പരമാവധി വേഗതയില്‍ ഡെന്നിസ് താമസിക്കുന്ന വീട്ടിലേക്കു നടന്നു.
ശ്രുതി ഗേറ്റിനടുത്ത് എത്തിയപ്പോഴേക്കും ഡെന്നിസ് ഒരു ബൈക്കുമായി റോഡില്‍ ഇറങ്ങിയിരുന്നു.
"എവിടെ പോവുന്നു....... ?
അവന്‍ ശ്രുതിയോട് ചോദിച്ചു.
" അതു തന്നെയാണ് ഞാനും ചോദിക്കുന്നത്. എവിടെ പോവുന്നു. ...? "
ശ്രുതി തിരിച്ചു ചോദിച്ചു.
" പ്രത്യേകിച്ചു ജോലിയൊന്നുമില്ലെങ്കിൽ വാ. .. നമുക്കൊരിടം വരെ പോവാനുണ്ട്. "
അവന്‍ ക്ഷണിച്ചു.
അധിക ദൂരം പോവും മുന്നെ റോഡരികിൽ പാർക്കു ചെയ്ത ഒരു ജീപ്പിനരികെ അവന്‍ ബൈക്ക് നിര്‍ത്തി. ഡെന്നിസ് ശ്രുതിയോട് ജീപ്പിൽ കയറാന്‍ ആവശ്യപ്പെട്ടു.
അവൾക്കൊന്നും മനസ്സിലായില്ലെങ്കിലും അവനോടൊപ്പം ജീപ്പിൽ കയറിയിരുന്നു. അതിനകത്ത് ഡെറ്റോളിൻറെയും ആശുപത്രി മരുന്നുകളുടെയും മണമുണ്ടായിരുന്നു. അവൾ കൂടെയുള്ളവരെ നോക്കി. ഒരാള്‍ നഴ്സാണെന്നു തോന്നി. മുന്നില്‍ ഒരാള്‍ ഡ്രൈവറുമായി എന്തൊക്കെയോ പറഞ്ഞു ചിരിക്കുന്നു. മരുന്നു പെട്ടിയിൽ എഴുതി വച്ചത് അവൾ പതുക്കെ വായിച്ചു.
"പാലിയേറ്റീവ് കെയര്‍ "
അത് പാലിയേറ്റീവ് കെയര്‍ വളണ്ടിയര്‍മാരുടെ വാഹനമായിരുന്നു. അവര്‍ ആരെയോ ശുശ്രൂഷിക്കാൻ പുറപ്പെട്ടിരിക്കുകയാണ്. വണ്ടിയില്‍ ഉള്ളവര്‍ ശ്രുതിയെ നോക്കി പുഞ്ചിരിച്ചു.
" ശ്രുതിയല്ലേ......"
നഴ്സ് ചോദിച്ചു.
"അതേ ........ എങ്ങനെ എൻറെ പേരറിഞ്ഞു...?" ശ്രുതി ആശ്ചര്യപ്പെട്ടു.
"ഡെന്നിസ് പറഞ്ഞിരുന്നു. ഇന്ന് നീയും ഉണ്ടാവുമെന്ന്....." അവര്‍ ചിരിച്ചു കൊണ്ട് പറഞ്ഞു.
വയലേലകൾക്കിടയിലെ ചെമ്മൺ പാതയിലൂടെ ആടിയുലഞ്ഞ് ജീപ്പ് പൊയ്ക്കൊണ്ടിരുന്നു. അടിച്ചു കയറിയ പൊടിയിൽ നിന്നും രക്ഷപ്പെടാൻ അവര്‍ ഒന്നടങ്കം മൂക്കു പൊത്തി.
സാമാന്യം വലിയ ഒരു പഴയ വീട്ടിലേക്കാണവർ എത്തിയത്. വണ്ടിയില്‍ നിന്നും പെട്ടികൾ തലയില്‍ ഏറ്റി ഡെന്നിസ് മുന്നില്‍ നടന്നു.
" ഡെന്നിസ് ഇന്ന് പ്രൊഫസറെ ഓവര്‍ ടേക് ചെയ്തല്ലോ. ...."
സിറിഞ്ചുകൾ ഒരു റബ്ബര്‍ ബാൻഡിട്ട് ഒരു ചെറിയ പെട്ടിയിലേക്ക് അടുക്കി വച്ച് കൊണ്ട് സിസ്റ്റര്‍ പറഞ്ഞു.
" ഹഹഹഹഹഹഹഹ അതിന്നു ഞാന്‍ പ്രതീക്ഷിച്ചതാണ്. അവനിന്ന് കാണാന്‍ കൂടെ ആളുണ്ടല്ലോ....."
പ്രൊഫസര്‍ എന്നു വിളിക്കപ്പെട്ടയാൾ ചിരിച്ചു.
" പ്രൊഫസർ. ....? "
ശ്രുതി അത്ഭുതത്തോടെ സിസ്റ്ററുടെ മുഖത്തേക്കു നോക്കി.
പിന്നീട് അവൾ അവരുമായി സംസാരിച്ചു കൊണ്ടേയിരുന്നു. അയാൾ മാത്രമല്ല. സന്നദ്ധ സേവകരായ ഒരുപാട് പേര്‍. പേരും പ്രശസ്തിയും ആഗ്രഹിക്കാത്തവർ. അതില്‍ ഉയര്‍ന്ന ജോലിക്കാരും സാധാരണക്കാരുമുണ്ട്. അവശരെയും നിരാലംബ രോഗികളെയും തേടി അവര്‍ അവരുടെ വീട്ടില്‍ എത്തുന്നു. തുടച്ചും കുളിപ്പിച്ചും വൃത്തിയാക്കുന്നു. ഭക്ഷണം കഴിക്കാന്‍ പ്രേരിപ്പിക്കുന്നു. ആവശ്യമായ മരുന്നുകൾ നല്കുന്നു . അതൊരു മാലാഖമാരുടെ സംഘമായി ശ്രുതിക്ക് തോന്നി.
ആ വീട്ടിലെ കിടപ്പിലായ വൃദ്ധയെ അവര്‍ പരിപാലിക്കുന്നത് അവൾ അത്ഭുതത്തോടെ നോക്കി നിന്നു.
" സാർ നിങ്ങള്‍ എന്തിനാണ്. ....? "
സോപ്പുപയോഗിച്ചു കൈ കഴുകുന്ന പ്രഫസറുടെ പിന്നില്‍ നിന്നു കൊണ്ട് ശ്രുതി ചോദിച്ചു.
" എന്തിനാണ് ഇത്തരം ജോലിയൊക്കെ ചെയ്യുന്നതെന്നല്ലേ...ശ്രുതീ.....? "
അവൾ അതെയെന്നു തലയാട്ടി.
" ഞാന്‍ എനിക്ക് വേണ്ടി മാത്രമല്ല ഈ ഭൂമിയില്‍ ജീവിച്ചതെന്നു സ്വയം ബോധ്യപ്പെടുത്താൻ...."
തിരിച്ചു വരുമ്പോള്‍ ശ്രുതി അവരുടെ കളിചിരിയിലൊന്നും പങ്കു ചേർന്നില്ല.
അവൾ ആലോചിക്കുകയായിരുന്നു. ശരിയാണ് തനിക്ക് വേണ്ടി മാത്രം ജീവിച്ചു മരിച്ചു പോയവരെ ആരും ഓർക്കാറില്ല. അവർക്ക് നൻമകളില്ല.
മറ്റുള്ളവർക്ക് വേണ്ടി കൂടി ജീവിക്കുമ്പോൾ, പോരാടുമ്പോൾ ജീവിതത്തിന് അർഥമുണ്ടാവുന്നു. അവരെ സമൂഹം ഓർക്കാൻ ഇഷ്ടപ്പെടുന്നു. അവൾ ആ മനുഷ്യരെ നോക്കിയിരുന്നു . ജീപ്പ് ആടിയുലഞ്ഞ് മറ്റൊരു വീട് ലക്ഷ്യമാക്കി ഓടുകയായിരുന്നു.